Columns

കത്തലടങ്ങാത്ത യൂറോപ്പ്

യൂറോപ്പും സമാന ചിന്താഗതി പുലർത്തുന്ന രാജ്യങ്ങളും ശാന്ത സുന്ദരമായ ഉറക്കം ആസ്വദിക്കുമ്പോൾ മുസ്ലിം രാജ്യങ്ങൾ പ്രശ്ന സങ്കീർണതകളിൽ പെട്ട് കത്തിയമരുകയാണ് എന്ന പ്രചാരണം തുടങ്ങിയിട്ടു കാലം കുറെയായി. ബഹുജന മാധ്യമങ്ങളുടെ ആഗമനത്തോടെ ശക്തിപ്പെട്ട ഈ കള്ള പ്രചാരണം പെട്ടെന്നൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. മുസ്ലിം വെറുപ്പ് ബാധിച്ചവർ കണ്ണ് അടച്ചാലും തുറന്നാലും മുസ്ലിം രാജ്യങ്ങളുടെ ദയനീയാവസ്ഥയുടെ ചിത്രം മാത്രമേ അവരുടെ മനസ്സിൽ തെളിയുകയുള്ളു. മുസ്ലിം രാജ്യങ്ങളിൽ ആറക്ക ശമ്പളം പറ്റി അവിടങ്ങളിലെ പ്രശാന്തതയിൽ അന്തി ഉറങ്ങുന്നവരും കണ്ണടച്ചാൽ കാണുന്നത് അന്യമതസ്ഥരെ തല്ലി കൊല്ലുന്ന മുസ്ലിം രാജ്യങ്ങളുടെ ചിത്രം മാത്രമാണ്.

ഇതു പറയുമ്പോഴാണ് ഓർമ വരുന്നത്. ഒരിക്കൽ ഒരു ഉദ്യോഗസ്ഥ പ്രഭു എന്നോട് ചോദിച്ചു.

“തന്റെ ഈ മുസ്ലിം രാജ്യങ്ങളിൽ മാത്രം എന്താണ് ഈ പ്രശ്നങ്ങൾ”

ഞാൻ വിട്ടില്ല. ചോദിച്ചു കൊണ്ടിരുന്നു.

സർ, ലക്ഷങ്ങളുടെ ജീവനെടുത്ത ഫ്രഞ്ച് വിപ്ലവത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
ഉണ്ട്. അതിൽ മുസ്ലിങ്ങൾ ഒരു കക്ഷിയായിരുന്നോ?
ഇല്ല.

ഇരു ഭാഗത്തും ക്രിസ്ത്യാനികൾ ആയിരുന്നില്ലേ?
അതെ

ഞാൻ വീണ്ടും ചോദിച്ചു.

Also read: സ്നേഹിക്കാനറിയാത്ത ലോകത്തെ കുറിച്ച് ഒരു ഫലസ്തീനിയുടെ വ്യാകുലതകള്‍

സർ, ഏതാണ്ട് അമ്പതിനായിരം പേർക്ക് ജീവൻ നഷ്ടപ്പെട്ട അമേരിക്കൻ സ്വതന്ത്ര സമരത്തിൽ മുസ്ലിങ്ങൾ കക്ഷിയായിരുന്നോ? ഇല്ല. സ്വതന്ത്ര്യ സമര സേനാനികളും അവരെ അടിച്ചമർത്തിയിരുന്ന ബ്രിട്ടീഷുകാരും ഇരു കൂട്ടരും ക്രിസ്ത്യൻ മത വിഭാഗക്കക്കാർ ആയിരുന്നു.

സർ, ഏതാണ്ട് ഏഴു ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ട അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ മുസ്ലിങ്ങൾ കക്ഷിയായിരുന്നോ?

ആയിരങ്ങളെ കൊന്നു കളഞ്ഞ അമേരിക്കൻ സ്പാനിഷ് യുദ്ധത്തിൽ മുസ്ലിങ്ങൾ വല്ല പങ്കും വഹിച്ചിരുന്നോ?

ഒരു കോടി ജനങ്ങൾ കൊല്ലപ്പെട്ട ഫിലിപ്പൈൻ ആഭ്യന്തര യുദ്ധത്തിൽ ഇരു കക്ഷികളും മുസ്ലിങ്ങളായിരുന്നില്ലല്ലോ?

