Columns

നിന്ന് കത്തുന്ന ആമസോണ്‍ മഴക്കാടുകള്‍

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ നിന്ന് കത്താന്‍ തുടങ്ങിയിട്ട് 17 ദിവസങ്ങളായി. ഇതിനോടകം ഹെക്ടര്‍ കണക്കിന് വനഭൂമിയാണ് കത്തിനശിച്ചത്. ലോകത്തിലെ ഓക്‌സിജന്റെ 20 ശതമാനവും ഉത്പാദിപ്പിക്കുന്നത് ആമസോണ്‍ ആണെന്നതാണ് കാടിന്റെ മറ്റൊരു പ്രത്യേകത. കാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കടുത്ത തീയും പുകയും ഉയരുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നെങ്കിലും തീയണക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ എങ്ങുമെത്തിയില്ല. പതിവുപോലെ വിഷയത്തില്‍ രാഷ്ട്രീയ വിവാദങ്ങളും ഇതിനകം ഉടലെടുത്തു. വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ മുറവിളികള്‍ ഉയര്‍ന്നെങ്കിലും ഇടപെടേണ്ട രാഷ്ട്രങ്ങള്‍ മൗനം പാലിക്കുന്നതാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാന്‍ കാരണം. ആമസോണ്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സമരങ്ങള്‍ ശക്തമാണ്.

ഫ്രാന്‍സ്, ബ്രിട്ടന്‍, അര്‍ജന്റീന,കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ് ഇമ്മാനുവേല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍,ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ്,ഓസ്‌കാര്‍ ജേതാവ് ലിയനാര്‍ഡോ ഡികാപ്രിയോ തുടങ്ങി നിരവധി പ്രമുഖര്‍ ആമസോണിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഓഗസ്റ്റ് ഒന്‍പതിനാണ് ആമസോണ്‍ കത്താന്‍ തുടങ്ങിയത്. കാട്ടില്‍ നിന്നുള്ള തീയും പുകയും മൂടി ഭീകരമായ ബ്രസീലിന്റെ വിവിധ നഗരങ്ങളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. കാട്ടുതീയുടെ ഭീതി വെളിവാക്കുന്നതായിരുന്നു ഈ ചിത്രങ്ങള്‍. ബ്രസീലിനു പുറമെ ബൊളീവിയ,പെറു എന്നീ രാഷ്ട്രങ്ങളിലും ആമസോണ്‍ മേഖല വ്യാപിച്ചു കിടക്കുന്നുണ്ട്.

വനത്തിന്റെ 60 ശതമാനവും സ്ഥിതി ചെയ്യുന്ന ബ്രസീല്‍ തീ നിയന്ത്രിക്കാന്‍ യാതൊരു നടപടിയും എടുക്കുന്നില്ല എന്നതാണ് ഏറെ പ്രതിഷേധത്തിനു വകവെച്ചത്. തുടര്‍ന്ന് അന്താരാഷ്ട്ര പ്രതിഷേധങ്ങളുടെ സമ്മര്‍ദ്ദ ഫലമായി ശനിയാഴ്ചയാണ് ബ്രസീല്‍ തീയണക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതേസമയം ബാഹ്യ ഇടപെടല്‍ അംഗീകരിക്കില്ലെന്നും കൂടുതല്‍ സൈന്യത്തെ തീയണക്കാന്‍ അയക്കുമെന്നുമാണ് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനരൊ ശനിയാഴ്ച പ്രസ്താവിച്ചത്. പ്രശ്‌നത്തില്‍ വിദേശരാജ്യങ്ങള്‍ ഇടപെടേണ്ടെന്നും കര്‍ഷകര്‍ അനധികൃതമായി തീയിട്ടത് കൊണ്ടാവാം കാട്ടുതീ ഉണ്ടായതെന്നുമാണ്് അദ്ദേഹം പറഞ്ഞൊഴിയുന്നത്. അതേസമയം, പ്രകൃതി സമ്പത്ത് വിനിയോഗിക്കണമെന്നും വനം വെട്ടിത്തെളിച്ച് കൃഷി പ്രോത്സാഹിപ്പിക്കണമെന്ന നിലപാട് കൈകൊള്ളുന്നയാളാണ് ബ്രസീലില്‍ അടുത്തിടെ അധികാരത്തിലേറിയ ബൊല്‍സനാരോ.

ലോകത്ത് 20 ശതമാനം ശുദ്ധജലം ഒഴുകുന്നത് ആമസോണ്‍ നദിയിലൂടെയാണ്. ലോകത്തെ പത്ത് ശതമാനം ജീവിവര്‍ഗങ്ങളും നാല്‍പതിനായിരത്തിലധികം സസ്യവര്‍ഗങ്ങളും മുപ്പതിനായിരത്തോളം പഴവര്‍ഗങ്ങളും കൊണ്ട് സമ്പല്‍സമൃദ്ധമാണ് ആമസോണ്‍ മഴക്കാടുകള്‍.

കഴിഞ്ഞ വര്‍ഷവും മേഖലയില്‍ കാട്ടു തീ പടര്‍ന്നിരുന്നെങ്കിലും ഇത്രത്തോളം വ്യാപിച്ചിരുന്നില്ല. കഴിഞ്ഞ തവണത്തേക്കാള്‍ 80 ശതമാനമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. ഏറെ ജൈവ കലവറയുള്ള ആമസോണിന്റെ നാശം വമ്പിച്ച പ്രത്യാഘാതങ്ങള്‍ക്കും പാരിസ്ഥിതിക ഭീഷണിക്കും കാരണമാകുമെന്നാണ് ഭൗമ ശാസ്ത്രജ്ഞരും ഗവേഷകരും നല്‍കുന്ന മുന്നറിയിപ്പ്. രൂക്ഷമായ അളവിലുള്ള പുകയും പൊടിപടലങ്ങളും മറ്റു വാതകങ്ങളുമാണ് കാട്ടില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ഉയരുന്നത്.

ഇതും വലിയ രീതിയിലുള്ള വായു മലിനീകരണത്തിനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നുണ്ട്. 99 ശതമാനവും മനുഷ്യരുടെ കൈക്കടത്തലുകള്‍ മൂലമാണ് കാട്ടു തീയുടെ ഉത്ഭവമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ ലോകത്തിന്റെ ജൈവ കലവറയെ സംരക്ഷിക്കാന്‍ ലോകമൊന്നടങ്കം മുന്നോട്ടു വന്നില്ലെങ്കില്‍ വന്‍ പാരിസ്ഥിതിക ആഘാത്തിന് നാം സമീപ ഭാവിയില്‍ സാക്ഷ്യം വഹിക്കേണ്ടി വരും.

Facebook Comments
Related Articles
Show More
Close
Close