Current Date

Search
Close this search box.
Search
Close this search box.

മുക്കാൽ നൂറ്റാണ്ട് വിജ്ഞാനം നൽകിയ സ്ഥാപനം

ഹൈസ്ക്കൂൾ ക്ലാസ്സിൽ പഠിക്കുന്ന കാലം. പത്താം ക്ലാസിൽ വെച്ചാണ് ആദ്യമായി ഐ പി എച് പുസ്തകം വായിക്കാൻ ലഭിക്കുന്നത്. അധ്യാപകൻ ശിഹാബ് മാഷാണ് സത്യസാക്ഷ്യം വായനക്ക് നൽകിയത്. അന്ന് സ്ഥിരമായി വായിച്ചിരുന്നതു ചന്ദ്രിക വാരികയായിരുന്നു. പിന്നെ മാതൃഭൂമി പത്രവും. തരുമ്പോൾ തന്നെ മാഷ്‌ പറഞ്ഞു “ മനസ്സിരുത്തി വായിക്കണം. എന്നാലെ മനസ്സിലാവൂ”. ഇസ്ലാമിനെ കുറിച്ച് വായിക്കുകയും കേൾക്കുകയും ചെയ്തതിനെക്കാൾ ഭിന്നമായി തോന്നി പുതിയ പുസ്തകം. രണ്ടു ദിവസം കൊണ്ട് വായന പൂർത്തീകരിച്ചു. പള്ളി ദർസിൽ അന്ന് പോയിരുന്നു. അവിടെ നിന്നും പഠിച്ചിരുന്നത് കർമ്മശാസ്ത്രവും അറബി ഭാഷയുമായിരുന്നു. പക്ഷെ ഈ വായന പുതിയ അനുഭവം നൽകി.

പിന്നെ കുറച്ചു കാലത്തേക്ക് ആ വായന നടന്നില്ല. പ്രബോധനം മാത്രമായി വായന ചുരുങ്ങി. ഡിഗ്രി കാലത്താണ് നാട്ടിൽ ഇസ്ലാമിക പ്രസ്ഥാനത്തിന് ആരംഭം കുറിച്ചത്. അന്ന് മുതൽ എതിർപ്പും ആരംഭിച്ചു. ആളുകളുടെ ചോദ്യങ്ങൾ അധികരിച്ചു. അപ്പോഴാണ് വീണ്ടും വായന ആരംഭിച്ചത്. സയ്യിദ് മൌദൂദിയുടെ നിരവധി പുസ്തകങ്ങൾ, ചരിത്രം, ഖുർആൻ, ഹദീസ് പഠനം, കർമ്മ ശാസ്ത്രം തുടങ്ങി ഒരു പാട് പുസ്തകങ്ങൾ വായിച്ചു. അധികവും ഐ പി എച്ച് തന്നെ. അത് കൊണ്ട് തന്നെ ജീവിതം ഈ മഹത്തായ സ്ഥാപനത്തോട്‌ കടപ്പെട്ടിരിക്കുന്നു. ഒന്നിൽ കൂടുതൽ തവണ വായിച്ച നിരവധി പുസ്തകങ്ങൾ ധാരാളം. ഇസ്ലാം മതവും ഖുത്ബാത്തും അതിൽ പെടും.

ഐ പി എച്ച് അഥവാ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് എഴുപത്തിയഞ്ച് കൊല്ലം പൂർത്തിയാക്കുന്നു എന്ന് പറഞ്ഞാൽ കൈരളിയുടെ വൈജ്ഞാനിക രംഗത്ത്‌ അവർ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് വെളിച്ചം വീശുന്നു എന്നർത്ഥം. ഇസ്ലാമിനെ അതിന്റെ തനതായ രീതിയിൽ ലോകത്തിനു പരിചയപ്പെടുത്തി എന്നതാണ് സയ്യിദ് മൌദൂദി ചെയ്ത ചരിത്ര പരമായ ദൗത്യം. ഇസ്ലാമിക ലോകത്ത് വിജ്ഞാനം നിലനിന്നത് പണ്ഡിതരുടെ ചിന്തകൾ ഏറ്റെടുക്കാൻ അനുയായികൾ ഉണ്ടായി എന്നത് കൊണ്ട് കൂടിയാണ്. മദഹബീ ഇമാമുകളുടെ ചിന്തകൾ കൈമാറ്റം ചെയ്യപ്പെട്ടത് അവരുടെ ശിഷ്യരിലൂടെയാണ്. അങ്ങിനെ ഏറ്റെടുക്കാൻ ആളുകളില്ലാത്ത പണ്ഡിതരുടെ ചിന്തകൾ ഒരു കാലത്തിനു പുറത്തേക്ക് പോയില്ല എന്നതും ചരിത്രമാണ്. ഏറ്റെടുക്കാൻ ഒരു പ്രസ്ഥാനമുണ്ടായി എന്നതാണ് മൌദൂദി ചിന്തകളുടെ തുടർച്ചക്ക് കാരണം.

1945-ൽ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ഒന്നാം അഖിലേന്ത്യാ സമ്മേളന തീരുമാനപ്രകാരം ഇസ്‌ലാമിക ഗ്രന്ഥങ്ങൾ വിവിധഭാഷകളിൽ പ്രസിദ്ധീകരിക്കാനുള്ള പദ്ധതി തയ്യാറാക്കി. മലയാളത്തിലും പ്രസ്തുത തീരുമാനം ആ കാലത്ത് തന്നെ നടപ്പിലാക്കപ്പെട്ടു. സയ്യിദ് മൌദൂദിയുടെ ഇസ്ലാംമതമായിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ അമീർ ഹാജി സാഹിബ് തന്നെയായിരുന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ വിവർത്തകനും. പിന്നീടു പല ഘട്ടങ്ങളിലായി വിവിധ വിഷയങ്ങളിൽ അറുനൂറോളം ഗ്രന്ഥങ്ങൾ ഐ പി എച്ച് പുറത്തിറക്കി.

ഇന്ത്യ സ്വാതന്ത്രം നേടുന്നതിനു മുമ്പ് തന്നെ ഐ പി എച് നിലവിൽ വന്നിരുന്നു. കേരളത്തിന്റെ വിവിധ ഘട്ടങ്ങളിലെ മാറ്റങ്ങൾക്കു ഐ പി എച് സാക്ഷിയായി. അത് കൊണ്ട് തന്നെ കേവല പുസ്തക രചനയും പ്രസിദ്ധീകരണവും എന്നിടത്ത് നിന്നും കാലഘട്ടത്തിന്റെ ആവശ്യകതയെ മുൻ നിർത്തിയാണ് ഐ പി എച് പുസ്തക പ്രകാശനം നടത്തിയത്. ഈടുറപ്പുള്ള വിജ്ഞാനങ്ങൾ കൈരളിക്കു നൽകാൻ എന്നും ഐ ഐ എച് ശ്രദ്ധിച്ചു. അത് കൊണ്ട് തന്നെ ലോക നിലവാരത്തിലുള്ള പല വിവർത്തന ഗ്രന്ഥങ്ങളും ഐ പി എച് പുറത്തിറക്കി. ഐ പി എച് കൈരളിക്കു നൽകിയ വലിയ സംഭാവനകൾ എന്തെന്ന ചോദ്യത്തിന് പെട്ടെന്ന് പറയാൻ കഴിയുക തഫ്ഹീമുൽ ഖുർആനും വിജ്ഞാനകോശവും ഫിഖ്ഹുസുന്നയുമാണ്‌. റഫറൻസ് ഗ്രന്ഥങ്ങൾ എന്ന നിലയിൽ ഇവ അത്രമേൽ മലയാളത്തിനു ഉപകാരപ്പെട്ടിട്ടുണ്ട്. ഹദീസ് രംഗത്തെ “ സഹീഹുകൾ” പലതും ഐ പി എച് പുറത്തിറക്കിയിട്ടുണ്ട്.

വായന മരിക്കുന്നു എന്നത് പഴകിയ ആരോപണമാണ്. സാമൂഹിക മാധ്യമങ്ങളുടെ കാലത്തും വായന മരിക്കുന്നില്ല. പക്ഷെ വായനയുടെ സ്വഭാവം മാറുന്നു എന്നത് ശരിയാണു. കാപ്സ്യൂൾ വായനയുടെ കാലമാണ്. എന്നാലും ലോകത്തിൽ പുസ്തകങ്ങൾ പഴയതിലും കൂടുതൽ പ്രസിദ്ധീകരിക്കുന്നു. വായന പൂർണമായി മരിച്ചാൽ അത് മനുഷ്യ കുലത്തിന്റെ കൂടി മരണമാകും. ലോകത്ത് ഒരു വര്ഷം ലക്ഷക്കണക്കിന്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. അതെല്ലാം ആളുകൾ വാങ്ങുകയും വായിക്കുകയും ചെയ്യുന്നു എന്നത് കൊണ്ടാണ് അടുത്ത കൊല്ലവും പുതിയ പുസ്തകങ്ങൾ അച്ചടിക്കേണ്ടി വരുന്നത്. മലയാളത്തിലും ഒരു വർഷം ഒരു പാട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നു. നോവൽ കവിത ചരിത്രം ശാസ്ത്രം പോലുള്ള വിഷയങ്ങളിൽ പല പ്രമുഖ പ്രസിദ്ധീകരണ ശാലകളും നാട്ടിലുണ്ട്.

ഇസ്ലാമിക വിജ്ഞാനത്തിന് പ്രാധാന്യം നൽകുന്നു എന്നതാണു ഐ പി എച്ചിനെ വ്യത്യസ്തമാക്കുന്നത്. എല്ലാ വിജ്ഞാനവും ഇസ്ലാമാണ് എന്നാണ് മനസ്സിലാക്കപെടുന്നത്. മത വിജ്ഞാനം ഭൗതിക വിജ്ഞാനം എന്നിവ നാം ഉണ്ടാക്കിയ വേർതിരിവാണ്. പുരാതന കാലത്ത് മുസ്ലിം പണ്ഡിതർ തന്നെയാണ് ശാസ്ത്രവും കൈകാര്യം ചെയ്തിരുന്നത് എന്നത് ചരിത്രമാണ്‌. ഇസ്ലാം തെറ്റിദ്ധരിക്കുകയോ തെറ്റിധരിപ്പിക്കപ്പെടുകയോ ചെയ്യുക എന്നതിന് ചരിത്രത്തോളം പഴക്കമുണ്ട്. കാലഘട്ടങ്ങളിലെ പണ്ഡിതർ അത്തരം ആരോപങ്ങളെ ശക്തമായി നേരിട്ടു. മദഹബീ ഇമാമുമാർ അതിന്റെ വലിയ ഉദാഹരണങ്ങളാണ്. ഇമാം ഷാഫി, ഇമാം അഹമദ് ബിൻ ഹമ്പൽ, ഇമാം അബൂ ഹനീഫ എന്നിവർ അങ്ങിനെയാണ് ചരിത്രത്തിൽ ഓർക്കപ്പെടുന്നത്. ഇമാം മാലിക് അവർകൾ ചിട്ടപ്പെടുത്തിയ “ മുവത്വ “ അതു കൊണ്ട് തന്നെ എന്നും ഒരു അത്ഭുതമായി നിലനിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ആ ജോലി ഏറ്റെടുത്താണ് സയ്യിദ് മൌദൂദിയും ഇസ്ലാമിക പ്രസ്ഥാനവും മുന്നേറിയത്.

ഇസ്ലാമിന്റെ നേരെ ശത്രുക്കൾ തൊടുത്തു വിട്ട ശരങ്ങളെ യുക്തമായ രീതിയിൽ പ്രതിരോധിച്ചു എന്നതാണു ഐ പി എച് നടത്തിയ വിപ്ലവം. മലയാളത്തിൽ പിന്നീടു വന്ന പല പ്രസിദ്ധീകരണ ശാലകൾക്കും ഐ പി എച് മാതൃകയായി. ഇസ്ലാം മുസ്ലിംകളുടെ മതം എന്നതിനേക്കാൾ അതിനു ചേരുന്ന വിശേഷണം ലോകത്തിന്റെ വെളിച്ചം എന്നതാണ്. ഇസ്ലാമിക വിജ്ഞാനത്തിന്റെ അടിത്തറ ഖുർആനാണ്. പക്ഷെ അടുത്ത കാലം വരെ അത് സമൂഹത്തിൽ അധികം പേർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു സമസ്യയായി നിലകൊണ്ടു. ഇസ്ലാമിക പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ വരവാണ് ഇസ്ലാമിക വിജ്ഞാനം സമൂഹത്തിലെക്ക് പ്രസരിപ്പിച്ചത്. ആ ഗണത്തിൽ ഐ പി എച് എന്നും മുന്നിൽ നിൽക്കും എന്നുറപ്പാണ്.

ഇസ്ലാമിക പഠനത്തിനു സമൂഹം കാലം നിശ്ചയിച്ചിരുന്നു. പ്രായപൂർത്തി എത്തുന്നതിനു മുമ്പ് പലരുടെയും മത പഠനം അവസാനിക്കുന്ന കാലമുണ്ടായിരുന്നു. ഐ പി എച് പോലുള്ള സ്ഥാപനങ്ങൾ ആ കാലക്രമം തകർത്തു കളഞ്ഞു. കേരളത്തിലെ ഇസ്ലാമിക നവജാഗരണത്തിന് ഐ പി എച് നൽകിയ സംഭാവന വളരെ വലുതാണ്. വിഞാനമാണ് ഒരു ജനതയുടെ സംസ്കാരത്തെ അടയാളപ്പെടുത്തുന്നത്. അങ്ങിനെ നോക്കിയാൽ കേരള സാമൂഹിക നിർമ്മിതിയിൽ ഐ പി എച് ചെലുത്തിയ സ്വാദീനം ചർച്ച ചെയ്യാതെ ചരിത്രത്തിനു മുന്നോട്ടു പോകാൻ കഴിയില്ല എന്നുറപ്പാണ്.

മുക്കാൽ നൂറ്റാണ്ട് ഒരു ജനതയുടെ ആയുസ്സിൽ വലുതാണ്. അത് കൊണ്ട് തന്നെ ഒരു ജനതയ്ക്ക് മുക്കാൽ നൂറ്റാണ്ട് വിജ്ഞാനം നൽകിയ സ്ഥാപനം എന്ന നിലയിൽ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന് ചരിത്ര പ്രധാനമായ സ്ഥാനമുണ്ട്. ഇസ്ലാമിനെ സാമ്പ്രദായിക വായനയിൽ നിന്നും മാറ്റി പുതിയ വായന സംസ്കാരം രൂപപ്പെടുത്തി എന്നത് നിസാരമായ ഒന്നായി കണക്കാക്കരുത്.

Related Articles