രണ്ടാം ലോകയുദ്ധ കാലത്തു ജപ്പാൻ ചൈനയിൽ നടത്തിയ കടന്നു കയറ്റത്തിൽ കൊല്ലപ്പെട്ടത് 24 ലക്ഷം മനുഷ്യരാണ്. സോവിയറ്റ് യൂണിയൻ ഭരണ കാലത്തു ആ രാജ്യങ്ങലെ ഭരണ കർത്താക്കൾ കൊന്നു തള്ളിയത് കോടികളെയാണ്. ഹിറ്റ്ലരുടെ നരനായാട്ട് പ്രശസ്തമാണല്ലോ.

ജർമനി, ഇറ്റലി, പോളണ്ട്, ബ്രിട്ടൺ, റഷ്യ, തുടങ്ങിയ രാജ്യങ്ങൾക്കകത്തും അവർ പരസ്പരവും നടത്തിയ ഒട്ടനവധി യുദ്ധങ്ങളെ കുറിച്ച കേട്ട് കേൾവി മാത്രമേ മുസ്ലിങ്ങൾക്ക് ഒള്ളൂ. അവർക്ക് അത്തരം യുദ്ധങ്ങളിലൊന്നും ഒരു പങ്കുമുണ്ടായിരുന്നില്ല.

മുസ്ലിം രാജ്യങ്ങൾ അല്ലാതിരുന്നിട്ടും എന്ത് കൊണ്ടാണ് ആ രാജ്യങ്ങളിൽ ഇത്രയും ജീവ നാശങ്ങൾ സംഭവിച്ചത്?

തുടർച്ചയായ എന്റെ ചോദ്യങ്ങൾക്ക് സഹിക്ക വയ്യാതെ അയാൾ ഇടയിൽ കയറി പറഞ്ഞു.

“അക്കാലത്തു ആ രാജ്യങ്ങളിൽ ജനാധിപത്യം ഉണ്ടായിരുന്നില്ല. സ്വേഛാധിപതികളെ തൂത്തെറിയാൻ സമരങ്ങൾ ആവശ്യമായിരുന്നു”.

Also read: അനൈക്യത്തിലെ അപഹാസ്യത: അരുന്ധതി റോയി അനാവരണം ചെയ്തപ്പോൾ

താങ്കളുടെ ഉത്തരം ശരിയാണ്. ഇന്നത്തെ മുസ്ലിം രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മുസ്ലിം രാജ്യങ്ങളിൽ മിക്കതിലും സ്വേച്ഛാധിപതികളുടെ സ്വൈര വിഹാരം അരങ്ങു തകർക്കുകയാണ്. മനുഷ്യാവകാശങ്ങൾക്ക് പുല്ലു വില കൽപ്പിക്കാത്ത ഭരണാധികാരികളാണ് മിക്ക രാജ്യങ്ങളിലും. ശുദ്ധ ജനാധിപത്യം പുലരുന്നത് വരെ മുസ്ലിം രാജ്യങ്ങൾ സംഘർഷഭരിതമായി തന്നെ തുടരും. ഒരു കാലത്തു മുസ്ലിം രാജ്യങ്ങളിലും ജനാധിപത്യം കാലുറപ്പിക്കും. അന്ന് സുസ്ഥിര ജനാധിപത്യം നേടിയെടുത്ത യൂറോപ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്നതു പോലെയുള്ള സമാധാന അന്തരീക്ഷം മുസ്ലിം രാജ്യങ്ങളിലും പൂത്തുലയും.

അല്പം മനസാക്ഷി യുള്ള ആളായിരുന്നതിനാൽ തല്കാലത്തിനെങ്കിലും അദ്ദേഹം എന്റെ ഉത്തരം ശരിവെച്ചു.

ഇസ്ലാമിക രാജ്യങ്ങളെ പ്രശ്ന കലുഷിത മേഖലകളായും ഇസ്ലാമിനെ പ്രശ്ന ഹേതുവായും ചിത്രീകരിക്കുന്നവർ കത്തലടങ്ങാത്ത യൂറോപ്യൻ രാഷ്ട്രങ്ങൾ ഇപ്പോഴും അവശേഷിക്കുന്ന വിവരം അറിയാതെ പോവുകയാണോ?

