Current Date

Search
Close this search box.
Search
Close this search box.

ജി20ക്ക് വേണ്ടി പൊളിക്കുന്ന ഡല്‍ഹിയിലെ ഭവനരഹിതര്‍ താമസിക്കുന്ന ഷെല്‍ട്ടര്‍ ഹോമുകള്‍

ജയറാം ത്രിവേദിക്ക് സ്വന്തമായി ഒരു വീടില്ല. ഡല്‍ഹിയിലെ യമുനയുടെ തീരത്ത് സര്‍ക്കാര്‍ ഒരുക്കിയ താല്‍ക്കാലിക അഭയകേന്ദ്രത്തിലാണ് കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹം അന്തിയുറങ്ങുന്നത്.

‘പകല്‍ മുഴുവന്‍ ജോലി ചെയ്തതിന് ശേഷം ഞങ്ങള്‍ വിശ്രമിക്കാനും ഉറങ്ങാനുമാണ് ഇവിടെ മടങ്ങിയെത്തുന്നത്, ഈ അഭയകേന്ദ്രങ്ങള്‍ ഞങ്ങള്‍ക്ക് വീടെന്ന തോന്നല്‍ നല്‍കി.” ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ ത്രിവേദി പറഞ്ഞു. മാലിന്യം ശേഖരിക്കുക, അല്ലെങ്കില്‍ ധാബയില്‍ ജോലി ചെയ്യുക, അല്ലെങ്കില്‍ ഭിക്ഷാടനം ചെയ്താണ് ഉപജീവനം നടത്തുന്നത്.

എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബുള്‍ഡോസറുകള്‍ ഇവരുടെ വീടുകള്‍ തകര്‍ത്തത്. ഡല്‍ഹിയിലെ കാശ്മീര്‍ ഗേറ്റിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനസിന് സമീപമുള്ള യമുന പുഷ്തയിലെ ഭവനരഹിതര്‍ക്കായി നിര്‍മിച്ച എട്ട് രാത്രി ഷെല്‍ട്ടറുകളാണ് തകര്‍ത്തത്. ഇതാണ് ത്രിവേദിയെയും അദ്ദേഹത്തെപ്പോലുള്ള മറ്റുള്ളവരെയും ഭവനരഹിതരാക്കിയത്.

അടുത്ത സെപ്തംബറില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്കായി ദേശീയ തലസ്ഥാനത്തെ മനോഹരമാക്കാനുള്ള ‘സൗന്ദര്യവല്‍ക്കരണ ഡ്രൈവിന്റെ’ ഭാഗമായാണ് പോര്‍ട്ട്കാബിനുകളും ചില താല്‍ക്കാലിക വീടുകളും ഇടിച്ചുനിരത്തിയതെന്നാണ് പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക, വികസ്വര രാജ്യങ്ങളുടെ ഫോറമാണ് ഗ്രൂപ്പ് ഓഫ് 20 അഥവാ ജി20. ഇന്ത്യയുടെ ജി-20 അധ്യക്ഷതയുടെ ഭാഗമായി ഈ വര്‍ഷം സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയെയാണ് ഉച്ചകോടിയുടെ വേദിയായി തിരഞ്ഞെടുത്തത്.

ജി-20 പ്രതിനിധികളെ യമുന പുഷ്ത പ്രദേശം സന്ദര്‍ശിക്കാന്‍ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ആണ്, ഈ പാവങ്ങളെ ഒഴിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം എല്ലാവരും നിശബ്ദരാണെന്നും ആക്റ്റിവിസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നു. ചേരികളുടെയും താല്‍ക്കാലിക സെറ്റില്‍മെന്റുകളുടെയും പുനരധിവാസവും നോക്കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഏജന്‍സിയായ ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡാണ് നൈറ്റ് ഷെല്‍ട്ടര്‍ പൊളിക്കല്‍ നടപടികള്‍ നടത്തിയത്.

നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചാണ് നടപടിയെന്ന് ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ വിഎസ് ഫോണിയ പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഒരുക്കങ്ങളുമായി ഈ പൊളിക്കലുകള്‍ക്ക് ബന്ധമുണ്ടോ എന്ന് തനിക്ക് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അവര്‍ 200 പോലീസ് ഉദ്യോഗസ്ഥരോടൊപ്പം വന്ന് ധാദാ ദാദ് എന്ന അഭയകേന്ദ്രം തകര്‍ത്തു.പതിറ്റാണ്ടുകളായി യമുന പുഷ്തയില്‍ താമസിക്കുന്നുണ്ടെന്നും 49 കാരിയായ ശാരദ ശര്‍മ്മ പറഞ്ഞു. തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഞങ്ങളുടെ സാധനങ്ങള്‍ എടുക്കാന്‍ പോലും അവര്‍ ഞങ്ങളെ അനുവദിച്ചില്ലെന്നും താമസക്കാര്‍ പറഞ്ഞു.

 

ഭിക്ഷാടകരെ നീക്കം ചെയ്തു, സ്ഥലം മാറ്റി

‘ഐഎസ്ബിടിക്ക് സമീപമുള്ള ഹനുമാന്‍ മന്ദിറിന് ചുറ്റുമുള്ള യാചകരെ’ ‘നീക്കംചെയ്ത് മാറ്റിപ്പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 15 ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡ് പറഞ്ഞു.
ബോര്‍ഡിന് കീഴിലുള്ള നൈറ്റ് ഷെല്‍ട്ടറുകള്‍ ‘നീക്കംചെയ്ത് മാറ്റിസ്ഥാപിക്കുക’ എന്നായിരുന്നു നിര്‍ദേശം. ജി20 ഉച്ചകോടി കണക്കിലെടുത്ത് ഇത്തരം നടപടി ആവശ്യമാണ്, എന്നും ഉത്തരവിലുണ്ടായിരുന്നു.

ഇതിന് മറുപടിയായി, യമുന പുഷ്ത ഷെല്‍ട്ടറുകളില്‍ നിന്ന് അധികം ദൂരെയല്ലാത്ത കാഷ്മീരെ ഗേറ്റിലെ അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനസിന് ചുറ്റുമുള്ള യാചകരെ നീക്കം ചെയ്യുകയും മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡിസംബറില്‍ ആക്റ്റിവിസ്റ്റായ അലീദിയ ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡിന് ഒരു കത്ത് എഴുതി. ഭിക്ഷാടകരെ വീടുകളില്‍ നിന്ന് വിലക്കുന്ന നിരവധി ഹൈക്കോടതികളുടെ വിധികളുടെ ലംഘനമാണ് ഈ നടപടിയെന്നും അദ്ദേഹം വാദിച്ചു.

1,135 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന 10 പോര്‍ട്ട് കാബിനുകള്‍ പൊളിക്കുന്നത് തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പൊളിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്ക് അയച്ച കത്തില്‍,അലീദിയ ആവശ്യപ്പെട്ടു.
സമാനമായ കാരണങ്ങളാല്‍ ഫെബ്രുവരി 15 ന് ”യാതൊരു മുന്നറിയിപ്പൊന്നുമില്ലാതെ” സരായ് കാലെ ഖാന്റെ ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയെന്നും അലീഡിയ ആരോപിച്ചു.

‘അവര്‍ കോടതി വിധിക്കായി കാത്തുനിന്നില്ല’

മാര്‍ച്ച് 9 ന്, യമുനയുടെ തീരത്തെ ഷെല്‍ട്ടറുകള്‍ പൊളിക്കാതെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭയകേന്ദ്രത്തിലെ താമസക്കാരന്റെ പേരില്‍ അലീദിയ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഷെല്‍ട്ടറുകള്‍ താല്‍ക്കാലികമാണെന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥിരമായ രാത്രി ഷെല്‍ട്ടറുകളിലേക്ക് ഇവിടെയുള്ള താമസക്കാരെ മാറ്റുമെന്നുമാണ് ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡ് വാദിച്ചത്.

പുതുതായി നിര്‍മിച്ച ഷെല്‍ട്ടറുകള്‍ പരിശോധിച്ച് മാര്‍ച്ച് 14ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. എന്നാല്‍ അടുത്ത ഹിയറിംഗിനായി അവര്‍ കാത്തിരുന്നില്ല,” അലീദിയ പറഞ്ഞു. ‘കോടതി ഉത്തരവ് പകല്‍ വന്നു, അന്നു രാത്രിയില്‍ തന്നെ അവര്‍ ഷെല്‍ട്ടറുകള്‍ ബുള്‍ഡോസ് ചെയ്തു.’

മാര്‍ച്ച് 14ന് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഭാവിയില്‍ പൊളിക്കലുകള്‍ നടത്തുമ്പോള്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് കോടതി സ്ഥലം മാറ്റത്തിന് അനുമതി നല്‍കിയതെന്നും അലീദിയ പറഞ്ഞു.
നഗരത്തിലുടനീളമുള്ള വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് താമസക്കാരെ ഇതിനകം മാറ്റിയതായി ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫോണിയ പറഞ്ഞത്.

തങ്ങള്‍ ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് മര്‍ദിച്ചതായി അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ പറഞ്ഞു. ‘ഞാന്‍ അവരോട് കുടിവെള്ള ടാപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു, പക്ഷേ അവര്‍ എന്റെ കാലില്‍ അടിച്ചു’ താമസക്കാരനായ സൂരജ് കുമാര്‍ പറഞ്ഞു.

പുതിയ ഷെല്‍ട്ടര്‍ ഹോം എന്ന വാഗ്ദാനത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ഇടയ്ക്കിടെ, അവര്‍ ബസുകളുമായി വന്ന് ഞങ്ങളെ ബലമായി നീക്കം ചെയ്യുന്നുവെന്നും ‘പിന്നെ അവര്‍ ഞങ്ങളെ നടുറോഡില്‍ ഇറക്കിവിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles