Current Date

Search
Close this search box.
Search
Close this search box.

തീർച്ച, അരുംകൊലകളല്ല പരിഹാരം

സൂറതുന്നൂറിലൂടെയായിരുന്നു കഴിഞ്ഞ ദിവസത്തെ ഖുർആൻ വായന. ഖുർആന്റെ ഓരോ വായനയും നമ്മുടെ മുമ്പിൽ തുറക്കുന്നത് അർത്ഥങ്ങളുടെയും ആശയങ്ങളുടെയും പുതിയ വാതായനങ്ങളാണ്. ഇന്നലെ മനസ് ഉടക്കി നിന്നത് ഇരുപത്തി രണ്ടാം (22) സൂക്തത്തിലാണ്. ആഇശ(റ)ക്ക് നേരെയുള്ള ദുരാരോപണ സംഭവമാണ് പശ്ചാത്തലം. അബൂബകർ(റ) വിന്റെ സഹായത്തിലും സാമ്പത്തിക പിന്തുണയിലും ജീവിതം മുന്നോട്ടു നീക്കുന്ന മിസ്ത്വഹുബ്‌നു ഉസാസയും കുപ്രചരണങ്ങളിൽ പങ്കാളിയാവുന്നു. സ്വാഭാവികമായും ഇത് അബൂബകർ(റ) വിനെ വല്ലാതെ വേദനിപ്പിക്കുന്നു. മിസ്ത്വഹിന് നൽകുന്ന സഹായം പൂർണമായി അവസാനിപ്പിക്കാൻ അബൂബകർ (റ) ശപഥം ചെയ്യുന്നു. എന്നാൽ അബൂബകർ(റ) വിനെ തിരുത്തുകയാണ് വിശുദ്ധ ഖുർആൻ സൂറതുന്നൂർ സൂക്തം 22. “നിങ്ങളിൽ ശ്രേഷ്ഠ ഗുണങ്ങളും സാമ്പത്തിക സൗകര്യവുമുള്ളവർ, ബന്ധുക്കളെയും അഗതികളെയും അല്ലാഹുവിന്റെ മാർഗത്തിൽ പലായനം ചെയ്തവരെയും സഹായിക്കുകയില്ലെന്ന് ശപഥം ചെയ്തുകൂടാ. അവർക്ക് മാപ്പുകൊടുക്കുകയും വിട്ടുവീഴ്ച കാണിക്കുകയുമാണ് വേണ്ടത്. അല്ലാഹു നിങ്ങളോടു പൊറുക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുത്തുകൊടുക്കുന്നവനും കരുണാവാരിധിയുമാകുന്നു.” അല്ലാഹുവിന്റെ സൂചനക്ക് മുമ്പിൽ ഹദ്‌റത്ത് അബൂബകറിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല: “നാഥാ, തീർച്ചയായും നീ ഞങ്ങൾക്ക് പൊറുത്തുതരാൻ ഞങ്ങളാഗ്രഹിക്കുന്നു”. അദ്ദേഹം കൂടുതൽ ഉദാരമായി മിസ്ത്വഹിനുള്ള സഹായം തുടരുന്നു.

അല്ലാഹു തിരുത്തുന്നതിന് മുമ്പുള്ള അബൂബക്കർ ശരിയായിരുന്നോ അല്ലേ. അല്ല എന്ന് പറയാൻ എന്നിലെ ശരാശരി മനുഷ്യന് സാധ്യമല്ല. കാരണം കുടുംബം, മക്കൾ, കുടുംബ സ്നേഹം, അതിന്റെ വൈകാരികതകൾ തുടങ്ങിയവ മാനുഷിക യാഥാർഥ്യങ്ങളാണ്. പക്ഷേ, അല്ലാഹുവിന് വേണ്ടത് ശരാശരി അബൂബകർമാരെയായിരുന്നില്ല. പൈശാചിക ഭാവങ്ങളെക്കാൾ മാലാഖ ഭാവങ്ങളാൽ നയിക്കപ്പെടുന്ന ഉദാത്ത വ്യക്തിത്വങ്ങെളെയായിരുന്നു. അതിനാലാണ് അല്ലാഹുവിന്റെ ഈ തിരുത്തൽ.

