2023 ലെ അന്താരാഷ്ട്ര വനിതാദിനത്തില്‍ ഷുക്കൂര്‍ വക്കീലും ഭാര്യ ഷീനയും (മഹാത്മാ ഗാന്ധി സര്‍വ്വകലാശാലാ മുന്‍ പ്രോ വൈസ് ചാന്‍സലര്‍, മഞ്ചേശ്വരം ലോ കാമ്പസ് ഡയറക്ടര്‍) ഒന്നുകൂടി പരസ്പരം മാലയിടാനും താലികെട്ടാനും തീരുമാനിച്ചു എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ച.
ഷുക്കൂർ വക്കീലിൻ്റെ വിവരണമനുസരിച്ച്, ഇവര്‍ തമ്മിലുള്ള ആദ്യ വിവാഹം 1994 ല്‍ തികച്ചും മതപരമായ ഒരു വിവാഹമായി നടന്നതാണ്. അതില്‍ മൂന്ന് പെണ്‍മക്കളെ അല്ലാഹു അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്‍റെ പിതാവിനാവട്ടെ ഒന്നിലധികം ആണ്‍മക്കളെ നല്കി അനുഗ്രഹിച്ചിരുന്നു. മക്കളെ നല്‍കുന്നതും നല്കാതിരിക്കുന്നതും ആണിനെ മാത്രം നല്‍കുന്നതും പെണ്ണിനെ മാത്രം നല്‍കുന്നതും ആണിനെയും പെണ്ണിനെയും നല്‍കപ്പെടുന്നതുമൊക്കെ മനുഷ്യന്‍റെ തെരഞ്ഞെടുപ്പില്‍ പെട്ടതല്ല എന്ന് സാരം.
അതേ സ്രഷ്ടാവിന്‍റെയും നിയന്താവിന്‍റെയും സംരക്ഷണം കൊണ്ടുതന്നെയാണ് തവിടുപൊടിയായ വാഹനത്തില്‍ നിന്ന് അത്ഭുതകരമായി വക്കീൽ രക്ഷപ്പെട്ടതും. സീറ്റ് ബെല്‍റ്റ് ഒരു കാരണം മാത്രം. കാര്യകാരണബന്ധങ്ങള്‍ ഈ ലോകത്ത് തവക്കുലിന്റെ (ദൈവത്തില്‍ ഭരമേല്‍പ്പിക്കല്‍) ഒരു അടിസ്ഥാനമാണല്ലോ. വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട തഖ് വ (സൂക്ഷ്മത)യാണ് സീറ്റ് ബെല്‍റ്റ് ധരിക്കല്‍; അത് ഉള്ളപ്പോഴാണ് അല്ലാഹുവിന്‍റെ കാവലും കരുതലും ലഭിക്കുക. അതിനുമപ്പുറം താങ്കള്‍ക്ക് ഈ ലോകത്ത് അനുവദിച്ച ആയുസ്സ് എത്തിയിട്ടില്ല എന്നതാണ് അടിസ്ഥാനകാരണം. ആയുസ്സ് എത്തിയാല്‍ സീറ്റ് ബെല്‍റ്റൊന്നും മരണത്തിന് തടസ്സവുമാവുന്നില്ല.
താങ്കളുടെ മരണശേഷം ബാക്കിയിരുപ്പ് എന്തൊക്കെ എന്ന് ആലോചിക്കുന്നതിന് മുമ്പേ ഇസ്ലാമികമായി ജീവിക്കുന്ന കുടുംബത്തില്‍ നടക്കുന്നത് അനാഥരായ കുട്ടികളുടെ സംരക്ഷണം സംബന്ധമായ ചര്‍ച്ചയായിരിക്കും. അതാണ് ഇസ്ലാമിക-ഭൌതിക വീക്ഷണങ്ങള്‍ തമ്മിലുള്ള അന്തരം. അവകാശങ്ങള്‍ അന്വേഷിക്കുന്നതിന് മുമ്പേ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് മുസ്ലിം കുടുംബവ്യവസ്ഥ; അങ്ങിനെയാണ് ആവേണ്ടത്.
മൂന്ന് പെണ്‍മക്കളുള്ള താങ്കളുടെ സ്വത്ത് അവര്‍ക്ക് മാത്രം കിട്ടണം എന്ന് ശഠിക്കുന്നത് സങ്കുചിതമായ വീക്ഷണമാണ്. ഞാനും കെട്ട്യോളും കുട്ട്യോളും മാത്രം എന്നത് തികഞ്ഞ മൌഢ്യമാണ്. മനുഷ്യകുലം നിലനില്‍ക്കുന്നത് തന്നെ പരസ്പരസഹകരണത്തിലൂടെ മാത്രമാണ്. പണം ഉണ്ടായതുകൊണ്ടു മാത്രം ഒരാള്‍ക്ക് സന്തോഷമായി ജീവിക്കാന്‍ കഴിയുമോ? സുരക്ഷിതത്വം ലഭിക്കുമോ? കുടുംബപരമായ, സാമൂഹികമായ സുരക്ഷിതത്വമാണ് മനുഷ്യനെ ജീവിപ്പിക്കുന്നത്. അവശ്യഘട്ടത്തില്‍ തനിക്ക് അവലംബമാകാന്‍ സഹോദരങ്ങളും കുടുംബക്കാരും കൂടെയുണ്ട് എന്നതാണ് ഒരാളുടെ ഭൌതികമായ ഏറ്റവും വലിയ ധൈര്യം.
സമ്പത്തിന്‍റെ പരമമായ ഉടമസ്ഥാവകാശം അല്ലാഹുവിനുള്ളതാണ്. കുറച്ചുകാലത്തേക്കുള്ള താല്‍ക്കാലിക ഉടമസ്ഥാവകാശം മാത്രമാണ് മനുഷ്യന് നല്കപ്പെട്ടിരിക്കുന്നത്. അക്കാലമത്രയും മനുഷ്യന്‍ അതില്‍ ഉടമസ്ഥൻ എന്ന നിലയിൽ കൈകാര്യസ്വാതന്ത്ര്യവും ഉള്ളവനാണ്. എന്നാല്‍ മരണത്തോടെ അത് അവസാനിക്കുന്നു; സ്വത്ത് തിരികെ അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥനായ അല്ലാഹുവിലേക്ക് പോകുന്നു. അവന്‍ അത് അവന്‍ നിശ്ചയിച്ച അവകാശികള്‍ക്ക്, അവന്‍ നിര്‍ണ്ണയിച്ച ഓഹരി അനുസരിച്ച് പുനര്‍വിതരണം നടത്തുന്നു. ഓരോ മനുഷ്യനും അനന്തരം ലഭിച്ചത് ഇങ്ങിനെ ചില വ്യവസ്ഥകളിലൂടെ ആയിരുന്നു. ഇതാണ് ഇസ്ലാമിന്‍റെ വ്യവസ്ഥ.
ഒരാള്‍ മരണപ്പെടുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍, മാതാപിതാക്കള്‍, മക്കള്‍ എന്നിവരാണ് അനന്തരസ്വത്തിന്‍റെ അടിസ്ഥാന അവകാശികള്‍. (വക്കീലിന്‍റെ വാദപ്രകാരം മക്കള്‍ക്ക് മാത്രം മതി; മാതാപിതാക്കള്‍ക്കും ഭാര്യക്കും പോലും ഒരാളുടെ സ്വത്തില്‍ അവകാശം വേണ്ടതില്ല എന്നാണ്) ഇവര്‍ ഇല്ലാത്ത കേസുകളില്‍ അവര്‍ക്ക് അപ്പുറമുള്ള ബന്ധുക്കളെ പരിഗണിക്കും. അങ്ങിനെ പരിഗണിക്കപ്പെടുന്നവര്‍ പൌത്ര-പൌത്രിമാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, പിതൃസഹോദരന്‍മാര്‍, അവരുടെ മക്കള്‍, പിതാവിന്‍റെ പിതൃസഹോദരന്‍മാര്‍, അവരുടെ മക്കള്‍ എന്നിങ്ങനെ വിപുലമായ ഒരു ഘടനയാണ്. ഇവര്‍ക്കൊക്കെ ഓഹരി അവകാശം ലഭിക്കുന്നു എന്നതിനേക്കാള്‍, അവര്‍ അനാഥരെ ഏറ്റെടുക്കുന്ന വലിയ്യ് (രക്ഷിതാവ്) ആയിത്തീരുന്നു എന്നതാണ് അടിസ്ഥാനം. പരേതന് സ്വത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ വലിയ്യ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒരാള്‍ക്കും ഒഴിവാകാന്‍ വകുപ്പില്ല. അത് അല്ലാഹുവിന്‍റെ മുന്നില്‍ സമാധാനം ബോധിപ്പിക്കേണ്ട ബാധ്യതയാണ് എന്നാണ് ഇസ്ലാമിന്‍റെ വീക്ഷണം.
