Current Date

Search
Close this search box.
Search
Close this search box.

ഉറങ്ങുന്നവരെ ഉണർത്താം

സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ പുസ്തകങ്ങൾ ഏറ്റവും കൂടുതൽ വായിക്കുന്നതും പഠിക്കുന്നതും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരാണ്. അദ്ദേഹത്തിൻറെ ചിന്തകൾ സ്വാംശീകരിക്കുന്നവരും അവർ തന്നെ. എന്നിട്ടും ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഒരൊറ്റ പ്രവർത്തകനും കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളിൽ നടന്ന ആയിരക്കണക്കിന് വർഗീയകലാപങ്ങളിൽ ഒന്നിൽ പോലും പങ്കാളിയാവുകയോ ഭീകരപ്രവർത്തനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് അതിൻറെ കടുത്ത വിമർശകർ പോലും അംഗീകരിക്കുന്ന കാര്യമാണ്. അതിൽ ഉത്തമബോധ്യമുള്ളതു കൊണ്ടാണല്ലോ വിമർശകർ അതേക്കുറിച്ച് പൂർണ്ണമായും മൗനം പാലിക്കുന്നത്. അപ്രകാരം തന്നെ ഹസനുൽ ബന്നായുടെയും ഇഖ് വാനുൽ മുസ്ലിമൂൻ നേതാക്കളുടെയും ഗ്രന്ഥങ്ങൾ വായിക്കുന്നതും പഠിക്കുന്നതും ചിന്തകൾ പങ്കു വെക്കുന്നതും അതിൻറെ പ്രവർത്തകരാണ്. ലോകത്തിലെ നിരവധി രാജ്യങ്ങളിൽ അത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പിന്നിട്ട പതിറ്റാണ്ടുകളിൽ അതിൻറെ പ്രവർത്തകർ അനുഭവിച്ച കൊടിയ പീഢനങ്ങൾ സമാനതകളില്ലാത്തവയാണ്. എന്നിട്ടും അവർ സായുധ മാർഗ്ഗമവലംബിക്കുകയോ ഭീകര പ്രവർത്തനങ്ങളിലേർപ്പെടുകയോ ചെയ്തിട്ടില്ല. അങ്ങേയറ്റത്തെ ക്ഷമയും സഹനവുമാണവർ പാലിച്ചത്. ഇതെല്ലാം കുഞ്ഞിക്കണ്ണനും അദ്ദേഹത്തെപ്പോലുള്ളവർക്കും നന്നായറിയാവുന്നതു കൊണ്ടാണല്ലോ വിമർശനങ്ങൾക്ക് ഐ.എസിനെയും ബോക്കോഹറാമിനെയുമൊക്കെ പിടികൂടിയത്. സയ്യിദ് മൗദൂദിയും ഹസനുൽ ബന്നായും സയ്യിദ് ഖുതുബും പരലോകം പ്രാപിച്ച് പതിറ്റാണ്ടുകൾ പിന്നിട്ട ശേഷം ഒടിയൻറലിസ്റ്റുകൾ എഴുതിയ ഗ്രന്ഥങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അവ രൂപം കൊണ്ടതെന്ന് കുഞ്ഞിക്കണ്ണൻ തന്നെ വിശദീകരിക്കുന്നു. അഥവാ, തീവ്രവാദ പ്രസ്ഥാനങ്ങളൊന്നും ആശയ രൂപീകരണത്തിന് അവലംബിച്ചത് ഇസ്ലാമിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളെയല്ല. ഇത് തീർത്തും ശരിയാണ്. എന്നാൽ ഓറിയൻറലിസ്റ്റുകൾ തങ്ങളുടെ രചനകൾക്ക് അവലംബിച്ചത് മൗദൂദിയുടെയും ഹസനുൽ ബന്നായുടെയും സയ്യിദ് ഖുത്വ് ബിൻറെയും ഗ്രന്ഥങ്ങളെയാണെന്ന കുഞ്ഞിക്കണ്ണൻറെ വാദം തീർത്തും വ്യാജമാണ്. പ്രത്യക്ഷത്തിൽ തന്നെ അവിശ്വസനീയവും.

അപ്രകാരം തന്നെ അറബ് മുസ്ലിം നാടുകളിലെ തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് അമേരിക്കയുൾപ്പെടെയുള്ള സാമ്രാജ്യശക്തികളാണെന്ന നിരീക്ഷണം ശരിയാണ്. മുസ്ലിം നാടുകളെ ശിഥിലീകരിച്ച് തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയെന്നത് തന്നെയാണ് സാമ്രാജ്യശക്തികളുടെ ലക്ഷ്യം. അതോടൊപ്പം പടിഞ്ഞാറൻ നാടുകളിലുൾപ്പെടെ ഇസ്ലാമിനെ സംബന്ധിച്ച മതിപ്പും ആദരവും ഇല്ലാതാക്കി അതിനോട് അറപ്പും വെറുപ്പും സൃഷ്ടിക്കുകയെന്നതും സാമ്രാജ്യത്വ ശക്തികളുടെ ലക്ഷ്യമാണ്.ഇതൊക്കെയും ഏറ്റവുമാദ്യം തിരിച്ചറിഞ്ഞത് ജമാഅത്തെ ഇസ്‌ലാമിയും ഇഖ് വാനുമുൾപ്പെടെയുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളും ഇസ്ലാമിക പണ്ഡിതന്മാരുമാണ്. അതുകൊണ്ട് തന്നെയാണ് ഐ.എസ് ഉൾപ്പടെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ ഇസ്ലാമികമല്ലെന്നും സാമ്രാജ്യത്വത്തിൻറെ സൃഷ്ടികളാണെന്നും അവ രംഗത്തുവന്ന ആദ്യ സന്ദർഭത്തിൽ തന്നെ ജമാഅത്തും ഇഖ് വാനും ലോകമെങ്ങുമുള്ള ഇസ്‌ലാമിക പണ്ഡിതന്മാരും അസന്നിഗ്ധമായി വ്യക്തമാക്കിയത്.

കേരളത്തിൽ, ഐ.എസ്. ഇസ്ലാമല്ലെന്ന് പോസ്റ്ററുകളടിച്ചും പൊതുയോഗങ്ങൾ സംഘടിപ്പിച്ചും
ഏറ്റവുമാദ്യം പ്രചരിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. അവ്വിഷയകമായ ആധികാരിക പഠനം പ്രസിദ്ധീകരിച്ചതും ജമാഅത്ത് തന്നെ. തീവ്രവാദ ചിന്തകളിൽ മുസ്ലിം ചെറുപ്പക്കാർ അകപ്പെടാതിരിക്കാനാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. ഇതൊന്നുമറിയാതെയായിരിക്കില്ലല്ലോ കുഞ്ഞിക്കണ്ണനെപ്പോലുള്ളവർ വ്യാജാരോപണങ്ങളുന്നയിച്ചു കൊണ്ടേയിരിക്കുന്നത്. ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെയോ?

Related Articles