രണ്ടു പേർ ചേർന്ന് ഈ രാജ്യത്തെ കയ്യിലെടുത്ത് അമ്മാനമാടുകയാണ്. ജനാധിപത്യം ഇത്രത്തോളം ചിവിട്ടിമെതിക്കപ്പെട്ട ഒരു ഇന്ത്യ സ്വാതന്ത്യത്തിനുശേഷം ഇതുവരെ ഉണ്ടായിട്ടില്ല. പാർലമെന്റിൽപോലും യഥാവിധി ചർച്ച ചെയ്യാതെ വെറും നാലു ദിവസം കൊണ്ട് കരിനിയമങ്ങൾ ചുട്ടെടുക്കുക, അതിനെതിരെ സമരം ചെയ്യുന്നവരെ തെരുവുകളിൽ നിഷ്ഠൂരമായി നേരിടുക, ഏതാണ്ട് ഒരു വർഷം തികയുമ്പോൾ മാപ്പും പറഞ്ഞ് തടിതപ്പുക! പക്ഷെ, നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ടുള്ള ഈ മാപ്പുപറച്ചിൽ കാപട്യത്തിലൂടെ ആരെ വിഡ്ഢിയാക്കാമെന്നാണ് പ്രധാന മന്ത്രി കരുതുന്നത്?
കഴിഞ്ഞ 333 ദിവസത്തിനിടയിൽ 600 കർഷകരെ കുരുതികൊടുക്കുന്നതിന് കാരണക്കാരായ ഈ ‘അസ്സൽ രാജ്യദ്രോഹികൾ’ രാജിവെച്ച് കാശിക്ക് പോവുകയാണ് വേണ്ടത്. നോട്ടുനിരോധം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, മതത്തിന്റെ അടിസ്ഥാനത്തിൽ പൊതു സമൂഹത്തെ രണ്ടായി വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം, വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കൽ, യു.എ.പി.എ. എന്ന മനുഷ്യത്വ വിരുദ്ധ നിയമം കൂടുതൽ കർക്കശമാക്കി എതിരഭിപ്രായങ്ങൾ പറയുന്നവരെ ദീർഘകാലം ജയിലറകളിലേക്ക് തള്ളൽ, ഹിന്ദുത്വ ഭീകരതക്ക് ആളും അരങ്ങും നൽകുക തുടങ്ങി ഈ രാജ്യത്തെ ജനങ്ങളെ ഇത്രയധികം വെറുപ്പിച്ച സംഘ്പരിവാർ ഭരണകൂടം ജനാധിപത്യത്തിന്റെ ലേബലിലാണ് ഇതൊക്കെ കാട്ടിക്കൂട്ടുന്നത് എന്നതാണ് ഏറെ ലജ്ജാകരം.
രാജ്യദ്രോഹികൾ, ഖലിസ്ഥാൻ വാദികൾ, മാവോയിസ്റ്റുകൾ, ഗുണ്ടകൾ, തുക്‌ഡെ തുക്‌ഡെ ഗാംഗ്, ചൈനയുടെയും പാക്കിസ്ഥാന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്നവർ… അന്നംതരുന്ന കർഷകരെ രാജ്യത്തെ ഒറ്റുകൊടുത്ത സവർക്കരുടെ പിൻമുറക്കാർ വിശേഷിപ്പിച്ചത് ഇങ്ങനെയൊക്കെയാണ്. എന്നിട്ടും വഴങ്ങാതെ മോദി ഭരണകൂടത്തിന്റെ ജനവിരുദ്ധ തീരുമാനങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് വ്യക്തമാക്കിയ കർഷകർക്ക് ഒരു ബിഗ് സല്യൂട്ട്. അസാധാരണമായ ചെറുത്തുനിൽപിലൂടെ ഏത് ജനവിരുദ്ധ ഭരണകൂടത്തെയും മുട്ടുകുത്തിക്കാമെന്ന് തെളിയിച്ചിരിക്കുന്നു ഇന്ത്യൻ കർഷകർ. അതെ, ഇന്ത്യൻ ജനാധിപത്യത്തെ അത്ര പെട്ടെന്ന് ചുരുട്ടിക്കെട്ടാനാവില്ല.