Current Date

Search
Close this search box.
Search
Close this search box.

കൊറോണ പഠിപ്പിച്ച 33 പാഠങ്ങള്‍

കൊറോണ വൈറസുണ്ടാക്കിയ പ്രതിസന്ധിയില്‍ വീട്ടുതടങ്കലിലായ നിങ്ങള്‍ എന്താണ് പഠിച്ചത് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഞാനീ ചോദ്യം പോസ്റ്റ് ചെയ്തിരുന്നു. എന്റെ സൗഹൃദ വലയത്തിലുള്ള നിരവധി പേരാണ് അതിനോട് പ്രതികരിച്ചത്. അതില്‍ പ്രയോജനകരമെന്ന് തോന്നുന്ന ചില പ്രതികരണങ്ങളാണ് നിങ്ങളുടെ മുമ്പില്‍ വെക്കുന്നത്. ജീവിതമെന്നത് എല്ലാ പതിവുകളെയും തെറ്റിച്ച് മാറിമറിയുന്നതാണെന്ന് മനസ്സിലാക്കിയെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഞാനെന്റെ ജോലി നിര്‍ത്തിവെച്ചു, ദിനചര്യകളെല്ലാം തെറ്റി, മസ്ജിദുകളും സ്‌കൂളുകളും അടച്ചുപൂട്ടപ്പെട്ടു. ഒരു ലക്ഷ്യവും അകാരണമായി നീട്ടിവെക്കരുതെന്ന പാഠമാണ് താന്‍ പഠിച്ചതെന്നാണ് രണ്ടാമത്തെയാള്‍ പറഞ്ഞത്. കാരണം നിമിഷങ്ങള്‍ കൊണ്ടാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതില്‍ തനിക്കൊരു പങ്കുമില്ലെന്ന രീതിയില്‍ അതിനോട് പുറംതിരിഞ്ഞു നില്‍ക്കാതെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ പഠിച്ചുവെന്നായിരുന്നു മൂന്നാമതൊരാള്‍ പറഞ്ഞത്. അജ്ഞാതമായ ഒന്നിനെ വിശ്വാസത്തിന്റെ കരുത്തിനാലും സ്ഥൈര്യം കൊണ്ടും നേരിടാമെന്ന വിശ്വാസമാണ് ഈ പ്രതിസന്ധി തന്നിലുണ്ടാക്കിയ നേട്ടമെന്നാണ് നാലാമത്തെയാള്‍ പറഞ്ഞത്.

ചില പ്രതികരണങ്ങളെല്ലാം വിശ്വാസപരമായിരുന്നു. പ്രതിസന്ധികള്‍ മനുഷ്യന്റെ ഈമാനും തന്റെ നാഥനുമായുള്ള ബന്ധത്തിന്റെ ശക്തിയും പ്രകടമാക്കിയെന്നും തന്റെ രക്ഷിതാവുമായുള്ള ബന്ധം അത് വര്‍ധിപ്പിച്ചെന്നുമാണ് ഒരാള്‍ പറഞ്ഞത്. ജീവിതത്തെയും തന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള പുനരാലോചനക്കുള്ള അവസരമാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്നും അപ്രസക്തമായ പല ലക്ഷ്യങ്ങള്‍ക്കുമായി വളരെയേറെ സമയം പാഴാക്കിയെന്ന തിരിച്ചറിവിനത് സഹായിച്ചെന്നുമാണ് രണ്ടാമത്തെയാള്‍ പ്രതികരിച്ചത്. മൂന്നാമത്തെയാള്‍ പങ്കുവെച്ചത് പകര്‍ച്ചവ്യാധികളെയും രോഗങ്ങളെയും എങ്ങനെ സമീപിക്കണമെന്ന് പറയുന്ന പ്രവാചക വചനങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചുവെന്നതാണ്. ‘ഒരു ദേശത്ത് പ്ലേഗുണ്ടെന്നറിഞ്ഞാല്‍ അവിടേക്ക് പോകരുത്, നിങ്ങള്‍ വസിക്കുന്നിടത്താണ് പ്ലേഗ് എങ്കില്‍ അവിടെ നിന്ന് പുറത്തേക്ക് പോകരുത്.’ ‘സിംഹത്തില്‍ നിന്ന് ഓടിയകലുന്ന പോലെ കുഷ്ഠരോഗിയില്‍ നിന്ന് ഓടിയകലുക.’ കാരണം രോഗമുള്ളയാളുടെ ത്വക്കില്‍ നിന്ന് പകരുന്ന രോഗമാണ് കുഷ്ഠം. ‘രോഗമുള്ളവയെ രോഗമില്ലാത്തവക്കൊപ്പം ചേര്‍ക്കരുത്.’ തുടങ്ങിയ ഹദീസുകള്‍ ജീവിതത്തില്‍ താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. നാഥനൊപ്പം ഏകാന്തമായി സമയം ചെലവഴിക്കാന്‍ പഠിച്ചുവെന്നാണ് നാലാമത്തെയാള്‍ പറഞ്ഞത്. ബനൂഇസ്രാഈല്യര്‍ക്ക് നേരെ അല്ലാഹു എങ്ങനെയാണ് വെട്ടുകളി, പേന്‍, ഉറുമ്പ് പോലുള്ള പ്രാണികളാല്‍ ശിക്ഷകള്‍ അയച്ചതെന്നും അവയെ ഭയന്ന് എങ്ങനെയാണവര്‍ കഴിഞ്ഞതെന്നും താന്‍ വളരെയേറെ വായിച്ചെന്നായിരുന്നു അഞ്ചാമത്തെയാള്‍ പറഞ്ഞത്. വൈറസിന്റെ വ്യാപനവും വര്‍ധിച്ചുവരുന്ന മരണങ്ങളും ഒരു തരംഭീതി തന്നിലുണ്ടാക്കിയെന്നും അദ്ദേഹം അനുസ്മരിച്ചു. ആറാമത്തെയാള്‍ പറഞ്ഞത് നമസ്‌കാരത്തിനുള്ള അംഗശുദ്ധിക്കും കുളിക്കുമുള്ള പ്രാധാന്യവും ഇസ്‌ലാം വളരെയേറെ ആഹ്വാനം ചെയ്യുന്ന വൃത്തിക്കുള്ള പ്രസക്തിയും ബോധ്യമായെന്നാണ്. മറ്റൊരാള്‍ക്ക് സംഭവിച്ച വിപത്ത് കാണുമ്പോള്‍ തന്റെ വിപത്ത് നിസ്സാരമാകുന്നു എന്നതിന്റെ ആശയം മനസ്സിലാക്കാന്‍ കഴിഞ്ഞെന്നാണ് ഏഴാമത്തെയാള്‍ പ്രതികരിച്ചത്.

