Current Date

Search
Close this search box.
Search
Close this search box.

ദൈവിക ഭവനം തകര്‍ക്കുന്നവര്‍ക്കുള്ള ശിക്ഷ

‘ദൈവികമന്ദിരത്തില്‍ ദൈവികനാമം സ്മരിക്കുന്നതിനെ വിലക്കുകയും അവ നശിപ്പിക്കുന്നതിനായി പ്രയത്നിക്കുകയും ചെയ്തവനേക്കാള്‍ അക്രമി ആര്? അങ്ങനെയുള്ളവര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാനേ അര്‍ഹതയില്ലാത്തതാകുന്നു. അവര്‍ അവിടെ പ്രവേശിക്കുന്നുവെങ്കില്‍ ഭയത്തോടെ മാത്രം പ്രവേശിക്കട്ടെ. ഈ ലോകത്ത് നിന്ദയും പരലോകത്ത് കഠിന ശിക്ഷയുമാകുന്നു അവര്‍ക്കുള്ളത്’.

ദൈവിക മന്ദിരം തകര്‍ക്കുകയും നിരന്തരം അതിന് കൂട്ട് നില്‍ക്കുകയും ചെയ്യുന്ന അക്രമികളാണ് നാട് ഭരിക്കുന്നത് എന്നത് കൊണ്ട് തന്നെ ഖുര്‍ആനിന്റെ ഈ പ്രഖ്യാപനത്തിനു ഇപ്പോഴും പ്രസക്തിയുണ്ട്. ഒരുപാട് പള്ളികളുടെ പേര് അവര്‍ പറയുന്നു. അതെല്ലാം തകര്‍ത്തു കളയണം അല്ലെങ്കില്‍ മാറ്റി കളയണം എന്നതാണ് അവരുടെ ആഗ്രഹം. ദൈവത്തിന്റെ ഭവനങ്ങളില്‍ നിന്നും ദൈവിക സ്മരണ തടയുക അത് പൊളിക്കാന്‍ കൂട്ട് നില്‍ക്കുക അല്ലെങ്കില്‍ പൊളിച്ചു കളയുക എന്നത് നാം നേരില്‍ കണ്ടതാണ്. അവര്‍ക്കു ഈ ലോകത്തു തന്നെ നിന്ദ്യതയുണ്ട് എന്നതാണ് ശേഷം പറഞ്ഞത്. ഒരു പള്ളി പൊളിച്ചത് കൊണ്ട് അവര്‍ക്കു നേട്ടമല്ലെ ഉണ്ടായത് കഷ്ടമല്ലല്ലോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ചരിത്രം വായിക്കാത്ത പ്രശനം എന്നെ നമുക്ക് പറയാന്‍ കഴിയൂ. പണ്ടും ദൈവത്തെ വെല്ലുവിളിച്ചവര്‍ ഭരണത്തില്‍ വന്നിട്ടുണ്ട്. ഞാനല്ലാതെ നിങ്ങള്ക്ക് മറ്റൊരു ദൈവമുണ്ടോ എന്ന് പറഞ്ഞവരും കടന്നു പോയിട്ടുണ്ട്. അവരെല്ലാം ഒറ്റ ദിവസം കൊണ്ടല്ല ദൈവിക ഇടപെടലിന് പാത്രമായതു. അത് സമയത്തിന്റെ വിഷയമാണ്, ദൈവിക മന്ദിരം തകര്‍ക്കുന്നവര്‍ക്കു ഈ ലോകത്തു നിന്ദ്യത ഉണ്ടാകും എന്നതും ദൈവിക വചനമാണ് എന്നത് കൊണ്ട് അങ്ങിനെ തന്നെ വിശ്വസിക്കാനാണ് നമുക്കു താല്പര്യം.

മനുഷ്യരെ ബഹുമാനിക്കാത്തവരാണ് ഇന്ന് അധികാരത്തില്‍ വന്നിരിക്കുന്നത്. ദൈവം ബഹുമാനിച്ച സൃഷ്ടിയാണ് മനുഷ്യന്‍. ദൈവം ബഹുമാനിച്ച സൃഷ്ടിയെ മൃഗത്തിനു വേണ്ടി അപമാനിച്ചു കൊലപ്പെടുത്തുക എന്ന കിരാത നടപടിയുയമായി മുന്നോട്ടു പോകുമ്പോള്‍ പലപ്പോഴും നിസ്സഹായരായി കണ്ടിരിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ. അവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും പലപ്പോഴും ഇത്തരം വിഷയങ്ങളെ അവഗണിക്കുന്നു. അത് കൊണ്ട് തന്നെ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അത് അവസരം നല്‍കുന്നു. ഫാഷിസത്തെ പ്രതിരോധിക്കാന്‍ നമ്മുടെ കയ്യില്‍ ഒരു ആയുധമുണ്ട്. അതാണ് ജനാധിപത്യം. ജനാധിപത്യത്തെ മറികടക്കാന്‍ ഫാസിസത്തിന് കഴിയുന്നു എന്നതാണ് വര്‍ത്തമാന ദുരന്തം. ഫാസിസത്തെ നേരിടാന്‍ ഒന്നിച്ചു നിന്ന് പോരാടേണ്ട അവസ്ഥയാണിപ്പോള്‍. യു പി പോലുള്ള സംസ്ഥാനങ്ങളില്‍ മതേതര വോട്ടുകള്‍ പലതായി ഭിന്നിച്ചു പോകുന്നു എന്നതാണ് നാം കാണുന്ന ദുരന്തം.

പള്ളി മാത്രമല്ല തകര്‍ന്നു വീണത്. അതോടു കൂടെ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കൂടിയാണ് എന്ന ബോധം പൊതു സമൂഹത്തിനു ഉണ്ടാകണം. അതെ സമയം ഒരു ജനതയുടെ അഭിമാനമാണ് അവര്‍ തകര്‍ത്തു കളഞ്ഞത്. തകര്‍ത്ത പള്ളി യഥാര്‍ത്ഥ സ്ഥാനത്ത് പണിയുക എന്നതു വിശ്വാസത്തിന്റെ മാത്രമല്ല ഭരണഘടയുടെ കൂടി വിശുദ്ധിയുടെ വിഷയമാണ്. പ്രാര്‍ത്ഥന എന്നതാണ് വിശ്വാസികള്‍ക്ക് ഈ വഴിയില്‍ ചെയ്യാന്‍ കഴിയുക. അത് കൊണ്ട് മാത്രമാകില്ല. ഡിസംബര്‍ 6 മറക്കാന്‍ പാടില്ലാത്ത ഒരു ദിനമാണ്. ഈ അക്രമികളില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ എന്ന പ്രാര്‍ത്ഥനയോടു കൂടി തന്നെ അതിനുള്ള കര്‍മ്മ പദ്ധതികളും തേടുക എന്നത് നിര്‍ബന്ധമാണ്.

Related Articles