Current Date

Search
Close this search box.
Search
Close this search box.

അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) ; അനുധാവനത്തിൻ്റെ മഹിത മാതൃക

സ്വഹാബിമാർ-5

പ്രായാധിക്യത്തിന്റെ മൂര്‍ധന്യതയിലും അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു:’ ഞാന്‍ അല്ലാഹുവിന്റെ റസൂലിനാണ് ബൈഅത്ത് ചെയ്തത്. അതൊരിക്കലും ലംഘിക്കുകയില്ല, അതിലൊരു മാറ്റവുമില്ല. ഫിത്‌നയുണ്ടാക്കുന്നവര്‍ക്ക് ബൈഅത്ത് ചെയ്യാന്‍ എന്നെ കിട്ടില്ല. ‘.എണ്‍പതുകളുടെ ജരാനര പിന്നിട്ട സുകൃതവാനായ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ വാക്കുകള്‍!

പതിമൂന്നാം വയസ്സില്‍ തന്റെ പിതാവുമൊത്ത് ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ വന്നത് മുതലുള്ള ബന്ധമാണ് അദ്ദേഹത്തിന് ദീനുമായും പ്രവാചകനുമായുള്ളത്. പ്രായക്കുറവ് കാരണം ഇനിയെങ്ങാനും പ്രവാചകന്‍ (സ) തന്നെ ഒഴിവാക്കുമോ എന്ന ആശങ്കയും ഇബ്‌നു ഉമര്‍ (റ) നുണ്ടായിരുന്നു. അതിനും മുമ്പേ, മദീനയിലേക്കുള്ള ഹിജ്‌റയില്‍ പിതാവ് ഉമര്‍ (റ) ന്റെ കൂടെയും കുട്ടിയായിരുന്ന അബ്ദുല്ല ഉണ്ടായിരുന്നു.

അന്നുമുതല്‍ തന്റെ എണ്‍പത്തിയഞ്ചാം വയസ്സില്‍ അല്ലാഹുവിലേക്ക് യാത്രയാവുന്നത് വരെയുള്ള ജീവിതത്തില്‍ ദൈവിക പന്ഥാവിലൂടെയുള്ള അനുസ്യൂത സഞ്ചാരത്തിന് അണുവിട മാറ്റം സംഭവിച്ചിരുന്നില്ല. റസൂലിനോട് ചെയ്ത ബൈഅത്തില്‍ ലംഘനം വരുത്താത്ത, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യാതൊരു ചാഞ്ചാട്ടവുമില്ലാതിരുന്ന മഹാനായിരുന്നു അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ). പണ്ഡിതന്‍, ഭൗതികവിരക്തി, വിനയാന്വിതന്‍, സൂക്ഷ്മാലു, ഇബാദത്തുകളിലെ സ്ഥിരോത്സാഹി, പ്രവാചകചര്യയെ ജീവനോളം സ്‌നേഹിച്ചയാള്‍ എന്നുതുടങ്ങിയ ഉന്നതങ്ങളായ ഒരുപിടി ഗുണഗണങ്ങളുടെ ആള്‍രൂപമായിരുന്നു അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ). തന്റെ പിതാവില്‍ നിന്നും ഒട്ടേറെ മൂല്യങ്ങള്‍ സ്വായത്തമാക്കിയിരുന്നു ഇബ്‌നു ഉമര്‍ (റ). പിതാവിനെ പോലെ തന്നെ വിശ്വാസപരമായ കാര്യങ്ങളില്‍ അദ്ദേഹവും ഏറെ മികച്ചുനിന്നു.