റഷ്യ, ഉക്രൈൻ, പോളണ്ട്, ലിത്വാനിയ, ലാത്വിയ തുടങ്ങിയ രാഷ്ട്രങ്ങളുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ യൂറോപ്പിലെ ബെലറസ് എന്ന രാജ്യം ഉദാഹരണം. രണ്ടാം ലോക മഹായുദ്ധത്തിൽ ബെലറസിലെ പകുതി ജനങ്ങളും കൊല്ലപ്പെട്ടിരുന്നു. പഴയ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ബെലറസ് 1991 ഓഗസ്റ്റ് 25 ന് സ്വാതന്ത്ര്യം നേടി. 1994 മുതൽ കഴിഞ്ഞ 26 വർഷമായി അലക്സാണ്ടർ ലുകഷങ്കോ എന്ന ഒരു സ്വേച്ഛാധിപതിയാണ് ഈ രാജ്യം ഭരിക്കുന്നത്. കഴിഞ്ഞ ആഗസ്ത് 9 ന് നടന്ന തെരഞ്ഞടുപ്പിൽ തനിക്ക് 80 ശതമാനം വോട്ടു കിട്ടിയതായി പ്രഖ്യാപിച് അലക്സാണ്ടർ തന്റെ ദുർഭരണം തുടരുകയാണ്. ശേഷം തെരഞ്ഞടുപ്പ് അട്ടിമറി ആരോപിച്ചു പൊതുജനം ബെലറസിൽ സമരത്തിലാണ്. ധാരാളം പേര് ഇതിനകം സമരത്തിൽ കൊല്ലപ്പെട്ടു. നൂറു കണക്കിനാളുകൾ സുരക്ഷാ വിഭാഗത്തിന്റെ കടുത്ത പീഡന മുറകൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഭരണാധികാരിക്ക് എതിരെയുള്ള സമരത്തിൽ പങ്കുചേർന്ന നിരായുധരായ പൗരന്മാർക്ക് നേരെ തടവറകളിൽ പോലീസ് നടത്തുന്ന മൂന്നാം മുറകൾ ലോക വാർത്താ മാധ്യമങ്ങളിൽ സുലഭമാണ്.

Also read: സെൽഫ് എക്സ്‌പ്ലോറിങ്ങ് എന്നാൽ..

പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നവര്‍ക്കു മീതേ തോക്കുമായി ബെലറസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകഷങ്കോ ഹെലികോപ്റ്ററില്‍ റോന്ത് ചുറ്റുകയുണ്ടായി. തലസ്ഥാനനഗരിയായ മിന്‍സ്കില്‍ പതിനായിരങ്ങള്‍ നടത്തുന്ന പ്രക്ഷോഭത്തിനു മീതേ പറക്കുന്ന വിഡിയോ ലുകഷങ്കോ തന്നെയാണ് പുറത്തുവിട്ടത്.

കറുത്ത വസ്ത്രവും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും അണിഞ്ഞ് തോളില്‍ തോക്കും തൂക്കിയിട്ട് തലസ്ഥാന നഗരിയായ മിന്‍സ്കിന്‍റെ വിവിധ ഭാഗങ്ങളിലാണ് ലുകഷങ്കോ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയത്. പ്രക്ഷോഭകര്‍ എലികളെപ്പോലെ ഓടുകയാണ് എന്ന് പരിഹസിക്കുന്നതും വീഡിയോയിൽ വ്യക്തമായി കേള്‍ക്കാം. മറ്റൊരു ദൃശ്യത്തില്‍ തോക്കുമായി സൈനികരുടെ അകമ്പടിയില്‍ വന്നിറങ്ങുന്നതും കാണാം. പതിനഞ്ചുകാരനായ മകന്‍ കോല്യയും സൈനിക യൂണിഫോമിൽ തോക്കുമായി ഒപ്പമുണ്ട്.

സമരാഗ്നി അടങ്ങുന്നില്ലങ്കിൽ ജന മുന്നേറ്റത്തെ അടിച്ചമർത്താനായി ബെലറസിലേക്ക് സൈന്യത്തെ അയക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചിരിക്കയാണ്. ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച് പടിഞ്ഞാറൻ രാജ്യങ്ങളും രംഗത്തുണ്ട്. ചുരുക്കത്തിൽ സ്വേച്ഛാധിപത്യവും അതിനെതിരെയുള്ള ജനമുന്നേറ്റങ്ങളും അനുബന്ധമായി ഉണ്ടാവുന്ന രക്തച്ചൊരിച്ചിലുകളും മുസ്ലിം രാഷ്ട്രങ്ങളിൽ മാത്രം കണ്ടു വരുന്ന പ്രതിഭാസങ്ങളല്ല.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker