അമ്പതിനായിരം കൊല്ലത്തെ ജനവാസ ചരിത്രമാണ് അഫ്ഗാനിസ്ഥാൻ അവകാശപ്പെടുന്നത്. ചരിത്രത്തിൽ വളരെ കുറച്ചു കാലം മാത്രമാണ് അവിടെ ഒരു സ്ഥിരം സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നത്. മറ്റെവിടെയും പോലെ അഫ്ഗാനും വിദേശ ആധിപത്യത്തിൽ കഴിഞ്ഞിട്ടുണ്ട്. റഷ്യൻ സൈന്യം അഫ്ഗാനിസ്ഥാൻ കീഴടക്കുന്നതിനു മുമ്പ് ബ്രിട്ടീഷുകാർ ഈ ഭൂമി കയ്യടക്കിയിട്ടുണ്ട്.
ഇന്നും അഫ്ഗാനിസ്ഥാൻ അസ്വസ്ഥതകളിലൂടെ കടന്നു പോകുന്നു. റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി നടന്ന സ്വതന്ത്ര സമര ചരിത്രത്തിനു ശേഷവും അഫ്ഗാൻ സമാധാനത്തിന്റെ അവസ്ഥ അറിഞ്ഞിട്ടില്ല. റഷ്യൻ സൈന്യത്തിനെതിരെ ഒന്നിച്ചു നിന്ന സമരക്കാർ പിന്നെ പരസ്പരം യുദ്ധം ചെയ്യുന്നതും നാം കണ്ടു. അതിനിടയിൽ ഉയർന്നു വന്ന താലിബാൻ എല്ലാവരെയും മറികടന്നു അഫ്ഗാൻ മണ്ണിലെ അതി ശക്തമായ സാന്നിധ്യമായി മാറുന്നതും നമ്മുടെ അനുഭവമാണ്. അഫ്ഗാനിസ്ഥാനിൽ എന്ത് നടക്കുന്നു എന്ന് നാം അറിയുന്നത് വിദേശ വാർത്താ മാധ്യമങ്ങൾ വഴിയാണ്. അഫ്ഗാനിസ്ഥാനിലെ വലിയ മതം ഇസ്ലാമാണ് എന്നതിനാൽ തന്നെ ആർ എന്തൊക്കെ ചെയ്താലും അത് മതത്തിന്റെ പേരിൽ വരവ് വെക്കാനാണ് നമ്മുടെ നാട്ടിൽ പലർക്കും താല്പര്യം.
അവമതിക്കപ്പെടുന്ന മനുഷ്യവകാശ വാർത്തകളാണ് അവിടെ നിന്നും വന്നു കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു മനുഷ്യ ജീവൻ അവിടെ ഇല്ലാതായി. ഒരു കണക്കനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിധവകളും അനാഥ കുട്ടികളുമുള്ള രാജ്യം എന്ന ബഹുമതി ഒരിക്കൽ അഫ്ഗാനിസ്ഥാനായിരുന്നത്രേ. അഫ്ഗാൻ ഭൂപ്രകൃതി കാരണം അവിടെ ഭീകരർക്ക് ഒളിച്ചു താമസിക്കാൻ എളുപ്പമാണത്രേ . അത് കൊണ്ട് തന്നെ അൽ ഖാഇദയും അതിന്റെ നേതാവും അഫ്ഗാൻ മണ്ണിലായിരുന്നു താവളമടിച്ചത് എന്ന പടിഞ്ഞാറൻ ആരോപണം നാം പലകുറി കേട്ടതാണ്. അഫ്ഗാൻ മണ്ണിൽ ഒളിച്ചിരിക്കുന്ന World Trade Centre ആക്രമണത്തിന്റെ സൂത്രധാരൻ ഉസാമ ബിൻ ലാദിനെ അമേരിക്കക്ക് കൈമാറാൻ വിസമ്മതിച്ചു എന്നതാണ് ഒരിക്കൽ അഫ്ഗാൻ മണ്ണിലേക്ക് അമേരിക്കൻ സൈന്യം ഇരച്ചു കയറാൻ കാരണം.
