Sunday, November 16, 2025

Current Date

വിശപ്പിനെ മറികടക്കുന്ന ഗസ്സയിലെ പുസ്തകശാല

gaza bookstall

ഇസ്രായേല്‍ ബോംബിങ്ങില്‍ തകര്‍ന്നടിയുന്ന ഗസ്സയില്‍ അപ്രതീക്ഷിതമായ ഇടങ്ങളില്‍ നിന്നും പുതുജീവനത്തിന്റെ അടയാളങ്ങളും പ്രത്യക്ഷപ്പെടുന്നതായി കാണാം. ‘ഇഖ്‌റഅ് കിതാബക്’ (വായിക്കൂ, നിങ്ങളുടെ പുസ്തകം) എന്നത് കഴിഞ്ഞ ഏപ്രിലില്‍ ഗസ്സയിലെ തകര്‍ന്നടിഞ്ഞ നുസൈറാത് അഭയാര്‍ത്ഥി ക്യാംപിന്റെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ സ്ഥാപിച്ച ഒരു കൊച്ചു ബുക്ക് സ്റ്റാള്‍ ആണ്. ഇംഗ്ലീഷ്,അറബിക് നോവലുകള്‍, സാഹിത്യങ്ങള്‍, ഫിലോസഫി, വിശ്വാസ, സാംസ്‌കാരിക പുസ്തകങ്ങള്‍ അടക്കം നിരവധി പുസ്തകങ്ങളാണ് വര്‍ണ്ണാഭമായ കവറുകളാല്‍ ഇവിടെ ചെറിയ മരപ്പലക കൊണ്ട് ഉണ്ടാക്കിയ ഷെല്‍ഫുകളില്‍ മനോഹരമായി അടുക്കിവെച്ചിരിക്കുന്നത്.

ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ന്ന കെട്ടിടങ്ങളാലും വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന ഇടത്തെ പുസ്തകങ്ങളും അതിന്റെ ഉള്ളടക്കവും തമ്മില്‍ പരസ്പരം പൊരുത്തമില്ലാത്തതായി കാണാം. പുസ്തകങ്ങളില്‍ പ്രതീക്ഷ, സ്‌നേഹം, നഷ്ടപ്പെടല്‍, പ്രതിരോധം എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നത്. നിരാശ പതിഞ്ഞ മുഖത്തിന് പ്രതീക്ഷയേകുന്നതാണ് ഇതിന്റെ ഉള്ളടക്കങ്ങള്‍. വംശഹത്യ ഇല്ലാതാക്കാന്‍ ശ്രമിച്ച തങ്ങളുടെ ജീവിതത്തിനിടയില്‍ താല്‍ക്കാലികമായി ആശ്വാസം കണ്ടെത്താനും വായിക്കാനും ഈ പുസ്തകശാല വായനക്കാരെ മാടിവിളിക്കുകയാണ്.

‘കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും പുസ്തകങ്ങള്‍ക്ക് സ്ഥാനമുണ്ട്’ ഫലസ്തീന്‍ നോവലിസ്റ്റും പുസ്തകശാലയിലെ സ്ഥിരം സന്ദര്‍ശകനുമായ ഹസ്സന്‍ അല്‍-ഖത്‌റാവി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ എഴുതി. ”അവര്‍ (ഇസ്രായേലികള്‍) നമ്മെ പുറത്തുനിന്ന് തകര്‍ക്കുന്നു, നമ്മള്‍ അകത്തുനിന്നുതന്നെ സ്വയം കെട്ടിപ്പടുക്കുന്നു. ഭക്ഷണത്തിനായുള്ള വിശപ്പ് താല്‍ക്കാലികമാണ്. പക്ഷേ വായനക്കുള്ള വിശപ്പ് ശാശ്വതമാണ്.”- അദ്ദേഹം കുറിച്ചു.

നുസൈറത്ത് ക്യാമ്പില്‍ നിന്നുള്ള രണ്ട് യുവ സഹോദരന്മാരായ സലായും അബ്ദുല്ല സര്‍സൂറുമാണ് ഈ ബുക്ക് സ്റ്റാളിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഗസ്സ വംശഹത്യയില്‍ വീട് നഷ്ടപ്പെട്ട അവര്‍ ഇപ്പോഴും സമീപത്തെ ഒരു സ്‌കൂളിലാണ് താമസിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ പുസ്തകങ്ങളോട് അവര്‍ക്ക് വലിയ അഭിനിവേശം ഉണ്ടായിരുന്നു. ഗസ്സയില്‍ കഴിഞ്ഞ 21 മാസമായി തുടരുന്ന ഇസ്രായേലിന്റെ ഉന്മൂലന യുദ്ധത്തിനിടയിലും, സര്‍വ പ്രതിസന്ധികളും ഉണ്ടായിരുന്നിട്ടും അവര്‍ വായന നിര്‍ത്തിയിട്ടില്ല. ഗസ്സയില്‍ പുസ്തകങ്ങളുടെ ലഭ്യത എന്നത് ബുദ്ധിമുട്ടായതിനാല്‍ പുസ്തകങ്ങള്‍ തേടി വടക്കന്‍ ഗസ്സയിലേക്ക് ദീര്‍ഘവും പ്രയാസകരവുമായ യാത്രകള്‍ നടത്താന്‍ അബ്ദുല്ല നിര്‍ബന്ധം പിടിച്ചു. തന്റെ ജീവന്‍ തന്നെ പണയപ്പെടുത്തിയാണ് അദ്ദേഹം ഗസ്സ നഗരത്തിലെ സമീര്‍ മന്‍സൂര്‍ പുസ്തകശാല പോലുള്ള പുസ്തകശാലകളിലേക്ക് പോകുകയും അതിനായി ധാരാളം പണം ചെലവഴിക്കുകയും ചെയ്തു.

വായന എന്ന അഭിനിവേശം

”ഇത് ഞങ്ങളുടെ സ്വന്തം കാര്യം മാത്രമല്ല, ഞങ്ങളുടെ ക്യാമ്പിലെ മറ്റുള്ളവരും വായിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നു എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, പക്ഷേ എല്ലാവര്‍ക്കും യാത്ര ചെയ്യാന്‍ കഴിയില്ല. അത്‌കൊണ്ട് അവര്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിനുപകരം, ഞങ്ങള്‍ പുസ്തകങ്ങള്‍ ഇവിടേക്ക് എത്തിക്കാന്‍ തീരുമാനിച്ചു. ആളുകള്‍ക്ക് പുസ്തകങ്ങളുടെ അടുത്തേക്ക് എത്താനായില്ലെങ്കില്‍ പുസ്തകങ്ങള്‍ അവരുടെ അടുക്കലേക്കെത്തും” അബ്ദുല്ല പറഞ്ഞു. അവര്‍ ഈ ബുക്ക് സ്റ്റാള്‍ ആരംഭിക്കുന്നതിന് വേണ്ടി ആദ്യം തന്നെ തങ്ങളുടെ സമ്പാദ്യം ശേഖരിച്ച് വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് വലിയൊരു ബാച്ച് പുസ്തകങ്ങള്‍ വാങ്ങി. ഇതിലൂടെ പണം സമ്പാദിക്കുക എന്നതല്ല, മറിച്ച് വായന എളുപ്പമാക്കുക, വായന കൂടുതല്‍ സാധാരണമാക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.

”ഇതിലൂടെ ഒരു ബിസിനസ്സ് ആരംഭിക്കുക എന്നത് മാത്രമല്ല, ഞങ്ങളുടെ അഭിനിവേശം ആളുകളുമായി പങ്കിടുക എന്നത് കൂടിയായിരുന്നു. ആളുകളെ വീണ്ടും വായിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’- സലാ പറഞ്ഞു. ഫലസ്തീനിലെ സാക്ഷരതാ നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളില്‍ ഒന്നാണെന്നാണ് ഫലസ്തീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്സയിലെ മിക്ക ഫലസ്തീനികളും വായനയോടുള്ള അവരുടെ ആഴമായ സ്‌നേഹത്തില്‍ അഭിമാനിക്കുന്നു. ഏകദേശം രണ്ട് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ടിട്ടും ഈ വിനാശകരമായ സാഹചര്യങ്ങളില്‍ ഒരിക്കലും പോലും അവര്‍ വായനയോ എഴുത്തോ പഠനമോ നിര്‍ത്തിയിട്ടില്ല.

