Current Date

Search
Close this search box.
Search
Close this search box.

ഭീകര പ്രവർത്തകർ സി.പി.എമ്മുകാരോ ജമാഅത്ത്കാരോ?

ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ നിരാകരിക്കുന്നുവെന്ന് കുഞ്ഞിക്കണ്ണൻ തൻറെ പുസ്തകത്തിൽ അനേക തവണ ആവർത്തിച്ചിരിക്കുന്നു. ജനാധിപത്യത്തോടും മതേതരത്വവും ദേശീയതയോടുമുള്ള ജമാഅത്തെ ഇസ്ലാമി നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ എന്നാണ് കുഞ്ഞിക്കണ്ണൻറെ പാർട്ടി പാർലമെൻററി ജനാധിപത്യത്തെ അംഗീകരിച്ചത്? വിപ്ലവം തോക്കിൻ കുഴലിലൂടെയെന്ന സിദ്ധാന്തത്തെ തള്ളിപ്പറഞ്ഞത്? എന്നാണ് ബൂർഷ്വാ ജനാധിപത്യം പഥ്യമായത്? എന്നാണ് തെലുങ്കാന മോഡൽ കലാപത്തെ തള്ളിക്കളഞ്ഞത്?

നിയമനിർമാണത്തിൻറെ പരമാധികാരം അഥവാ ശരി തെറ്റുകളും നന്മതിന്മകളും സന്മാർഗ ദുർമാർഗവും തീരുമാനിക്കാനുള്ള പരമാധികാരം ദൈവത്തിനാണെന്നത് കുഞ്ഞിക്കണ്ണൻ ആരോപിക്കുന്നപോലെ ജമാഅത്തെ ഇസ്ലാമിയോ മൗദൂദിയോ ആവിഷ്കരിച്ച ആശയമല്ല. യഥാർത്ഥ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനവും വിശുദ്ധ ഖുർആൻ ഊന്നിപ്പറഞ്ഞതു മായ ആദർശമാണ്.

ജമാഅത്ത് വിമർശകൻ ഓരോ പേജിലും അനേക കള്ളങ്ങൾ അനേകതവണ ആവർത്തിച്ചിരിക്കുന്നു. അതിലൊന്നാണ് അബ്ദുൽ നാസർ മഅദനിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടിരുന്ന ഐ.എസ്.എസിൻറെ പിന്നിൽ മൗദൂദിസ്റ്റ് ദർശനമാണെന്നത്. ഭരണകൂടത്തിനു മാത്രമേ യുദ്ധം പ്രഖ്യാപിക്കാൻ അനുവാദമുള്ളുവെന്നും വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ ആയുധമെടുത്ത് പൊരുതാൻ അനുവാദമില്ലെന്നും പ്രഖ്യാപിച്ച പണ്ഡിതനും പരിഷ്കർത്താവുമാണ് സയ്യിദ് മൗദൂദി. അദ്ദേഹം പറയുന്നു: “രഹസ്യ മാർഗ്ഗങ്ങളിലൂടെ ഭരണഘടനാ വിരുദ്ധമായ വഴികൾ സ്വീകരിക്കുകയാണെങ്കിൽ അനന്തരഫലങ്ങൾ കൂടുതൽ ആപൽക്കരമാകും. രഹസ്യ സംഘടനകളിൽ ചില വ്യക്തികൾ സർവ്വാധികാരികളായിത്തീരും. അനന്തരം പ്രസ്ഥാനം അഥവാ സംഘടന മുഴുവനും അയാളുടെ ഇംഗിതത്തിനനുസരിച്ചായിരിക്കും ചലിക്കുക. അയാളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവർ ഉടനടി ഉന്മൂലനം ചെയ്യപ്പെടും. അയാളുടെ നയങ്ങളിൽ അസംതൃപ്തി പ്രകടിപ്പിക്കുന്നത് അത്യന്തം അസഹനീയവും അനഭിലഷണീയവുമായി കണക്കാക്കപ്പെടും.ഈ ഏതാനും വ്യക്തികൾക്ക് അധികാരം കിട്ടുമ്പോൾ അവർ എത്രമാത്രം സ്വേച്ഛാധിപതികളായിത്തീരും എന്ന് നിങ്ങൾ തന്നെ ആലോചിച്ചുനോക്കുക. ഒരു സ്വേഛാധിപതിയെ നീക്കി മറ്റൊരു സ്വേച്ഛാധിപതിയെ പ്രതിഷ്ഠിക്കുന്നത് കൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനമാണ് ലഭിക്കാൻ പോകുന്നത്?”(തസ് രീഹാത്ത്.പുറം:257)

മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: “എല്ലാ അപകടങ്ങളെയും നഷ്ടങ്ങളെയും സഹിച്ചുകൊണ്ട് സമാധാന മാർഗത്തിലൂടെ സത്യ വാക്യം ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. അതിൻറെ ഫലമായി തടവറയിൽ കഴിയേണ്ടി വന്നാലും കൊലമരത്തിൽ കയറേണ്ടി വന്നാലും ശരി.”(തസ് രീഹാത്ത്.പുറം:57)

കൊടിയ ഏകാധിപത്യം നിലനിന്നിരുന്ന അറബ് നാടുകളിലെ ഒരു പറ്റം യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സയ്യിദ് മൗദൂദി പറഞ്ഞു:”എൻറെ അവസാനത്തെ ഉപദേശമിതാണ്. നിങ്ങൾ രഹസ്യ സംഘടനകൾ നടത്തുകയോ സായുധവിപ്ലവത്തിന് ശ്രമിക്കുകയോ ചെയ്യരുത്. ഇതും അക്ഷമയുടെയും ധൃതിയുടെയും മറ്റൊരു രൂപമാണ്. ഫലം കണക്കിലെടുക്കുമ്പോൾ മറ്റു രൂപങ്ങളെക്കാൾ വിനാശകരവും.”(തഫ്ഹീമാത്ത്.ഭാഗം:3. പുറം:362)

ഇത്തരമൊരു പ്രസ്ഥാനത്തെയും പണ്ഡിതശ്രേഷ്ഠനെയുമാണ് അനിസ്ലാമിക ഭരണകൂടത്തെ നിഷ്കാസനം ചെയ്യാൻ ഹിംസയുടെയും ബലപ്രയോഗത്തിൻറെയും സിദ്ധാന്തം മുന്നോട്ടുവച്ചവരെന്ന വ്യാജം പ്രചരിപ്പിക്കുന്നത്. വാളും അധികാരം ഉപയോഗിച്ചാണ് ഇസ്ലാമിക വ്യവസ്ഥ സ്ഥാപിച്ചെടുക്കേണ്ടതെന്ന സൈദ്ധാന്തിക നിലപാടിൽ നിന്നാണ് മൗദൂദി ജമാഅത്തെ ഇസ്ലാമി എന്ന സംഘടനക്ക് രൂപം നൽകുന്നതെന്ന കള്ളവും എഴുതിപ്പിടിപ്പിച്ചിരിക്കുന്നു.

ഇന്ത്യയിലെ തീവ്രവാദ,ഭീകര പ്രവർത്തനങ്ങൾക്ക് കാരണം സയ്യിദ് മൗദൂദിയുടെ ജിഹാദിനെ സംബന്ധിച്ച പുസ്തകമാണെന്ന ധാരണ സൃഷ്ടിക്കും വിധം ആര്യാടൻ ഷൗക്കത്ത് ‘ദൈവനാമത്തിൽ’ എന്ന സിനിമ പുറത്തിറക്കിയപ്പോൾ ഞാൻ സയ്യിദ് മൗദൂദിയുടെ “ജിഹാദ്” എന്ന പുസ്തകവുമായി അദ്ദേഹത്തിൻറെ വീട്ടിൽ ചെന്നു. പുസ്തകം അദ്ദേഹത്തിന് നൽകിക്കൊണ്ട് ‘എവിടെയാണ് അതിൽ തീവ്രവാദത്തിനും ഭീകര പ്രവർത്തനങ്ങൾക്കും പ്രേരണ നൽകുകയോ അനുവാദം നൽകുകയോ ചെയ്യുന്ന ഭാഗമുള്ളതെന്ന്’ കാണിച്ചു തരാൻ ആവശ്യപ്പെട്ടു. അതിനു സാധിക്കാതെ വന്നതിനാൽ പുസ്തകം അദ്ദേഹത്തെ ഏൽപ്പിച്ചു. അത് മുഴുവനും പരിശോധിച്ച് അദ്ദേഹം ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകാൻ അഭ്യർത്ഥിച്ചു. വർഷങ്ങൾ നിരവധി പിന്നിട്ടു. ഇന്നോളം ഒരു വരിപോലും കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഈ വസ്തുത ഞാൻ കേരള ശബ്ദത്തിൽ എഴുതുകയും ചെയ്തു. അതുകൊണ്ടുതന്നെ ആര്യാടൻ ഷൗക്കത്ത് തൻറെ നിലപാടുമാറ്റിയിരിക്കുമെന്നാണ് എൻറെ ന്യായമായ പ്രതീക്ഷ.

എൻ.ഡി എഫ്.,പോപ്പുലർഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ സ്ഥാപകരും സംഘാടകരും ജമാഅത്തിൻറെ പഴയ വിദ്യാർത്ഥി സംഘടനയായ സിമിയുടെ നേതാക്കളും പ്രവർത്തകരുമായിരുന്നുവെന്നതാണ് കുഞ്ഞിക്കണ്ണൻറെ മറ്റൊരു കണ്ടുപിടുത്തം.സിമി ജമാഅത്തിൻറെ വിദ്യാർത്ഥി സംഘടന ആയിരുന്നില്ല.ജമാഅത് പിന്തുണച്ച സ്വതന്ത്ര വിദ്യാർത്ഥി സംഘടനയായിരുന്നു.അതിൻറെ ചില നയനിലപാടുകളോട് യോജിക്കാൻ കഴിയാതെ വന്നപ്പോൾ പിന്തുണ പിൻവലിച്ചു.

എൻ.ഡി.എഫിൻറെ രൂപീകരണത്തിലും നടത്തിപ്പിലും മുൻ സിമി പ്രവർത്തകരോടൊപ്പം മറ്റുപലരുമുണ്ട്. മുൻ സിമി നേതാവ് കുഞ്ഞിക്കണ്ണൻറെ പാർട്ടിയുടെ സർക്കാരിൽ മന്ത്രിയായി വിലസുന്നുണ്ടല്ലോ. അതേക്കുറിച്ച് കുഞ്ഞിക്കണ്ണൻ എന്തുപറയുന്നു? ഇന്ത്യയിലെ മുഴുവൻ മാവോവാദികളും നക്സലൈറ്റുകളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരാണ്. അവരെല്ലാം പ്രചോദനമുൾക്കൊണ്ടത് മാർക്സിസത്തിൽ നിന്നാണ്. ഒമ്പതര കോടിയെ കൊന്നവരും കേരളത്തിൽ നൂറുകണക്കിനാളുകളെ അരിഞ്ഞുവീഴ്ത്തി ചോരചിന്തിയവരും കമ്മ്യൂണിസ്റ്റ്കാരാണ്. എന്നാൽ ഇന്ത്യാമഹാരാജ്യത്ത് സയ്യിദ് മൗദൂദിയുടെ ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിക്കാർ ഒരൊറ്റ മനുഷ്യനെയും ഇന്നോളം കൊന്നിട്ടില്ല. കുഞ്ഞിക്കണ്ണനും സി.പി.എമ്മും എന്തുപറയുന്നു?അപ്പോൾ ആരാണ് ഭീകര വാദികൾ? ജമാഅത്തകാരോ, കമ്യൂണിസ്റ്റ്കാരോ?

Related Articles