Also read: ഖുർആൻ പറഞ്ഞ വിശ്വാസികളുടെ ലക്ഷണങ്ങൾ

ആരോഗ്യസംബന്ധമായ പ്രതികരണങ്ങളിലേറെയും വൃത്തിയുടെയും എപ്പോഴും കൈകള്‍ കഴുകുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് പറയുന്നവയായിരുന്നു. തനിക്ക് പ്രകൃതിയെ ശ്വസിക്കാന്‍ സാധിച്ചുവെന്ന അതിലൊരാളുടെ പ്രതികരണം എന്നെ വളരെയേറെ ആകര്‍ഷിച്ചു. പ്രതിസന്ധി കാലത്ത് വിമാനങ്ങളും ഫാക്ടറികളും നിശ്ചലമാക്കപ്പെട്ടതിനാല്‍ മരങ്ങളും മലകളും കടലും മലിനീകരിക്കപ്പെട്ടില്ല എന്നാണദ്ദേഹം ഉദ്ദേശിച്ചത്. മൂന്നാമതൊരു പ്രതികരണം മറ്റുള്ളവരുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകിച്ചും തുമ്മുകയോ ചുമക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുമ്പോള്‍ താന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന ചിന്തയാണ് പകര്‍ന്നു കിട്ടിയതെന്നായിരുന്നു. ജീവിതത്തില്‍ ആരോഗ്യത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്നവനായി മാറുകയും ആരോഗ്യത്തെ കുറിച്ച കൂടുതല്‍ വായിക്കുകയും പ്രതിരോധശേഷി കൂട്ടുന്ന ആഹാരത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്നവനായി മാറിയെന്നാണ് നാലാമതൊരാള്‍ പറഞ്ഞത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാം വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് താന്‍ മനസ്സിലാക്കുകയും അതിപ്പോള്‍ തന്റെ ലക്ഷ്യമായി മാറിയെന്നുമാണ് അഞ്ചാമത്തെയാള്‍ പറഞ്ഞത്. ആറാമത്തെയാള്‍ പറഞ്ഞത് വീട്ടിലുള്ള ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി വ്യായാമത്തിന് ക്ലബ്ബുകളെ ആശ്രയിക്കുന്നതിന് ബദല്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ്.

