Current Date

Search
Close this search box.
Search
Close this search box.

നാം ആഫ്രിക്കക്ക് പഠിക്കുന്നുവോ ?

അബൂദാബിയില്‍ ജോലി ചെയ്യുമ്പോള്‍ ഒരിക്കല്‍ കുറച്ചു റുവാണ്ടക്കാരുമായി പരിചയപ്പെടാന്‍ ഇടവന്നു. റോഡ് പണി കോണ്‍ട്രാക്ടറുടെ കൂടെ ജോലി ചെയ്യുന്നവരായിരുന്നു. അവരുമായി വിശേഷങ്ങള്‍ പങ്കുവെച്ചപ്പോള്‍ രസകരമായി തോന്നി. രാജ്യത്തിന്റെ പല ഭാഗത്തും ഒരു സര്‍ക്കാരിന്റെ സാന്നിധ്യം കാണാന്‍ കഴിയില്ല. തോന്നിയ പോലെയാണ് നിയമങ്ങള്‍. അത് തീരുമാനിക്കുന്നത് നാട്ടിലെ ചില ഗ്രൂപ്പുകളും. ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘട്ടനം ഒരു സ്ഥിരം വാര്‍ത്തയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരിക്കല്‍ പോലും ഈ പ്രദേശത്തേക്ക് കടന്നു വരാറില്ല എന്നും അവര്‍ പറയുന്നു. അവര്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു. ‘അധികം ആഫ്രിക്കന്‍ നാടുകളുടെയും അവസ്ഥ അത് തന്നെയാണ്’ .

പാകിസ്താനിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന ‘പട്ടാണികളും’ ഇത്തരം സംഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആ മേഖലകളിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കടന്നു വരാറില്ല. അത്ഭുതത്തോടെ മാത്രമാണ് ഞാനീ കഥകള്‍ കേട്ടത്. അപ്പോഴും ഞാനെന്റെ നാടിനെ കുറിച്ച് അഭിമാനം കൊണ്ടു. അത്തരം ഒന്നും നമ്മുടെ നാട്ടിലില്ലല്ലോ എന്ന മട്ടില്‍. പക്ഷെ ഇന്നലെ കോടതി ചോദിച്ച ചോദ്യം ആ വിശ്വാസം തകര്‍ക്കുന്നതായിരുന്നു. ‘രാജ്യത്ത് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്’ എന്ന് ചോദിക്കേണ്ടി വന്നത് ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിക്കാണ്. ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ഒരു വ്യാവസായിക നഗരമാണ് ഉന്നാവോ. അവിടെയാണ് ആഫ്രിക്കന്‍ നാടുകളെ നാണിപ്പിക്കുന്ന കാര്യങ്ങള്‍ നടന്നത്. പ്രതികള്‍ കോടതിയുടെയും പോലീസിന്റെയും ജനത്തിന്റെയും മുന്നിലൂട് നെഞ്ചും വിരിച്ചു നടക്കുന്നു എന്നതാണ് അതിലും വലിയ കൗതുകം. മകളെയും സഹോദരിയെയും അമ്മയെയും ബലാല്‍സംഗം ചെയ്യുക. അച്ഛനെ പീഡിപ്പിച്ചു കൊല്ലുക. ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കുക. ഇരയെ അപകടത്തില്‍ കൊല്ലാന്‍ ശ്രമിക്കുക. ഇതെന്തു നാടെന്നു ആരും ചോദിച്ചു പോകും. സംസ്ഥാന സര്‍ക്കാരിന് കോടതി നല്‍കിയ ഉത്തരവും അതിന്റെ കാഠിന്യം വ്യക്തമാകും.

അതിലും വലിയ ഭീതി പ്രതി നിയമനിര്‍മാണ സഭയിലെ ഒരു അംഗമാണ് എന്നതാണ്. നിയമം നിര്‍മിക്കേണ്ടവര്‍ തന്നെ നിയമത്തെ കൊന്നു കളയുന്നു. അതിനിടയിലാണ് ഇന്നലെ മൂന്നു വയസ്സുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് തലയറുത്തു കൊന്നത്. അതും നമ്മുടെ നാട്ടില്‍ തന്നെ. മറ്റൊരിടത്ത് ആളുകളെ നിര്‍ബന്ധിപ്പിച്ചു ജയ് ശ്രീറാം വിളിപ്പിക്കുന്നു. വേറൊരിടത്ത് പശുവിന്റെയും പോത്തിന്റെയും പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നു. യൂറോപ്യനായ ബോസ് ഒരിക്കല്‍ അത്ഭുതത്തോടെ ചോദിച്ച ചോദ്യം ‘ഈ വൈവിധ്യങ്ങളില്‍ ഇന്ത്യ എങ്ങിനെ നിലനില്‍ക്കുന്നു’ എന്നായിരുന്നു. ഇന്ത്യക്കാരുടെ വിശാല മനസ്സ് എന്നായിരുന്നു എന്റെ പ്രതികരണം. പക്ഷെ എല്ലാ ചോദ്യങ്ങളും ഇന്ന് തിരിച്ചു ചോദിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. മതവും വിശ്വാസവും എന്നും സമാധാനത്തിന്റെ പ്രതീകമാണ്. പക്ഷെ ഇതിപ്പോള്‍ അരക്ഷിതാവസ്ഥയുടെ പര്യായമായി മാറുന്നു. കോടതിക്ക് പോലും നാട്ടിലെ സര്‍ക്കാരുകളോട് എന്ത് നടക്കുന്നു എന്ന് ചോദിക്കേണ്ടി വരുന്നു.

സംഘപരിവാര്‍ ഒരിക്കല്‍കൂടി അധികാരത്തില്‍ വന്നാല്‍ എന്ത് സംഭവിക്കും എന്നത് മുന്‍കൂട്ടി കണ്ടതാണ്. മതങ്ങള്‍ക്കിടയില്‍ ഒരു സൗഹാര്‍ദ്ദ അന്തരീക്ഷം അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ആഗ്രഹിക്കുന്നത് വിശ്വാസികള്‍ക്കിടയില്‍ അനൈക്യവും അവിശ്വാസവുമാണ്. സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസുകള്‍ എങ്ങിനെയോ കാറ്റില്‍ അലിഞ്ഞു ചേരുന്നു. അവരില്‍ പലരും ഇന്ന് നിയമ നിര്‍മാണ സഭയിലെ സാന്നിധ്യമാണ്. തീര്‍ത്തും മലിന മനസ്സുമായി മുന്നേറുന്ന ഇവരുടെ നിയമ നിര്‍മാണം എങ്ങിനെയാണ് മതേതര സങ്കല്‍പ്പത്തെ ശക്തിപ്പെടുത്തുക. നാട്ടില്‍ പലയിടത്തും ആള്‍ക്കൂട്ടമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ജനം നിയമം കയ്യിലെടുക്കുന്നതു തടയാന്‍ നിയമമുണ്ട് പക്ഷെ അത് പ്രാവര്‍ത്തികമാക്കുന്നില്ല എന്നതാണ് ദുരന്തം. ലോകത്തിലെ വലിയ ജനാധിപത്യ രാജ്യത്തിലെ പരമോന്നത കോടതി ഉന്നയിക്കുന്ന ചോദ്യം നാം കണ്ടില്ലെന്നു നടിക്കരുത്.

Related Articles