Columns

അമിത് ഷാക്ക് ആള് മാറി!

‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വീരമൃത്യു വരിച്ച 10,000 മുസ്‌ലിംകളുടെ പേരുവിവരം തരാം. ഒരൊറ്റ ആര്‍ എസ് എസ്ുകാരന്റെ പേര് തരാമോ?’ എന്ന് സംഘ് പരിവാറിനെ വെല്ലുവിളിച്ചത് സ്വാമി അഗ്‌നിവേഷ് ആയിരുന്നു. അതാണ് ചരിത്രം. ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റ് മാത്രം ആ അതുല്യചരിത്രം ഉച്ചൈസ്ഥരം ഉദ്‌ഘോഷിക്കുന്നുണ്ട് (അവിടെ കൊത്തിവെച്ച സ്വാതന്ത്ര്യസമര രക്തസാക്ഷികളില്‍ 60% വും മുസ് ലിംകളത്രെ!)

ഒരു സമുദായം എന്ന നിലയില്‍ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവുമധികം പങ്കുവഹിച്ചത് മുസ് ലിംകളാണെന്നത് വസ്തുത മാത്രം. ചരിത്രം വീണുറങ്ങുന്ന സ്ഥലപ്പേരുകള്‍ മാറ്റിയതുകൊണ്ടോ, പൗരത്വ പട്ടികയുടെ മറപറ്റി മുസ്‌ലിംകളെ ഭീഷണിപ്പെടുത്തിയതുകൊണ്ടോ മറച്ചുവെക്കാന്‍ പറ്റുന്നതല്ല ഇക്കാര്യങ്ങള്‍. (ഭീവണ്ടികളും ഭഗത്പൂരുകളും നെല്ലികളും ഗുജറാത്തുകളും കശ്മീരുകളും പിന്നെ വ്യാജ ഏറ്റുമുട്ടലുകളും പശുക്കൊലകളും രാമന്റെ പേരിലുള്ള കൊന്നൊടുക്കലുകളും കൊണ്ട് തീര്‍ന്നിട്ടില്ലല്ലോ ‘പ്രശ്‌നം’!) വിശ്വാസിക്കൂട്ടങ്ങള്‍ മരിച്ചു വീഴാന്‍ തയ്യാറായതുകൊണ്ടാണ് വിശ്വാസം ഇവിടെ ചുണയോടെ ജീവിക്കുന്നതെന്ന് അലി ശരീഅത്തി പറഞ്ഞത് വെറുതെയല്ല

അനന്യസാധാരണമാണ് ലോകത്ത് ഏറ്റവും വലിയ മുസ്‌ലിം സമൂഹങ്ങള്‍ പാര്‍ക്കുന്ന പട്ടികയിലുള്ള ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളും മറ്റും സ്വന്തം നാട്ടിനു നല്‍കിയ സംഭാവനകള്‍. അത് അനശ്വര പ്രണയത്തിന്റ കഥ പറയുന്ന താജ്മഹലിലോ, കുത്തബ് മിനാറിലോ, ചെങ്കോട്ടയിലോ, ഫത്തേപ്പൂര്‍ സിക്രിയിലോ, ആഗ്രകോട്ടയിലോ, ഹുമയൂണ്‍ മൃതികുടീരത്തിലോ, മുഗള്‍ ഗാര്‍ഡനിലോ, ഗസലിലോ, കബാബിലോ, സംഗീതത്തിലോ, കലയിലോ, വര്‍ണാങ്കിത പരവതാനിയിലോ, മനോഹരമായ നാണയങ്ങളിലോ, നഗര നിര്‍മ്മിതിയിലോ, ഡല്‍ഹിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഗ്രാന്റ് ട്രങ്ക് റോഡിലോ അവസാനിക്കുന്നതല്ല!

വൈദേശികാധിപത്യങ്ങള്‍ക്കുനേരെ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ആദ്യത്തെ ചിന്താവിസ്‌ഫോടനം സൃഷ്ടിക്കപ്പെട്ടത് നവോത്ഥാന നായകനും പരിഷ്‌കര്‍ത്താവുമായ ശാഹ് വലിയുല്ലാഹിദ്ദഹ് ലവിയില്‍ നിന്നത്രെ. അദ്ദേഹത്തിന്റെ മകനും ഇമാമുല്‍ ഹിന്ദു മായ ശാഹ് അബ്ദുല്‍ അസീസ് അതിന്റെ നൈരന്തര്യം നില നിര്‍ത്തി. അദ്ദേഹത്തിന്റെ ശിഷ്യന്‍ സയ്യിദ് അഹ്മദ് ശഹീദാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് ആഴത്തിലുള്ളഅടിത്തറ പണിത ‘വഹാബി പ്രസ്ഥാനം’ എന്ന സംഘടിത സായുധ വിമോചന സംവിധാനം കെട്ടിപ്പടുത്തത്. ബീഹാറിലെ മൗലാനാ ഇനായത് അലിയും വിലായത് അലിയും പുറപ്പെടുവിച്ച, വൈദേശികാടിമത്വത്തിനെതിരെ പടപൊരുതല്‍ മുസ്‌ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണെന്ന തിട്ടൂരം (ഫത് വ) രാജ്യത്തുടനീളം കോളിളക്കം സൃഷ്ടിച്ചു.

പിന്നെ മൗലവി ശരീഅത്തുല്ല നയിച്ച ബംഗാളിലെ ഫറാഇദീ പ്രസ്ഥാനം, അലി സഹോദരന്മാര്‍ (മൗലാനാ മുഹമ്മദലിയും ശൗക്കത്തലിയും) ഊര്‍ജ്ജം പകര്‍ന്ന ഖിലാഫത്ത് പ്രസ്ഥാനം, പണ്ഡിത ശ്രേഷ്ഠന്മാരുടെ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമയും ദയൂബന്ദ് പ്രസ്ഥാനവും, ആലി മുസ്‌ല്യാരും വാരിയന്‍ കുന്നത്തും നയിച്ച മലബാര്‍ സമരങ്ങള്‍ (അതിനു മുമ്പ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂംമാരും ഖാദി മുഹമ്മദും ഖാദിഅബ്ദുല്‍ അസീസും നാല് കുഞ്ഞാലി മരക്കാര്‍മാരും മമ്പുറം തങ്ങന്മാരും സയ്യിദ് അലവി തങ്ങള്‍, ഫദല്‍പൂക്കോയ തങ്ങള്‍ വെളിയങ്കോട് ഉമര്‍ ഖാദിയും സനാഉല്ലാഹ് മക്തി തങ്ങളും… അങ്ങനെ ഒട്ടു വളരെപ്പേര്‍ നയിച്ച സാംസ്‌കാരിക സായുധ സമരങ്ങള്‍ വേറെ! )

ഹൈദരലി ഖാനും മകന്‍ ടിപ്പു സുല്‍ത്താനും ദക്ഷിണേന്ത്യയില്‍ നടത്തിയ ധീരോദാത്തമായ സാമ്രാജ്യത്വ വിരുദ്ധ ചെറുത്തുനില്‍പ്പുകള്‍… 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ചിന്താപരമായ ദിശാബോധം നല്‍കിയത് ‘ഫൈദാബാദ് മൗലവി’ എന്നറിയപ്പെടുന്ന മൗലവി അഹ്മദുല്ലയും ദല്‍ഹിയിലെ പണ്ഡിത പ്രമുഖന്‍ ഫദ്‌ലുല്‍ ഹഖ് ഖൈറാബാദിയുമായിരുന്നു. ദയൂബന്ദ് സ്ഥാപകന്‍ മൗലാനാ മുഹമ്മദ് ഖാസിം നാനൂതവിയും മൗലാനാ റശീദ് അഹ്മദ് ഗങ്കോഹിയും നേതൃത്വം നല്‍കിയ വിപ്ലവം അരങ്ങേറിയതു തന്നെ ദയൂബന്ദിന്നടുത്ത മുളഫര്‍നഗറിലെ ഥാനഭവനിലാണ്.

