Current Date

Search
Close this search box.
Search
Close this search box.

മതനിന്ദ: കുറ്റമായി അംഗീകരിച്ചവരും അംഗീകരിക്കാത്തവരും

പശുമൂത്രം കുടിക്കുക എന്നത് ഹിന്ദുക്കളുടെ ഒരു അടിസ്ഥാന വിശ്വാസമല്ല. നാട്ടിലെ എല്ലാ ഹിന്ദുക്കളും പശു മൂത്രം പവിത്രമാണ് എന്ന് പറയുന്നവരുമല്ല. പശുവിനെ ഭക്തി പൂര്‍വം ആരാധിക്കുന്ന ഒരുപാട് ഹിന്ദുക്കള്‍ നാട്ടിലുണ്ട്. ചിലര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നു. വിശ്വാസം എങ്ങിനെ വേണമെന്നതു വ്യക്തികളാണ് തീരുമാനിക്കേണ്ടത്. പ്രവാചക കാലത്തു ചില മുസ്ലിംകള്‍ വിഗ്രഹാരാധകരുടെ ദൈവങ്ങളെ മോശമായി പറഞ്ഞു എന്നത് ഗൗരമായാണ് ഇസ്ലാം എടുത്തത്. ലോകത്തു വരുന്ന എല്ലാ മുസ്ലിംകള്‍ക്കും അതൊരു പാഠമാകണം എന്നത് കൊണ്ട് തന്നെ മറ്റുള്ളവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ നിന്ദിക്കരുത് എന്ന കല്‍പ്പന ഖുര്‍ആനിന്റെ ഭാഗമാക്കി മാറുകയും ചെയ്തു.

മറ്റൊരാളുടെ രക്തവും ധനവും പോലെ തന്നെ പരിശുദ്ധമാണ് അയാളുടെ അഭിമാനവും എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. അതിനാല്‍ മുസ്ലിംകള്‍ക്ക് വിശ്വാസത്തിന്റെ പേരിലായാലും ഒരാളുടെ അഭിമാനത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ല. പേരിനെങ്കിലും ഇസ്‌ലാമികത നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും അത് കൊണ്ടാണ് മറ്റു മതങ്ങളെ നിന്ദിക്കുന്നത് കുറ്റമായി പരിഗണിക്കുന്നത്. അതെ സമയം ആര്‍ഷ ഭാരത സംസ്‌കാരം എന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ നാട്ടില്‍ നടക്കുന്നത് നേരെ മറിച്ചാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും പോഷക സംഘടനാ നേതാക്കളും മന്ത്രിമാരും മറ്റു മതങ്ങളെ മോശമായി ചിത്രീകരിക്കുന്നതില്‍ മത്സരിക്കാറുണ്ട്. സ്വന്തം നാട്ടിലെ അസ്തിത്വം പോലും അവര്‍ ചോദ്യം ചെയ്യും. ജനിച്ച മണ്ണിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും വേണ്ടി മറ്റാരേക്കാളും നന്നായി പരിശ്രമിച്ച ആളുകളെയാണ് അവര്‍ പലപ്പോഴും തെറി പറഞ്ഞു സുഖിക്കാറ്. മാത്രമല്ല പലപ്പോഴും വിശ്വാസത്തിന്റെ പേരില്‍ മറ്റുള്ളവരെ ജീവന്‍ പോലും കയ്യിലെടുക്കുന്ന നിലപാട് നാം കണ്ടതാണ്. ആളുകള്‍ അങ്ങിനെ ചെയ്യുന്നു എന്നതിനേക്കാള്‍ നമ്മെ ഭയപ്പെടുത്തിയത് ഈ കിരാത പ്രവര്‍ത്തിയില്‍ മോഡി സര്‍ക്കാരിന്റെ മൗനമാണ്. മാത്രമല്ല അങ്ങിനെ ക്രൂരത കാണിച്ച കുറ്റവാളികള്‍ക്ക് പൂമാലയും മറ്റു ആനുകൂല്യങ്ങളും നല്‍കാനാണ് അവര്‍ ശ്രമിച്ചതും.

നമ്മുടേത് ഒരു മതേതര രാജ്യമാണ്. ഭരണഘടന എല്ലാ മതങ്ങളെയും ഒരേ പോലെയാണ് കാണുന്നത്. പക്ഷെ ഭരിക്കുന്നവര്‍ ചില മതങ്ങളെ മറ്റു രീതിയില്‍ കാണുന്നു. അവരുടെ പേര് പോലും അവരില്‍ അസ്വസ്ഥ ഉണ്ടാകുന്നു. അങ്ങിനെ പേര് മാറ്റല്‍ വലിയ ചടങ്ങായി അവര്‍ കൊണ്ട് നടക്കുന്നു. അതെ സമയം നമ്മുടെ തൊട്ടപ്പുറത്തുള്ള രാജ്യം ആ രീതിയില്‍ മതേതരമല്ല. ഇസ്ലാമിക് റിപ്പബ്ലിക് എന്നാണ് അവര്‍ സ്വയം വിളിക്കാറ്. അത് എത്ര മാത്രം ശരിയാണ് എന്നത് മറ്റൊരു ചോദ്യമാണ്. ഇസ്‌ലാം ആവശ്യപ്പെടുന്ന സാമൂഹിക സാംസ്‌കാരിക അവസ്ഥയിലേക്ക് പാകിസ്ഥാന്‍ ഇനിയും വളര്‍ന്നിട്ടു വേണം. ബുദ്ധിയുള്ള കുറച്ചു നേതാക്കളും ബുദ്ധിയില്ലാത്ത കുറെ അണികളും എന്നാണ് ആരോ അഫ്ഗാനിനെയും പാകിസ്ഥാനെയും കുറിച്ച് പറഞ്ഞത്. അത് കൊണ്ട് തന്നെ സാധാരണക്കാരന്റെ കാര്യത്തില്‍ ഒരു ഇസ്‌ലാമും ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും നാം കാണുന്നില്ല.

