Columns

വിപ്ലവാനന്തര ഇറാന്റെ 40 വര്‍ഷങ്ങള്‍

1979 ഫെബ്രുവരി ഒന്നാം തിയ്യതി ഒരു മഞ്ഞു മൂടിയ പ്രഭാതത്തിലാണ് എയര്‍ ഫ്രാന്‍സിന്റെ ഒരു ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പാരീസില്‍ നിന്നും ഖുമൈനി ഇറാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. തുര്‍ക്കി,ഇറാഖ്,ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നീണ്ട 14 വര്‍ഷത്തെ വിദേശ വാസം ഒഴിവാക്കിയാണ് അദ്ദേഹം തിരിച്ചു വന്നത്. ഇറങ്ങുന്നതിനു മുമ്പ് വിമാനം പലപ്പോഴും താഴ്ന്നു പറന്നു. റണ്‍വേയില്‍ തടസ്സങ്ങള്‍ ഒന്നുമില്ല എന്ന് ഉറപ്പു വരുത്തി. വിജയകരമായ ഒരു ഇറാനിയന്‍ വിപ്ലവത്തിന്റെ അവസാനത്തിലാണ് ഖുമൈനി നാട്ടില്‍ തിരിച്ചെത്തിയത്. പശ്ചിമേഷ്യലിലെ രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കമായിരുന്നു ആ തിരിച്ചു വരവ് എന്ന് ലോകം വിലയിരുത്തി. തന്റെ മകന്റെയും പൈലറ്റിന്റെയും കൈ പിടിച്ചു വിമാനത്തില്‍ നിന്നും പുറത്തു വന്ന ഖുമൈനിയെ സ്വീകരിക്കാന്‍ അന്ന് തടിച്ചു കൂടിയത് ഒരു കോടിയോളം ജനങ്ങളാണ്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പേര്‍ഷ്യന്‍ ഭരണകൂടത്തിന്റെ അന്ത്യം കൂടിയായിരുന്നു പ്രസ്തുത സംഭവം.

ഇറാനില്‍ എത്തിയ ഖുമൈനി ആദ്യം ചെയ്തത് ഇറാനിയന്‍ വിപ്ലവത്തില്‍ കൊല്ലപ്പെട്ട യോദ്ധാക്കളുടെ മഖ്ബറ സന്ദര്‍ശിക്കുക എന്നതായിരുന്നു. ആധുനിക ഇറാനിന്റെ ചരിത്രത്തില്‍ ഒരു വലിയ വഴിത്തിരിവായിരുന്നു ആ ദിവസം. ലോകത്തില്‍ ഭരണം നടത്താന്‍ കമ്യൂണിസത്തിനും മുതലാളിത്തത്തിനും മാത്രമേ സാധ്യമാകൂ എന്ന ധാരണയെ ഇറാന്‍ മാറ്റി തിരുത്തി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അന്നും ഇന്നും വിലയിരുത്തുന്നത്. അമേരിക്ക,ബ്രിട്ടന്‍,ഫ്രാന്‍സ് റഷ്യ എന്നിവരാണ് ലോകത്തെ നിയന്ത്രിക്കുന്നത് എന്ന ധാരണയില്‍ നിന്നും ഒരു മാറ്റമായി ഇറാന്‍ വിപ്ലവത്തെ കാണുന്നവര്‍ ധാരാളം. എല്ലാ വിദേശ ശക്തികളെയും മാറ്റി നിര്‍ത്തിയാണ് ഇറാന്‍ പുതിയ തുടക്കം കുറിച്ചത് .

ദീര്‍ഘനാളത്തെ ഒരു കൂട്ടാളിയെ നഷ്ടമായ വിഷമത്തിലായിരുന്നു അമേരിക്ക. അത് കൊണ്ട് തന്നെ പിന്നെ അവര്‍ ശ്രമിച്ചത് പുതിയ ഇറാനിയന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വഴികള്‍ തേടലായിരുന്നു. അതിനവര്‍ കണ്ട വഴി ഇറാഖിനെ പിന്തുണക്കുക എന്നതായിരുന്നു. വാസ്തവത്തില്‍ ഖുമൈനി ഒരു പടിഞ്ഞാറന്‍ വിരോധിയായിരുന്നില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഷാ പഹ്ലവിക്കു എതിരായ സമരത്തില്‍ കമ്യൂണിസ്റ്റുകാരും ഒപ്പമുണ്ടായിരുന്നു. അവരെ മറികടക്കുക എന്നതിനാണ് ഖുമൈനി അമേരിക്കന്‍ വിരുദ്ധ നിലപാട് സ്വീകരിച്ചത് എന്ന് അഭിപ്രായപ്പെടുന്ന നിരീക്ഷകരുമുണ്ട്. അതായത് അമേരിക്കന്‍ വിരുദ്ധത ഒരു വിപ്ലവാനന്തര നിലപാട് മാത്രമായിരുന്നു. ഇറാനില്‍ എന്ത് നടക്കുന്നു എന്ന് മനസ്സിലാക്കുന്നിടത്ത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടു എന്ന് വേണം മനസ്സിലാക്കാന്‍.