അന്ന് അഫ്ഗാനിസ്ഥാൻ ഭരണം താലിബാന്റെ കയ്യിലായിരുന്നു. പരസ്പരം യുദ്ധം ചെയ്തിരുന്ന അഫ്ഗാനിസ്ഥാൻ സമൂഹത്തിലേക്കു അവിചാരിതമായാണ് താലിബാൻ കടന്നു വന്നത്. മത പഠന ശാലയിലെ വിദ്യാർഥികൾ എന്നാണു അന്നവർക്ക് നൽകിയ വിശേഷണം. അവരുടെ കയ്യിൽ ആധുനിക ആയുധങ്ങൾ എങ്ങിനെ വന്നുപെട്ടു എന്നത് മറ്റൊരു ചോദ്യം. റഷ്യൻ അധിനിവേശത്തിന്റെ ബാക്കി പത്രമായി അഫ്ഗാൻ മണ്ണിൽ ഏറ്റവും സുലഭമായി ലഭിക്കുന്ന ഒന്നായി ആയുധങ്ങൾ മാറിയിരുന്നു. ശീത സമര കാലത്ത് അഫ്ഗാനിസ്ഥാൻ അമേരിക്കക്ക് ഒരു വിഷയമായിരുന്നു. റഷ്യൻ തകർച്ചക്ക് ശേഷം അമേരിക്കക്ക് അഫ്ഗാൻ ഒരു നഷ്ടക്കച്ചവടം മാത്രം. താലിബാനെ അഫ്ഗാൻ മണ്ണിൽ നിന്നും തുരത്തി കർസായി സർക്കാരിനെ കൊണ്ട് വന്നപ്പോൾ പിന്നെ ആ സർക്കാരിനെ സംരക്ഷിക്കൽ അമേരിക്കൻ ബാധ്യതയായി തീർന്നു. പാകിസ്താൻ ഇറാൻ എന്നിവരുടെ രാഷ്ട്രീയ താല്പര്യങ്ങളും അഫ്ഗാനിസ്ഥാനിലെ നില വഷളാക്കി.
താലിബാൻ നടപ്പാക്കി എന്ന് പറയപ്പെടുന്ന ഭരണ പരിഷ്കാരങ്ങൾ ഒരു പാട് ചർച്ച ചെയ്യപ്പെട്ടതാണ്. അതും നമുക്ക് വിദേശ മാധ്യമങ്ങൾ പറഞ്ഞ അറിവ് മാത്രമാണ്. അധികാരത്തിൽ നിന്നും പോയിട്ടും താലിബാൻ അഫ്ഗാൻ രാഷ്ട്രീയത്തിലെ ഒരു ശക്തിയായി എണ്ണപ്പെട്ടു. അത് കൊണ്ടാണ് വൻ ശക്തികൾ അവരുമായി ചർച്ച ചെയ്യേണ്ടി വന്നതും. കഴിഞ്ഞ വര്ഷം ദോഹയിൽ വെച്ച് നടന്ന ചർച്ചയിൽ ഇക്കൊല്ലം സെപ്തംബർ മാസത്തോടെ അമേരിക്കൻ സൈന്യം പൂർണമായി അഫ്ഗാൻ മണ്ണിൽ നിന്നും പുറത്തു പോകും എന്ന് സമ്മതിച്ചിരുന്നു. ഇനി മുതൽ അഫ്ഗാനിസ്ഥാൻ സർക്കാരിന്റെ സുരക്ഷ അഫ്ഗാൻ സൈന്യം തന്നെ നോക്കണം എന്നാണ് വ്യവസ്ഥ. അറിഞ്ഞിടത്തോളം അഫ്ഗാൻ മണ്ണിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിൽ രൂക്ഷമായ സംഘട്ടനം നടക്കുന്നു. രണ്ടു കൂട്ടരും വിജയം അവകാശപ്പെടുന്നു. അഫ്ഗാനിസ്ഥാൻറെ കുറെ പ്രദേശങ്ങൾ താലിബാൻ കയ്യടക്കി വെച്ചിരിക്കുന്നു എന്നത് സത്യമാണ്.