Current Date

Search
Close this search box.
Search
Close this search box.

വീടുകയറിയുള്ള യാചനയല്ല ഇസ്‌ലാമിലെ സകാത്ത്

zakath.jpg

കാലത്ത് മുതല്‍ കോളിംഗ് ബെല്‍ അടിച്ചു തുടങ്ങിയിരുന്നു. പുറത്ത് പുരുഷന്മാരും സ്ത്രീകളും യുവതികളും കുട്ടികളും നിരനിരയായി വന്നു നില്‍ക്കുന്നു. എല്ലാവര്‍ക്കും ആവശ്യം ‘സകാത്തിന്റെ’ പൈസയാണ്. യാചനക്കു പണ്ടേ എതിരാണെങ്കിലും വീട്ടില്‍ ചോദിച്ചു വന്നവരെ തിരിച്ചയക്കുക എന്നത് മാന്യതയില്ലാത്ത കാര്യമാണ് എന്നതിനാല്‍ പലര്‍ക്കും ചില്ലറ കൊടുത്തു തിരിച്ചയച്ചു. റോഡില്‍ ഇറങ്ങി നോക്കിയപ്പോള്‍ ആളുകള്‍ പലവീടുകളും കയറി ഇറങ്ങി നടക്കുന്നു. വഴിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി ചോദിക്കുന്നവരും ധാരാളം. ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന ഈ ദുരന്തത്തെ മനസ്സില്‍ ശപിച്ചു കൊണ്ടല്ലാതെ ഒരാള്‍ക്കും മുന്നോട്ടു പോകാന്‍ കഴിയില്ല എന്നുറപ്പാണ്. വിധി നിര്‍ണായക രാത്രിയില്‍ സമാധാന സന്ദേശവുമായി മലക്കുകള്‍ ഭൂമിയില്‍ ഇറങ്ങി വരുമെന്നു ഖുര്‍ആന്‍ പറയുന്നു. അന്നിന്റെ പകലില്‍ ഇസ്ലാം കഠിനമായി നിരോധിച്ച യാചനയുടെ സമുദായം റോഡില്‍ ഇറങ്ങുന്നു എന്നത് മറ്റൊരു വിരോധാനഭാസം.

സകാത് ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുന്ന നിര്‍ബന്ധ കാര്യമാണ്. അത് കൊടുക്കുമ്പോള്‍ ദായകനോ വാങ്ങുമ്പോള്‍ വാങ്ങുന്നവനോ യാതൊരു മേധാവിത്വവും സങ്കോചവും തോന്നേണ്ടതില്ല. ഇസ്ലാം പരിപാവനമായ ഒരാരാധനയായി നിര്‍ണയിച്ച സകാത് ഇസ്ലാമിന്റെ പേരില്‍ ആളുകള്‍ക്ക് തെണ്ടാനുള്ള കാരണമായി മാറി എന്നത് തീര്‍ത്തും പരിതാപകരം. സകാത് സംഘടിതമായി നല്‍കുന്നത് വിമര്‍ശിക്കുന്ന പുരോഹിത വര്‍ഗം പക്ഷെ ഈ ഭിക്ഷാടനത്തെ കാര്യമായി എതിര്‍ക്കുന്നില്ല. ഒരാളും ഇത്തരം ആളുകള്‍ക്ക് ഒന്നും നല്‍കരുത് എന്ന കല്പന മഹല്ല് അടിസ്ഥാനത്തില്‍ നല്‍കിയാല്‍ തീരുന്നതാണ് ഈ വിഷയം. പകരം മഹല്ലിലെ കഷ്ടപ്പെടുന്നവര്‍ക്ക് മഹല്ലിലെ തന്നെ പണക്കാരുടെ തന്നെ സകാത് വിഹിതം വാങ്ങി നല്‍കിയാല്‍ ഈ തെണ്ടല്‍ കര്‍മ്മത്തിനു ഒരു സ്ഥിരം തീരുമാനമാകും. മറ്റൊരു കാര്യം കൂടി കാണാതെ പോകരുത്. നമ്മുടെ നാട്ടില്‍ മഹല്ലുകളിലെ സകാത്തിന്റെ വലിയ വിഹിതം പലപ്പോഴും കിട്ടുന്നത് ‘ഉസ്താദ്മാര്‍ക്ക്’ തന്നെയാകും. അതെ സമയം യഥാര്‍ത്ഥ അവകാശികള്‍ക്ക് കിട്ടുന്നത് തുലോം കുറവും. സകാത്തിന് ഒരു സംഘടിത രൂപം വന്നാല്‍ ആദ്യമായി വരുമാനത്തില്‍ കുറവ് വരിക ഇത്തരം ആളുകള്‍ക്കാവും. അത് കൊണ്ട് തന്നെ അവര്‍ അത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ന്യായം പറഞ്ഞു വരും.

ഇസ്ലാമിക ഭരണക്രമം നിലനിന്നിരുന്ന കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് ഇന്നും പലരുടെയും തെളിവുകളുടെ അടിസ്ഥാനം. അത് തെറ്റാണ് എന്നല്ല പക്ഷെ അവര്‍ അഭിമുഖീകരിച്ച സാമൂഹിക ക്രമമല്ല നമ്മുടേത് എന്ന് പറയണം. സകാത്തിന്റെ അവകാശികളെ കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ ഒന്ന് സകാത്തിന്റെ ജോലിക്കാരാണ്. അതായത് അത് ശേഖരിച്ചു വിതരണം ചെയ്യുന്ന ആളുകള്‍. പ്രവാചക കാലത്തും ശേഷവും പട്ടാളക്കാര്‍ക്കും ഇത്തരം ജോലിക്കാര്‍ക്കും നിത്യ ശമ്പളം എന്നൊന്നില്ലായിരുന്നു. പട്ടാളക്കാരുടെ വരുമാനം യുദ്ധ മുതലുകളായിരുന്നു. സകാത്തിന്റെ ജോലിക്കാരുടെ വരുമാനം സകാത്തിന്റെ ഭാഗവും. പക്ഷെ ഇന്ന് പട്ടാളക്കാര്‍ രാജ്യത്തിന്റെ ശമ്പളം പറ്റുന്ന വിഭാഗമാണ്. സകാത് ഉദ്യോഗസ്ഥരും അങ്ങിനെ തന്നെ. പറഞ്ഞു വരുന്നത് ആളുകള്‍ക്ക് ഇഷ്ടമുള്ളത് ഇഷ്ടമുള്ളവര്‍ക്ക് നല്‍കുക എന്നതായിരുന്നു ഇസ്ലാമിന്റെ നിലപാടെങ്കില്‍ അത്തരം ഒരു തസ്തിക ആവശ്യം വരില്ലായിരുന്നു. സകാത് ആളുകള്‍ കൃത്യമായി നല്‍കാത്ത സാമൂഹിക കാലത്താണ് നാം ജീവിക്കുന്നത്. അതെ സമയം ചിലവില്ലാത്ത ആരാധനയ്ക്ക് ആളുകള്‍ക്ക് ശുഷ്‌കാന്തി കൂടുതലും. സകാത് അനുഷ്ഠാന കര്‍മങ്ങളില്‍ രണ്ടാമത്തേതാണ്. അതിനു കഴിവുള്ളവര്‍ക്ക് മൂന്നും നാലും ശരിയാവാന്‍ രണ്ടു ശരിയാവണം. രണ്ടിനെ മറന്നാണ് പലപ്പോഴും പലരും മൂന്നും നാലും നെഞ്ചിലേറ്റുന്നത്.

യാചന ദാരിദ്ര്യമല്ലാതെ മറ്റൊന്നും വര്‍ധിപ്പിക്കില്ല എന്നാണു പ്രമാണം. ‘ആര്‍ അഭിമാനം കാക്കുവാന്‍ ശ്രമിക്കുന്നുവോ അവന് അല്ലാഹു അഭിമാനം കാത്തുകൊടുക്കും. ആര്‍ ധന്യത പ്രകടിപ്പിക്കുന്നുവോ അവന് അല്ലാഹു ധന്യത നല്‍കും.” എന്നാണു ഇസ്‌ലാം പഠിപ്പിക്കുന്നത്. യാചന അനിവാര്യതയായിത്തീരാന്‍ മാത്രം ജീവിത ക്ലേശം ബാധിച്ചവര്‍ പോലും വിഷയം പൂര്‍ത്തീകരിച്ചാല്‍ യാചന നിര്‍ത്തണമെന്നാണ് ഇസ്ലാം പറയുന്നത്. അല്ലെങ്കില്‍ അവന്‍ നിഷിദ്ധമാണ് ഭക്ഷിക്കുന്നത് എന്നും പറയപ്പെടുന്നു. അതെ സമയം ഒരു പുണ്യ ദിനത്തെ യാചനയുടെ ദിനമായി ബ്രാന്‍ഡ് ചെയ്യപ്പെട്ടു എന്നത് എത്ര ഗുരുതരമായ കാര്യമാണ്. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ഒരു രാത്രിയുടെ പകലിനെ നിഷിദ്ധതയോടു കൂട്ടിക്കെട്ടാന്‍ നടത്തുന്ന പ്രവണത പലപ്പോഴും ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നു.

”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തടഞ്ഞുവെക്കപ്പെട്ടിട്ടുള്ളവരായ ദരിദ്രര്‍ക്കത്രെ (ദാനധര്‍മങ്ങള്‍ നല്‍കേണ്ടത്) ഭൂമിയില്‍ സഞ്ചരിക്കുവാന്‍ അവര്‍ക്ക് കഴിയുന്നതല്ല. ആത്മാഭിമാനം പാലിക്കുന്നതു നിമിത്തം, അറിയാത്തവന്‍ അവരെ ധനികന്മാരായി കണക്കാക്കുന്നു. അവരുടെ ലക്ഷണം കൊണ്ട് അവരെ നിനക്ക് മനസ്സിലാക്കാവുന്നതാണ്. അവര്‍ മനുഷ്യരോട് ബുദ്ധിമുട്ടിച്ച് ഒന്നും ചോദിക്കുകയില്ല. (ഇങ്ങനെയുള്ളവര്‍ക്കത്രേ ദാനധര്‍മങ്ങള്‍ നല്‍കേണ്ടത്) നിങ്ങള്‍ നല്ലതായുള്ളതെന്തു ചിലവഴിക്കുന്നതായാലും അല്ലാഹു അതിനെക്കുറിച്ച് അറിയുന്നവനാകുന്നു.”. ( ഖുര്‍ആന്‍). അതെ സമയം അര്‍ഹര്‍ പുറത്താവുകയും യാചന വികസിപ്പിച്ചവര്‍ രക്ഷപ്പെടുകയും ചെയ്യുന്ന ഒന്നായി ഇസ്ലാമിലെ സകാത്തിനെ മാറ്റിയവര്‍ ദൈവിക സന്നിധിയില്‍ മറുപടി പറയേണ്ടി വരും എന്നുറപ്പാണ്.

Related Articles