Columns

സങ്കല്‍പ്പമായി ഒതുങ്ങാനുള്ള വാഗ്ദാനങ്ങള്‍

പ്രകടന പത്രികയുടെ വില എന്തെന്ന് വോട്ടര്‍മാര്‍ക്ക് അറിയാം. അതിന് ആ പ്രാധാന്യമേ അവര്‍ നല്‍കുന്നുള്ളൂ. പ്രകടന പത്രികയുടെ പേരായി ബി ജെ പി നല്‍കിയത് ‘സങ്കല്‍പ് പത്ര്’ എന്നാണ്. അത് ഒരു സങ്കല്‍പ്പമായി അവശേഷിക്കാനാണ് സാധ്യത. കഴിഞ്ഞ മോഡി കാലത്തുണ്ടായ പ്രധാന വിഷയങ്ങളെ പ്രകട പത്രിക അഡ്രസ്സ് ചെയ്യുന്നില്ല. നോട്ടു നിരോധനം,തൊഴിലില്ലായ്മ, കള്ളപ്പണം, ജി എസ് ടി എന്നിവയെ കുറിച്ച് പ്രകടന പത്രിക തീര്‍ത്തും മൗനം പാലിക്കുന്നു. അതെ സമയം വൈകാരിക വിഷയങ്ങളില്‍ ഊന്നിയാണ് പ്രകടന പത്രിക മുന്നോട്ടു പോകുന്നതും.

ശബരിമലയും രാമക്ഷേത്രവും പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒരു ബഹുസ്വര രാജ്യത്ത് ഒരു വിഭാഗത്തിന്റെ ആരാധനാലയം തകര്‍ത്ത് അവിടെ മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയം നിര്‍മ്മിക്കും എന്ന് പറയുന്നത് തന്നെ ജനാധിപത്യ വിരുദ്ധമാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ എങ്ങിനെ സര്‍ക്കാര്‍ ഇടപെടും എന്നത് മറ്റൊരു ചോദ്യം. തര്‍ക്കത്തില്‍ ഇരിക്കുന്ന ആരാധനാലയങ്ങള്‍ ഏറ്റെടുക്കാനുള്ള ഓര്‍ഡിനനന്‍സ് ഇറക്കാനുള്ള അവകാശം ഭരണ ഘടന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നില്ല. പിന്ന എങ്ങിനെയാണ് അത്തരം ഒരു നിയമ നിര്‍മാണം വാഗ്ദാനം ചെയ്യുക?. പക്ഷെ രാമക്ഷേത്രം ഒരു വൈകാരിക വിഷയമാണ്. അതിന് എന്നും അങ്ങിനെ തന്നെ നിലനിര്‍ത്താന്‍ ഹിന്ദുത്വ ശക്തികള്‍ ആഗ്രഹിക്കുന്നു.

അതെ സമയം ശബരിമല വിഷയം മറ്റൊന്നാണ്. ഇന്നത്തെ അവസ്ഥ കോടതിയുടെ വിധി കൊണ്ട് സംഭവിച്ചതാണ്. കോടതി തങ്ങളുടെ വിധിയില്‍ നിന്നും പിറകോട്ടു പോകാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഒരു ഭരണഘടന ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാരിന് പഴയ അവസ്ഥ തിരിച്ചു കൊണ്ടുവരാമായിരുന്നു. അങ്ങിനെ വന്നാല്‍ നാട്ടില്‍ ഉണ്ടായിരുന്ന കുഴപ്പം പെട്ടെന്ന് അവസാനിക്കും. സംഘ പരിവാര്‍ ആഗ്രഹിച്ചത് ആ കുഴപ്പത്തില്‍ നിന്നും മുതലെടുപ്പ് മാത്രമാണ്.

എഴുപത്തിയഞ്ചോളം പ്രഖ്യാപനങ്ങള്‍ പുതിയ തിരഞ്ഞെടുപ്പു പത്രികയിലുണ്ട്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന് പറയുന്നതാണ് കൂടുതല്‍ ശരി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നാടിന്റെ പുരോഗതി പിറകോട്ടു പോയി എന്നാരും സമ്മതിക്കും. നോട്ടു നിരോധനം അത്ര വലിയ ആഘാതമാണ് ഇന്ത്യന്‍ സമ്പത് വ്യവസ്ഥക്ക് നല്‍കിയത്. അതിനെ കുറിച്ച് പത്രിക ഒന്നും പറയുന്നില്ല എന്നത് തന്നെ അതിന്റെ പരാജയത്തെ ബി ജെ പി സമ്മതിക്കുന്നു എന്നതിന്റെ തെളിവാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പലിശയില്ലാതെ കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപ അഞ്ചു വര്‍ഷത്തേക്ക് കടം നല്‍കും എന്നാണ് പുതിയ വാഗ്ദാനം.

പതിവുപോലെ തീവ്രവാദത്തോടും ഭീകരവാദത്തോടും ‘സീറോ ടോളറന്‍സ്’ എന്നാണ് മറ്റൊരു പ്രഖ്യാപനം. മോഡി സര്‍ക്കാരിന്റെ കാലത്താണ് ഇന്ത്യയില്‍ കൂടുതല്‍ ഭീകര പ്രവര്‍ത്തനം നടന്നിട്ടുള്ളത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നാടിന്റെ സുരക്ഷിത മേഖലകളിലേക്ക് പോലും ഭീകരവാരികള്‍ക്ക് കയറിക്കളിക്കാന്‍ കഴിയുന്നു എന്നതാണ് മോഡി കാലത്തെ വിശേഷം.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമൂഹിക സാംസ്‌കാരിക തനിമ നിലനിര്‍ത്താന്‍ പൗരത്വ ബില്ലുമായി മുന്നോട്ടു പോകും എന്നും പത്രിക പറയുന്നു. ഉദ്ദേശം വ്യക്തമാണ്. വര്‍ഷങ്ങളോളമായി ഇന്ത്യയില്‍ താമസിക്കുന്ന ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവരെ പൂര്‍ണമായി നാട് കടത്തും എന്നത് തന്നെ കാര്യം. അതെ സമയം മുസ്ലിംകള്‍ അല്ലാത്ത മറ്റുള്ളവര്‍ക്ക് പൗരത്വം നല്‍കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. കാശ്മീരിയന്റെ പ്രത്യേക പദവി ഇല്ലാതാക്കും. ഏക വസിവില്‍ കോഡ് എന്നിവയും എടുത്തു പറയുന്ന കാര്യങ്ങളാണ്.

ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍, എഴുപത്തിയഞ്ച് പുതിയ മെഡിക്കല്‍ കോളേജുകള്‍, പുതിയ ടാക്‌സ് പരിധികള്‍, ദാരിദ്ര്യ നിര്‍മാര്‍ജനം, ദേശീയ ട്രേഡ് കമ്മീഷന്‍, മൂന്നാം ലിംഗക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരല്‍ തുടങി അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയെ മൂന്നാമത്തെ ലോക ശക്തിയാക്കും എന്നും പത്രിക പറയുന്നു.

തീവ്ര ഹിന്ദുത്വവും ദേശീയതയും എടുത്തു പറഞ്ഞാണ് സംഘ പരിവാര്‍ പ്രകടന പത്രിക ഇറക്കിയത്. ജാതിക്കും മതത്തിനുമപ്പുറം ഒരു ജനതയെ ഒന്നായി കാണാനുള്ള മാനസിക വിശാലത ഇല്ലാത്ത വിഭാഗമാണ് സംഘ പരിവാര്‍. അത് കൂടുതല്‍ ഊന്നി പറയുന്നു എന്നതിലപ്പുറം മറ്റൊരു പുതുമയും അതിനു കാണാന്‍ കഴിയില്ല. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരുപാട് നിയമങ്ങള്‍ ഇപ്പോള്‍ തന്നെ നാട്ടിലുണ്ട്. അതിനെ കൂടുതല്‍ ശക്തമാക്കും എന്ന് തന്നെയാണ് ബി ജെ പി പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെയും രാജനിവാസികളുടെയും വികസനം എന്നതിനേക്കാള്‍ വെറുപ്പിന്റെ രാഷ്ട്രീയമാണ് അന്നും ഇന്നും എന്നും സംഘ പരിവാര്‍ മുന്നോട്ടു വെക്കുന്നത്.

Facebook Comments
Show More

Related Articles

Close
Close