എല്ലാ കാര്യങ്ങളിലും റസൂല്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കിനില്‍ക്കും, എന്നിട്ട് അത് അങ്ങനെത്തന്നെ സൂക്ഷ്മമായി ചെയ്യും. ഇങ്ങനെ ആരെയും അത്ഭുതപ്പെടുത്തും വിധം പ്രവാചകനെ പിന്‍പറ്റുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. നബി (സ) നമസ്‌കരിച്ച സ്ഥലത്ത് തന്നെ നമസ്‌കരിക്കുക, റസൂല്‍ (സ) നിന്ന് പ്രാര്‍ഥിച്ചെങ്കില്‍ ഇദ്ദേഹവും നിന്ന് പ്രാര്‍ഥിക്കും. ഒരിക്കല്‍ പ്രവാചകന്‍ (സ) യാത്രാ മധ്യേ ഒട്ടകപ്പുറത്ത് നിന്നിറങ്ങി രണ്ട് റക്അത്ത് നമസ്‌കരിച്ചു. ഇബ്‌നു ഉമര്‍ (റ) പിന്നീടൊരിക്കല്‍ അതുവഴി സഞ്ചരിച്ചപ്പോള്‍ ആ സ്ഥലമെത്തുകയും അദ്ദേഹം അവിടെയിറങ്ങി നമസ്‌കരിക്കുകയും ചെയ്തു. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) ഇബ്‌നു ഉമര്‍ (റ) ന്റെ ഈ സ്വഭാവത്തെ കുറിച്ച് ഒരിക്കല്‍ പറയുകയുണ്ടായി:’ ഇബ്‌നു ഉമര്‍ (റ) പ്രവാചക അടയാളങ്ങളെ പിന്‍പറ്റുന്നയത്ര വേറാരും അവയെ പിന്‍പറ്റിയിരുന്നില്ല.’

തന്റെ പരിപാവനമായ ജീവിതം മുഴുവന്‍ അദ്ദേഹം ഇങ്ങനെത്തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. എത്രത്തോളമെന്നാല്‍ അന്ന് ജീവിച്ചിരുന്ന ആളുകള്‍ ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നുവേ്രത:’ അല്ലാഹുവേ, അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) ന് ദീര്‍ഘായുസ്സ് നല്‍കേണമേ..അദ്ദേഹത്തെ ഞങ്ങള്‍ക്ക് മാതൃകയാക്കാനാണ്’. വളരെ കണിശമായ സ്വഭാവത്തില്‍ പ്രവാചക മാതൃക അനുധാവനം ചെയ്തിരുന്ന ഇബ്‌നു ഉമര്‍ (റ) ഹദീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഹദീസിലെ ഓരോ അക്ഷരവും കൃത്യമായി ഉറപ്പുവരുത്തിയിട്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ സമകാലികരായ ആളുകള്‍ വ്യക്തമാക്കുന്നുണ്ട്.

അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) വളരെ സൂക്ഷിച്ചും അതീവ ജാഗ്രതയോടെയും ഫത്‌വ പറഞ്ഞിരുന്ന ആളായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തോട് ഒരാള്‍ സംശയ നിവാരണത്തിനായി വന്നപ്പോള്‍ അയാളോട് ഇബ്‌നു ഉമര്‍ (റ) ‘താങ്കളുടെ ചോദ്യത്തിനുത്തരം എനിക്കറിയില്ല’ എന്ന് മറുപടി പറഞ്ഞു. ആ മനുഷ്യന്‍ തിരിച്ചുപോയപ്പോള്‍ തനിക്കറിയാത്ത ഒരു ചോദ്യത്തിന് അറിയില്ല എന്ന് ഉത്തരം പറയാന്‍ സാധിച്ചതില്‍ അദ്ദേഹം വല്ലാതെ സമാധാനിച്ചു.

ഇജ്തിഹാദിലൂടെയുള്ള ഫത്‌വ പ്രതിഫലാര്‍ഹമാണെന്നും അതില്‍ തെറ്റുപറ്റിയാല്‍ പോലും ഒരു പ്രതിഫലമുണ്ടെന്നും അറിയാത്ത ആളല്ല ഇബ്‌നു ഉമര്‍ (റ). സൂക്ഷമതയുടെ ഭാഗമായി അദ്ദേഹം അതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മുഫ്തി പദവി ഏറ്റെടുക്കാനും ഖാദി സ്ഥാനം അലങ്കരിക്കാനുമെല്ലാം അദ്ദേഹം വളരെയധികം വിസമ്മതിക്കുകയാണുണ്ടായത്.

ഒരിക്കല്‍ ഖലീഫാ ഉസ്മാന്‍ (റ) തന്റെ ഖിലാഫത്ത് കാലത്ത് ഇബ്‌നു ഉമര്‍ (റ) നോട് ഖാദിയാവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം നിരസിച്ചു.

ഉസ്മാന്‍ (റ) ചോദിച്ചു:’ എന്നെ ധിക്കരിക്കുകയാണോ’?

ഇബ്‌നു ഉമര്‍ (റ):’ ഒരിക്കലുമല്ല, മൂന്നുതരം ഖാദിമാരാണുള്ളത്.

ഒന്ന്, വിഢിത്തം വിധിക്കുന്നവന്‍. അയാള്‍ നരകത്തിലാണ്.
രണ്ട്, ഇച്ഛാനുസാരം വിധിക്കുന്നയാള്‍. അയാളും നരകത്തിലാണ്.
മൂന്ന്, പരിശ്രമിക്കുകയും എന്നിട്ട് വിധിക്കുകയും ചെയ്യുന്നയാള്‍. അയാള്‍ക്ക് പാപവുമില്ല പ്രതിഫലവുമില്ല.

അല്ലാഹുവിന്റെ പേരില്‍ എന്നെ ഒഴിവാക്കിത്തരണമെന്ന് ഞാന്‍ താങ്കളോട് ആവശ്യപ്പെടുകയാണ്.’

ഖലീഫാ ഉസ്മാന്‍ (റ) അദ്ദേഹത്തിന്റെ ഒഴികഴിവ് അംഗീകരിച്ചു. എന്നിരുന്നാലും ഇബ്‌നു ഉമര്‍ (റ) തീരെ ഫത്‌വ പറയാതിരുന്നിട്ടില്ല. വേറാരും ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ഫത്‌വ നല്‍കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്ത് പ്രമുഖ മുഫ്തികളായ ഒരുപാട് സ്വഹാബിമാര്‍ ഉണ്ടായിരുന്നു.

അതിര്‍ത്തികള്‍ ഭേദിച്ച് ഇസ്്‌ലാമിക രാഷ്ട്രം ഒരുപാട് വികസിച്ച കാലം. സാമ്പത്തികമായും രാഷ്ട്രീയമായും ധാരാളം അഭിവൃതി കൈവരിച്ചിരിക്കുകയാണ്. വിശ്വാസികളില്‍ ചിലരുടെ എങ്കിലും ഉള്ളില്‍ സ്ഥാനമാനങ്ങളോടും സമ്പത്തിനോടും ഒരുതരം ഭ്രമം നാമ്പിട്ടു. അത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയാന്‍ ഇബ്‌നു ഉമര്‍ (റ) അടക്കമുള്ളവര്‍ ഉണ്ടായിരുന്നു.

രാത്രികളെ നമസ്‌കാരങ്ങളാല്‍ സമ്പന്നമാക്കിയ സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ). ചെറുപ്പത്തില്‍ ഒരു സ്വപ്‌നം കാണുകയും അത് റസൂലിനോട് പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) സ്വപ്‌നവ്യാഖ്യാനം നടത്തുകയും ചെയ്തതാണ് അദ്ദേഹത്തിന് രാത്രികളില്‍ നമസ്‌കരിക്കാന്‍ പ്രചോദനമായതെന്ന് ഒരിക്കല്‍ അദ്ദേഹം തന്നെ പറയുകയുണ്ടായി. അബ്ദുല്ലാഹിബ്‌നു ഉമര്‍ പ്രസ്താവിച്ചു: പ്രവാചകന്റെ കാലത്ത് എനിക്ക് ഒരു സ്വപ്ന ദര്‍ശനമുണ്ടായി: എന്റെ കയ്യില്‍ പട്ടു തുണിയുടെ ഒരു കഷ്ണമുണ്ട്. സ്വര്‍ഗ്ഗത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന ഏത് സ്ഥലത്തും അത് എന്നെയും കൊണ്ട് പറന്നു പോകുന്നു. (അങ്ങനെയിരിക്കെ) രണ്ടു പേര്‍ എന്നെ സമീപിക്കുന്നതായി ഞാന്‍ കണ്ടു. അവര്‍ക്ക് എന്നെ നരകത്തിലേക്ക് കൊണ്ടുപോകണം. ഒരു മാലാഖ അവരെ നേരിട്ടു. മലക്ക് (എന്നോട് ) പറഞ്ഞു: നീ പേടിപ്പിക്കപ്പെട്ടിട്ടില്ല (ഭയപ്പെടാന്‍ ഒന്നുമില്ല). (മലക്ക് അവരോട് പറഞ്ഞു) അവനെ വീടൂ. എന്റെ ഒരു സ്വപ്നം (എന്റെ സഹോദരിയും പ്രവാചക പത്‌നിയുമായ) ഹഫ്‌സ പ്രവാചകനോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: അബ്ദുല്ല (ഇബ്‌നു ഉമര്‍) വളരെ നല്ല മനുഷ്യന്‍! അദ്ദേഹത്തിന് രാത്രി നമസ്‌കാരം നിര്‍വക്കുന്ന പതിവ് ഉണ്ടായിരുന്നെങ്കില്‍! പിന്നീട് അബ്ദുല്ല രാത്രി നമസ്‌കാരം പതിവാക്കി.

പ്രവാചകന്റെ ഈയൊരു പരാമര്‍ശത്തിന് ശേഷം ജീവിതാവസാനം വരെ അദ്ദേഹം രാത്രിനമസ്‌കാരം മുടക്കിയിരുന്നില്ല. പിതാവിനെ പോലെയായിരുന്നു മകനും. ഖുര്‍ആനില്‍ മുന്നറിയിപ്പിനെ കുറിച്ചുള്ള ആയത്തുകള്‍ കേള്‍ക്കുമ്പോള്‍ ധാരാളമായി അദ്ദേഹം കരയുമായിരുന്നു. ഒരിക്കല്‍ സ്വഹാബത്തിന്റെ കൂടെയിരിക്കുമ്പോള്‍ ഇബ്‌നു ഉമര്‍ (റ) ‘ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം’ എന്ന ആയത്ത് ഓതിയപ്പോള്‍ അത് വീണ്ടും വീണ്ടും ഓതിക്കൊണ്ടിരുന്നു. കണ്ണുനീര്‍ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു.

ഭക്ഷണം കഴിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കൂടെ ദരിദ്രരായ ആരെങ്കിലും കൂടെയുണ്ടാവുമായിരുന്നു. ധനികരായ പലരും അഗതികളെയും അനാഥകളെയും അടുപ്പിക്കാതിരുന്നപ്പോള്‍ അവരോടായി അദ്ദേഹം പറഞ്ഞത്, ‘നിങ്ങള്‍ വയറുനിറഞ്ഞവരെ ക്ഷണിക്കുകയും വിശക്കുന്നവരെ അകറ്റുകയും ചെയ്യുന്നു’ എന്നായിരുന്നു. നിരാലംബരായ ആളുകള്‍ക്ക് ഇബ്‌നു ഉമര്‍ (റ) ന്റെ അലിവും ആര്‍ദ്രതയും വല്ലാത്ത ആശ്വാസമാണ് നല്‍കിയത്. വളരെ ചിട്ടയായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭൗതിക ജീവിതത്തോട് വലിയ പ്രതിപത്തിയില്ലാത്തതും എന്നാല്‍ തീരെ വിരക്തിയുമില്ലാത്ത ജീവിതശൈലിക്കുടമ. ഒരിക്കല്‍ ഇബ്‌നു ഉമര്‍ (റ) ന്റെ സുഹൃത്ത് ഖുറാസാനില്‍ നിന്നും കുറച്ച് വിലപിടിച്ച വസ്തുക്കളുമായി ഇദ്ദേഹത്തിന്റെയടുക്കല്‍ എത്തി. എന്നിട്ട് പറഞ്ഞു:’ ഈ വസ്തുക്കള്‍ ഞാന്‍ താങ്കള്‍ക്ക് വേണ്ടി കൊണ്ടുവന്നതാണ്. ഇനി ആ പഴയ വസ്ത്രങ്ങളൊക്കെ മാറ്റി നല്ല ഭംഗിയുള്ള പുതിയ വസ്ത്രങ്ങള്‍ ധരിക്ക്..’

അയാളോട് ഇബ്‌നു ഉമര്‍ (റ) പറഞ്ഞു:’ ഞാനതൊന്ന് കാണട്ടെ..’
അതില്‍ തൊട്ടുനോക്കിയിട്ട് അദ്ദേഹം പറഞ്ഞു: ‘ പട്ടുവസ്ത്രമാണോ ഇത്്’?
‘അല്ല..ഇത് പരുത്തിയാണ്’. അയാള്‍ പറഞ്ഞു.

ഇബ്‌നു ഉമര്‍ (റ) ന്റെ കണ്ണുകള്‍ ചെറുതായി നനഞ്ഞു. അയാള്‍ക്ക് തിരിച്ച് കൊടുത്തതിട്ട്് പറഞ്ഞു:’ ഞാന്‍ പിശുക്കനാവുമോ എന്ന് എനിക്ക് നല്ല ഭയമുണ്ട്’. വിരുന്നിന് വന്ന അഥിതിയെപ്പോലെ, അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെപ്പോലെ ആയിരുന്നു അദ്ദേഹം ദുനിയാവിനെ മനസ്സിലാക്കിയിരുന്നത്. ഇബ്‌നു ഉമര്‍ (റ) ന്റെ വീട്ടില്‍ നൂറ് ദിര്‍ഹം പോലും വിലമതിക്കാത്ത വസ്തുക്കളേ ഉണ്ടായിരുന്നുള്ളൂ എന്ന് സതീര്‍ഥ്യര്‍ സാക്ഷ്യപ്പെടുത്തുന്നത് ചരിത്രത്തില്‍ കാണാം.

ഒരുപാട് കാലം അദ്ദേഹം ജീവിച്ചിരുന്നു. ഏകദേശം എണ്‍പത്തിയഞ്ച് വയസ്സോളം. സമൃദ്ധിയുടെ വസന്തകാലമായ ഉമവീ കാലഘട്ടത്തിലും ഇബ്‌നു ഉമര്‍ (റ) ഉണ്ടായിരുന്നു. സാഹചര്യങ്ങള്‍ എത്രതന്നെ മാറിയിട്ടും താന്‍ ശീലിച്ചുപോന്ന ഭൗതികവിരക്തിയും സൂക്ഷ്മതയും കൈയൊഴിയാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. സ്ഥാനമാനങ്ങളോട് അകലം പാലിച്ചിരുന്ന വ്യക്തിത്വമായിരുന്നു അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ). ഒരു ഘട്ടത്തില്‍ ഖിലാഫത്ത് ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും അത് വധഭീഷണിയോളം എത്തുകയും ചെയ്തു.

ഹസന്‍ (റ) പറയുന്നു:’ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ) രക്തസാക്ഷിയായതിനെ തുടര്‍ന്ന് ഇബ്‌നു ഉമര്‍ (റ) നോട് ആളുകള്‍, ഞങ്ങള്‍ താങ്കള്‍ക്ക് ബൈഅത് ചെയ്യാമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അതും നിരസിക്കുകയാണുണ്ടായത്. അപ്പോള്‍ ജനങ്ങള്‍ ‘താങ്കള്‍ പുറത്തുവരണം, ഇല്ലെങ്കില്‍ നിങ്ങളുടെ വിരിപ്പില്‍ വെച്ച് ഞങ്ങള്‍ താങ്കളെ കൊല്ലും’ എന്നായിരുന്നു. അദ്ദേഹം തന്റെ നിരാസം തുടര്‍ന്നു. അതിന് ശേഷം നാളുകള്‍ കഴിഞ്ഞുപോയി. കുഴപ്പങ്ങളും പ്രശ്‌നങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. അവിടെയും ശുഭപ്രതീക്ഷയോടെ നിലകൊണ്ടു. വീണ്ടും ജനങ്ങള്‍ ഇബ്‌നു ഉമര്‍ (റ) നെ സമീപിക്കുകയും അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു.

രക്തം ചിന്തുന്ന എല്ലാ ഏര്‍പ്പാടിനും എതിരായിരുന്നു അദ്ദേഹം. അലി (റ) ന്റെ ഭരണകാലത്ത് വിശ്വാസികള്‍ തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ എന്തുകൊണ്ടാണ് താങ്കള്‍ അലി (റ) നെ പിന്തുണക്കാത്തത് എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചത് ‘ഒരു മുസ്‍ലിം മറ്റൊരു മുസ്‍ലിമിന്റെ രക്തം ചിന്തുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു’ എന്നാണ്.

അധികാരത്തോടും സ്ഥാനമാനങ്ങളോടും വിമുഖത പുലര്‍ത്തുമ്പോഴും ഭരണകൂട കൊള്ളരുതായ്മക്കെതിരെയും ഭരണാധികാരികളുടെ വിദ്വേഷ പ്രചാരണത്തെയും തുറന്നെതിര്‍ത്തിരുന്നു ഇബ്‌നു ഉമര്‍ (റ). ഒരിക്കല്‍ ഹജ്ജാജ് ബിന്‍ യൂസുഫ് തന്റെ പ്രഭാഷണമധ്യേ ‘ഇബ്‌നു സുബൈര്‍ (റ) വിശുദ്ധ ഖുര്‍ആനില്‍ കൈകടത്തല്‍ നടത്തി’ എന്ന് ആരോപിക്കുകയുണ്ടായി. ഉടന്‍ സദസ്സിലുണ്ടായിരുന്ന ഇബ്‌നു ഉമര്‍ (റ) ചാടിയെഴുന്നേറ്റ് ‘നീ കള്ളം പറഞ്ഞിരിക്കുന്നു’ എന്ന് ആവര്‍ത്തിച്ചു പറയുകയുണ്ടായി.

പ്രശ്‌നങ്ങളും ഫിത്‌നകളും ഒരുഭാഗത്ത് ഉണ്ടാവുമ്പോഴും മറുഭാഗത്ത് ഇസ്‍ലാമിക രാഷ്ട്രം സമ്പല്‍സമൃദ്ധിയില്‍ ആറാടുകയായിരുന്നു. അവിടെയും ഇബ്‌നു ഉമര്‍ (റ) തന്റെ ആത്മീയ ജീവിതത്തില്‍ വ്യാപൃതനായിരുന്നു. ഭൗതികമായി മുസ്‍ലിംകള്‍ ഓരോ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും അദ്ദേഹം കൂടുതല്‍ അല്ലാഹുവോട് അടുക്കുകയും ആത്മീയാനുഭൂതിയാല്‍ ജീവിതത്തെ ചെരിക്കുകയും ചെയ്യുകയായിരുന്നു. ആരെയും വശംവദനാക്കുന്ന അലങ്കാരങ്ങളാല്‍ ചുറ്റുപാട് സജീവമാപ്പോള്‍ എല്ലാവിധ തിരക്കുകളില്‍ നിന്നും മാറി തന്റെ റബ്ബുമായുള്ള ബന്ധം പൂര്‍വാധികം ശക്തിപ്പെടുത്തുകയായിരുന്നു ഇബ്‌നു ഉമര്‍ (റ).

അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തെ കുറിച്ച് സമകാലീനര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:’ മഹത്വത്തില്‍ ഇബ്‌നു ഉമര്‍ ‘ഉമറി’ നെപ്പോലെയായിരുന്നു’. ‘ഉമര്‍ (റ) ന് തുല്യരായി പലരും അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ ഇബ്‌നു ഉമര്‍ (റ) ന് തുല്യനായി ആരുമില്ല’. പിതാവിനെയും പുത്രനെയും താരതമ്യപ്പെടുത്തി ഇങ്ങനെ പറഞ്ഞവരുമുണ്ട്. ഹിജ്‌റ എഴുപത്തിമൂന്നാം വര്‍ഷം, സൂര്യന്‍ പടിഞ്ഞാറ് അസ്തമിച്ചു. നിത്യതയുടെ ആ മഹാനൗക പരലോകത്തേക്ക്, തന്റെ നാഥനിലേക്ക് യാത്രയായി. മക്കയിലും മദീനയിലും പ്രവാചക അധ്യാപനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പ്രധിനിധാനം ചെയ്ത അബ്ദുല്ലാഹിബ്‌നു ഉമര്‍ ബിന്‍ ഖത്താബ്!

 

വിവ: മുഖ്‍താർ നജീബ്

Related Articles