Columns

ഹിന്ദു,ബുദ്ധ മതക്കാര്‍ ഒഴികെയുള്ള എല്ലാവരെയും പുറത്താക്കി സൃഷ്ടിക്കുന്ന ഇന്ത്യ

ഈജിപ്ത് സന്ദര്‍ശിക്കാന്‍ പോയ സമയത്ത് അവിടുത്തെ പ്രസിദ്ധമായ മ്യൂസിയവും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അവിടെയാണ് ഫറോവയുടെ മമ്മി ഉണ്ടെന്നു പറയുന്നത്. പക്ഷെ അത് കാണാന്‍ വേറെ ടിക്കറ്റ് വേണം. അതിലുമുണ്ട് വിവേചനം. അറബികള്‍ക്ക് രണ്ടു ഈജിപ്ഷ്യന്‍ പൗണ്ട്. മറ്റുള്ളവര്‍ക്ക് നൂറു പൗണ്ടും. അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു ‘അതെന്താ അങ്ങിനെ ആരു നോക്കിയാലും കാണുന്നത് ഒന്ന് തന്നെയല്ലേ?’ അതിനു അവിടെ ഇരുന്നിരുന്ന വ്യക്തി പറഞ്ഞത് ‘ഫറോവ ഞങ്ങളില്‍ പെട്ടവനാണ്’ എന്നായിരുന്നു. തിരിച്ചു വന്നു സംഭവം അറബിയായ ബോസ്സിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചിരി ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

‘ഹിന്ദുക്കളും ബുദ്ധമതക്കാരും ഒഴികെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയില്‍ നിന്ന് തുരത്തും’ എന്ന അമിത്ഷായുടെ പ്രഖ്യാപനം വായിച്ചപ്പോള്‍ പഴയ സംഭവം ഓര്‍മ്മ വന്നുവെന്നു മാത്രം. ഇന്ത്യ ഹിന്ദുക്കളുടേതു എന്നല്ല പകരം ഇന്ത്യക്കാരുടേതാണ് എന്നാണ് നാം പഠിച്ചതും മനസ്സിലാക്കിയതും. ചെറുപ്പത്തില്‍ സ്‌കൂള്‍ അസംബ്ലിയില്‍ ചൊല്ലിക്കൊടുത്ത വാചകം ‘എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാര്‍’ എന്നായിരുന്നു. അതില്‍ നാം ജാതിയും മതവും പറഞ്ഞില്ല. ഇന്ത്യയില്‍ ജനിച്ച ഇന്ത്യയില്‍ ജീവിക്കുന്ന ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന ആരെയും നാം ഇന്ത്യക്കാര്‍ എന്ന് വിളിച്ചു.

അഭയാര്‍ത്ഥി എന്നത് ഒരു അന്താരാഷ്ട്ര വിഷയമാണ്. ആധുനിക ലോകം ഇന്നും അനുഭവിക്കുന്ന ദുരന്തങ്ങളില്‍ ഒന്ന്. മനുഷ്യരുള്ള കാലത്തോളം അഭയാര്‍ത്ഥി എന്നത് നിലനില്‍ക്കും എന്ന് തന്നെയാണ് മനസ്സിലാവുന്നതും. മൂന്നാം ലോക രാജ്യങ്ങളിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ ലോകത്തെ ആ വഴിക്ക് ചിന്തിപ്പിക്കുന്നു. അഭയാര്‍ഥികളോടുള്ള നിലപാട് മതം നോക്കിയല്ല. അതൊരു മാനുഷിക നിലപാടാണ്. നുഴഞ്ഞു കയറ്റവും അഭയാര്‍ഥികളും രണ്ടാണ്. ഒന്നാമത്തേത് ഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

രണ്ടാമത്തേത് ദുരന്തങ്ങള്‍ മുഖേന സംഭവിക്കുന്നതും. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ ഉണ്ടെന്നത് ശരിയാണ്, അതിനു തക്കതായ കാരണവുമുണ്ട്. ആ നാടുകളിലെ രാഷ്ട്രീയ സാമൂഹിക അവസ്ഥ എന്നെ പറയാന്‍ കഴിയൂ. രണ്ടു രീതിയില്‍ വിഷയത്തെ കൈകാര്യം ചെയ്യണം എന്നാണ് അന്താരാഷ്ട്ര മര്യാദ എന്ന് മനസ്സിലാവുന്നു. ഒന്നുകില്‍ അവര്‍ വന്ന നാട്ടിലേക്കു തന്നെ അവരെ തിരിച്ചയക്കുക. അതെ സമയം എന്ത് കൊണ്ടാണ് അവര്‍ വന്നത് എന്ന കാരണം മനസ്സിലാക്കി ആ നാട്ടിലെ സര്‍ക്കാരുമായി ചേര്‍ന്ന് വിഷയത്തിന് ഒരു രാഷ്ട്രീയ പരിഹാരം കാണുക. അല്ലെങ്കില്‍ ഈ നാട്ടില്‍ തന്നെ അവര്‍ക്ക് പൗരത്വം നല്‍കുക. ഇത് രണ്ടും മാനുഷിക പരിഗണന വെച്ച് കൊണ്ടാണ് തീരുമാനിക്കേണ്ടത്.

അവിടെയാണ് സംഘ് പരിവാര്‍ എല്ലാ മാനുഷിക പരിഗണയും കാറ്റില്‍ പറത്തി അവിടെയും വര്‍ഗീയത കൊണ്ട് വരുന്നത്. തങ്ങള്‍ ഹിന്ദുക്കളുടെ മാത്രം സര്‍ക്കാര്‍ എന്നാണ് അവര്‍ പറഞ്ഞു വരുന്നത്. ഇന്ത്യയില്‍ ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്തുക എന്നതാണ് അവര്‍ നടപ്പില്‍ വരുത്താന്‍ ആഗ്രഹിക്കുന്ന രീതി. അത് നമ്മുടെ ഭരണ ഘടനക്കു തീര്‍ത്തും എതിരും. അത് മനസ്സിലാക്കാനുള്ള ചെറിയ ബുദ്ധി പോലും മതേതര കക്ഷികള്‍ക്ക് ഇല്ലാതെ പോകുന്നു. എല്ലാ മാനുഷിക മൂല്യങ്ങളെയും വെല്ലുവിളിച്ചാണ് സംഘ പരിവാര്‍ രംഗത്തു വരുന്നത്. അത് കൊണ്ട് തന്നെയാണ് ഈ തിരഞ്ഞെടുപ്പ് പ്രാധാന്യമേറുന്നതാണെന്ന് നമുക്ക് നിരന്തരം പറയേണ്ടി വരുന്നത്.

Facebook Comments
Show More

Related Articles

Close
Close