Thursday, November 13, 2025

Current Date

ഒളിയജണ്ടകൾക്കെതിരായ പൊളിച്ചെഴുത്തുകൾ

(“Waqf and Narratives of Authority”)—edited by Shameer Babu Koduvally and released by IPH Books

ഭരണകൂടം രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കാൻ ശ്രമിക്കുന്ന വംശീയ ഉന്മൂലന പദ്ധതികളുടെ ഭാഗമെന്നോണം ഇതുവരെ നിലനിന്നിരുന്ന പല നിയമങ്ങളും പൈതൃകങ്ങളും മറ്റും ഭേദഗതികൾ വരുത്തി കൊണ്ടിരിക്കുകയാണ്. അതിന് ഉപോദ്ബലകമെന്നോണം നിയമത്തിന്റെ പരിരക്ഷ നൽകി ‘രക്ഷപ്പെടാൻ ‘ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നത്. അതിൻ്റെ നീക്കുപോക്കുകൾ അനുസ്യൂതം പരോക്ഷമായി ശക്തമായി നടക്കുന്നുണ്ടെന്ന് കരുതേണ്ടിവരും. വഖ്ഫിനെ കുറിച്ച അതിൻ്റെ പ്രാമാണിക – നിയമ- ചരിത്ര തലങ്ങളെയും ഭരണകൂട സമീപനങ്ങളെയും സുവിദിതമാക്കുന്ന പുസ്തകമാണ് ശമീർബാബു കൊടുവള്ളി എഡിറ്റ് ചെയ്ത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ‘വഖ്ഫും ഭരണകൂട ആഖ്യാനങ്ങളും’ എന്ന കൃതി.  

സമുദായത്തിന്റെയും സമൂഹത്തിന്റെയും സമസ്ത മണ്ഡലങ്ങളെയും ചലനാത്മകമാക്കുന്നതിലും അതിനെ കൂടുതൽ പരിപോഷിപ്പിക്കാൻ ആവശ്യമായ വിളനിലങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുകയാണ് യഥാർഥത്തിൽ വഖ്ഫ് എന്ന സംവിധാനത്തിലൂടെ സാധ്യമാക്കുന്നത്. അതിൻ്റെ കടക്കൽ കത്തിവെക്കുന്ന തരത്തിലുള്ള നിർമിതികളിലൂടെയാണ് ഭരണകൂടം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ഭരണകൂടം ലക്ഷ്യമിടുന്ന ഓരോരോ ഒളിയജണ്ടകളും നടപ്പിലാക്കാനുള്ള ശ്രമങ്ങളായിട്ട് മനസ്സിലാക്കാനാവും. ഓരോ മതത്തിനും വകവെച്ചു നൽകേണ്ട വ്യക്തി നിയമങ്ങളെ പോലും ഹൈജാക്ക് ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ടെങ്കിൽ വിഷയത്തെ ഗൗരവമായി എത്രത്തോളം സമീപിക്കേണ്ടതുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല. രാജ്യത്ത് നടമാടിയിട്ടുള്ള സമുദായത്തിന്റെ പൈതൃകങ്ങൾക്കും പ്രതിനിധാനങ്ങൾക്കും എതിരായിട്ടുള്ള എല്ലാ തിട്ടൂരങ്ങളിലൂടെയും  പുറത്തുവിടുന്നത് തങ്ങളുടെ പദ്ധതികൾ ഏതെല്ലാം വിധത്തിൽ പയറ്റാമെന്നതിൻ്റെ സൂചനകൾ കൂടിയാണ് മസ്ജിദുകൾ തകർക്കലും ചരിത്രസ്മാരങ്ങളുടെ അവകാശവാദം ഏറ്റെടുക്കലും വിദ്യാഭ്യാസ ചട്ടക്കൂടുകളുടെ പൊളിച്ചെഴുതലുകളുമെല്ലാം ഈ കുത്സിതശ്രമത്തിന്റെ ഭാഗമാണ്.