ഇപ്പോൾ എന്റെ മുമ്പിലുള്ളത് പാലക്കാട് ഇരുപത്തിനാല് മണിക്കൂർ ഇടവേളയിൽ നടന്ന രണ്ട് അരുംകൊലകളാണ്. വെള്ളിയാഴ്ച എലപ്പുള്ളിയിലെ സുബൈറും ശനിയാഴ്ച മേലാമുറിയിലെ ശ്രീനിവാസനും. മനുഷ്യന്റെ ചെഞ്ചോര മണ്ണിലൊഴുകുമ്പോൾ വേദനിക്കുന്ന ആരെയും പോലെ ഞാനും വൈകാരിക സംഘർഷങ്ങളിലാകുന്നു. സംഘർഷം വൈകാരികതയുടേത് മാത്രമല്ല, നിലപാടുകളുടേത് കൂടെയാണ്.

ഒന്നാം ദിവസം എനിക്ക് നിലപാടുകളിലെ സംഘർഷമില്ല. എന്റെ വിശ്വാസവും രാഷ്ട്രീയവും, എന്റെ മാനുഷികതയും മനുഷ്യ സഹജമായ വൈകാരികതകളുമെല്ലാം ഇവിടെ നേർ രേഖയിലാണ്. എന്നാൽ ശനിയാഴ്ചയിലെത്തുമ്പോൾ ഞാൻ മാനസിക സംഘര്ഷങ്ങളിലാണ്, വംശം, വർഗം, സമുദായം തുടങ്ങിയ യാഥാർഥ്യങ്ങളുടെ അപ്രതിരോധ്യമായ പിടിവലികളിലാണ്.

ഇവിടെ ഞാൻ ആരോടൊപ്പം ചേർന്നു നിൽക്കണം? അല്ലാഹുവിന്റെ തിരുത്തലിന് മുമ്പുള്ള അബൂബക്കറിനോടോ അതോ അല്ലാഹുവിന്റെ തിരുത്തിന് മുമ്പിൽ വിനയപൂർവം ദൃഢചിത്തനായ അബൂബക്കറിനോടോ? വേണമെങ്കിൽ എനിക്ക് വ്യാഖ്യാന പഴുതുകൾ തേടാം. പ്രതിക്രിയയിൽ നിങ്ങള്ക്ക് ജീവിതമുണ്ടെന്ന ദൈവിക സൂക്തത്തിന്റെയും കണ്ണിനു കണ്ണ് സിദ്ധാന്തത്തിന്റെയുമൊക്കെ സാധ്യതകളിൽ ഒളിയിടങ്ങൾ കണ്ടെത്താം.

പരിമിതികൾ വേറെയുമുണ്ട്. വംശഹത്യയുടെ വക്കിലെത്തി നിൽക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് ഈ ഞാനും. അവരുടെ മുമ്പിൽ വെക്കാൻ എന്ത് പരിഹാരമാണ് എന്റെ മുമ്പിലുള്ളത്? അവർക്ക് വേണ്ടത് സിദ്ധാന്തങ്ങളല്ല, പ്രായോഗിക പരിഹാരങ്ങളാണ്. ശരിയാണ്, അവ്യക്തതകൾ തന്നെയാണ് മുമ്പിലുള്ളത്. സങ്കീർണതകൾ തന്നെയാണ് ബാക്കിയാവുന്നത്.

ഇവിടെയാണ് എന്റെ റമദാൻ, എന്റെ ഖുർആൻ എന്നെ കൈപിടിക്കുന്നത്. നിങ്ങൾ പരിഹാരന്വേഷണം പോലും തുടങ്ങേണ്ടത് തിരുത്തപ്പെട്ട അബൂബക്കറിന്റെ ഉയർന്ന മാനസിക തലത്തിൽ നിന്നുകൊണ്ടാണ്. കേവല മനുഷ്യ ദൗർബല്യങ്ങളാൽ സ്വാധീനിക്കപ്പെടാത്ത, വംശീയ സങ്കുചിതത്വങ്ങളാൽ വഴിതെറ്റിക്കപ്പെടാത്ത നിലപാടുകളിൽ നിന്ന്. വഴി വെളിച്ചത്തിന്റെ പോരായ്മകൾ തെറ്റുകൾക്കുള്ള ന്യായമാവാനേ പാടില്ല. പരിഹാരങ്ങൾ പലതാകാം, പക്ഷെ, തീർച്ച അത് ഒരിക്കലും അരും കൊലകളുടെ വഴിയല്ല തന്നെ.

Related Articles