Sunday, November 16, 2025

Current Date

ഫുതൂഹാത്ത്: വിജയമോ അപചയമോ?

ibn arabi work al futhoohathul makkiyya

മുഹ്യിദ്ദീൻ ഇബ്നു അറബിയുടെ ആത്മീയ ഗ്രന്ഥമായ ‘അൽഫുതൂഹാത്തുൽ മക്കിയ്യ’ യെക്കുറിച്ചുള്ള ചർച്ചകൾ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. സ്വൂഫീ അതിവായനകളും സലഫി നിരൂപണങ്ങൾക്കുമിടയിൽ അർഹമായ പരിഗണനയോടെയുള്ള വിശകലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇബ്നു അറബി (AH 558-638/CE 1165-1240)  പ്രശസ്തനായ മുസ്‌ലിം ദാർശനികനും ഇസ്‌ലാമിക സൂഫി പാരമ്പര്യത്തിലെ പ്രധാന വ്യക്തികളിൽ ഒരാളുമാണ്. അദ്ദേഹത്തെ ‘അശ്ശൈഖുൽ അക്ബർ’ (മഹാനായ ഗുരു) എന്ന് വിളിക്കുന്നവരുണ്ട്.

ഗ്രന്ഥത്തിന്റെ വിവരണം

ഇബ്നു അറബിയുടെ മാസ്റ്റർപീസായ ‘കിതാബുൽ ഫുതൂഹാത്തിൽ മക്കിയ്യ’ (മക്കീ വെളിപാടുകൾ) ഇസ്‌ലാമിക ജ്ഞാനത്തെക്കുറിച്ചുള്ള  വിജ്ഞാനകോശ സ്വഭാവമുള്ള വലിയ ഗ്രന്ഥമാണ്. ഇബ്നു അറബിക്ക് ഈ പ്രപഞ്ചത്തിൽ മനസ്സിലായതും നേരിട്ട് അനുഭവിച്ചതുമായ എല്ലാ നിഗൂഢശാസ്ത്രങ്ങളെയും ഗ്രന്ഥം ഉൾക്കൊള്ളുന്നു. ഇസ്‌ലാമിക ജ്ഞാനത്തെയും ആധ്യാത്മികതയെയും സമഗ്രമായി ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം ഇസ്‌ലാമിക ചിന്തയെ നൂറ്റാണ്ടുകളോളം സ്വാധീനിക്കുകയും സമുദായത്തിൻ്റെ ആത്മീയവും ബൗദ്ധികവുമായ നേട്ടമായി കണക്കാക്കപ്പെടുകയും ചെയ്തുപോന്നു.

“അൽഫുതൂഹാത്തുൽ മക്കിയ്യ”യുടെ വിജയത്തിന് കാരണം അതിന്റെ ആഴം, യുക്തിപരവും മിസ്റ്റിക്വുമായ സമീപനങ്ങളുടെ സമന്വയം, ആത്മീയ അന്വേഷകരെ പ്രചോദിപ്പിക്കാനുള്ള കഴിവ് എന്നിവയാണ്. എന്നാൽ, ഇതിന്റെ സമൂലമായ മൗലികതയും നിഗൂഢമായ രീതിശാസ്ത്രവും ദൈവശാസ്ത്രപരമായ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. അതോടൊപ്പം ഇസ്‌ലാമിക ചിന്തയെ രൂപപ്പെടുത്തുകയും പാശ്ചാത്യ ലോകത്ത് ശ്രദ്ധ നേടുകയും ചെയ്ത ക്ലാസിക്കൽ കൃതിയാണത്. അതുകൊണ്ട് തന്നെ തുടക്കം മുതൽ തന്നെ ദൈവശാസ്ത്രപരമായ വിവാദങ്ങൾക്കും ഭരണകൂട അടിച്ചമർത്തൽ ശ്രമങ്ങൾക്കും നിരൂപണങ്ങൾക്കും ഇടയായിട്ടുണ്ട്.

ഗ്രന്ഥത്തിൻ്റെ വിജയവും പരാജയവും

‘അൽഫുതൂഹാത്തുൽ മക്കിയ്യ’ യുടെ വിജയം അതിന്റെ ആഴം, യുക്തിപരത , ആത്മീയ അന്വേഷകരെ പ്രചോദിപ്പിക്കാനുള്ള കഴിവ് എന്നിവയിലാണ്. അതിന്റെ “പരാജയങ്ങൾ” ആകട്ടെ, അതിന്റെ മൗലികത, നിഗൂഢമായ രീതിശാസ്ത്രം, സങ്കീർണ്ണമായ ആത്മീയ സത്യങ്ങളെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിലെ വീഴ്ചകൾ എന്നിവയുടെ ഫലമാണ് എന്ന് ചുരുക്കിപ്പറയാം.

ഉത്ഭവവും വികാസവും

ഹിജ്റാബ്ദം ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹജ്ജിന് പുറപ്പെട്ട ഇബ്നു അറബിക്ക് മക്കയിൽ വെച്ച് ലഭിച്ച ഇൽഹാം / ദിവ്യബോധനത്തിൽ നിന്നാണ് ‘അൽഫുതൂഹാത്തുൽ മക്കിയ്യ’ യുടെ ഉത്ഭവം. CE 1203-നും 1240-നും ഇടയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്. ഇബ്നു അറബി ഇതിന്റെ രണ്ട് വ്യത്യസ്ത പതിപ്പുകൾ തയ്യാറാക്കി. രണ്ടാമത്തെ പതിപ്പ് 37 വാല്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഈജിപ്തിലെ പ്രസിദ്ധ ബൂലാഖ് പ്രസ്സ്  ഇതിന്റെ ആദ്യത്തെ അച്ചടിച്ച പതിപ്പ് CE 1853-ൽ പുറത്തിറക്കി. ‘അൽഫുതൂഹാത്തുൽ മക്കിയ്യ’ 560 അധ്യായങ്ങളുള്ള  വലിയ ഗ്രന്ഥമാണ്.  മെറ്റാഫിസിക്സ്, കോസ്മോളജി, ആത്മീയ നരവംശശാസ്ത്രം, മനഃശാസ്ത്രം, കർമ്മശാസ്ത്രം, സൂഫിസം എന്നിവയുടെ  വലിയ സംഗ്രഹമാണ്. ഇത് ആറ് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

 1- മആരിഫ് ( معارف ) – ആത്മീയ ജ്ഞാനം: ദൈവിക യാഥാർത്ഥ്യത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള സൈദ്ധാന്തികവും മിസ്റ്റിക്വുമായ അറിവ്.

 2- മുആമലാത്ത് ( معاملات ) – ആത്മീയ പെരുമാറ്റം: ആത്മീയ പാതയിലെ സഞ്ചാരികൾക്കുള്ള പ്രായോഗിക ആചാരങ്ങളും ധാർമ്മിക മാർഗ്ഗനിർദ്ദേശങ്ങളുമെല്ലാം ഉൾകൊള്ളുന്നു.

 3- അഹ്വാൽ ( أحوال) – ആത്മീയ അവസ്ഥകൾ: ആത്മീയ യാത്രയിൽ ഒരു സൂഫിക്ക് അനുഭവപ്പെടുന്ന ക്ഷണികമായ ആത്മീയ അനുഭവങ്ങളും മാനസികാവസ്ഥാന്തരങ്ങളും.

 4- മനാസിൽ ( منازل ) – ആത്മീയ വാസകേന്ദ്രങ്ങൾ: ആത്മീയ പാതയിലെ സ്ഥിരമായ ഘട്ടങ്ങളും നിലകളും, അവയുടെ സവിശേഷതകളും പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്നു.

 5-  മുനാസലാത്ത് ( منازلات ) – ആത്മീയ കണ്ടുമുട്ടലുകൾ: ദൈവിക വെളിപാടുകളുമായുള്ളതും ആത്മീയ വ്യക്തികളുമായുള്ളതുമായ നേരിട്ടുള്ള കണ്ടുമുട്ടലുകൾ, അവയുടെ സ്വാധീനം എന്നിവ വ്യക്തമാക്കുന്നു.

 6- മഖാമാത്ത് ( مقامات ) – ആത്മീയ സ്ഥാനങ്ങൾ: ആത്മീയ പാതയിലെ സ്ഥിരമായതും ഉയർന്നതുമായ ആത്മീയ പദവികളെ അനാവരണം ചെയ്യുന്നു.

വില്യം സി. ചിറ്റിക്കി (William Clark Chittick ജ . 1943) ന്റെ അഭിപ്രായത്തിൽ, “അൽഫുതൂഹാത്ത്”  സർപ്പിളാകൃതിയിലുള്ള (spiral) ഘടനയാണ് പിന്തുടരുന്നത്. അറിവ് രേഖീയമായി മുന്നോട്ട് പോകുന്നതിനു പകരം, ആവർത്തിച്ച് ജ്ഞാനത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നു എന്നത് ഫുതൂഹാത്തിനെ വ്യതിരിക്തമാക്കുന്നു.

ദാർശനികവും ആത്മീയവുമായ അടിത്തറ

  1. a) വഹ്ദത്തുൽ വുജൂദ് : അന്തിമ സത്യ (ദൈവം) മല്ലാതെ മറ്റൊരു യഥാർത്ഥ അസ്തിത്വവുമില്ല” എന്ന് ഊന്നിപ്പറയുന്ന  സൂഫി തത്ത്വചിന്തയാണിത്.വഹ്ദത്തുൽ വുജൂദ് അഥവാ ഏക ഉണ്മ എന്നാൽ എല്ലാ അസ്തിത്വവും ഒരൊറ്റ യാഥാർത്ഥ്യമാണെന്നും, ദൈവം അതിന്റെ ആത്യന്തിക ഉറവിടവും സത്തയുമാണെന്നുമുള്ള ആശയം സിദ്ധാന്തിക്കുന്നു. പിന്നീട് ദീനെ ഇലാഹി പോലെയുള്ള പിഴച്ച വാദങ്ങൾ ഉന്നയിച്ചത് ഇത്തരം ദൈവശാസ്ത്ര ചർച്ചകളായിരുന്നു.
  2. b) അൽ ഇൻസാനുൽ കാമിൽ (പരിപൂർണ്ണ മനുഷ്യൻ): ഇത് അല്ലാഹുവിൽ ലയിക്കൽ (ഫനാ ഫില്ലാഹ്) എന്ന ഉയർന്ന ആത്മീയ നില കൈവരിച്ച  മുസ്‌ലിമിനെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യർ അല്ലാഹുവിന്റെ സ്വത്തത്തിൻ്റെ ഏറ്റവും പൂർണ്ണമായ പ്രകടനമായി വർത്തിക്കുന്നു.
  3. c) – ആലമുൽ-ഖയാൽ (സാങ്കൽപ്പിക ലോകം) ഉം ദിവ്യ സ്നേഹവും: ദിവ്യ ലോകത്തെ ഭൗതിക ലോകവുമായി ബന്ധിപ്പിക്കുന്ന  പാലമായാണ് സാങ്കൽപ്പിക ലോകത്തെ ഇബ്നു അറബി കണ്ടത്. പ്രപഞ്ചം സൃഷ്ടിച്ചതിന്റെ പ്രധാന കാരണം സ്നേഹമാണെന്ന് അദ്ദേഹം ഫുതൂഹാത്തിലൂടെ ഊന്നിപ്പറഞ്ഞു.
  4. d-  പ്രപഞ്ചശാസ്ത്രവും ഇൽമുൽ ഹുറൂഫും (അക്ഷരശാസ്ത്രം): നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളുടെയും  ഭൂമിയുടെ ഭ്രമണം എന്നിവയെക്കുറിച്ചുള്ള ഇബ്നു അറബിയുടെ കാഴ്ചപ്പാടുകൾ ആധുനിക ഖഗോളശാസ്ത്രവുമായി ചിലയിടങ്ങളിൽ യോജിക്കുന്നു. സമയത്തെ “സാങ്കൽപ്പികം” ആയും ലോകത്തെ നിരന്തരം പുനഃസൃഷ്ടിക്കപ്പെടുന്ന ഏകകമായും അദ്ദേഹം കണ്ടു. അറബി അക്ഷരങ്ങൾക്ക് സംഖ്യാപരമായ മൂല്യങ്ങൾ നൽകി ഖുർആനിലെ വാക്കുകളുടെ അർത്ഥങ്ങൾ കണ്ടെത്താനും രഹസ്യ സന്ദേശങ്ങൾ വെളിപ്പെടുത്താനും ഉപയോഗിക്കുന്ന ‘ഇൽമുൽ ഹുറൂഫ്’ എന്ന അക്ഷര ശാസ്ത്രത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ‘അൽഫുതൂഹാത്തുൽ മക്കിയ്യ’ യെ വിശ്വാസ / ആദർശ പ്രതലത്തിൽ നിന്ന് കൊണ്ട് പുകഴ്ത്തിയവരും വിമർശിച്ചവരുമുണ്ട്

പുകഴ്ത്തിയവരിൽ പ്രമുഖർ

 1- ഇമാം ശഅ്‌റാനി(ജ.AH898/CE1491): ഇബ്നു അറബിയുടെ വ്യക്തിത്വത്തെയും ഗ്രന്ഥങ്ങളെയും പരിധിയില്ലാതെ പ്രശംസിച്ചു.

 2- ഇമാം അബ്ദുൽ ഗനി -നാബുൽസി(ജ 541 AH/1146 CE) : സൂഫിസത്തിന്റെ കാഴ്ചപ്പാടിൽ ഇബ്നു അറബിയെ നിരുപാധികം പിന്തുണച്ചു.

 3- ശൈഖ് അഫീഫുദ്ദീൻ അത്തിൽമിസാനി(ജ.610 AH /1216 CE ) : ‘വഹ്ദത്തുൽ വുജൂദ്’ തത്വത്തിന്റെ ആധികാരിക വക്താവും വിശദീകരണം നൽകിയതും അദ്ദേഹമാണ്.

 4- ഇമാം ജലാലുദ്ദീൻ അസ്സുയൂത്വി ( AH 849-911/CE 1445-1505) : ഇബ്നു അറബിയെ പിന്നീട് വന്ന ദൈവ ശാസ്ത്ര വിമർശകരിൽ നിന്ന് പ്രതിരോധിച്ച് സംരക്ഷിച്ചതദ്ദേഹമാണ്.

 5 – ഡോ. നസ്ർ ഹാമിദ് അബൂ സൈദ് (CE1943 –  2010) : ആധുനിക കാലത്ത് ഇബ്നു അറബിയുടെ ആശയങ്ങളെ പ്രതിനിധീകരിച്ചതും അകാദമികമായി വ്യാഖ്യാനിച്ചതും അബൂ സൈദായിരുന്നു.

ഫുതൂഹാത്തിനെ നഖശിഖാന്തം വിമർശിച്ചവരിൽ പ്രധാനികൾ

 1- ഇബ്നു തൈമിയ്യ(AH 661-728/CE 1263-1328): ഗ്രന്ഥത്തെ വിശ്വാസവിരുദ്ധമെന്ന് ആരോപിച്ച് കടുത്ത വിമർശനം നടത്തി.

 2- ഇബ്നുൽ ഖയ്യിം അൽ-ജൗസിയ്യ(AH 691-751/CE 1292-1350): ഗുരു ഇബ്നു തൈമിയ്യയുടെ പാത പിന്തുടർന്ന് വിമർശിച്ചു.

 3- ബുർഹാനുദ്ദീൻ അൽ-ബിഖാഇ(AH 809-885): ഫുതൂഹാത്തിനെ ന്യായീകരിക്കുന്നവരെ’ശുദ്ധമനസ്സില്ലാത്തവർ’ എന്ന് വിശേഷിപ്പിച്ചു.

 4-  മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് (AH1115 – 1202): ‘വഹ്ദത്തുൽ വുജൂദ്’ എന്ന തത്വത്തെ തന്നെ ശക്തമായി വിമർശിച്ചു.

 5- ശൈഖ് അൽ-മുഅല്ലിമി അൽ-യമാനി(AH 1313-1386): ഇബ്നുഅറബിയുടെ  തത്വചിന്തയെ പൂർണമായും നിരാകരിച്ച ആധുനിക കാലത്തെ പണ്ഡിതനാണ്.

ഫുതൂഹാത്തിലെ സ്ത്രീ സാന്നിധ്യങ്ങൾ

ഇബ്നു അറബിയുടെ “അൽ-ഫുതൂഹാത്തുൽ മക്കിയ്യ” എന്ന ഗ്രന്ഥത്തിൽ നിരവധി സ്ത്രീകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ചിലരെ പേരെടുത്ത് പറഞ്ഞും, മറ്റു ചില സ്ത്രീകളുടെ ആത്മീയവും തത്വശാസ്ത്രപരവുമായ സ്ഥാനങ്ങളെയും ആത്മീയതയിലെ അവരുടെ പങ്കിനെയും കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടുകളിലൂടെയുമാണ് ഈ പരാമർശങ്ങൾ. സ്ത്രീകളുടെ സ്ഥാനത്തെയും ആത്മീയ തലങ്ങളിലെ അവരുടെ കഴിവുകളെയും കുറിച്ച് ഇബ്നു അറബിക്ക് ആഴത്തിലുള്ള കാഴ്ചപ്പാടുണ്ടായിരുന്നു. ഇബ്നു അറബി ഫുതൂഹാത്തിൽ പരാമർശിച്ചതോ അദ്ദേഹത്തെ സ്വാധീനിച്ചതോ ആയ പ്രമുഖരായ ചില സ്ത്രീകൾ:

 1- ഫാത്വിമ ബിൻത് അൽ-മുഥന്ന: സെവില്ലെയിലെ അദ്ദേഹത്തിന്റെ ഗുരുക്കന്മാരിൽ ഒരാളായിരുന്നു ഇവർ.  ബിൻതുൽ-മുഥന്ന ഇബ്നു അറബിയെ വളരെയധികം സ്വാധീനിച്ച സ്ത്രീയാണ്. അദ്ദേഹം അവരുമായി ചേർന്ന് കൗമാരകാലത്ത് സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്യാറുണ്ടായിരുന്നെന്നും, അവരുടെ ഉയർന്ന ആത്മീയ സ്ഥാനത്തിൽ അദ്ദേഹം അത്ഭുതപ്പെട്ടിരുന്നു.

 2- ശംസ് (“ഉമ്മുൽ മസാകീൻ”): മാർഷെനയിൽ വെച്ചാണ് ഇബ്നു അറബി ഇവരെ കണ്ടുമുട്ടിയത്. ശംസിന് തസ്വവ്വുഫിൻ്റെയും ഭക്തിയുടെയും സ്വഭാവങ്ങളുണ്ടായിരുന്നെന്നും, ടെലിപതി, പ്രവചനം, അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവ് തുടങ്ങിയ അസാധാരണമായ കഴിവുകളുണ്ടായിരുന്നെന്നും അദ്ദേഹം വിവരിച്ചു കാണുന്നു.

