”പാലിയം സ്‌കൂളില്‍ പഠിപ്പു മുടക്കിയ വിദ്യാര്‍ത്ഥികളെ നേരിടാന്‍ വന്ന ഗുണ്ടകളുടെ ആക്രമണത്തില്‍ അള്ളാ ബക്‌സിന് കുത്തേറ്റു.”
”കുഞ്ചി എന്നൊരു ദളിത് യുവതിയെ കുടിയിറക്കാന്‍ പോലീസുകാരനായ ജൂഡ പോലീസ് കള്ളക്കേസ് കൊടുത്തു. കുഞ്ചിയെ അറസ്റ്റ് ചെയ്ത് കോട്ടയില്‍കോവിലകത്ത് ഉണ്ടായിരുന്ന പോലീസ് ഔട്‌പോസ്റ്റില്‍ എത്തിച്ചു. ഈ സമയം കോട്ടയില്‍ കോവിലകത്തെ രാഷ്ട്രീയ പ്രമുഖരായ അള്ളാ ഭിക്ഷ, എ ഐ ജലീല്‍, അബ്ദുള്‍ സമദ് എന്നിവര്‍ എസ് ഐ യെ കാണാന്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും കുഞ്ചിക്ക് വേണ്ടി സംസാരിക്കുകയും ചെയ്തു.”
”കുത്ത്‌കൊണ്ട് അവശനായി നിലത്ത് വീണ് പിടഞ്ഞ സഖാവ് രാഘവനെ അന്ന് പാലിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും സ്റ്റുഡന്‍സ് ഫെഡറേഷന്‍ പ്രവര്‍ത്തകരുമായിരുന്ന അള്ളാ ബക്‌സ്, കെ സി പ്രഭാകരന്‍ തുടങ്ങിയവരാണ് കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. രാഘവനെ പൊടി മണ്ണില്‍ നിന്നും പൊക്കിയെടുത്ത് ആശുപത്രിയില്‍ എത്തിച്ച അള്ളാ ബക്‌സ് പാലിയം സത്യാഗ്രഹത്തിന്റെ നെടുനായകരില്‍ ഒരാളായിരുന്ന എ ഐ ജലീലിന്റെ സഹോദരനാണ്.”
അയിത്ത ജനതക്ക് വഴി നടക്കുവാനുള്ള ചരിത്ര പ്രസിദ്ധമായ പാലിയം സമരത്തിന്റെ ചരിത്രമെഴുതിയ പലരും പലതരത്തില്‍ ആവര്‍ത്തിച്ചതാണ്, അപൂര്‍വമായ അല്ലാ ബക്ഷ് എന്ന നാമം. ആര്‍ജവവും തന്റേടവും സ്ഥൈര്യവും സമര്‍പ്പണവും വിപ്ലവബോധവും ഒന്നുപോലെ സമ്മേളിച്ച ആ വ്യക്തിത്വത്തിന് പൂര്‍ണത നല്‍കുകയായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനം.
ആവേശം കൊള്ളിക്കുന്ന അനേകം മാതൃകകള്‍ നല്‍കിക്കൊണ്ടാണ് എര്‍ണാകുളം ജില്ലയിലെ മന്നത്തെ അല്ലാ ബക്ഷ് മടങ്ങിയത്. നാനാതരം വ്യക്തിത്വങ്ങളിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തെ അല്ലാഹു എത്രമേല്‍ അനുഗ്രഹിച്ചിട്ടുണ്ട് എന്ന് ഓര്‍മപ്പെടുത്തുകയാണ് ഇത്തരമാളുകളുടെ വിട.