അങ്ങനെ എല്ലാവിധ പരുക്കൻ ശ്രമങ്ങളും ഒരു സമുദായത്തെ മൊത്തത്തിൽ പരിക്കേൽപ്പിച്ച് അവരെ രാജ്യത്ത് നിന്ന് ഘട്ടം ഘട്ടമായി  ഉന്മൂലനം ചെയ്യാനുള്ള തന്ത്രപ്പാടുകളുടെ ഭാഗമായിട്ടേ വഖ്ഫിനെതിരായിട്ടുള്ള ഈ കിരാതനീക്കങ്ങളെ  സമീപിക്കേണ്ടതുള്ളൂ. ഇത്തരുണത്തിലുള്ള പലവിധ പ്രശ്നങ്ങളും ആസൂത്രിത ശ്രമങ്ങളും യഥേഷ്ടം രാജ്യത്ത് നമുക്ക് ചുറ്റും നടക്കും. അപ്പോഴൊക്കെയും നാം അന്തിച്ചു നിൽക്കാതെ ഓരോ വിഷയങ്ങളുടെയും വസ്തുതകളും അടിസ്ഥാനങ്ങളും അന്വേഷിച്ചു മുന്നോട്ടു പോയില്ലെങ്കിൽ നാം വലിയ അവബോധ ശൂന്യത അനുഭവിക്കേണ്ടിവരും.അത്തരം ദുരവസ്ഥകളെയെല്ലാം മറികടക്കാൻ പാകത്തിലുള്ള, അനായാസം കാര്യങ്ങളെ ഗ്രഹിക്കാനുതകുന്ന കൃതി കൂടിയാണിത്. ഇസ്ലാമിക ചരിത്രത്തിൽ വഖ്ഫിനെപ്രതി ആലേഖനം ചെയ്യപ്പെട്ട അനേകം കാര്യങ്ങളുണ്ട്.വഖ്ഫെത്ര സൗന്ദര്യാത്മകവും അതിലുപരി ആജീവനാന്തപ്രയോജനപ്രദവുമായ  ആഴത്തിലുള്ള സൽഫലങ്ങൾ നൽകുന്നുണ്ടെന്ന് മനസ്സിലാക്കാൻ  ചരിത്രങ്ങൾ മാത്രം പരതിയാൽ മതിയാവും.

രാജ്യത്തെ ഹിന്ദുത്വ ഭരണകൂടം അധികാരമേറ്റതു മുതൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന എല്ലാവിധ നിയമ നടപടിക്രമങ്ങൾക്കും പിന്നിൽ വംശീയ ഉന്മൂലനമെന്ന ആസൂത്രിത അജണ്ടയാണ്. അതിൽ സമുദായത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന വ്യാമോഹത്തോടെയാണ് പല സംവിധാനങ്ങളെയും രീതികളെയും പാടേ പൊളിച്ചെഴുതി  അധീശത്വ സമൂഹത്തിന്റെ അധീനതയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്. വഖ്ഫിൻ്റെ ഇസ്ലാമികതയും അതിൻ്റെ ചരിത്രവും നാം ആഴത്തിൽ മനസ്സിലാക്കിയില്ലെങ്കിൽ നമുക്ക് പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്ന് നിനക്കാനാവും. ഇത്തരത്തിലുള്ള പ്രതിലോമ സാഹചര്യങ്ങളിൽ നമുക്ക് മുമ്പിൽ  ഏത് വിഷയം വരുമ്പോഴും അതിനെ പ്രതി പ്രാഥമികമായി മനസ്സിലാക്കുക എന്ന വൈയക്തികബാധ്യത നമ്മില്‍ വന്ന് ചേരുന്നുണ്ട്. അപ്പോൾ മാത്രമാണ് നമുക്ക് ജീവിക്കുന്ന കാലത്ത് നടമാടുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിയൂ. ഓരോരുത്തരും ജീവിക്കുന്ന കാലത്തും ജീവിതാനന്തര കാലത്തുമുള്ള മാനവ സമൂഹത്തിന് ആശ്രയിക്കാൻ ഭാഗത്തുള്ള സ്രോതസ്സായി വകുപ്പ് മാറുമ്പോൾ അതിന്റെ ഗുണാത്മക ഫലങ്ങൾ എത്രത്തോളം ഉണ്ടെന്ന് ഇരുന്നു ചിന്തിച്ചാൽ തന്നെ ദീൻ മുന്നോട്ടുവെക്കുന്ന ഉദാരതയുടെ വിശാലത തേടിപ്പോവാൻ മറ്റൊന്നും  വേണ്ടിവരില്ലെന്ന് ബോധ്യപ്പെടും.

സാമൂഹിക സമൃദ്ധിക്കും ഉന്നമനത്തിനും ഹേതുവാകുന്ന  ഇത്തരമൊരു സംവിധാനത്തിന്റെ അഭാവത്തെപ്പറ്റി  ആലോചിച്ചാൽ ഇതിനെ ഉന്മൂലനം ചെയ്യാനായി ഉറഞ്ഞുതുള്ളുന്നവരുടെ ആക്രോശങ്ങൾക്കെതിരെ അവബോധ പ്രതിരോധം തീർക്കാൻ തോന്നും. അത്രമേൽ സഗൗരവത്തോടെ സമീപിക്കേണ്ട വിഷയങ്ങളെയാണ് ഒളിയജണ്ടകളിലൂടെ ഒളിയമ്പുകൾ എയ്ത് വിപാടനം ചെയ്യാൻ നോക്കുന്നത്. ജീവിതവ്യവഹാരങ്ങളിൽ നാം മാതൃകയായി പിന്തുടർന്നുപോരാറുള്ള പ്രവാചകനുചരരുടെ രീതികളെല്ലാം പുസ്തകത്തിൻ്റെ പ്രതിപാദ്യവിഷയത്തിൻ്റെ മകുടോദാഹരണങ്ങളാണ്.അതിൽ സാമൂഹിക സേവനത്തിന്റെയും ഉദാരതമനസ്കതയുടെയും തെളിഞ്ഞ ആകാശം ദർശിക്കാനാവും. സാമൂഹിക ഇടപാടുകളെയും ഇടപെടലുകളെയും കുറിച്ച് കൃത്യമായി നിലപാടുള്ള  ദർശനമാണല്ലോ ഇസ്ലാം. അത് കർമശാസ്ത്രo മുഖേന മനുഷ്യർക്ക് ബോധ്യപ്പെടുത്തി അവരുടെ സംശയങ്ങൾക്കുള്ള നിവാരണമായി മാറുകയും ചെയ്യുന്നുണ്ട് . അതിന്റെ ഉപയോഗക്രമങ്ങളെ കുറിച്ചും അനുവദനീയ- നിരോധന സമീപനങ്ങളെ പറ്റിയും ആദ്യന്തം ഫിഖ്ഹിൽ വിശദമാക്കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ, വഖ്ഫിന്റെ കർമശാസ്ത്രപരമായ സമീപനങ്ങളെ കുറിച്ച് അറിയാനും പുസ്തകം സഹായകമാണ്.

ചരിത്രവും നരവംശ ശാസ്ത്രവുമെല്ലാം കൈവെച്ച് അത് തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്ന പ്രഖ്യാപിത അജണ്ട നടപ്പിലാക്കാൻ നെട്ടോട്ടമോടുന്നതിനെ തടയിടാനായില്ലെങ്കിൽ ഇനിയും ഇത്തരുണത്തിലുള്ള ഒളിയജണ്ടകളുടെ ഒഴുക്ക് തുടർന്നുകൊണ്ടിരിക്കും. ഒരു സമുദായത്തിന്റെ വിശ്വാസത്തിനുമേൽ ആധിപത്യത്തിൻറെ അപ്പോസ്തലന്മാർ അരയും തലയും മുറുക്കിയുള്ള ആഞ്ഞുവീശലുകൾ അപകടകരമായതിനാൽ ജാഗ്രത്തായി നിൽക്കാനേ തരമുള്ളൂ. കാരണം ഗതകാല അതിജീവന ചരിത്രമെല്ലാം പറഞ്ഞ് വെക്കുന്നത് അത് തന്നെയാണ്. അധികാരത്തിന്റെ മത്ത് പിടിച്ച് അധിനിവേശത്തിന്റെ ഹാവഭാവങ്ങളിൽ നുരഞ്ഞ് പൊന്തുന്ന നെറികേടുകളെയെല്ലാം നിശിതമായി വിമർശിക്കാനും അതിനെ ഇല്ലായ്മ ചെയ്യാനുള്ള ബദൽ മാർഗങ്ങൾ തേടാനും നാം ശ്രദ്ധ ചെലുത്തണം. അല്ലെങ്കിൽ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്ന പ്രതീതി സൃഷ്ടിക്കും. രായ്ക്കുരാമാനം പലവിധ വിഷയങ്ങളും ഒളിയജണ്ടകളും  പൊതുമണ്ഡലത്തിലിട്ട് അതിനെ ചർച്ച ചെയ്തും  പ്രതിഷേധങ്ങളും പ്രകടനങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും കാര്യങ്ങളെല്ലാം മറുവഴിക്ക് തകൃതിയായി നടക്കുന്നുണ്ടെന്ന് വേണം  കരുതാൻ.

ഉമ്മത്തിന്റെ ഇസ്സത്തായി തലയുയർത്തി നിൽക്കുന്ന പല സ്ഥാപനങ്ങളും ഇന്ന് രാജ്യത്തിൻറെ ഭാഗങ്ങളിലുമുണ്ട്. ആ സ്ഥാപനങ്ങളിൽ നിന്നെല്ലാം അതിൻ്റെ സ്ഥാപിത ലക്ഷ്യങ്ങൾ ആർജിതമാക്കി  സമൂഹത്തിൻ്റെ നാനാതുറകളിൽ വർത്തിക്കുന്നുമുണ്ട്. അതിനെയെല്ലാം ക്രമപ്രവൃദ്ധമായി നിഷ്കാസനം ചെയ്ത് ഉന്മൂലനപദ്ധതികളെ അതിൻ്റെ പരകോടിയിലെത്തിക്കാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ ഉപര്യുക്തപുസ്തകത്തിൽ പ്രതിപാദ്യമായ വിഷയങ്ങൾ വായിച്ചറിഞ്ഞ് വിഷയത്തിന്റെ ഗൗരവം അറിഞ്ഞാൽ വിഷയത്തെ സംബന്ധിച്ചു കൂടുതൽ പഠിക്കാൻ തോന്നും. കാരണം, അത്രയും സുന്ദരവും അതിലുപരി പ്രയോജനാത്മകവുമായ ഒരു കെട്ടുറപ്പുള്ള സംവിധാനമാണല്ലോ വഖ്ഫ്. ആ വഖ്ഫിൻ്റെ പേരിൽ  സമുദായം വഴുതിവീഴാൻ ഒരുങ്ങിയാൽ അതൊരു പഴുതായി അധീശത്വവർഗം കാണുകയും തങ്ങളുടെ ആവനാഴിയിലുള്ള എല്ലാ അജണ്ടകളും നടപ്പാക്കാൻ തുടങ്ങും. വഖ്ഫിനെ കുറിച്ചും ഭരണകൂടം രൂപപ്പെടുത്തിയെടുക്കുന്ന അപനിർമിതികളെ കുറിച്ചും കൃത്യമായി അറിയാൻ സഹായിക്കുന്ന ഒന്നാണ് ഉപര്യുക്ത പുസ്തകം.

Summary: വഖ്ഫും ഭരണകൂട ആഖ്യാനങ്ങളും (“Waqf and Narratives of Authority”)—edited by Shameer Babu Koduvally and released by IPH Books is a scholarly collection that illuminates the multifaceted significance of waqf (Islamic endowment) in India. Through interdisciplinary essays, this volume examines the religious, cultural, and historical dimensions of waqf, while critically engaging with constitutional and governance frameworks in which these endowments operate. By weaving together historical context, legal discourse, and cultural insight, the editor and contributors invite readers to reflect on how waqf institutions have both shaped and been shaped by broader public authority. These narratives not only reclaim waqf’s rich heritage but also challenge prevailing paradigms of state power, heritage management, and minority institutions in India.

Related Articles