Current Date

Search
Close this search box.
Search
Close this search box.

വീണ്ടും ചര്‍ച്ചയാവുന്ന ‘ഗ്രാന്‍ഡ് മുഫ്തി’

കുറേ അന്വേഷണത്തിന് ശേഷമാണ് ബറേല്‍വി ശരീഫിലെ നമ്പര്‍ ലഭിച്ചത്. കേരളത്തില്‍ നിന്നാണ് വിളിക്കുന്നത് എന്ന മുഖവരയോടെയാണ് തുടങ്ങിയത്. ‘വാസ്തവത്തില്‍ ആരാണ് നിങ്ങളുടെ ഗ്രാന്‍ഡ് മുഫ്തി’ എന്ന ചോദ്യത്തിന് ലഭിച്ച മറുപടി അത്ര നല്ല നിലയിലായിരുന്നില്ല. ‘ഞങ്ങള്‍ ആരെ തിരഞ്ഞെടുത്താലും നിങ്ങള്‍ക്കെന്താ…….. ? രണ്ടു ദിവസമായി എല്ലാവരും വിളിച്ച് ചോദിക്കുന്നത് ഇത് തന്നെയാണ്…..’ തുടങ്ങിയ പരിഭവവും. ആരാണ് പുതിയ ഗ്രാന്‍ഡ് മുഫ്തി എന്ന് പറയാതെ അദ്ദേഹം സംസാരം അവസാനിപ്പിച്ചു. ശേഷം മറ്റൊരു നമ്പറിലേക്ക് വിളിച്ചു. അവിടെ നിന്നും കിട്ടിയ മറുപടിയും അത് തന്നെ. ശേഷം കേരളത്തിലെ ഗ്രാന്‍ഡ് മുഫ്തിയുടെ ഓഫിസിലേക്കു വിളിച്ചു. ആദ്യം അദ്ദേഹം ഉറച്ചു നിന്നു. വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല എന്നും പറഞ്ഞു. പുതിയ മുഫ്തിയുടെ ഓഫിസില്‍ ട്വിറ്ററില്‍ തന്നെ കാര്യം പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല. ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങള്‍ ഈ വാര്‍ത്ത നല്‍കുന്നുമുണ്ട് എന്ന പ്രതികരണത്തിന് ‘അങ്ങിനെയുണ്ടോ അത് അവരോടു തന്നെ ചോദിക്കണം’ എന്നതായിരുന്നു പ്രതികരണം.

അന്തരിച്ച താജ് ശരീഅ മുഫ്തി അക്താര്‍ റാസയുടെ മകനാണ് ഇപ്പോഴത്തെ പുതിയ ‘ഖാദി അല്‍ ഖുദാത്ത്’. അടുത്തിടെ സമാപിച്ച ഫിഖ്ഹ് സെമിനാറില്‍ വെച്ച് അറുപത്തിയേഴോളം പണ്ഡിതരുടെ സാന്നിധ്യത്തില്‍ ഏകകണ്ഠമായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് എന്നും പത്രം പറയുന്നു. ബറേല്‍വി സുന്നികള്‍ സുപ്രധാനമായ മതവിധികള്‍ക്കു ഇനിമുതല്‍ മുഫ്തി അസ്ജദ് റാസയെ സമീപിക്കണം എന്ന് കൂടി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പത്രം പറയുന്നു. ഇതേ വാര്‍ത്ത തന്നെ പുതിയ മുഫ്തിയുടെ ട്വിറ്റര്‍ പേജിലും വായിക്കാം.

ബറേല്‍വികളുടെ ഗ്രാന്‍ഡ് മുഫ്തി ആരാണ് എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഒരു പ്രസക്ത കാര്യമല്ല. കേരളം സുന്നി മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളവും അങ്ങിനെ തന്നെ. കേരളത്തിലെ രണ്ടു പ്രബല മുസ്ലിം ഗ്രൂപ്പുകള്‍ ഈ വിഷയത്തില്‍ ശക്തമായ വാദപ്രദിവാദങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഗ്രാന്‍ഡ് മുഫ്തിയും ചീഫ് ജസ്റ്റിസും രണ്ടാണ് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. മുഫ്തി എന്നത് മതവിധികളുമായി ബന്ധപ്പെട്ടതാണ് അതെ സമയം ഖാദി എന്നത് ഭൗതിക ജീവിതവുമായി ബന്ധപ്പെട്ടതും എന്നൊക്കെ പല വാദങ്ങളും കാണുന്നു. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ‘ഖാദി ഖുദാത്’ എന്നത് കൊണ്ട് ഉദ്ദേശം മതപരമായ വിധികള്‍ എന്ന് തന്നെയാകും. അതിലപ്പുറം ഒരു വിധി നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണഘടന സമ്മതിക്കില്ല. മാത്രമല്ല പുതിയ മുഫ്തിയുടെ ട്വിറ്റര്‍ പേജില്‍ കാണുന്നത് ‘പഴയ ഗ്രാന്‍ഡ് മുഫ്തിയുടെ മകനും പിന്‍ഗാമിയും’ എന്നാണ് താനും.

ഖാദി പദവി ഏറ്റെടുക്കണം എന്ന ഭരണകൂടത്തിന്റെ കല്‍പ്പന നിരസിച്ച അനുഭവമാണ് നമുക്ക് കാണാന്‍ കഴിയുക. ഇമാം അബൂ ഹനീഫ അവര്‍കള്‍ അക്കാരണത്താല്‍ തന്നെ പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇമാം ഷാഫി അവര്‍കള്‍ കുറച്ചു കാലം ഖാദി എന്ന പദവി വഹിച്ചിരുന്നു. പക്ഷെ തന്റെ മേഖല അതല്ല എന്ന് മനസ്സിലാക്കി അദ്ദേഹം അതില്‍ നിന്നും പിറകോട്ടു പോയി. ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ ഒരിക്കലും അത്തരം പദവികളെ കുറിച്ച് ചിന്തിച്ചു പോലുമില്ല. ജീവിതത്തില്‍ ദാരിദ്ര്യം അനുഭവിച്ചപ്പോഴും അദ്ദേഹം ഇത്തരം പദവികള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. പക്ഷെ നമ്മുടെ കാലത്തെ പണ്ഡിതര്‍ പദവിയുടെ പിറകിലാണ്. അണികള്‍ ചാര്‍ത്തി കൊടുക്കുന്ന പല പദവികളും അവര്‍ അലങ്കാരമായി കൊണ്ട് നടക്കുന്നു. വ്യക്തികള്‍ അവരുടെ കഴിവുകളുടെ പേരില്‍ ആദരിക്കപ്പെടണം. പക്ഷെ ഇസ്‌ലാം അതിനു പരിധി നിശ്ചയിച്ചു. അങ്ങിനെ സംഭവിക്കുമ്പോള്‍ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പരിധി ലംഘനം നടക്കാന്‍ എളുപ്പമാണ്. പൗരോഹിത്യം അങ്ങിനെയാണ് കടന്നു വരുന്നതും. ഉസ്താദ് ഒരിക്കലും തിരുത്തപ്പെടാന്‍ പാടില്ലാത്ത ഒന്നായി മാറുന്നു. ചരിത്രത്തില്‍ ഉസ്താദുമാരെ തിരുത്തിയ ഒരുപാട് ശിഷ്യരെ കാണാം. ഇമാം ഷാഫിയും ഇമാം അഹ്മദ് ഹമ്പലും അതിനു ഉദാഹരണമാണ്. തന്റെ ശിഷ്യന്മാരില്‍ രണ്ടു പേര് തന്നെ തിരുത്തുമെന്ന് പറഞ്ഞത് ഇമാം അബൂഹനീഫയാണ്.

ബറേല്‍വി മുഫ്തി കേരളത്തില്‍ ഒരു സംഘടനാ വിഷയം മാത്രമാണ്. അതെ സമയം രണ്ടു പേരും ബറേല്‍വികളെ അംഗീകരിക്കുന്നു. വടക്കേ ഇന്ത്യന്‍ മുസ്ലിംകളുടെ മൊത്തം അവസ്ഥ ബറേല്‍വികളില്‍ നിന്നും മനസ്സിലാക്കാം. അന്ധവിശ്വാസവും അനാചാരവും ഇസ്ലാമിന്റെ പേരില്‍ കൊണ്ട് നടക്കുന്ന ഒരു വിഭാഗത്തിന് ബാക്കി മുസ്ലിം സമൂഹത്തില്‍ വലിയ സ്ഥാനം നല്‍കുക എന്നത് മാത്രമാണ് ഈ സംവാദം കൊണ്ട് കാര്യം ലഭിക്കുക. പണ്ഡിതരെ തേടി അംഗീകാരം വരും എന്നാണ് ചരിത്രം പറയുന്നത്. അതെ സമയം അംഗീകാരം തേടി നടക്കുന്ന പണ്ഡിതര്‍ സമൂഹത്തിനു ഗുണത്തേക്കാളേറെ ദോഷമേ വരുത്തൂ.

Related Articles