മക്കളുടെ ഓഹരി അവകാശം താഴെ പറയും പ്രകാരമാണ്.
1. ഒരു മകള്‍ മാത്രം: മരണപ്പെടുന്ന മാതാവിന്‍റെയോ പിതാവിന്‍റെയോ സന്താനമായി ഒരു മകള്‍ മാത്രമേ ഉള്ളൂവെങ്കില്‍, മൊത്തം സ്വത്തിന്‍റെ പകുതി അവള്‍ക്ക് ലഭിക്കും.
2. ഒന്നിലധികം പെണ്‍കുട്ടികള്‍ മാത്രം: മരണപ്പെടുന്ന മാതാവിന്‍റെയോ പിതാവിന്‍റെയോ സന്താനങ്ങളായി ഒന്നിലധികം പെണ്‍കുട്ടികള്‍ മാത്രമേ ഉള്ളൂവെങ്കില്‍, മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്കിടയില്‍ തുല്യമായി വീതിക്കുകയാണ് ചെയ്യുക.
3. ഒരു മകന്‍ മാത്രം: മരണപ്പെടുന്ന മാതാവിന്‍റെയോ പിതാവിന്‍റെയോ സന്താനമായി ഒരു മകന്‍ മാത്രമേ ഉള്ളൂവെങ്കില്‍, മറ്റ് അവകാശികള്‍ക്ക് അവരുടെ ഓഹരി നല്കിയ ശേഷം ബാക്കിയാവുന്ന സ്വത്ത് മുഴുവന്‍ അവന് ലഭിക്കും.
4. ഒന്നിലധികം ആണ്‍മക്കള്‍ മാത്രം: മരണപ്പെടുന്ന മാതാവിന്‍റെയോ പിതാവിന്‍റെയോ സന്താനങ്ങളായി ഒന്നിലധികം ആണ്മക്കള്‍ മാത്രമേ ഉള്ളൂവെങ്കില്‍, മറ്റ് അവകാശികള്‍ക്ക് അവരുടെ ഓഹരി നല്കിയ ശേഷം ബാക്കിയാവുന്ന സ്വത്ത് മുഴുവന്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും.
5. ആണ്‍മക്കളും പെണ്‍മക്കളും ഉള്ളപ്പോള്‍: മരണപ്പെടുന്ന മാതാവിന്‍റെയോ പിതാവിന്‍റെയോ സന്താനങ്ങളായി ആണ്മക്കളും പെണ്‍മക്കളും ഉണ്ടെങ്കില്‍, മറ്റ് അവകാശികള്‍ക്ക് അവരുടെ ഓഹരി നല്കിയ ശേഷം ബാക്കിയാവുന്ന സ്വത്ത്, അവര്‍ക്കിടയില്‍ വീതിക്കും. രണ്ട് പെണ്ണിന് ലഭിക്കുന്നത്ര ഓഹരി ഒരു ആണിന് ലഭിക്കുന്ന അനുപാതത്തിലായിരിക്കും അതിന്‍റെ വീതം വെക്കല്‍.
ഇസ്ലാമിലെ അനന്തരാവകാശനിയമങ്ങള്‍ ഖുര്‍ആനിലൂടെ അവതീര്‍ണ്ണമായ, ഹദീസുകളിലൂടെ (നബി ചര്യ) വിശദീകരിക്കപ്പെട്ട, ഇമാമുമാരുടെ പഠനങ്ങളിലൂടെ ഒരു ശാസ്ത്രമായി വികസിച്ച നിയമസംഹിതയാണ്. അല്ലാതെ ഷുക്കൂര്‍ വക്കീല്‍ മനസ്സിലാക്കുന്നതുപോലെ 1937 ലെ The Muslim Personal Law (Shariat) Application Act അല്ല. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ മുസ്ലിംകളുടെ സിവിൽ കാര്യങ്ങളില്‍ ശരീഅ ആക്ട് നോക്കുന്നു എന്നത് ശരി തന്നെയാണ്. ശരീഅ ആക്ട് പരിപൂര്‍ണ്ണമാണ് എന്ന വാദം ഇല്ലെങ്കില്‍ പോലും, അതിന്റെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത് ഖുര്‍ആനും ഹദീസും കര്മ്മശാസ്ത്ര ഗ്രന്ഥങ്ങളുമാണ്.
നിങ്ങളുടെ സ്വത്തില്‍ മൂന്നില്‍ രണ്ട് ഭാഗം മാത്രമാണ് നിങ്ങളുടെ മക്കള്‍ക്ക് ലഭിക്കുക എന്നത് തഹസില്‍ദാര്‍ തീരുമാനിക്കുന്നതല്ല; പ്രത്യുത അല്ലാഹു കല്‍പ്പിച്ചതാണ്. അതിന്‍റെ യുക്തി എന്താണ് എന്ന് അല്‍പജ്ഞാനിയായ മനുഷ്യന് മനസ്സിലാവില്ല എന്നതാണ് കാരണം. അതിന്‍റെ ഒരു ന്യായം ഒരുപക്ഷേ, മറ്റുള്ള പലരും ഈ അനാഥകളെ സംരക്ഷിക്കേണ്ടി വരുന്നു എന്നതുമാവാം എന്ന് മാത്രം.
ശരീഅ പ്രകാരം വസ്വിയ്യത്ത് പാടില്ല എന്നതാണ് വക്കീലിനെ ചൊടിപ്പിക്കുന്ന മറ്റൊരു വിഷയം. ശരിയാണ്; ഒരാളുടെ അനന്തരാവകാശികള്‍ ആരൊക്കെയാണെന്നും, അവര്‍ക്കുള്ള ഓഹരി എത്ര വീതമാണെന്നും നിര്‍ണ്ണയിച്ചു കഴിഞ്ഞിരിക്കേ, ഇനി അനന്തരാവകാശിക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യേണ്ടതില്ല. ഇതൊക്കെയും, വസ്വിയ്യത്ത് കാര്യത്തില്‍ പ്രത്യേകിച്ചും, മുത്തഖി (ദൈവഭക്തര്‍) കളോട് കല്‍പ്പിച്ചതാണ്. അക്കാര്യങ്ങള്‍ അവഗണിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതിലൊന്നും ഒരു പരിഗണനയും വേണ്ടതില്ലല്ലോ. അവര്‍ക്ക് മക്കള്‍ക്ക് മാത്രം സ്വത്ത് കൊടുക്കാനും കൊടുക്കാതിരിക്കാനുമുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടല്ലോ. അതിന് തടസ്സമാണ് എന്ന് ധരിക്കുന്ന ദൈവീകശാസനകളെ തന്നെ ത്യജിച്ച വക്കീലിനെ പറ്റി അധികം എന്തുപറയാന്‍ !
അനന്തരസ്വത്ത് പെണ്‍മക്കള്‍ക്ക് മാത്രം ലഭിക്കാനുള്ള മാര്‍ഗ്ഗമല്ല വക്കീല്‍ അന്വേഷിക്കേണ്ടത്; പകരം വക്കീലിന് അനന്തരസ്വത്ത് ഒന്നും ബാക്കിയില്ലെങ്കില്‍ പോലും തന്‍റെ മക്കളെ ഏറ്റെടുക്കാനും സംരക്ഷിക്കാനും ഒരുപക്ഷേ തന്നെക്കാള്‍ നന്നായി അവരെ പരിചരിക്കാനും തന്‍റെ സഹോദരങ്ങള്‍ ഉണ്ട് എന്ന ഒരു അവസ്ഥ ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കേണ്ടത്.
തന്‍റെ അനന്തരസ്വത്ത് അനുഭവിക്കാന്‍ മക്കള്‍ ബാക്കിയിരിക്കുമെന്ന ശുഭപ്രതീക്ഷയും, അവരെക്കാള്‍ മുമ്പേ താന്‍ മരണപ്പെട്ടുപോകുമെന്നും തന്‍റെ സഹോദരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ ഉണ്ടാവില്ല എന്ന ഭയവുമാണ് വക്കീലിനെ ഇങ്ങിനെ ഒരു രണ്ടാം കല്യാണം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ രണ്ട് മേജര്‍ ആക്സിഡന്‍റ്കളില്‍ നിന്ന് താങ്കളെ രക്ഷിച്ച അല്ലാഹു താങ്കള്‍ക്ക് സുദീര്‍ഘായുസ്സും മക്കള്‍ക്ക് ആയുസ്സില്‍ കുറവുമാണ് അനുവദിച്ചിട്ടുള്ളതെങ്കിലോ? അങ്ങിനെയും അല്പം ആലോചിക്കുന്നത് ചില നല്ല തീരുമാനങ്ങള്‍ക്ക് പ്രേരകമായേക്കാം.
മുസ്ലിം വ്യക്തിനിയമം പാലിക്കാതിരിക്കാന്‍ വേണ്ടി ഇങ്ങിനെ ഒരു സാഹസം താങ്കള്‍ ചെയ്യേണ്ടിയിരുന്നില്ല. ജീവിച്ചിരിക്കെ താങ്കള്‍ക്ക് പൂര്‍ണാധികാരമുള്ള സ്വത്ത് മക്കള്‍ക്ക് അങ്ങ് എഴുതിക്കൊടുത്താല്‍ തീരാവുന്ന കാര്യമല്ലേയുള്ളൂ! അതിന് പുറകെ വരുന്ന എല്ലാ പ്രത്യാഘാതങ്ങളും സ്വയം വഹിക്കണമെന്ന് മാത്രം.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഈ ഓഹരി തങ്ങള്‍ക്ക് വേണ്ട എന്നെങ്ങാനും ആ മക്കള്‍ പറഞ്ഞാല്‍ അതും മറ്റൊരു പ്രശ്നമായി. സ്പെഷ്യല്‍ മാര്യേജ് ആക്ട് ആര്‍ട്ടിക്കിള്‍ പതിനെട്ട് മക്കള്‍ വായിക്കില്ല എന്ന് നമുക്ക് ഉറപ്പിക്കാനും കഴിയില്ലല്ലോ! ഈ ആക്ട് അനുസരിച്ച് നടന്ന വിവാഹത്തില്‍ ജനിച്ചവര്‍ ലെജിറ്റിമേറ്റ് മക്കള്‍ ആണെന്ന് പറഞ്ഞാല്‍ അതിനൊരു “മഫ്ഹൂം മുഖാലഫ” (വിപരീത വായന) ഉണ്ടല്ലോ.
അവസാനമായി, വിശ്വാസം അല്പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഒരു കാര്യം ഓര്‍ക്കുക. ഓരോ മനുഷ്യനും അവന്‍റെ/അവളുടെ സ്വന്തം കര്‍മ്മങ്ങള്‍ക്കും തങ്ങളുടെ മാതൃകകൾ പിന്തുടരുന്നവരുടെ കര്‍മ്മങ്ങള്‍ക്കും ഉത്തരവാദിയാണ്. (അളവിൽ വ്യത്യാസമുണ്ടെങ്കിലും) .നന്മ ചെയ്യുകയും നൻമക്ക് മാതൃകയാവുകയും ചെയ്തവന് നിലക്കാത്ത പ്രതിഫലം ലഭിക്കുന്നതുപോലെ തന്നെയാണ് ഒരു തിന്മ ചെയ്യുന്നവന് ലഭിക്കുന്ന ശിക്ഷയും. വരും കാലത്ത് നാട്ടില്‍ നടന്നേക്കാവുന്ന സകല “രണ്ടാം വിവാഹത്തിൻ്റെ” യും ഉത്തരവാദിത്തത്തിൻ്റെ ഒരു പങ്ക് താങ്കള്‍ക്ക് കൂടി ആയിരിയ്ക്കും. നിലവില്‍ പലരും രഹസ്യമായി അത് നടത്താറുണ്ട് എന്നിരിക്കെ താങ്കള്‍ അത് പരസ്യമാക്കി മാതൃക കാണിച്ചു എന്നതാണ് വ്യത്യാസം.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1