Current Date

Search
Close this search box.
Search
Close this search box.

കുറ്റബോധം ഉണ്ടാകുമ്പോൾ മാത്രമാണ് പ്രായശ്ചിത്തം പൂർണമാകുക

തെറ്റ് ചെയ്തവന് ചെയ്ത തെറ്റിനെക്കുറിച്ച് കുറ്റബോധം ഉണ്ടാകുമ്പോൾ മാത്രമാണ് പ്രായശ്ചിത്തം പൂർണമാകുക. മരണം വരെ ഗാന്ധിജിയെ കൊന്നത് ഒരു തെറ്റായി ഗോഡ്സെക്ക് അനുഭവപ്പെട്ടില്ല. കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണം എന്നതാണ് നീതി. അക്രമം എന്നതിന്റെ അർഥം ക്രമക്കേട്, ചിട്ടയില്ലായ്മ, കുഴപ്പം; അന്യായം, മര്യാദകേട്, കുറ്റം, ബലപ്രയോഗം; എന്നിങ്ങനെ കാണാം. ഒരു വസ്തു അതിന്റെതല്ലാത്ത സ്ഥാനത്തു വെക്കുന്നതിനും അക്രമം എന്ന് പറയുന്നു. വളരെ മാന്യമായി ജീവിച്ചു കൊണ്ടിരിക്കുന്ന കേരള സമൂഹത്തിൻറെ ക്രമം തെറ്റിക്കാനുള്ള പ്രവണതയാണ് ബിഷപ്പ് ചെയ്തത്. അതിനെ ഒരു തെറ്റായി കാണാൻ കേരള സർക്കാരും ഭരണ പക്ഷവും തയ്യാറായില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം.

സമൂഹം കൂടുതൽ ചിദ്രതയിലേക്ക് പോകരുത് എന്ന ഉദ്ദേശത്തിൽ മലങ്കര സഭയുടെ തലവൻ ക്ലിമ്മീസ് കത്തോലിക്ക ബാവ വിളിച്ചു ചേർത്ത സമാധാന യോഗം മുസ്ലിം സംഘടനകൾ ബഹിഷ്കരിച്ചതു പലരും വിവാദമാക്കി കണ്ടു. കേരള പൊതു സമൂഹത്തിൽ മുസ്ലിംകളുടെ ഭാഗത്ത് നിന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന കാര്യത്തിൽ എല്ലാ മുസ്ലിം സംഘടനകളും ഒന്നിക്കുന്നു. ഭൂമിയിൽ കുഴപ്പമുണ്ടാക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിനു എതിരാണ്. അത് കൊണ്ട് തന്നെയാണ് മുസ്ലിം സമൂഹത്തിലെ ആരിൽ നിന്നും മോശം പ്രതികരണം ഉണ്ടാകുമ്പോൾ മുസ്ലിം സംഘടനകൾ തന്നെ അതിനെതിരെ രംഗത്ത്‌ വരുന്നത്.

കേരളം പ്രബുദ്ധരായ ജനതയുടെ സംസ്ഥാനമാണ്. ഒരാൾ വെളിവ്കേട് കൊണ്ട് എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ തകരുന്നതല്ല കേരള സമൂഹം. അങ്ങിനെയെങ്കിൽ കേരളത്തിലെ പ്രബല ശക്തി സംഘ പരിവാർ ആകേണ്ട കാലം കഴിഞ്ഞിരിക്കുന്നു. കേരള സമൂഹത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ കുറിച്ച് ഒരു നല്ല ധാരണ നിലനിന്നിരുന്നു. അത് തകർക്കാനാണ് ബിഷപ്പിന്റെ വാക്കുകൾ കാരണമായത്‌. അപ്പോൾ ബിഷപ്പിനെ തിരുത്തിക്കുക എന്നതായിരുന്നു കൃസ്ത്യൻ സമൂഹം ചെയ്യേണ്ടിയിരുന്നത്. പക്ഷെ അദ്ദേഹത്തെ പിന്താങ്ങാൻ പലരുമുണ്ടായി എന്നതിനെ നാം ചെറുതായി കാണരുത്.

രോഗത്തിന് ചികിത്സിക്കുമ്പോൾ വേണ്ടത് രോഗത്തിന്റെ കാരണം കണ്ടെത്തുക എന്നതാണ്. അതില്ലാതെ ചെയ്യുന്ന എല്ലാ ചികിത്സയും തൊലിപ്പുറത്ത് മരുന്ന് പുരട്ടലാണ്. സമാധാന യോഗവും സമന്വയ യോഗവും ചേരുന്നതിൽ തെറ്റില്ല. അത്തരം ഒരു യോഗത്തിന്റെ പ്രസക്തി ഇരുപക്ഷവും തെറ്റ് തിരുത്താൻ രംഗത്ത്‌ വരുമ്പോൾ മാത്രമാണ്. വർത്തമാന വിഷയത്തിൽ മുസ്ലിം സമൂഹത്തിന്റെ ഭാഗത്ത്‌ നിന്നും ഒന്നുമുണ്ടായിട്ടില്ല. അനാവശ്യ വിവാദവുമായി രംഗത്ത്‌ വന്നത് ബിഷപ്പ് മാത്രമാണ്. കേരളീയ പൊത സമൂഹം ചെയ്യേണ്ടിയിരുന്നത് ബിഷപ്പിനെ കൊണ്ട് തിരുത്തിക്കുക എന്നതായിരുന്നു. തെറ്റുകാരനായ ബിഷപ്പ് മഹാനും പണ്ഡിതനുമായി ഉയർത്തപ്പെടുന്നു. ആരോപണ വിധേയമായ സമൂഹം തീവ്രവാദികളും ഭീകരവാദികളുമായി ബന്ധപ്പെട്ട മന്ത്രിമാരും വിശേഷിപ്പിക്കുന്നു.

ലവ് ജിഹാദും പുതിയ ജിഹാദും ഒരു സമൂഹത്തെ ഉദ്ദേശിച്ചു കൊണ്ട് തന്നെ എന്ന് പിന്നീടുണ്ടായ ചർച്ചകൾ കൂടുതൽ വ്യക്തമാക്കി തന്നു. ബിഷപ്പ് പറഞ്ഞത് ശരി എന്ന രീതിയിൽ ഇടതു പക്ഷവും വലതു പക്ഷവും മന്ത്രിമാരും വരി നിന്ന് പറയുമ്പോൾ മുസ്ലിം സമുദായത്തെ എത്ര മോശമായാണ് അവർ പരിഗണിക്കുന്നത് എന്ന് മനസ്സിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ട ആവശ്യം വരില്ല. തെറ്റ് ചെയ്തയാൾ ഒരു സാധാരണക്കാരനല്ല. അദ്ദേഹം ഒരു മതത്തിന്റെ ഉന്നത സ്ഥാനീയനാണ്. അത് കൊണ്ട് തന്നെ അദ്ദേഹം പറഞ്ഞത് തിരുത്താത്ത കാലത്തോളം അതൊരു ശരിയായി ഏറ്റവും ചുരുങ്ങിയത് കൃസ്ത്യൻ സമൂഹമെങ്കിലും കാണുമെന്നു ഉറപ്പാണ്. ഒരു ക്ഷമാപണ സമൂഹമായി ജീവിക്കേണ്ട ഒരു സാഹചര്യവും മുസ്ലിം സമുദായത്തിന് വന്നിട്ടില്ല. വിട്ടുവീഴ്ച മതത്തിന്റെ അടിസ്ഥാനമാണ്. പക്ഷെ അതിന്റെ അർഥം കീഴടങ്ങുക എന്നല്ല. സമൂഹത്തിൽ മതേതരത്വം, സമാധാനം, സൌഹൃദം എന്നിവ നിലനിർത്തേണ്ടതിന്റെ ഉത്തരവാദിത്തം മുസ്ലിംകളിൽ മാത്രമായി ചുരുക്കരുത്. ആദ്യം വേണ്ടത് തെറ്റിനെ കുറിച്ച ബോധമാണ്. കുറ്റക്കാർ മഹാന്മാരായി അംഗീകരിക്കപ്പെടുന്ന കാലത്ത് വിളിച്ചു ചേർക്കുന്ന എന്ത് സമാധാന ദൗത്യവും വെള്ളത്തിൽ വരച്ച വര മാത്രമാവും.

അഭിപ്രായ വ്യത്യാസം മുസ്ലിം സമൂഹത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. കേരള മുസ്ലിം സമുദായത്തിലും അത് കാണാം. അതിനെ ഏറ്റെടുത്തു തങ്ങളുടെ ഇംഗിതത്തിനു അനുഗുണമായി വികസിപ്പിക്കാൻ ഇടതു പക്ഷം എന്നും ശ്രമം നടത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അടിസ്ഥാന വിഷയങ്ങളിൽ പോലും മുസ്ലിം സംഘടനകൾക്ക് യോജിക്കാൻ കഴിയാതെ വരുന്നു. ബിഷപ്പിന്റെ വിഷം ചീറ്റലും ആ രീതിയിലാണ്‌ സി പി എം വിശദീകരിക്കാൻ ശ്രമിച്ചത്. അത് മനസ്സിലാക്കാൻ മുസ്ലിം സംഘട നേതൃത്വത്തിന് കഴിഞ്ഞു എന്നതാണ് അതിലെ സവിശേഷത. കേരളത്തിനു പുറത്തു മുസ്ലിംകളെ പോലെ കൃസ്ത്യാനികളും സംഘ പരിവാരിനാൽ പീഡിപ്പിക്കപ്പെടുന്നു. അത് കാണാൻ ബിഷപ്പിനും കൂട്ടർക്കും സമയമില്ല.

സമന്വയ യോഗത്തിൽ മുസ്ലിം ഭാഗത്ത് നിന്നും ചില വ്യക്തികൾ പങ്കെടുത്തു. അത് വ്യക്തികളിൽ മാത്രം ഒതുങ്ങുന്നു. അതിലെ ശരി തെറ്റുകൾ വിശകലനം ചെയ്യുന്നത് വെറുതെയാണ്. കേരള മുസ്ലിം നേതൃത്വങ്ങൾ മാറി നിന്നത് ഒരു പൂർണ ശരിയായിരുന്നു. അതിൽ വ്യക്തികൾ പങ്കെടുത്തത് അവരുടെ ശരിയും.

 

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles