Current Date

Search
Close this search box.
Search
Close this search box.

അബ്ദുല്ലക്കുട്ടി ഒരു കുതന്ത്രമാവുന്നത്..

“ഒരു ഹിന്ദു പാര്‍ട്ടി എന്ന് നിങ്ങള്‍ നിരന്തരം പറഞ്ഞു പരത്തുന്ന ബി ജെ പി അതിന്റെ ഉന്നത സ്ഥാനത്ത് ഒരു മുസ്ലിമിനെ നിയമിച്ചു. അതെ സമയം പല മുസ്ലിം പാര്‍ട്ടികളും അവരുടെ ഉന്നത സ്ഥാനത്ത് ഒരു ഹിന്ദുവിനെ നിയമച്ചത് ചൂണ്ടി കാണിക്കാന്‍ കഴിയുമോ?.”. ഒരു സഹോദരന്‍ നിരന്തരം ചോദിച്ചു കൊണ്ടിരുന്ന ഒരു ചോദ്യമാണിത്. ബി ജെ പി ഒരു ഹിന്ദു പാര്‍ട്ടി എന്നതിനേക്കാള്‍ കൂടുതല്‍ ചേരുക “ ഹിന്ദുത്വ പാര്‍ട്ടി” എന്നതാണ്. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഹിന്ദു എന്നത് നൂറ്റാണ്ടുകളായി രാജ്യത്തു നിലനില്‍ക്കുന്ന ഒരു വിശ്വാസത്തിന്റെ പേരാണ്. അതെ സമയം വംശീയതയില്‍ ഊന്നിയ ഫാസിസത്തെ നമുക്ക് ഹിന്ദുത്വം എന്ന് വിളിക്കാം. നാട്ടില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചു ജീവിച്ചു തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. അവര്‍ക്കിടയില്‍ നല്ല ബന്ധം നിലനിന്നിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. സാമ്രാജ്യത്വ അജണ്ടയുമായി കേരളത്തില്‍ പറങ്കികള്‍ വന്നപ്പോള്‍ അവരെ തുരത്തിയത് നാട്ടിലെ എല്ലാവരും ചേര്‍ന്നാണു. പിന്നീട് ബ്രിട്ടീഷുകാരെ തുരത്താനും അവര്‍ ഒന്നിച്ചു നിന്നു. ഭാരതത്തിന്റെ ജനാധിപത്യ മതേതരത്വത്തെ നിലനിര്‍ത്താനും അവര്‍ ഒന്നിച്ചു ശ്രമിച്ചു. സംഘ പരിവാര്‍ രാഷ്ട്രീയത്തിന് ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്റെ പഴക്കമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് മുതല്‍ അവര്‍ മത്സര രംഗത്തുണ്ട്. വിഭജനാനന്തര ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ പരിധി വിട്ടു രൂപപ്പെട്ടെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ രംഗത്തെ സ്വാദീനിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 1990 വരെ ഹിന്ദുത്വ രാഷ്ട്രീയം വലിയ സ്വാദീനമുള്ള ഒന്നായിരുന്നില്ല. ഇന്ത്യയിലെ മതേതര പാര്‍ട്ടികളുടെ, പ്രത്യേകിച്ച് കോണ്ഗ്രസ്സിന്റെ തകര്‍ച്ചയാണ് ഫാസിസത്തെ ആ നാട്ടില്‍ വളരാന്‍ സഹായിച്ചത്. അതിനു കോണ്ഗ്രസ്സിന്റെ ഭാഗത്ത്‌ നിന്നും കാരണമുണ്ട് എന്നത് നാം മറക്കരുത്. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ സജീവത നാം കണ്ടു തുടങ്ങി. അവരെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്ഥാനം മാത്രമാണ് മുഖ്യം. അവിടെ ഭരണം നിലനിര്‍ത്തുക എന്നതിലപ്പുറം മറ്റൊന്നും അവര്‍ പരിഗണിച്ചില്ല. ദേശീയ നയം എന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ഒന്നായിരുന്നില്ല. അധികാരത്തിനു വേണ്ടി ആരുമായും കൂട്ട് കൂടാം അന്ന നിലപാടില്‍ സംഘ പരിവാരിനെയും അവര്‍ പരിഗണിച്ചു.

Also read: മികച്ച പ്രഭാഷകൻറെ ഗുണങ്ങള്‍

കേരളത്തില്‍ പ്രാദേശിക രാഷ്ട്രീയം കേരള കോണ്ഗ്രസ് എന്നതിന് അപ്പുറം പോയില്ല. അവരുടെ സ്വാദീനവും ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ പോലെ വര്‍ഗീയ കലാപങ്ങള്‍ക്ക് കേരളം പാത്രമായിട്ടില്ല. അത് കൊണ്ട് തന്നെ വംശീയ രാഷ്ട്രീയത്തിന് കേരള മണ്ണ് പറ്റിയതല്ല എന്ന ബോധം സംഘ പരിവാര്‍ തിരിച്ചറിയുന്നു. കേരളത്തിലെ ജനത ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ ജാനാധിപത്യ മതേതരത്വ വഴിയിലാണ്. ഭൂരിപക്ഷത്തെ പാട്ടിലാക്കാന്‍ സംഘ പരിവാര്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ശബരിമല വിഷയത്തില്‍ അവര്‍ കൊണ്ട് വന്ന പ്രതിരോധം അതിന്റെ ഭാഗമാണ്.

അതെ സമയം ന്യൂനപക്ഷങ്ങളെ കൂടി ഒപ്പം നിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. സംഘ പരിവാര്‍ മുന്നോട്ടു വെക്കുന്ന വംശീയ ജാതീയ പ്ലാറ്റ്ഫോമില്‍ ഇന്ത്യയിലെ ബഹുഭൂരിക്ഷം വരുന്ന ദളിത് പിന്നോക്ക ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്ഥാനമില്ല എന്ന് അവര്‍ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. അതിനെ മറികടക്കാന്‍ ചില ചൊട്ടു വിദ്യകള്‍ അവര്‍ പ്രയോഗിക്കാതിരുന്നില്ല. തെക്കന്‍ സംസ്ഥാനങ്ങളില്‍ കേരളം ഒഴികെ മറ്റെല്ലായിടത്തും സംഘ പരിവാരിനു കൂട്ടിനു മറ്റു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ കിട്ടിയിട്ടുണ്ട്. കേരളത്തില്‍ കേരള കൊണ്ഗ്രസ്സില്‍ നിന്നും ഒരു വിഭാഗത്തെ അവര്‍ ഉന്നം വെക്കുന്നു. അത് ലഭിക്കാതെ പോയത് ആദര്‍ശത്തിന്റെ പ്രശ്നം കൊണ്ടല്ല. അധികാരം പങ്കു വെക്കുന്നിടത്തെ ശതമാന കണക്കു മാത്രമാണ്.

Also read: പുതിയ ഭരണഘടന അൾജീരിയക്ക് പുതുതായി എന്താണ് നൽകുക?

ആദ്യം ആരിഫ് മുഹമ്മദ്‌ ഖാന്‍ എന്ന ഗവര്‍ണര്‍ കേരളത്തിലെത്തി. ഒരു ദേശീയ മുസ്ലിം എന്ന പ്രതിച്ഛായ നിര്‍മാണത്തിനു ആദ്യമൊക്കെ അദ്ദേഹം ശ്രമിച്ചിരുന്നു. ശേഷം കേരളത്തില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ സംഘ പരിവാര്‍ നിലപാടുകള്‍ കേരള ജനത മനസ്സിലാക്കി. അടുത്ത ഊഴമാണ് അബ്ദുല്ലക്കുട്ടി. അധികാര രാഷ്ട്രീയത്തിന്റെ ബാക്കിഭാഗം എന്നതിലപ്പുറം അദ്ദേഹത്തിന്റെ രാഷ്ട്രീയ മാറ്റം കേരളം ചര്‍ച്ച ചെയ്യുന്നില്ല. കേരളത്തില്‍ നിന്നുള്ള മറ്റൊരു കൃസ്ത്യന്‍ പുരോഹിതനെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥാനത്തേക്ക് സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

സംഘ പരിവാറും ഇന്ത്യയില മറ്റുള്ളവരും തമ്മിലുള്ള വിഷയം ഹിന്ദു മുസ്ലിം വിഷയമല്ല. ജനാധിപത്യവും ഫാസിസവും തമ്മിലുള്ള സംഘട്ടമാണ്. അത് തന്നെയാണ് മുസ്ലിംകളും സംഘ പരിവാറും തമ്മിലുള്ള വിഷയം. അതിനെ ആ രീതിയില്‍ തന്നെയാണ് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കുന്നത്. മുസ്ലിംകള്‍ ഈ മണ്ണിന്റെ ഭാഗമാണ്. ഇന്ത്യന്‍ ചരിത്രത്തില്‍ അവരെന്നും രക്ഷകരുടെ റോളിലാണ് നാം കണ്ടത്. അതെ സമയം ചരിത്രത്തെ പുനസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍. അവിടെ മുസ്ലിംകള്‍ ഒരു കടന്നു കയറ്റക്കാര്‍ മാത്രമാണ്. അത് കൊണ്ട് തന്നെ അവര്‍ ഇന്ത്യയില്‍ നിന്നും പുറത്തു പോകണം എന്നവര്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ ഉപയോഗിചു കൊണ്ട് തന്നെ അവര്‍ അതിനു കരുക്കള്‍ നീക്കുന്നു. അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇന്ത്യയിലെ മുസ്ലിംകള്‍ക്കുണ്ട്. അതിനിടയില്‍ അബ്ദുല്ലക്കുട്ടിയും ആരിഫ് മുഹമ്മദും ഒരു വിഷയമായി അവര്‍ കാണില്ല.

Also read: സലാഹുദ്ദീന്റെ ഖുദ്സ് വിമോചനം

ബി ജെ പി ഭരിക്കുന്ന യു പി യില്‍ മുസ്ലിം ജനസംഖ്യ നാലര കോടിയാണ്. മറ്റു സംസ്ഥാനങ്ങളിലും മുസ്ലിം ജനസംഖ്യ കൂടുതലുണ്ട്. അവിടെയൊന്നും സംഘ പരിവാര്‍ അധികാരത്തില്‍ മറ്റാരെയും നാം കണ്ടില്ല എന്നുകൂടി ചേര്‍ത്ത് വായിച്ചാല്‍ അബ്ദുല്ലക്കുട്ടി ഒരു കുതന്ത്രമാണ് എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യം വരില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദു മുസ്ലിം പാര്‍ട്ടികള്‍ക്ക് സ്ഥാനമില്ല. അവിടെ സ്ഥാനം മതേതര ജനാധിപത്യ പാര്‍ട്ടികള്‍ക്ക് മാത്രമാണ്.

Related Articles