Current Date

Search
Close this search box.
Search
Close this search box.

കുഴിച്ച കുഴിയില്‍ വീണ് ബിജെപി

പതിമൂന്നു ദിവസത്തോളം ഡൽഹിയിൽ 33 മീറ്റിംഗുകളും എട്ട് റോഡ് ഷോകളും നടത്തിയാണ് അമിത്ഷാ ദൽഹി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. തങ്ങളുടെ മുഴുവൻ മുഖ്യമന്ത്രിമാരെയും അവർ തിരഞ്ഞെടുപ്പിനെ നേരിടാൻ കൊണ്ട് വന്നു. 240 എം പിമാർ ഈ കൊച്ചു സംസ്ഥാനത്തു നിരന്തരമായി പ്രചാരണം നടത്തി. എല്ലാ പരിധികളും ലംഘിച്ചു കൊണ്ടാണ് അമിത് ഷാ വർഗീയത സമൂഹത്തിലേക്ക് കയറ്റി വിടാൻ ശ്രമിച്ചത്. പൗരത്വ ബില്ലും ദൽഹി തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൊത്തമുള്ള ഏഴു ലോക് സഭ  സീറ്റും ഡൽഹിയിൽ നേടിയത് ബി ജെ പിയാണ്. അതിനു ശേഷമാണു ബി ജെ പി പല നിയമങ്ങളും കൊണ്ട് വന്നത്. അതൊക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി നേട്ടമായി ഉന്നയിച്ചിരുന്നു. പക്ഷെ അതൊന്നും ജനം അംഗീകരിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ.

അമിത ഷാ മാത്രമല്ല യോഗി തുടങ്ങി മിക്കവാറും എല്ലാ സംഘ പരിവാർ നേതാക്കളും തീവ്ര വിഭാഗീയ വർഗീയ രീതിയിലാണ് യോഗങ്ങളിൽ സംസാരിച്ചത്. പലരെയും ആ കാരണത്താൽ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേണ്ടി വന്നു. അതെ സമയം വികസന വിഷയം പറഞ്ഞാണ് ആപ്പ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി ജെ പി യുടെ രാഷ്ട്രീയ അജണ്ടകളെ അവഗണിച്ചു എന്നതാണ് ആപ്പിന്റെ വിജയതിനു കാരണമായി പറയുന്നത്. ദൽഹി മണ്ണ് എന്നും സംഘ പരിവാറിന് വളക്കൂറുള്ള ഭൂമിയായിരുന്നു. കോൺഗ്രസ്സ് ബി ജെ പി എന്ന കക്ഷികൾ മാറി മാറി ദൽഹി ഭരിച്ചിട്ടുണ്ട്.

Also read: ഇങ്ങനെയാണ് അമേരിക്ക സ്വതന്ത്ര രാജ്യങ്ങളെ ‘വിമോചിപ്പിക്കുന്നത്’

വിദ്യാഭ്യാസം, വെള്ളം, വൈദ്യുതി, മൊഹല്ല ക്ലിനിക്കുകൾ തുടങ്ങിയ ആഭ്യന്തര പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചാണ് ദില്ലി തിരഞ്ഞെടുപ്പ് മുന്നോട്ടു പോയത്. അധികം മധ്യ വർഗങ്ങളാണ് ഡൽഹിയിലെ ജനസംഖ്യ. ഷഹീൻ ബാഗ് ഡൽഹിയുടെ ഭാഗമാണ്. ബി ജെ പി ഷഹീൻ ബാഗിനെ ദേശീയ വിരുദ്ധ സമരമായി തിരഞ്ഞെടുപ്പ് രംഗത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. ഇന്ത്യൻ വിഭജനത്തെ നേരിൽ അനുഭവിച്ച ജനതയാണ് ഡൽഹിക്കാർ . അതിനെ വൈകാരികമായി ഇന്നും സംഘ പരിവാർ ഉപയോഗിക്കുന്നു. ദേശീയതയുടെ അതി വൈകാരിക അവസ്ഥയെയാണ് പൗരത്വ നിയമത്തിലൂടെ ബി ജെ പി കാണിച്ചത്. മുസ്ലിംകൾ ഒഴികെ മറ്റെല്ലാവർക്കും പൗരത്വം നൽകുന്ന നിയമം വഴി തങ്ങളുടെ അജണ്ട കൂടുതൽ വ്യക്തമാക്കിയാണ് ബി ജെ പി മുന്നോട്ടു വന്നത്. അതിനു മുമ്പ് ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ ബി ജെ പി മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കിയത് കാശ്മീരിന്റെ 370 വകുപ്പാണ്. അതുപോലെ മുത്വലാഖും. സി എ എ ബില്ലിനെ കുറിച്ചും അന്ന് അമിത്ഷാ സംസാരിച്ചു. രണ്ടു സംസ്ഥാനത്തും മുസ്ലിംകളുടെ ശതമാനം പതിനഞ്ചിൽ താഴെയാണ്. എന്നിട്ടും ജനം വിഷയത്തെ വർഗീയമായി ഏറ്റെടുത്തില്ല എന്നത് ശുഭ സൂചയാണ്‌. ഒരു വേള ബി ജെ പി യും പാകിസ്താനും തമ്മിലാണ് മത്സരം എന്ന് പോലും അവർ പറയുകയുണ്ടായി. ബി ജെ പി അല്ലാതെ ആര് ജയിച്ചാലും അത് പാകിസ്ഥാന്റെ വിജയമാണ് എന്നതായിരുന്നു അവർ ഉന്നയിച്ച ആരോപണം.

പൗരത്വ വിഷയത്തിൽ കെജ്‌രിവാൾ വ്യക്തമായ നിലപാട് സ്വീകരിച്ചില്ല എന്ന പരാതി പൊതുവേയുണ്ട്. പരുക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിക്കുക പോലും ചെയ്തില്ല എന്നതാണ് ആരോപണം. അതെ സമയം ബി ജെ പി അത് മുതലെടുക്കും എന്ന കാരണം പറഞ്ഞാണ് കെജ്‌രിവാൾ മാറി നിന്നതു എന്നൊരു വിശദീകരണം പാർട്ടി നൽകുന്നുണ്ട്. ഷാഹീൻ ബാഗിലും ഇതുവരെ അദ്ദേഹം പോയിട്ടില്ല. അത് കൊണ്ട് തന്നെ ആപ്പ് ബി ജെ പിയുടെ ” B TEAM ” എന്ന പേരിലാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നതും. അതെ സമയം ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പരസ്യമായി തന്നെ ഷാഹീൻ ബാഗിന് പിന്തുണ നൽകിയിരുന്നു. പാർലിമെന്റിൽ അവർ ബില്ലിനെ എതിർത്ത് വോട്ടും ചെയ്തിരുന്നു . ബി ജെ പി വർഗീയ ഹിന്ദുത്വം വെച്ച് കളിച്ചപ്പോൾ മൃദു ഹിന്ദുത്വം കൊണ്ട് കെജ്‌രിവാൾ പ്രതിരോധിച്ചു എന്ന് പറയുന്നവരും കുറവല്ല.

Also read: ഇസ് ലാം വിമര്‍ശനങ്ങളുടെ പിന്നാമ്പുറം

കോൺഗ്രസ്സ് എന്ന പാർട്ടിയുടെ ദയനീയ പതനവും നാം ഇവിടെ കാണുന്നു. അതിനുള്ള കാരണങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ഒരിടത്തു പോലും മുന്നിൽ വരാൻ അവർക്കു കഴിഞ്ഞില്ല. തുടർച്ചയായ രണ്ടാം തവണയും സംപൂജ്യരായി അവർ മടങ്ങി. തിരഞ്ഞെടുപ്പിൽ തങ്ങൾക്കു സാധ്യമായ എല്ലാ തന്ത്രവും ബി ജെ പി പയറ്റിയിരിക്കും. പൗരത്വ നിയമം വന്നതിനു ശേഷം നടന്ന തിരഞ്ഞെടുപ്പു എന്ന കാരണത്താൽ തന്നെ ഇവിടെ അവർക്കു വിജയം അനിവാര്യമായിരുന്നു . പച്ചയായ വർഗീയതയും വംശീയതയും ആയുധമാക്കിയിട്ടും പൊതു ജനം സംഘ് പരിവാർ അജണ്ട തള്ളിക്കളഞ്ഞു എന്നത് ഇന്ത്യൻ ജനാധിപത്യ മതേതര സമൂഹത്തിനു നൽകുന്ന ആശ്വാസം ചെറുതല്ല. തുടർച്ചയായ പരാജയങ്ങൾ സംഘ് പരിവാറിനെ മാറ്റി ചിന്തിപ്പിക്കണം. പക്ഷെ അസഹിഷ്ണുതയുടെ മനസ്സ് മാറ്റാൻ ഒരിക്കലും ഫാസിസം സന്നദ്ധമാകില്ല എന്നതാണ് ചരിത്രം.

Related Articles