സാമ്പത്തികവും രാഷ്ട്രീയവുമായവയും പ്രതികരണങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. യുദ്ധമെന്നത് എല്ലായ്‌പ്പോഴും ആയുധങ്ങള്‍ കൊണ്ടല്ലെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ദേശസ്‌നേഹവും സാമൂഹ്യസേവനത്തെയും കുറിച്ച ബോധം ശക്തിപ്പെടുത്തിയെന്നാണ് രണ്ടാമതൊരാള്‍ പ്രതികരിച്ചത്. നാട്ടിലെ സ്വാതന്ത്ര്യമെന്ന അനുഗ്രഹത്തിന്റെ പ്രാധാന്യം മനസ്സിലായെന്നാണ് മൂന്നാമന്‍ പറഞ്ഞത്. നാലാമതൊരാള്‍ പറഞ്ഞത് ഐശ്വര്യത്തെ സംബന്ധിച്ച തന്റെ ധാരണ തിരുത്തപ്പെട്ടുവെന്നാണ്. ചില സമ്പന്നരെല്ലാം അവരുടെ പക്കല്‍ പണമുണ്ടായിട്ടും വീട്ടിലടക്കപ്പെട്ടത് കാരണം അവ ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നോര്‍ക്കുക. സ്വയംപര്യാപ്തതയുടെ പ്രാധാന്യം താന്‍ പഠിക്കുകയും പരസ്യങ്ങളും പ്രചരണങ്ങളും ചൂഷണം തന്നെ ചൂഷണം ചെയ്യുന്നുവെന്ന തിരിച്ചറിവുമാണ് നേടിയതെന്നാണ് അഞ്ചാമതൊരാള്‍ പ്രതികരിച്ചത്. അനുഗ്രഹങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പഠിച്ചുവെന്നായിരുന്നു ആറാമത്തെ പ്രതികരണം.

Also read: വേറെ പരിഹാരങ്ങളുണ്ടെങ്കില്‍ അതു സമര്‍പ്പിക്കേണ്ട സമയമിതാണ്

സാമൂഹിക തലത്തിലൂന്നിയായിരുന്നു ചില പ്രതികരണങ്ങള്‍. മക്കളെ കൂടുതല്‍ പരിചയപ്പെടാന്‍ കഴിഞ്ഞുവെന്നതായിരുന്നു അതിലൊന്നാമത്തേത്. വീട്ടില്‍ തന്നെ കഴിഞ്ഞതിന്റെ ഫലമായി ഭാര്യയുമായുണ്ടായിരുന്ന പഴകിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചുവെന്നതായിരുന്നു രണ്ടാമത്തെ പ്രതികരണം. മൂന്നാമത്തെ പ്രതികരണം അയല്‍ക്കാരുമായുള്ള ബന്ധം ശക്തിപ്പെട്ടെന്നായിരുന്നു. കുടുംബത്തോടും സഹോദരങ്ങളോടുമുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു എന്നതായിരുന്നു നാലാമത്തെയാള്‍ക്ക് പറയാനുണ്ടായിരുന്നത്. വീട്ടില്‍ കഴിയുന്നത് ആശ്വാസവും അനുഗ്രഹവുമാണെന്നും വീട് ആശ്വാസകേന്ദ്രമാണെന്ന് ആദ്യമായി തിരിച്ചറിയാനായി എന്നതായിരുന്നു അഞ്ചാമത്തെ പ്രതികരണം. ഇടക്കെല്ലാം സമൂഹത്തില്‍ നിന്ന് അകന്ന് ഒറ്റക്ക് സമയം ചെലവിടുന്നത് ഫലപ്രദമാണെന്നാണ് ആറാമത്തെയാളുടെ കണ്ടെത്തല്‍. ഏഴാമത്തെയാള്‍ പറഞ്ഞത് താന്‍ മക്കളുടെ ശിക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുകയും നിരവധി ശേഷികള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കുകയും അവരുടെ ഹോബികള്‍ പോഷിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ്. ഉത്തരവാദിത്വങ്ങള്‍ മക്കള്‍ക്ക് വീതിച്ച് നല്‍കി ഒഴിഞ്ഞിരിക്കാന്‍ സാധിച്ചുവെന്നും നേരത്തെ അവരുടെയെല്ലാം ജോലിക്കാരിയെന്ന രീതിയിലായിരുന്നു താനെന്നുമാണ് എട്ടാമത്തെ പ്രതികരമായി ഒരു സ്ത്രീ രേഖപ്പെടുത്തിയത്. കൂട്ടായ പ്രവര്‍ത്തനങ്ങളുടെയെയും സന്നദ്ധ സേവനങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കാനും ചെറിയ ശ്രമങ്ങളിലൂടെ എങ്ങനെ സാമൂഹിക സേവനത്തില്‍ പങ്കാളിയാവാമെന്നുമാണ് താന്‍ പഠിച്ചതെന്നാണ് ഒമ്പതാമതൊരാളുടെ പ്രതികരണം. ഇവയെല്ലാമാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്ന കൊറോണ പ്രതിസന്ധി പഠിപ്പിച്ച 33 പാഠങ്ങള്‍. ഈ പരീക്ഷണങ്ങളെല്ലാം നീങ്ങി എല്ലാവര്‍ക്കും സുഖവും സൗഖ്യവുമുണ്ടാവട്ടെയന്ന പ്രാര്‍ഥനയോടെ.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles