Current Date

Search
Close this search box.
Search
Close this search box.

യുവതയുടെ അഭിമാന സാക്ഷ്യത്തിന് ഇരുപതാണ്ട്

സോളിഡാരിറ്റിയുള്ള കേരളത്തിന് ഇരുപതാണ്ട് പൂര്‍ത്തിയാവുകയാണ്. ഒരു യുവജനപ്രസ്ഥാനമെന്ന നിലയില്‍ കേരളീയ സമൂഹത്തില്‍ വ്യത്യസ്തമായ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയമായ പ്രസ്ഥാനം. കാലത്തിന്റെ തേട്ടമനുസരിച്ച് ഇസ്ലാമികാദര്‍ശത്തിന്റെ വെളിച്ചത്തില്‍ കൃത്യതയുള്ള നിലപാടുയര്‍ത്തി, കേരളത്തിലെ യുവതക്ക് ദിശാബോധം
നല്‍കാന്‍ സാധിച്ച പ്രസ്ഥാനം. മതം സാമൂഹികതയില്‍ ഇടപെടുന്നത് അങ്ങേയറ്റം അപകടമാണെന്നുള്ള ‘മതേതരബോധ’ത്തേയും മതത്തെ ആചാര ബന്ധിതമാക്കിയ പാരമ്പര്യ മത സങ്കല്‍പത്തെയും ഒരുപോലെ തിരുത്തിക്കൊണ്ടും വിമര്‍ശിച്ചു കൊണ്ടുമാണ് സോളിഡാരിറ്റി കേരളത്തില്‍ പ്രവര്‍ത്തനാരംഭം കുറിക്കുന്നത്. ഇസ്ലാമിന്റെ സാമൂഹ്യ, രാഷ്ട്രീയ, മാനവിക ഉള്ളടക്കത്തിലുറച്ച് നിന്ന് ജരാനരകള്‍ ബാധിച്ചു തുടങ്ങിയ കേരളത്തിലെ പൗരരാഷ്ട്രീയത്തെ സോളിഡാരിറ്റി ശക്തിപ്പെടുത്തി. വംശീയതയും ഭരണകൂട ഭീകരതയും തോളുരുമ്മി പൗരാവകാശ ധ്വംസനങ്ങള്‍ക്കും മുസ്ലിം വംശഹത്യക്കും നേതൃത്വം നല്‍കിയപ്പോള്‍ നിലവിളികളമര്‍ന്നു പോയ ജനതയുടെ എല്ലുറപ്പുള്ള ശബ്ദമായി സോളിഡാരിറ്റി മാറി. ഇരുപാണ്ട് തികയുന്ന വേളയിലും നിറയൗവ്വനത്തോടെ സോളിഡിരാറ്റി അതിന്റെ യുഗധര്‍മ്മം നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ്.

മതവും വിശ്വാസവും ചൂഷണോപാധിയാക്കി പൗരോഹിത്യ വാഴ്ച ശക്തിപ്പെടുന്ന കാലത്ത്
പ്രവാചക പ്രോക്തമായ വിമോചന മതദര്‍ശനത്തെ കൈമുതലായി സ്വീകരിച്ചും, വംശീയതക്കെതിരെ സാഹോദര്യത്തിന്റെ തടയണ തീര്‍ത്തും, നവനാസ്തികതയും ലിബറലിസവും കൈകോര്‍ക്കുന്ന ഭീഷണകാലത്ത് ഇവക്കെതിരില്‍ ആശയപ്രതിരോധം തീര്‍ത്തും മുന്നേറുന്ന യുവജന പ്രസ്ഥാനമാണ് ഇന്ന് സോളിഡാരിറ്റി.

2003 മെയ് 13 ന് സോളിഡാരിറ്റി പിറവിയെടുത്ത നാള്‍ മുതല്‍ 2011 വരെയുള്ള കാലയളവ് സോളിഡാരിറ്റിയുടെ ഭാഗമായ അഭിമാനകരമായ നാളുകളാണ്. യൗവ്വനത്തിന്റെ ചൂടിലും ഉശിരിലും കേരളത്തിലുടനീളം ഓടിനടന്ന കാലം. ചുറ്റുമുള്ള പൊള്ളുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ തൊട്ടറിഞ്ഞ് വളര്‍ന്നുവന്ന ചട്ടക്കൂടുകള്‍ക്കപ്പുറത്തേക്ക് കുതിക്കാനും നിസ്വരും നിരാലംബരുമായ അപരര്‍ക്ക് വിലപ്പെട്ട ജീവിത നിമിഷങ്ങളെ പകുത്ത് നല്‍കാനും മത്സരബുദ്ധി കാണിച്ച കാലം. കുഴതെറ്റിയ നിരവധി മനുഷ്യജീവിതങ്ങള്‍ക്ക് ദിശ നിര്‍ണയിക്കാനും, നിരാശപൂണ്ട് പാതിവഴിയേ തളര്‍ന്നുപോയ മനുഷ്യര്‍ക്ക് പുതുജീവിതത്തെകുറിച്ച പുതുനാമ്പ് പകരാനും കഴിഞ്ഞ നാളുകള്‍.

ഇങ്ങനെ ആത്മസംതൃപ്തിയോടെയും ആത്മാഭിമാനത്തോടെയും അനുസ്മരിക്കാവുന്ന
പറഞ്ഞുതീര്‍ക്കാനാവാത്ത നിരവധി ജീവിതാനുഭവങ്ങള്‍ സമ്മാനിച്ച അഭിമാനമാണ് എനിക്ക് സോളിഡാരിറ്റി. മതനിരാസത്തിന്റെയും ലിബറലിസത്തിന്റെയും ഇസ്ലാമോഫോബിയയുടെയും ഇതിനെയെല്ലാം വെല്ലുന്ന വംശീയതയുടെയും
മധ്യേ അതിജീവനമാഗ്രഹിക്കുന്ന പുതുതലമുറക്ക് വിശ്വാസാദര്‍ശത്തിന്റെ
തെളിമയിലും വെളിച്ചത്തിലും ധീരമായി നേതൃത്വം നല്‍കാന്‍ യൗവ്വനത്തിന്റെ മുഴുവന്‍ നിറവോടെ സോളിഡാരിറ്റി ഇപ്പോഴും കേരളത്തിലുണ്ട്. നമ്മോടൊപ്പം….. അല്ലാ, നമുക്കും മുമ്പേ. ഇനിയുമിനിയും കാലം കൊണ്ടടയാളപ്പെടുത്താന്‍ നാഥന്‍ തുണക്കട്ടെ, ആമീന്‍.

Related Articles