‘ഇഖ്‌റഅ് കിതാബക്’ വേഗത്തില്‍ പുസ്തകങ്ങള്‍ വാങ്ങാനുള്ള ഒരു സ്ഥലത്തിനും അപ്പുറത്തേക്ക് പരസ്പര സംഭാഷണങ്ങള്‍ക്കുള്ള ഒരു ഇടമായി കൂടി ഇത് മാറിയിരിക്കുന്നു, കുട്ടികള്‍ക്ക് കഥകളിലൂടെ കടന്നുപോകാനും നഷ്ടപ്പെട്ട പഠനകാലങ്ങള്‍ വീണ്ടെടുക്കാനും, മുതിര്‍ന്നവര്‍ക്ക് ഒരിക്കല്‍ മനഃപാഠമാക്കിയ മറന്നുപോയ കവിതകള്‍ വീണ്ടും കണ്ടെത്താനും, എഴുത്തുകാര്‍ക്ക് സ്വന്തം കഥകളും പുസ്തകങ്ങളും എഴുതാന്‍ പ്രചോദനം കണ്ടെത്താനുമെല്ലാമുള്ള ഇടമായി ഇന്ന് ഇത് മാറി.

സാന്ത്വനമാകുന്ന പുസ്തകങ്ങള്‍

പുസ്തകങ്ങളില്‍ ആശ്വാസം കണ്ടെത്തുന്ന ഒരു ഫലസ്തീന്‍ എഴുത്തുകാരിയാണ് അമല്‍ അബു സെയ്ഫ്. ”എനിക്ക് മന:സംഘര്‍ഷം അനുഭവിക്കുമ്പോഴെല്ലാം ഞാന്‍ ഈ ലോകത്തില്‍ ആശ്വാസം കണ്ടെത്താന്‍ പുസ്തകങ്ങളിലേക്ക് ഓടുന്നു,” അമല്‍ ദി ഇലക്ട്രോണിക് ഇന്‍തിഫാദയോട് പറഞ്ഞു. ‘ഈ ബുക്ക് സ്റ്റാള്‍ എന്റെ പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു, എന്റെ പഴയ ജീവിതം വീണ്ടും അനുഭവിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഒരേയൊരു സ്ഥലമാണിത്.’- അവള്‍ പറഞ്ഞു. വായനയും എഴുത്തും മാത്രമാണ് ചെറുത്തുനില്‍പ്പിനുള്ള ഏക മാര്‍ഗമെന്ന് അമല്‍ വിശ്വസിക്കുന്നു. ടിച്ചമര്‍ത്തപ്പെട്ടവരുടെ എഴുത്ത് ഒരുതരം പ്രതിരോധമാണെന്ന് വിശ്വസിച്ചിരുന്ന അന്തരിച്ച പ്രശസ്ത ഫലസ്തീനി കവി മഹ്‌മൂദ് ദര്‍വിഷിന്റെ മാതൃക പിന്തുടരുന്ന അവള്‍ അടുത്തിടെ ‘അഥീര്‍ ഗസ്സ’ അഥവാ പ്രിയപ്പെട്ട ഗസ്സ തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചിരുന്നു.

”ഞങ്ങള്‍ ഒരു ചെറിയ കൂടാരത്തിലേക്കാണ് കുടിയിറക്കപ്പെട്ടത്. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു, സര്‍വകലാശാലകളില്ല, ക്ലാസുകളില്ല, ഭക്ഷണവും വെള്ളവും തിരഞ്ഞുകൊണ്ട് അനന്തമായ ദിവസങ്ങള്‍ ഞങ്ങള്‍ അലഞ്ഞു. ‘ഒരു ദിവസം, ഞാന്‍ എന്നോടുതന്നെ പറഞ്ഞു, ഞാന്‍ എത്രനാള്‍ ഇങ്ങനെ കാത്തിരിക്കേണ്ടി വരും? ഇല്ല, എനിക്ക് എന്തെങ്കിലും നേടാന്‍ ആഗ്രഹമുണ്ട്. എനിക്ക് ഒരു മാറ്റം വരുത്തണം.’ അവള്‍ പറഞ്ഞു.

2024 ജനുവരിയില്‍, അവള്‍ തന്റെ ഫോണിലെ നോട്ട്‌സ് ആപ്പ് ഉപയോഗിച്ച് തന്റെ ദൈനംദിന അനുഭവങ്ങളും കഷ്ടപ്പാടുകളും എഴുതിവെക്കാന്‍ തുടങ്ങി. പേപ്പര്‍ എന്നത് ഗസ്സയില്‍ വളരെ ദുര്‍ലഭവും വളരെ ചെലവേറിയതുമാണ്. ആദ്യം, അവള്‍ കുറച്ച് മാത്രമേ എഴുതിയിരുന്നുള്ളൂ. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അവള്‍ ആ കുറിപ്പുകളെടുത്ത് അവ വികസിപ്പിച്ച്, ഒരു പൂര്‍ണ്ണ നോവലാക്കി മാറ്റി. ജൂലൈ മാസത്തോടെ, അത് പ്രസിദ്ധീകരിച്ചു. ഇന്ന്, അവളുടെ ഈ പുസ്തകം ലോകമെമ്പാടും ലഭ്യമാണ്. ‘എന്റെ വളരെക്കാലമായുള്ള ഒരു സ്വപ്നമായിരുന്നു അത്, ഗസ്സയില്‍ എന്റെ നോവല്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കാന്‍ കഴിയുന്നതിനായി യുദ്ധം അവസാനിക്കുന്നതുവരെ ഞാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്.” അമല്‍ പറഞ്ഞു.

2024 ഏപ്രിലില്‍, ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ സമ്പൂര്‍ണ്ണ ബോംബാക്രമണത്തില്‍ 13 പൊതു ലൈബ്രറികള്‍ നശിപ്പിക്കപ്പെട്ടെന്ന് യു.എന്‍ പറയുന്നു. ഇസ്രായേല്‍ ജനവാസ കെട്ടിടങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച് സര്‍വകലാശാലകളെയും സ്‌കൂളുകളെയും അധ്യാപകരെയും അക്കാദമിക് വിദഗ്ധരെയും ലക്ഷ്യം വയ്ക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്. നമ്മുടെ ചരിത്രം മായ്ച്ചുകളയാനും, നമ്മുടെ ശബ്ദങ്ങളെ ഇല്ലാതാക്കാനും, നമ്മുടെ ജനങ്ങളുടെ ബൗദ്ധിക ലക്ഷ്യങ്ങളെ നശിപ്പിക്കാനുമുള്ള ശ്രമമാണിത്.എങ്കിലും, ആശയങ്ങള്‍ മരിക്കുന്നില്ല. ആശയങ്ങള്‍ ഉള്ളിടത്തോളം കാലം, പുസ്തകങ്ങളുടെ ആവശ്യകത ഉണ്ടാകും, സര്‍സൂര്‍ സഹോദരന്മാര്‍ അതാണ് ഗസ്സയില്‍ നമ്മോട് സാക്ഷ്യപ്പെടുത്തുന്നത്.

 

അവലംബം: electronicintifada.net

 

English Summary:

‘Iqra’ Kitabak’ (Read Your Book) is a small book stall set up in the rubble of the collapsed Nusayrat refugee camp in central Gaza last April. A wide range of books, including English and Arabic novels, literature, philosophy, faith and cultural books, with colorful covers, are neatly arranged on shelves made of small wooden planks.

 

Related Articles