ഇടപ്പള്ളിയില്‍ അധ്യാപകനായി ജോലിയ ചെയ്യവെ കൊച്ചിയിലെ ഫ്രൈഡേ ക്ലബുമായി ബന്ധപ്പെട്ടു. ഫ്രൈഡേ ക്ലബിന്റെ സ്ഥാപകരില്‍ ഒരാളായ കോട്ടയത്തെ ഇ കെ അബ്ദുല്‍ ഖാദറാണ് അല്ലാ ബക്ഷിനെ ജമാഅത്തെ ഇസ്‌ലാമിയിലേക്ക് വഴി നടത്തിയത്. വായിച്ചും പ്രവര്‍ത്തകരുമായി സംസാരിച്ചും പ്രസ്ഥാനത്തെ മനസ്സിലാക്കിയ അദ്ദേഹം മാള അബ്ദുസ്സലാം മൗലവിയുടെയും ടി കെ മുഹമ്മദ് സാഹിബിന്റെയും ക്ഷണപ്രകാരം വാരാന്തയോഗങ്ങളില്‍ പങ്കെടുക്കാനാരംഭിച്ചു. അതോടെ എര്‍ണാകുളം ജില്ലയില്‍ അശ്രാന്ത പരിശ്രമത്തിനുടമയായ, ആര്‍ജവമുള്ള ഒരു നേതാവിനെ കൂടി ഇസ്‌ലാമിക പ്രസ്ഥാനത്തിന് ലഭിക്കുകയായിരുന്നു. കൊച്ചി ഒഴികെയുള്ള എര്‍ണാകുളം ജില്ലയിലെ എല്ലാ ഭാഗങ്ങളുമുള്‍ക്കൊള്ളുന്ന ആലുവ ഫര്‍ഖയുടെ നേതൃത്വം അദ്ദേഹത്തെ ഏല്‍പിച്ചു. സംസാരിക്കുന്ന ആര്‍ക്കും ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ച് മതിപ്പും അഭിമാനവും തോന്നുന്ന പ്രകൃതമായിരുന്നു അല്ലാ ബക്ഷിന്റെത്. ആളുകളുടെ ദുരിതവും പ്രയാസവും പരിഹരിക്കുന്നതിന് കരുതലില്ലാതെ ഇറങ്ങിപ്പുറപ്പെടും. ആരും നിനക്കാത്ത പരിഹാരവും അദ്ദേഹം കണ്ടെത്തിയിരിക്കുമെന്നതിന് അനേകം ഉദാഹരണങ്ങള്‍ ആ ജീവിതത്തിലുണ്ട്. അല്ലാഹു കനിഞ്ഞേകിയ ശരീര പ്രകൃതവും സംസാര, പെരുമാറ്റ ശൈലികളും സന്നദ്ധതയും അദ്ദേഹത്തിന്റെ പേരിനെ അന്വര്‍ഥമാക്കുന്ന രീതിയില്‍ അദ്ദേഹത്തിന് സഹായകമായിട്ടുണ്ട്. അധ്യാപക ജോലി ഒഴിവാക്കി എഫ് എ സി ടി യില്‍ ഉദ്യോഗസ്ഥാനായി ചേര്‍ന്നതോടെ കൂടുതല്‍ സമയം പ്രസ്ഥാന പ്രവര്‍ത്തനത്തിന് നീക്കിവെച്ചു.
കുറേയധികം പ്രവര്‍ത്തിക്കുക എന്നത് മാത്രമല്ല, ഈടുവെപ്പുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി. പിന്നീട് മധ്യകേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായ എര്‍ണാകുളം ഇസ്‌ലാമിക് സെന്റര്‍, മുവാറ്റുപുഴ വനിതാ ഇസ്‌ലാമിയാ കോളജ്, മന്നം പറവൂരിലെ നിരവധി ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഭാവനയോടൊപ്പം സമ്പത്തും പങ്കുവഹിച്ചിട്ടുണ്ട്. ജില്ലയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന പല പ്രദേശങ്ങളിലും പ്രസ്ഥാനത്തിനനുയോജ്യരായവരെ കണ്ടെത്തുന്നതിലും പ്രസ്ഥാനത്തില്‍ അണിനിരത്തുന്നതിലും അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടി അനല്‍പമായ പങ്കുവഹിച്ചിട്ടുണ്ട്.
കെ സി, ടി കെ, സിദ്ദീഖ് ഹസന്‍ തുടങ്ങിയ മുന്‍ ഹല്‍ഖാ അമീറുമാര്‍ പല ഉത്തരവാദിത്തങ്ങളും അദ്ദേഹത്തെ ഏല്‍പ്പിച്ചപ്പോഴൊക്കെയും അതേറ്റെടുക്കുകയും സംതൃപ്തി നല്‍കുന്ന വിധത്തില്‍ പര്യവസാനത്തിലെത്തിക്കുകയും ചെയ്തു. ഇന്ന് നാം കാണുന്ന ഐ ആര്‍ ഡബ്ലിയുവിനെ നിര്‍ണയിക്കുന്നതില്‍ അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ സമ്പത്തും സമയവും ഏറെ പങ്കുവഹിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ പ്രാസ്ഥാനികവല്‍ക്കരണത്തിലും ശ്രദ്ധ പതിപ്പിച്ചു. ചേന്ദമംഗലൂരിലേക്കും എടവനക്കാട്ടേക്കും താമസം മാറ്റിയത് കുട്ടികളുടെ ദീനി, പ്രാസ്ഥാനിക വിദ്യാഭ്യാസം ലക്ഷ്യം വെച്ചായിരുന്നു.
ലാളിത്യം, അഭിപ്രായ പ്രകടനങ്ങളിലെ സുബദ്ധത, തന്റെ അഭിപ്രായങ്ങളെ വിമര്‍ശിക്കുന്നതിന് ശാന്തമായി കേള്‍ക്കാനും തിരുത്താനുമുള്ള സന്നദ്ധത, അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍ എന്നിവ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രകടഭാവങ്ങളായിരുന്നു.
അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ ജന്നാതുല്‍ ഫിര്‍ദൗസില്‍ ഒരുമിപ്പിക്കട്ടെ.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1