Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദ് – ചരിത്രവും മിത്തും ഏറ്റുമുട്ടുമ്പോൾ

‘യേശുവിന്റെ ജനനം ബത്‌ലഹേമിലായിരുന്നു എന്നതിനെ ലോകത്തു വല്ല കോടതിയിലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടോ’ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റേതാണ് ഈ ചോദ്യം. ‘അയോധ്യ രാമന്റെ ജന്മസ്ഥലമായിരുന്നു എന്ന ആശയം വിശ്വാസത്തിന്റെ കാര്യമാണ്, ഈ സമയത്ത് വിശ്വാസമല്ലാതെ മറ്റൊരു തെളിവുമില്ല’ ബാബരി മസ്ജിദ് രാമജന്മ ഭൂമി വിഷയത്തില്‍ വാദം കേള്‍ക്കുന്ന ബെഞ്ചിന്റെ മുന്നിലാണ് ഒരു കക്ഷിയുടെ വക്കീല്‍ ഇങ്ങിനെ പ്രതികരിച്ചത്. ‘നിരവധി നൂറ്റാണ്ടുകള്‍ക്ക് ശേഷം രാമന്‍ ഈ സ്ഥലത്ത് ജനിച്ചുവെന്ന് നമുക്ക് എങ്ങനെ തെളിയിക്കാനാകും? അത് വിശ്വാസമാണ്’ വിശ്വാസമാണ് വലിയ തെളിവ് എന്ന് കൂടി അഭിഭാഷകന്‍ കൂട്ടി ചേര്‍ത്തു.

എല്ലാ തരത്തിലുമുള്ള സമവായവും അവസാനിച്ചപ്പോള്‍ ഈ വിഷയത്തില്‍ അവസാന വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ആരംഭിച്ചിരിക്കുന്നു. എല്ലാ ദിവസവും വാദം തുടരും. ചരിത്രവും മിത്തും തമ്മിലുള്ള സംവാദമാണ് ഒരര്‍ത്ഥത്തില്‍ ബാബരി മസ്ജിദ് രാമജന്മഭൂമി പ്രശ്‌നം. ബാബര്‍ ഇന്ത്യയില്‍ വന്നതും മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചതും ചരിത്രമാണ്. അദ്ദേഹത്തിനെ നിര്‍ദ്ദേശ പ്രകാരം ഗവര്‍ണര്‍ മിര്‍ബാഖി അവിടെ പള്ളി പണിയുകയും അതിനു ബാബറിന്റെ പേരിട്ടു എന്നതും മറ്റൊരു ചരിത്രം. 1528 ലാണ് പ്രസ്തുത പള്ളി നിര്‍മ്മിക്കപ്പെടുന്നത്. ഈ വിഷയത്തിലെ ആദ്യ എതിര്‍പ്പ് വരുന്നത് 1853 ലും. നീണ്ട മൂന്നു പതിറ്റാണ്ടു തങ്ങളുടെ ആരാധ്യന്റെ ജനം സ്ഥലത്തു അമ്പലം പൊളിച്ചാണ് പള്ളി നിര്‍മ്മിച്ചത് എന്ന പരാതി ആരും ഉന്നയിച്ചില്ല. പിന്നീട് ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നിലപാടില്‍ കുത്തിപ്പൊക്കിയ സംഭവമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

ബാബറിന്റെ ചരിത്രമായി എഴുതപ്പെട്ട ഒരിടത്തും ഇങ്ങിനെ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞു വരുന്നില്ല. പിന്നീട് കോടതിയുടെ മേല്‍നോട്ടത്തില്‍ തര്‍ക്ക സ്ഥലത്തു പല തരത്തിലുള്ള ഖനനവും നടത്തി. അമ്പലം പൊളിച്ചാണ് പള്ളി നിര്‍മ്മിച്ചത് എന്ന് തെളിയിക്കാന്‍ കഴിയുന്ന കാര്യമായ ഒന്നും ലഭിച്ചില്ല എന്നതിന്റെ തെളിവ് കൂടിയാണ് കേസ് കേള്‍ക്കുന്ന ബെഞ്ചിന്റെ ചോദ്യം. രാമനെ പോലെ ഹിന്ദു സമൂഹം ബഹുമാനിക്കുകയും ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന ഇടം തകര്‍ത്താണ് മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയം നിര്‍മ്മിച്ചത് എന്ന് വരികില്‍ അത് അന്ന് തന്നെ ചര്‍ച്ചയാകണം. അതിനു മൂന്നു നൂറ്റാണ്ടുകള്‍ കാത്തിരിക്കുക എന്നത് തികച്ചും മനസ്സിലാവാത്ത കാര്യമാണ്. വിശ്വാസവും ചരിത്രവും തമ്മില്‍ പലപ്പോഴും ബന്ധിപ്പിക്കാന്‍ കഴിയില്ല. രാമായണത്തിലെ ഒരു കഥാപാത്രമാണ് രാമന്‍. മറ്റൊരിടത്തും രാമനെ കുറിച്ചുള്ള ഒന്നും കാണുന്നില്ല. രാമായണത്തിന്റെ കാലത്തെ കുറിച്ചും വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. രാമന്‍ എന്ന സാധാരണ മനുഷ്യനെ ദൈവികത നല്‍കി അവതരിപ്പിച്ചത് പിന്നീടാണ് എന്ന രീതിയിലുള്ള സംവാദവും നടന്നു വരുന്നു.

ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ രംഗത്തു ബാബരി മസ്ജിദ് രാമജന്മഭൂമി വിഷയം ചെറുതല്ല. പല ഭരണ കൂടങ്ങളെയും താഴെ ഇറക്കിയതിലും കൊണ്ട് വന്നതിലും ഇതിനുള്ള പങ്കു വലുതാണ്. 1853 മുതല്‍ ഈ വിഷയത്തിന്റെ പേരില്‍ നാട്ടില്‍ ഒരു പാട് വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുണ്ട് . ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞിട്ടുമുണ്ട്. അവസാനത്തെ അടവ് എന്ന നിലയിലാണ് ഒരു 1949 ല്‍ പള്ളിയില്‍ വിഗ്രഹം കൊണ്ട് വന്നു വെച്ചത്. അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതാണ് ഇന്നുള്ള മുഴുവന്‍ വിഷയങ്ങളുടെയും തുടക്കം.

അയോധ്യയിലെ രാമക്ഷേത്രം എന്നത് സംഘ് പരിവാറിന്റെ ഉറച്ച നിലപാടാണ്. തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പാര്‍ലമെന്റിനെ തന്നെ കരുവാക്കി മുന്നോട്ടു കൊണ്ട് പോകുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. തങ്ങളുടെ അധികാര ശക്തി ഉപയോഗിച്ച് ഇതും നടപ്പാക്കാന്‍ അവര്‍ക്കു കഴിഞ്ഞേക്കാം. ഒരു നിയമ നിര്‍മാണം വരെ അവര്‍ക്കു സാധ്യമാണ്. കോടതിയില്‍ എന്ത് വാദം നടക്കുന്നു എന്നത് സംഘ പരിവാറിന് വിഷയമല്ല. പള്ളി ഒന്നാകെ തകര്‍ത്തിട്ടും ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല അതിന്റെ പേരില്‍ നിലവില്‍ വന്ന കമ്മീഷന്റെ കണ്ടെത്തല്‍ വായിച്ചു നോക്കാന്‍ പോലും ആരും തയാറായില്ല. ചരിത്രവും മിത്തും തമ്മിലുള്ള സംഘട്ടനമാണ് കോടതിയില്‍ നടക്കുന്നതു. അതെങ്ങിനെ അവസാനിക്കും എന്നത് കാത്തിരുന്നു കാണാം.

Related Articles