40 വര്‍ഷത്തിന് ശേഷമുള്ള ജനതയാണ് ഇന്ന് ഇറാനില്‍ ജീവിക്കുന്നത്. യുവാക്കള്‍ അധികവും ഖുമൈനിയുടെ അമേരിക്കന്‍ വിരുദ്ധ നിലപാടിനോട് താല്പര്യം കുറഞ്ഞവരാണ്. അമേരിക്കയുമായി നിരന്തര സംഘട്ടനം നാടിന്റെ വികസനത്തെ ബാധിക്കും എന്നതാണ് അവരുടെ നിലപാട്. അതെ സമയം രാജ്യത്തെ മത നേതൃത്വം ഇപ്പോഴും ഖുമൈനി നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ട്രംപ് വന്നതിനു ശേഷമുള്ള കാര്യങ്ങളിലും വിട്ടുവീഴ്ച വേണ്ട എന്ന് തന്നെയാണ് ഉന്നത രാഷ്ട്രീയ മത നേതൃത്വങ്ങള്‍ തീരുമാനിച്ചത്. ഇറാനിയന്‍ സൈന്യവും അവര്‍ക്കു പിന്നില്‍ ഉറച്ചു നില്‍ക്കുന്നു എന്നത് കൊണ്ട് എതിര്‍ ശബ്ദങ്ങള്‍ ടെഹ്‌റാനില്‍ നിന്നും പുറത്തു വരാന്‍ സാധ്യത വളരെ കുറവാണ്.

അമേരിക്ക പഴയ ചരിത്രം പഠിക്കണം എന്ന് തന്നെയാണ് ഇറാനിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഭയപ്പെടുത്തുക എന്ന നിലപാടില്‍ നിന്നും അമേരിക്ക പുറകോട്ടു പോകണം പകരം എല്ലാവര്‍ക്കും സമ്മതമായ ചര്‍ച്ചയുടെ വഴി സ്വീകരിക്കുക എന്നതാണ് കരണീയ മാര്‍ഗം. നാടിനു നേരെ ആയുധം പ്രയോഗിക്കുന്നതിനു മുമ്പ് അമേരിക്ക രണ്ടു പ്രാവശ്യം ചിന്തിക്കണം എന്ന സന്ദേശമാണ് ഇറാനിയന്‍ സൈന്യം നല്‍കുന്നതും. ഇറാനിയന്‍ വിപ്ലവം മേഖലയിലേക്ക് വ്യാപിക്കും എന്ന ഭയമായിരുന്നു പരിസര രാജ്യങ്ങള്‍ക്കു ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെയാണ് അവര്‍ ഇറാഖിനെ കലവറയില്ലാതെ പിന്തുണച്ചതും. ആദ്യ നാളുകളില്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വന്നു എന്നത് കൊണ്ട് തന്നെ ഇറാനിയന്‍ വിപ്ലവം ഇറാനില്‍ തന്നെ തളച്ചിട്ടു. ജനാധിപത്യത്തിന്റെ വായു അവിടെ നിന്നും പുറത്തു പോയില്ല എന്നത് ശരിയാണ്.

ഇറാന്‍ മധ്യേഷ്യയില്‍ അതിന്റെ രാഷ്ട്രീയ ഭൂപടം ശരിപ്പെടുത്തി എന്നത് ശരിയാണ്. അതെ സമയം ഷിയാ രാഷ്ട്രീയത്തിന് വലിയ മുന്നേറ്റമാണ് ഇറാന്‍ വിപ്ലവം നല്‍കിയത്. ജനാധിപത്യം എന്ന് പറയുമ്പോഴും സങ്കുചിതത്വമായ കാഴ്ചപ്പാടാണ് പല വിഷയങ്ങളിലും അവര്‍ നില നിര്‍ത്തി പോരുന്നത്. ഖുമൈനി കാലത്തു നിന്നും ഇറാന്‍ കുറേയധികം മുന്നോട്ടു പോയിട്ടുണ്ട് എന്നാണ് നിരീക്ഷകര്‍ പറയുന്നത്. വിപ്ലവത്തിന് ശേഷം പത്തു കൊല്ലം മാത്രമാണ് ഖുമൈനി ജീവിച്ചത്. മധ്യേഷ്യന്‍ രാഷ്ട്രീയത്തില്‍ ഇറാന്‍ സ്വീകരിക്കുന്ന കുടുസ്സായ തീരുമാനങ്ങളാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധിക്കു കാരണം. ഒരു ഏകാധിപതിയെ പുറത്താക്കിയാണ് ഇറാന്‍ വിപ്ലവം വിജയിച്ചത്. തമസ്സില്‍ നിന്നും വെളിച്ചത്തിലേക്കുള്ള ഒരു കാല്‍ വെപ്പ് എന്ന നിലയിലാണ് അന്ന് ഇറാന്‍ വിപ്ലവം അംഗീകരിക്കപ്പെട്ടത്. 40 വര്‍ഷം കൊണ്ട് ആ നാട് എന്ത് നേടി എന്ന ചോദ്യത്തിന് പുറമേക്ക് ശക്തനായ ഇറാനും അതെ സമയം അകത്തു തീര്‍ത്തും പൊള്ളയായ ഇറാനും എന്നാണ് നമുക്ക് പറയാനാകുന്ന മറുപടി.

Facebook Comments
Related Articles
Show More
Close
Close