Current Date

Search
Close this search box.
Search
Close this search box.

അല്ലൻബി പാലം / കറാമ ബ്രിഡ്ജ്

സമുദ്ര നിരപ്പിൽനിന്ന് 430 മീറ്റർ താഴെ ഭൂമിയിലെ ഏറ്റവും lowest point ലേക്ക് അമ്മാൻ നഗരത്തിൽനിന്നും ഡെഡ് സീ ഹൈവേ താണ്ടി ഏതാണ്ട് 50 കിലോ മീറ്റർ ഡ്രൈവ് ചെയ്ത് എത്തിയതാണ്. വലതു വശത്തുകൂടി പോയാൽ ചരിത്ര പ്രാധാന്യമുള്ള അല്ലൻബി ബ്രിഡ്ജ്. കിംഗ് ഹുസൈൻ ബ്രിഡ്ജെന്ന് ജോർദാൻ ഇതിനെ പുനർ നാമകരണം ചെയ്തിട്ടുണ്ട്. അപ്പുറത്ത് അധിനിവേശ ഫലസ്തീൻ പ്രദേശത്തെ ജെറിക്കോ നഗരം. ഹൈവേയിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് പിന്നെയും 15 കിലോ മീറ്റർ സഞ്ചരിച്ചാൽ അറബിയിൽ ബഹർ അൽ മയ്യിത്ത് എന്നു വിളിക്കുന്ന ചാവു കടൽ (Dead Sea). പേരിൽ കടൽ ഉണ്ടെങ്കിലും ഇതൊരു ഉപ്പ് തടാകമാണ്. സാധാരണ സമുദ്രങ്ങളിൽ കാണുന്നതിന്റെ പത്തു മടങ്ങാണ് ഇവിടെ ഉപ്പിന്റെ സാന്നിധ്യം. അമ്പത് കിലോ മീറ്റർ നീളവും 15 കിലോ മീറ്റർ വീതിയുമുള്ള ചാവു കടൽ ജോർദാനിലും ഇസ്രായിലിലുമായി വ്യാപിച്ചു കിടക്കുന്നു. ജോർദാൻ നദിയുടെ ശാഖയാണിത്. ചാവു കടലിന്റെ കരയിൽനിന്നും അല്ലൻബി ബ്രിഡ്ജിൽനിന്നും അധിനിവേശ പ്രദേശങ്ങൾ കാണാം.

പറഞ്ഞുവന്നത് അല്ലൻബി പാലത്തെ പറ്റിയാണല്ലോ. കറാമ ബ്രിഡ്ജെന്നും ഈ പാലത്തിനു പേരുണ്ട്. വിശുദ്ധ ഖുദ്സ് (ജറുസലം) ഓട്ടോമൻ ഭരണത്തിലുള്ള കാലത്ത് 1885ലാണ് ജോർദാൻ നദിക്ക് കുറുകെ പാലം പണിതത്. തകർന്ന പാലത്തിന്റെ സ്ഥാനത്ത് ബ്രിട്ടീഷ് ജനറൽ എഡ്മണ്ട് അല്ലൻബി 1918ൽ പുതിയ പാലം പണിതെങ്കിലും 1927ലുണ്ടായ ഭൂകമ്പത്തിൽ തകർന്നു. ബ്രിട്ടീഷ് മാൻഡേറ്റിലുള്ള ഫലസ്തീൻ മണ്ണിൽനിന്ന് തദ്ദേശീയരെ തുരത്താനുള്ള സയണിസ്റ്റ് ഭീകര പ്രസ്ഥാനമായ ഹാഗന്നയുടെ ഗൂഡ പദ്ധതികളുടെ ഭാഗമായി 1944നും 47നുമിടയിൽ അവർ ആസൂത്രണം ചെയ്ത ഓപ്പറേഷൻ മാർക്കോലെറ്റാണ് (നൈറ്റ് ഓഫ് ദ് ബ്രിഡ്ജസ് എന്നും പേരുണ്ട്) അല്ലൻബി പാലം തകർത്ത മറ്റൊരു സംഭവം. ഫലസ്തീനെ അയൽ പ്രദേശങ്ങളായ ട്രാൻസ് ജോർദാൻ (ഇന്നത്തെ ജോർദാൻ), ഈജിപ്ത്, ലെബനാൻ, സിറിയ എന്നിവയുമായി ബന്ധിപ്പിക്കുന്ന 11 പാലങ്ങൾ തകർക്കലായിരുന്നു ഹാഗാന്നയുടെ ഓപറേഷൻ വിഭാഗമായ പാൽമച്ചിന്റെ പദ്ധതി. 1967ലെ യുദ്ധത്തിൽ സയണിസ്റ്റ് സേന ഒരിക്കൽ കൂടി പാലം ബോംബിട്ട് തകർത്തു. അടുത്ത വർഷം ഇവിടെ താൽക്കാലിക പാലം പണിതു. ഇസ്രായേൽ-ജോർദാൻ സമാധാന കരാറിനു ശേഷം 1994ലാണ് ജാപ്പാനീസ് സർക്കാരിന്റെ സഹായത്തോടെ ആധുനിക രീതിയിലുള്ള പാലം പണിയുന്നത്.

2014 മാർച്ച് 10ന് ഈ ചെക് പോയിന്റ് വഴി അധിനിവേശ ഫലസ്തീനിലേക്ക് പ്രവേശിക്കവേ ഒരു ജോർദാനിയൻ ജഡ്ജിയെ സയണിസ്റ്റ് സുരക്ഷാ ഭടൻ വെടിവെച്ചു കൊന്ന സംഭവം ഓർമയിലുണ്ട്. മുപ്പത്തെട്ടുകാരനായ റായിദ് സയിതർ നിയമ വിരുദ്ധമായി അതിർത്തി കടന്നതല്ല. അല്ലൻബി ബ്രിഡ്ജ് വഴിയെന്നല്ല, ഒരു ചെക്ക് പോയന്റ് വഴിയും അനധികൃതമായി അധിനിവേശ ഭൂമിയിലേക്ക് കടക്കാനാവില്ല. പി. എച് ഡി ഹോൾഡറായിരുന്നു റായിദ്. അതിന് ഒരു മാസം മുൻപാണ് അദ്ദേഹം ഉൾപ്പെടെ 30 പേരെ ജോർദാനിയൻ ജൂഡിഷ്യൽ കൗൺസിൽ ജഡ്ജിമാരായി പ്രൊമോട്ട് ചെയ്തത്. ഇസ്രായേൽ ഭടന്റെ തോക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചപ്പോൾ വെടിവെച്ചുവെന്ന പതിവ് സയണിസ്റ്റ് ഭാഷ്യം അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ അവിടത്തെ മീഡിയ പോലും തയ്യാറായില്ല. സി സി റ്റിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ജോർദാൻ അധികൃതർ ആവശ്യപ്പെട്ടപ്പോൾ ക്യാമറ പ്രവർത്തിച്ചിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഓട്ടിസം ബാധിച്ച ഒരു യുവാവിനെ കിഴക്കൻ ജറുസലം നഗരത്തിൽ കഴിഞ്ഞ വർഷം ആകാരണമായി വെടിവെച്ചു കൊന്നപ്പോഴും ഇതേ മറുപടിയാണ് അവർ നൽകിയത്.

കിംഗ് ഹുസൈൻ ക്രോസിങ് വഴി വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലമിലും പോകുന്ന യാത്രക്കാർ ഇസ്രായേൽ സൈനികരുടെ ഗ്രില്ലിങ്ങിനു വിധേയമാകേണ്ടി വരുന്ന സംഭവങ്ങൾ നിരവധിയാണ്.

Related Articles