Current Date

Search
Close this search box.
Search
Close this search box.

വിവാഹേതര ലൈംഗിക ബന്ധവും കോടതി വിധിയും

SupremeCoaurt.jpg

ഐ.പി.സി. 497 സത്യത്തില്‍ ഒരു തമാശയാണ്. മറ്റൊരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗികമായി ബന്ധപ്പെടുന്നത് കുറ്റകരമാണ് . സൗകര്യപ്രദമായി വ്യാഖ്യാനിച്ചാല്‍, അയാള്‍ ഒന്ന് സമ്മതിച്ചാല്‍ കുറ്റകരമല്ല. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് വിവാഹ മോചനത്തിന് കാരണമാണ് പക്ഷെ അത് ക്രിമിനല്‍ കുറ്റമല്ല എന്നതാണ് സുപ്രീം കോടതി വിധിച്ചത്. അതോടു കൂടി തന്നെ വ്യഭിചാരം എന്നത് ഒരു ക്രിമിനല്‍ കുറ്റമല്ല എന്നും കോടതി കണ്ടെത്തുന്നു.

ഇത് വരെ മറ്റൊരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധം പുലര്‍ത്തിയാല്‍ പുരുഷനെ മാത്രമായിരുന്നു ശിക്ഷിച്ചിരുന്നത്. സ്ത്രീ പുരുഷന്റെ സ്ഥാവരജംഗമ വസ്തുവല്ല എന്നും കോടതി കണ്ടെത്തുന്നു. പുരുഷനെ പോലെ സ്ത്രീയും അസ്തിത്വമുള്ളവളാണ്. വിവാഹേതര ബന്ധങ്ങള്‍ ഇനി മുതല്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം തെറ്റല്ല.

ഇതുവരെയുള്ള നിയമത്തില്‍ ഭര്‍ത്താവിന്റെ സമ്മതത്തോടെ മറ്റൊരാളുമായി ബന്ധപ്പെടുന്നത് കൊണ്ട് പുരുഷന്‍ ശിക്ഷിക്കപ്പെടില്ല. അതെസമയം ഭര്‍ത്താവിന്റെ സമ്മതമില്ലെങ്കില്‍ അവിടെ സ്ത്രീ സുരക്ഷിതയാവുകയും പുരുഷന്‍ കുറ്റവാളിയാകുയും ചെയ്യും. ആ നിയമമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഇല്ലാതാക്കിയത്. കൂട്ടത്തില്‍ രണ്ടു പേരും ശിക്ഷിക്കപ്പെടുക എന്നതിന് പകരം ആരും കുറ്റക്കാരല്ല എന്നിടത്താണ് വിധി വന്നു നില്‍ക്കുന്നത്. സ്വന്തം ഭാര്യയെ വ്യഭിചരിക്കാന്‍ സമ്മതം കൊടുക്കുന്ന ഭര്‍ത്താവ് എന്നത് ധാര്‍മിക സങ്കല്‍പ്പത്തിന്റെ അവസാന പടിയാണ്.

ഇനി മുതല്‍ സ്വന്തം വീട്ടില്‍ ജാരനെ കണ്ടാല്‍ പോലീസിനെ വിളിച്ചിട്ടു കാര്യമില്ല. കാരണം അതൊരു ക്രിമിനല്‍ കുറ്റമല്ല എന്നത് തന്നെ. വ്യക്തി സ്വാതന്ത്ര്യം എങ്ങിനെയും ജീവിക്കാനുള്ള അവകാശമായി മാറുകയാണ്. മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള വലിയ അന്തരങ്ങളില്‍ ഒന്ന് ലൈംഗിക വിഷയത്തില്‍ മനുഷ്യര്‍ കാണിക്കുന്ന ധാര്‍മികതയാണ്. എങ്ങിനെയും വികാരം തീര്‍ക്കുക എന്നതിലപ്പുറം അതിനു മാന്യമായ വഴികള്‍ സ്വീകരിക്കുക എന്നത് കൂടിയാണത്. ഈ വിധി മാന്യമായ കുടുംബങ്ങളെ ബാധിക്കും എന്ന് ആരും പറയില്ല. കാരണം ധാര്‍മികത അത് നിയമം മൂലം നിലനിര്‍ത്താന്‍ കഴിയില്ല. പക്ഷെ ഇപ്പോള്‍ തന്നെ ദുഷിച്ചു പോയ സമൂഹത്തിന്റെ ധാര്‍മികതയുടെ നേര്‍ക്കുള്ള വലിയ വെല്ലുവിളിയായി തീരും ഈ വിധി എന്നുറപ്പാണ്.

സ്ത്രീ പുരുഷന്റെ അടിമയല്ല എന്നത് ശരിയാണ്. പക്ഷെ കുടുംബം എന്ന വ്യവസ്ഥയില്‍ ഒരു നേതാവ് വേണം എന്നത് കൂടി പരിഗണിക്കണം. അതാര് എന്ന ചോദ്യം പ്രസക്തമാണ്. വ്യഭിചാരത്തെ കുറിച്ച് മതങ്ങളുടെ കാഴ്ചപ്പാട് മ്ലേച്ഛം എന്ന് തന്നെയാണ്. വ്യഭിചാരത്തിലേക്കു നയിക്കുന്ന കാര്യങ്ങള്‍ അടക്കുക എന്നതാണ് മതം ആവശ്യപ്പെടുന്ന കാര്യവും. സ്വവര്‍ഗ രതിയും വ്യഭിചാരവും നിയമ വിദേയമാകുന്നു എന്നത് ഒരു സമൂഹത്തിന്റെ സാംസ്‌കാരിക നിലവാരം കാണിക്കുന്നു. തെറ്റും ശരിയും നന്മയും തിന്മയും എന്നത് വിശ്വാസത്തിന്റെ കൂടെ ഭാഗമാണ്.

സ്വവര്‍ഗ രതിയില്‍ എന്നത് പോലെ വ്യഭിചാരം ഒരു നിര്‍ബന്ധ കാര്യമാണ് എന്ന് പറയാത്ത കാലത്തോളം ഈ വിധി ധാര്‍മികതയില്‍ വിശ്വസിക്കുന്നവരെ ബാധിക്കില്ല. അവിടെയും മറ്റൊരു വിഷയം കൂടി കടന്നു വരും എന്നതാണ് ഇതിന്റെ ബാക്കി ഭാഗം. ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ നിയമത്തെ ലഭിക്കില്ല എന്ന് വന്നാല്‍ പിന്നെ ബാക്കിയാവുക സദാചാര പോലീസിങ് എന്നതു തന്നെയാവും.

 

Related Articles