Current Date

Search
Close this search box.
Search
Close this search box.

മതനിഷേധം ഒളിച്ചു കടത്തൽ നോക്കേണ്ട

ജമാഅത്തെ ഇസ്ലാമി വിമർശനത്തിൻറെ മറവിൽ തൻറെ മതവിരുദ്ധ വീക്ഷണം ഒളിച്ചു കടത്താനാണ് കുഞ്ഞിക്കണ്ണൻ ശ്രമിന്നത്. അത് തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ മുസ്ലിം സമുദായത്തിനുണ്ടെന്ന് കമ്യൂണിസ്റ്റുകാർ മനസ്സിലാക്കുന്നത് പാഴ് വേലകളൊഴിവാക്കാൻ നല്ലതാണ്. അദ്ദേഹം എഴുതുന്നു:”മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളിൽ നിന്നും സാമൂഹ്യ വികാസ ഗതിയിൽ നിന്നുമാണ് കാലദേശ വ്യത്യാസമനുസരിച്ച് സാമൂഹ്യ നിയമങ്ങളും രാഷ്ട്രമടക്കമുള്ള സ്ഥാപനങ്ങളും രൂപപ്പെട്ടിട്ടുള്ളതെന്ന ആർജിതമായ ചരിത്ര ധാരണകളുടെ നഗ്നമായ നിരാകരണമാണ് മൗദൂദിയുടെ രാഷ്ട്ര സിദ്ധാന്തമെന്ന് പറയാം”(പുറം:36)

കുടുംബ, സാമൂഹ്യ, സാംസ്കാരിക, സദാചാര,രാഷ്ട്രീയ, ഭരണ, നിയമങ്ങളെല്ലാം സാഹചര്യങ്ങളുടെ സൃഷ്ടിയും മനുഷ്യ നിർമിതവുമാണെന്നത് മാർക്സിയൻ ദർശനമാണ്. അത് ദൈവനിഷേധപരവും മത വിരുദ്ധമാണ്.

വിവാഹം, കുടുംബം, തുടങ്ങി മുഴു ജീവിത മേഖലകളിലേക്കുമുള്ള മൗലിക നിയമനിർദ്ദേശങ്ങൾ ദൈവദത്തമാണെന്ന് വിശ്വസിക്കാത്ത ആരും യഥാർത്ഥ മുസ്ലിംകളിലില്ല. അടിസ്ഥാന വിശ്വാസ കാര്യങ്ങളെ സംബന്ധിച്ച വിവരണങ്ങളും ആരാധകളെ സംബന്ധിച്ച ഏതാനും വാക്യങ്ങളും കഴിച്ചാൽ വിശുദ്ധ ഖുർആനിലെ സിംഹഭാഗവും അത്തരം നിയമനിർദ്ദേശങ്ങളാണ്. ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനയായ നമസ്കാരത്തെ സംബന്ധിച്ച വിശദാംശങ്ങളില്ലാത്ത ഖുർആനിൽ കുടുംബ, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക,സദാചാര, നിയമങ്ങൾ വിശദമായിത്തന്നെ വിവരിക്കപ്പെട്ടിരിക്കുന്നു. ആരാധനാ കർമം കൂടിയായ സകാതിൻറെ വിശദാംശമില്ലാത്ത ഖുർആനിൽ അനന്തരാവകാശ നിയമങ്ങൾ വിശദമായിത്തന്നെയുണ്ട്. ഇസ്ലാമിക രാഷ്ട്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരാധനാ കർമ്മങ്ങൾ വിശദീകരിച്ചതിൻറെ എത്രയോ ഇരട്ടിയാണ്. വെള്ളിയാഴ്ചയിലെ ജുമുഅ,സകാത്, റമദാൻ നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനാകർമങ്ങൾ നിർബന്ധമാക്കപ്പെട്ടത് പ്രവാചകൻ ഇസ്ലാമിക രാഷ്ട്രവും ഭരണവും സ്ഥാപിച്ച ശേഷമാണ്.

പ്രാകൃത കമ്മ്യൂണിസത്തിൻറെ കാലത്ത് കുടുംബം, അമ്മ കേന്ദ്രീകൃതമായിരുവെന്നും കുട്ടികൾ അഛന്മാരെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും സ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ മുതലാളിത്തം പെണ്ണിനെ വിവാഹത്തിലൂടെ സ്വകാര്യവൽക്കരിച്ചുവെന്നും അങ്ങനെയാണ് കുടുംബമുണ്ടായതെന്നുമാണല്ലോ മാർക്സും ഏംഗൽസും എഴുതി വെച്ചത്.

കുഞ്ഞിക്കണ്ണൻ വിശദീകരിച്ച മനുഷ്യ സമൂഹത്തിൻറെ സാമൂഹ്യ വികാസ ഗതിയിൽ നിന്നും ജീവിത വ്യവഹാരങ്ങളിൽ നിന്നുമാണല്ലോ കമ്യൂണിസ്റ്റുകാരെ പോലെതന്നെ ദൈവ, മത, നിഷേധ ദർശനം അംഗീകരിച്ച നവനാസ്തികർ ശവ രതിയും മൃഗരതിയും തൊട്ട് അച്ഛനും മകളും അമ്മയും മകനും തമ്മിലുള്ള രതിബന്ധം വരെ ആവാമെന്ന വീക്ഷണത്തിൽ എത്തിച്ചേർന്നത്.

കുഞ്ഞിക്കണ്ണൻ പറയുന്നപോലെ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളിൽ നിന്നും സാമൂഹ്യ വികാസ ഗതിയിൽ നിന്നുമാണ് കാലദേശ വ്യത്യാസമനുസരിച്ച് സാമൂഹ്യ നിയമങ്ങളും ഭരണക്രമങ്ങളും രൂപപ്പെടുന്നതെന്ന തത്വമംഗീകരിച്ചാൽ അത് പാശ്ചാത്യ ലോകത്തെ മുതലാളിത്ത സാമ്രാജ്യത്വത്തിനും ഇന്ത്യയിലെ വർഗീയ ഫാസിസത്തിനും നൽകുന്ന സമ്മതി പത്രമായിരിക്കും. ലോകം കമ്മ്യൂണിസത്തെ തള്ളിക്കളഞ്ഞതും സാമൂഹ്യ വികാസ ഗതിയുടെ ഫലമായിരിക്കുമല്ലോ. ജമാഅത്തെ ഇസ്ലാമി ഏതായാലും ആ തത്വം അംഗീകരിക്കുന്നില്ല.

സയ്യിദ് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയുമുൾപ്പെടെ യഥാർത്ഥ മുസ്‌ലിംകളെല്ലാം മാനവ ജീവിതത്തിൻറെ വ്യത്യസ്ത മേഖലകളിലേക്കുള്ള നിയമങ്ങളുടെ സ്രോതസ്സ് ദൈവിക സന്ദേശങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ്.

മൗദൂദിയുടെ പേരിൽ ചേർത്തുവെച്ച് കുഞ്ഞിക്കണ്ണനും കമ്യൂണിസ്റ്റുകാരും വിമർശിക്കുന്നത് ഇസ്ലാമിനെയാണെന്ന് തിരിച്ചറിയാനുള്ള കഴിവ് മുസ്‌ലിംകൾ നേടിയിട്ടുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

Related Articles