Current Date

Search
Close this search box.
Search
Close this search box.

എല്ലാ കണ്ണുകളും തുറന്നു വെച്ച് വേണം ജീവിക്കാൻ

സമാധാനത്തിന്റെ ഒരു വാർത്തയും കേൾക്കാനില്ല എന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. ദേശീയ അന്താരാഷ്‌ട്ര മേഖലകളിൽ നിന്നും വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ കൂടുതൽ ആശങ്കകൾ സൃഷ്ടിക്കുന്നു. ദേശീയ തലത്തിൽ നമ്മെ ആശങ്കപ്പെടുത്തുന്ന വാർത്ത പൗരത്വ നിയമമായിരുന്നു. അതിനെതിരെ നാടൊട്ടുക്കും പ്രതിഷേധങ്ങൾ നടന്നു വരുന്നു. അതിന്റെ മറവിൽ നാട്ടിൽ വർഗീയ കലാപങ്ങളും വംശഹത്യകളും നാടമാടുന്നു.

ഒരു പാട് മുറവിളികൾക്കു ശേഷമാണു പാർലിമെന്റിൽ ദൽഹി വംശീയ ഉന്മൂലനത്തെ കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായത്. അവസാനം മറുപടി പ്രസംഗത്തിൽ ആഭ്യന്തര മന്ത്രി എല്ലാം പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടിവെച്ചു സമർത്ഥമായി കൈകഴുകി. കുറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും മന്ത്രി പറയുന്നു. ആ കേസുകളുടെ അവസാനം എന്താകും എന്നതിന് നമ്മുടെ മുന്നിൽ കുറെ ഉദാഹരണങ്ങളുണ്ട്. അതിലപ്പുറം ഇതും പോകില്ല എന്നുറപ്പാണ്. കപിൽ സിബിൽ രാജ്യസഭയിൽ പറഞ്ഞത് പോലെ ആദ്യം സർക്കാർ പറഞ്ഞത് ” സ്വമേധയാ” ഉണ്ടായി എന്നായിരുന്നു. പക്ഷെ ഇപ്പോൾ സർക്കാർ ” ഗൂഡാലോചന” എന്നതിലേക്ക് മാറിയിരിക്കുന്നു. ഇനി സർക്കാർ മുന്നോട്ടു പോകുക ഈ ഗൂഡാലോചന എന്നതിൽ കയറിപ്പിടിച്ചാവും. കലാപത്തിന് കൃത്യമായി ആഹ്വനം നൽകിയ ബി ജെ പി നേതാക്കളെ കുറിച്ച് ഒരക്ഷരം പോലും മന്ത്രി പറഞ്ഞില്ല എന്നത് സൂചന നൽകുന്നതും അങ്ങോട്ട് തന്നെ.

നാട്ടിൽ കൊറോണ രോഗത്തിന്റെ ഭാഗമായി പലയിടത്തും പ്രതിഷധങ്ങൾ നിർത്തിവെച്ചിരിക്കുന്നു. ഇപ്പോൾ ലോകത്തിന്റെ വിഷയം മഹാമാരി തന്നെ. ഈ സമയം സംഘ് പരിവാർ ഉപയോഗപ്പെടുത്തുന്നില്ല എന്നതിൽ നാം ജാഗ്രത കാണിക്കണം. പുതിയ ഒന്ന് വരുമ്പോൾ പഴയതു മറക്കുക എന്നത് മനുഷ്യ സഹജമാണ്. ഏപ്രിൽ ഒന്ന് മുതൽ സെൻസസ് ആരംഭിക്കും. ഇന്നലെ മന്ത്രി പാർലിമെന്റിൽ പറഞ്ഞത് വിവരങ്ങൾക്ക് അടിസ്ഥാനമായി ഒരാളോടും ഒരു രേഖയും ചോദിക്കില്ല എന്നായിരുന്നു. അതില്ലാത്തതിന്റെ പേരിൽ ഒരാളുയും സംശയത്തിൽ നിർത്തില്ല എന്നും പറഞ്ഞിരുന്നു. പൗരത്വ വിഷയത്തിൽ അമിത്ഷായും മോദിയും പാർലിമെന്റിൽ പറഞ്ഞത് പലപ്പോഴും മാറ്റി പറഞ്ഞിരുന്നു. അവിടെയാണ് ജാഗ്രത എന്ന പ്രയോഗത്തിന് സാധ്യത വർദ്ധിക്കുന്നത്.  ഗൗരവത്തോടെ ജീവിതത്തെ നേരിടുന്ന ജനതയുടെ വിശേഷണമാണ് ജാഗ്രത. അതില്ലാതായാൽ ശത്രു അവസരം ഉപയോഗപ്പെടുത്തും. മക്കയിലും മദീനയിലും ഇസ്ലാം ജീവിച്ചത് ചുറ്റുമുള്ള ശത്രുക്കളുടെ ഇടയിലാണ്. വിശ്വാസികൾക്കിടയിൽ കുഴപ്പവും കുത്തിത്തിരിപ്പും സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചു കൊണ്ടിരുന്നത്. അതിലൂടെ മുസിംകളെ ഇല്ലാതാക്കുക എന്ന വംശീയ ഉന്മൂലനവും അവർ ആഗ്രഹിച്ചിരുന്നു.

Also read: ഡല്‍ഹി വംശഹത്യ: മൂന്ന് ദിവസത്തിനിടെ സംഘ്പരിവാര്‍ തകര്‍ത്തത് 14 പള്ളികള്‍

ജാഗ്രത എന്നത് ഒരു ആഭ്യന്തര സംസ്കരണത്തിന്റെ കൂടി ഭാഗമാണ്. വിശ്വാസികളുടെ സ്വഭാവമായി അത് മാറണം. യുദ്ധ സമയത്തുള്ള നമസ്കാരത്തിൽ പോലും ശത്രുവിനെ കുറിച്ച ജാഗ്രത കൈമോശം വരരുത് എന്നാണു ഖുർആൻ പറഞ്ഞത്. അങ്ങിനെ സംഭവിച്ചാൽ ശത്രു നിങ്ങളുടെ മേൽ ചാടിവീഴും എന്നും ഖുർആൻ പറയുന്നു. പുതിയ സാഹചര്യങ്ങളിൽ പൗരത്വ വിഷയത്തിൽ നിന്നും സമുദായത്തിന്റെ ശ്രദ്ധ തെറ്റിപ്പോകുന്നത് സംഘ പരിവാർ കാത്തിരിക്കുന്നു. ആസാമിൽ നേരിട്ട പോലെ ഒരവസ്ഥ ഇന്ത്യ മുഴുവൻ നേരിടുന്നില്ല. അതെ സമയം ഒരു കാര്യം ഉറപ്പാണ്. ആസാമിൽ ചോദിച്ചത് പോലെ രേഖ ചോദിച്ചാൽ അധികം പേർക്കും നൽകാൻ കഴിയില്ല. അത് കഴിയാത്തവർ അവരുടെ പൗരത്വം തെളിയിക്കണം. അപ്പോൾ സി എ എ നിയമ പ്രകാരം ചിലർ മാത്രം പ്രതി പട്ടികയിൽ വരും. ഇന്ത്യൻ സ്വാതത്ര സമരത്തിന് ശേഷം ഇന്ത്യൻ ജനത മൊത്തം ഒന്നിച്ചു നിന്ന സമരം നാം വേറെ കണ്ടിട്ടില്ല. സാധാരണ രീതിയിൽ ഇന്ത്യയുടെ ആഭ്യന്തര കാര്യം എന്ന് പറഞ്ഞു മാറി നിന്നിരുന്ന പല രാജ്യങ്ങളും കൂട്ടായ്മകളും ഈ വിഷയത്തിൽ ധീരമായ അഭിപ്രായം പറഞ്ഞു. അതോടൊപ്പം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചു മുസ്ലിം സമുദായം ഒന്നിച്ചു നിന്ന് എന്നതും ഈ സമരത്തിന്റെ പ്രത്യേകതയാണ്.

കൂട്ടായ്മയെ പൊളിക്കാൻ പലരും പല രീതിയിലും രംഗത്തു വന്നെങ്കിലും വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട സമൂഹം തികഞ്ഞ ജാഗ്രതയോടെ ഒറ്റക്കെട്ടായി മുന്നോട്ടു പോയി . ആ സമീപന രീതി നാം ഇനിയും കൈക്കൊള്ളണം. കൊറോണ വയറസിന്റെ കാര്യത്തിലും ആ ജാഗ്രത ആവശ്യമാണ്. അതിലൂടെ മാത്രമേ ദുരന്തങ്ങളെ നമുക്ക് അതിജയിക്കാൻ കഴിയൂ. തങ്ങളുടെ ചുറ്റുഭാഗത്തു എന്ത് സംഭവിക്കുന്നു എന്ന തിരിച്ചറിവ് ജീവിക്കുന്ന സമൂഹത്തിനു അനിവാര്യമാണ്. മനുഷ്യനെ അശ്രദ്ധനാക്കി മാറ്റുക എന്നതാണ് പിശാചിന്റെ മുഖ്യ ജോലിയാണ്. അതും പ്രതീക്ഷിച്ചാണ് സംഘ പരിവാർ കാത്തിരിക്കുന്നത്.

സംഘ പരിവാർ കൊണ്ട് വന്ന പല ഫാസിസ്റ്റു തീരുമാനവും നാം അറിയാതെ പോയിട്ടുണ്ട്. കൃത്യമായ ഗൂഡാലോചനയിലൂടെ അവർ പലതും നടപ്പാക്കി. കാര്യമായ എതിർപ്പുകൾ അവർക്കു നേരിടേണ്ടി വന്നിട്ടില്ല. അതെ സമയം പൗരത്വ നിയമം അതുപോലെയായില്ല. ഇന്ത്യയിൽ നിന്ന് മാത്രമല്ല വിദേശ രാജ്യങ്ങളിൽ നിന്നും ഐക്യ രഷ്ട്ര സഭയിൽ നിന്ന് സർക്കാരിന് എതിർപ്പുകൾ നേരിടേണ്ടി വന്നു. അത് കൊണ്ട് തന്നെ സംഘ പരിവാറിന് പുറകോട്ടു പോകേണ്ടി വന്നു എന്ന് പറയുന്നതാണ് ഉചിതം. നിയമങ്ങൾ ഉണ്ടാക്കേണ്ടത് പാര്ലിമെന്റിലാണ്. അതിൽ വിശ്വാസമില്ല എന്നതാണ് അവരുടെ നിലപാട്. അത് കൊണ്ട് തന്നെ എല്ലാ കണ്ണുകളും തുറന്നു വെച്ച് വേണം നാം ജീവിക്കാൻ. ഒരിക്കൽ അടിതെറ്റിയാൽ പിന്നീട് തിരിച്ചു വരാൻ വളരെ ബുദ്ധിമുട്ടും.

Related Articles