അവിടെ നിന്നാണ് ഒരു നല്ല വാര്‍ത്ത നാം കേട്ടത്. വിശ്വാസത്തിന്റെ പേരില്‍ ഹിന്ദുക്കളെ മോശമായി പറഞ്ഞ പാകിസ്താനിലെ പഞ്ചാബില്‍ മന്ത്രിക്കു സ്ഥാനം പോയി എന്നത്. മതേതര ഇന്ത്യയില്‍ നിന്നും കേള്‍ക്കാത്ത കാര്യം മതത്തിന്റെ പേരിലുള്ള പാകിസ്ഥാനില്‍ നിന്നും കേള്‍ക്കുന്നു എന്നത് നാം കാണാതെ പോകരുത്. ഈ നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നെങ്കില്‍ എത്ര പേര് സ്ഥാനങ്ങളില്‍ നിന്നും ഇറങ്ങേണ്ടി വരുമായിരുന്നു. എല്ലാവരുടെയും ശത്രുക്കളായ ഭീകരര്‍ ചെയ്ത കുറ്റത്തിന് കാശ്മീരികളെ ബഹിഷ്‌ക്കരിക്കണം എന്ന് പറഞ്ഞത് ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറാണ്. എന്നിട്ടും ഒരു നിലപാടും ആരും പറഞ്ഞില്ല. ഒരാളുടെ വിശ്വാസത്തെ നമുക്ക് ചോദ്യം ചെയ്യാം. അത് മാന്യമായി മാത്രമാകണം. അതിന്റെ പേരില്‍ ഒരാളെ ഇല്ലാതാക്കാനും അവഹേളിക്കാനും നമുക്ക് ഏകനായ ദൈവം അനുമതി നല്‍കിയിട്ടില്ല. തനിക്കു വേണ്ടി മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കണം എന്ന് ദൈവം ആവശ്യപ്പെട്ടില്ല. അതെ സമയം പലരുടെയും വിശ്വാസം പലപ്പോഴും നന്മയുടെ എല്ലാ പരിധികളും മറികടക്കുന്നു. അതിനു നാം കുറ്റപ്പെടുത്തേണ്ടത് മതങ്ങളെയല്ല അതിന്റെ വാക്താക്കളെ തന്നെയാണ്. സഹിഷ്ണുതയുടെ വാക്താക്കളായ ഹിന്ദു മതത്തെ ഫാസിസത്തിന്റെ അടയാളമാക്കി മാറ്റിയതില്‍ സംഘ പരിവാറിന്റെ പങ്ക് വലുതാണ്. സമാധാനം മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമിനെ ഭീകരമാക്കുന്നതില്‍ ഭീകരവാദികള്‍ വിജയിച്ചത് പോലെ.

അത് കൊണ്ടാണ് നാം പറയുന്നത് ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ചില നടപടികളില്‍ മതേതര ഇന്ത്യക്കു പാഠമുണ്ട്. ഭീകരര്‍ പാകിസ്താനെ താവളമാക്കുന്നു എന്നത് നാം അംഗീകരിക്കണം. ഇന്ത്യക്കെതിരെ അവരുടെ നിലപാടുകള്‍ക്ക് പാകിസ്ഥാന്‍ പട്ടാളത്തിന്റെ പിന്തുണയുണ്ടെന്നു നാം വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ അത്തരം സംഘങ്ങളെ തള്ളിക്കളയാന്‍ പലപ്പോഴും പാക് ഭരണകൂടങ്ങള്‍ക്ക് കഴിയാതെ പോകുന്നു. ഇമ്രാന്‍ ചില ശുഭ സൂചനകള്‍ കാണിച്ചു തരുന്നു. ഒരു മുന്‍ ഭരണാധികാരിയും കാണിക്കാത്ത നിലപാടുകള്‍. പുതിയ സംഭവ വികാസങ്ങളെ ഇരു ഭരണകൂടങ്ങളും ഒന്നിച്ചു നിന്ന് നേരിടാന്‍ തീരുമാനിച്ചാല്‍ അവസാനിക്കുന്നതാണ്. ഭീകരര്‍ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ശത്രുക്കളാണ്. അല്ല മനുഷ്യരുടെ ശത്രുക്കളാണ് എന്ന അടിസ്ഥാന ബോധമാണ് നാം ആദ്യം നേടേണ്ടതും.

Related Articles