 3- സൈനബ് അൽ-ഖലഇയ്യ: അൾജീരിയയിലെ ഖലഅത്ത് ബനി ഹമ്മാദിൽ നിന്നുള്ള പ്രശസ്തയായ ഒരു സ്വൂഫീ സ്ത്രീയായിരുന്നു ഇവർ. സൈനബിന് ഏറെ സമ്പത്തും  സൗന്ദര്യവുമുണ്ടായിരുന്നിട്ടും, അവർ ലോകം മുഴുവൻ ഉപേക്ഷിച്ച് കഅ്ബയ്ക്കരികിൽ ജീവിക്കാൻ തിരഞ്ഞെടുത്തുവെന്ന് ഇബ്നു അറബി വിവരിക്കുന്നു. അദ്ദേഹം അവരിൽ നിന്ന് അടിസ്ഥാന പാഠങ്ങൾ പഠിക്കുകയും, പ്രത്യേക ദിക്റുകൾ ശീലിക്കുകയും ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

 4 – നിസാം ഐനുൽ ശംസ് ബിൻത് യൂസഫ് അർറൂമി: “തർജുമാനുൽ-അശ്വാഖ്” എന്ന കാവ്യസമാഹാരം എഴുതാൻ ഇബ്നു അറബിക്ക് പ്രചോദനമായ ഗുരുനാഥയായിരുന്നു ഇവർ. “അൽ-ഫുതൂഹാത്തുൽ മക്കിയ്യയിൽ” ഇവരെ നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ മറ്റ് കൃതികൾക്ക് പ്രചോദനമായി വർത്തിച്ച നിസാം, ദൈവിക സൗന്ദര്യത്തിന്റെ പ്രതീകമായി സൂചനയായി കാണാവുന്ന  ആത്മീയ സ്ത്രീയുടെ മാതൃകയാണ്.

ഈ  സ്ത്രീകളെ കൂടാതെ, “ഫുതൂഹാത്തിൽ” ഇബ്നു അറബി സ്ത്രീത്വത്തെയും അവരുടെ ആത്മീയ പങ്കിനെയും കുറിച്ച് വ്യാപകമായി ചർച്ച ചെയ്തിട്ടുണ്ട്. സ്ത്രീ  ഭൗതിക സത്ത മാത്രമല്ല, ദൈവികമായ ഒരടയാളവും ദൈവിക സൗന്ദര്യത്തിന്റെയും മഹത്വത്തിന്റെയും  പ്രകടനവുമാണെന്ന് അദ്ദേഹം വിശ്വസിച്ചു. സ്ത്രീകൾക്ക് പൂർണ്ണതയുടെയും ആത്മീയ ഔന്നത്യത്തിന്റെയും പടവുകൾ കയറാൻ കഴിയുമെന്നും,”ഖുത്വുബ്” (സ്വൂഫിസത്തിലെ ഏറ്റവും ഉയർന്ന ആത്മീയ പദവി) ആകാൻ പോലും സാധിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ത്രീകളോടുള്ള സ്നേഹം ദൈവത്തോടുള്ള സ്നേഹത്തിന്റെ ഭാഗമാണെന്ന് ഇബ്നു അറബി കണക്കാക്കി, കാരണം അവരുടെ ആത്മാക്കൾക്ക് ഉയർന്ന സ്ഥാനമുണ്ട് എന്നും ആധികാരികമായി പറയാൻ ധൈര്യം കാണിച്ച സ്വൂഫിയായിരുന്നു

അദ്ദേഹം. ഇന്ന് വലിയ വലിയ ഇസ്‌ലാമിക പണ്ഡിതർ പോലും കൈവെക്കാൻ ധൈര്യം കാണിക്കാത്ത പല വിഷയങ്ങളിലും അധികാരികമായ ഇടപെടൽ നടത്തിയ ഇബ്നു അറബിക്ക് മാനുഷികമായ വീഴ്ചകളുണ്ടായിട്ടുണ്ട് എന്നല്ലാതെ അദ്ദേഹത്തിൻ്റെ മുഴുവൻ എഴുത്തുകളും വഴികേടാണെന്ന് പറയാൻ കഴിയില്ല എന്നതാണ് ഈയ്യുള്ളവൻ്റെ വിലയിരുത്തൽ.

റഫറൻസ്:

١- “الفتوحات المكية” تحقيق د. عثمان يحيى.

 ٢- نقد وردود: مثل “تنبيه الغبي” لـ السيوطي.

Campo, Juan Eduardo (2009), Encyclopedia of Islam.

Related Articles