ഒന്നാം സ്വാതന്ത്ര്യ സമര ശില്‍പികള്‍ എന്ന നിലയില്‍ മുസ് ലിംകള്‍ക്കു നേരെ ബ്രിട്ടന്‍ അതിക്രൂരമായ കൊലകളും മര്‍ദ്ദനങ്ങളും വിവേചനങ്ങളുമാണ് നടപ്പാക്കിയത്. ദല്‍ഹിയില്‍ മാത്രം 27,000 മുസ്‌ലിംകളെ തൂക്കിക്കൊന്നു!

ഈ സമരത്തിന്റെ മുന്നില്‍ നിന്നു എന്ന ഒറ്റക്കാരണത്താല്‍ അവസാന മുഗള്‍ ചക്രവര്‍ത്തി കൂടിയായ ബഹദൂര്‍ ഷാ സഫറിനെ റങ്കൂണിലേക്ക് നാടുകടത്തി.. ക്രൂരമായി പീഡിപ്പിച്ചു..ഷാക്ക് വിളമ്പിയ ഭക്ഷണത്തളികയില്‍ ബ്രിട്ടീഷ് ഭീകരന്മാര്‍ ഷായുടെ രണ്ടു മക്കളുടെ തലകള്‍ വെട്ടി വെച്ചു!

ശൈഖ് മഹ്മൂദ് ഹസനും ശൈഖ് ഉബൈദുല്ല സിന്ധിയും നയിച്ച ബ്രിട്ടീഷ് വിരുദ്ധ വിപ്ലവങ്ങള്‍, അഫ്ഗാന്‍ പ്രവാസ ഗവ:, ദൈവിക സേന, പട്ടുതൂവാല സംഭവം….. എന്നിങ്ങനെ ഒട്ടേറെയുണ്ട് സമ്പന്നമായ ഇന്ത്യന്‍ മുസ്‌ലിം പൈതൃകം. അനശ്വര രക്തസാക്ഷികളായ അശ്ഫാഖുല്ലാ ഖാന്‍,ഷേര്‍ അലി ഖാന്‍,വക്കം അബ്ദുല്‍ ഖാദര്‍…

മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടത് ഇന്ത്യക്ക് ‘പുത്രികാരാജ്യ’ പദവി നല്‍കാനായിരുന്നു.എന്നാല്‍ ഇസ്‌ലാമിക പണ്ഡിതരാണ് ആദ്യമായി ‘സമ്പൂര്‍ണ സ്വാതന്ത്ര്യം’ എന്ന ആശയം മുന്നോട്ടുവെച്ചത്. നമ്മുടെദേശീയ പതാകയുടെ ശില്‍പി സുരയ്യ ത്വയ്യിബ്ജി എന്ന മുസ്‌ലിം സ്ത്രീയായിരുന്നു.’ഇന്‍ക്വിലാബ് സിന്ദാബാദ് ‘ എന്ന മുദ്രാവാക്യം സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ആദ്യമായി ഉയര്‍ത്തിയത് ഹസ്രത് മൊഹാനി എന്ന അഗ്‌നിസ്ഫുലിംഗ സമാനനായ കവിയാണ്. ധീരയായ സ്വാതന്ത്ര്യ സമര നായികയാണ് ബീഗം ഹസ്രത് മഹല്‍, അലി സഹോദരന്മാരുടെ മാതാവായ ആബിദാ ബീഗം (ബീ ഉമ്മ)…. ഇങ്ങനെയിങ്ങനെ മുഖ്യധാരയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്ത ചരിത്ര സംഭവങ്ങള്‍ നിരവധിയാണ്. അതിനാല്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത, ബ്രിട്ടീഷ് കാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത പാരമ്പര്യമുള്ള സംഘ് പരിവാര്‍ നേതാക്കള്‍, അവര്‍ ആരായാലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയാലും ഇന്ത്യന്‍ മുസ് ലിംകളുടെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ തെല്ലും വളര്‍ന്നിട്ടില്ല.

Facebook Comments
Related Articles
Show More
Close
Close