Current Date

Search
Close this search box.
Search
Close this search box.

ബൈഡന്റെ 15 എക്സിക്യുട്ടീവ് ഓർഡറുകൾ

1789 ലാണ് അമേരിക്ക ജനാധിപത്യ രീതിയിലേക്ക് മാറിയത്. ലോകത്തിലെ തന്നെ പഴക്കം ചെന്ന ജനാധിപത്യ ക്രമമുള്ള രാജ്യങ്ങളിൽ ഒന്നാണു അമേരിക്ക. രണ്ടു പതിറ്റാണ്ടിനു ശേഷം ജോ ബൈഡൻ അധികാരമേറ്റെടുത്തു നടത്തിയ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞ കാര്യങ്ങളിൽ പ്രമുഖമായത്‌ ജനാധിപത്യം തന്നെ. ട്രംപ്‌ കാലത്ത് ഏറ്റവും കൂടുതൽ പരുക്ക് പറ്റിയത് ജനാധിപത്യത്തിനാണ് എന്നവർ മനസ്സിലാക്കുന്നു. അമേരിക്ക അനൈക്യത്തിന്റെ പാതയിലേക്ക് ചരിച്ചു എന്നതും ട്രംപ് കാലത്തെ പ്രത്യേകതയാണ്. അമേരിക്ക എന്ന രാജ്യത്തിൻറെ സൽപ്പേര് നഷ്ടമായി എന്നൊരു വിചാരവും അവർക്കുണ്ട്. അമേരിക്കൻ ഭരണകൂടങ്ങൾ അവർക്കിടയിൽ ജനാധിപത്യത്തിനു എന്ത് വില നൽക്കുന്നു എന്നറിയില്ല പക്ഷെ അമേരിക്കക്കു പുറത്തു അവരുടെ ജനാധിപത്യം പലപ്പോഴും വാക്കുകളിൽ മാത്രം ഒതുങ്ങുന്നു. അത് കൊണ്ട് പുതിയ പ്രസിഡന്റ് ഒരു തിരിച്ചു വരവിനെ കുറിച്ച് സൂചിപ്പിച്ചതും.

അമേരിക്കൻ ജനതക്കിടയിൽ അനൈക്യം രൂപപ്പെട്ടു എന്നതും കഴിഞ്ഞ നാല് കൊല്ലത്തിന്റെ ബാക്കിയാണ്. എല്ലാവരുടെയും അമേരിക്ക എന്നതാണ് പുതിയ പ്രസിഡന്റ് മുന്നോട്ട് വെച്ച ആശയം. ആദ്യമായാണ് ഒരു പ്രസിഡന്റ് ഇത്തരം ഒരു സദസ്സിൽ വെച്ച് “ വൈറ്റ് സുപ്രീമസി” യെ ക്കുറിച്ച് സംസാരിക്കുന്നത്. ജനാധിപത്യം ഫാസിസത്തിന് വഴിമാറുമ്പോൾ സംഭവിക്കാനിടയുള്ളതു മാത്രമാണ് അമേരിക്കയിലും സംഭവിച്ചത്. അത് കൊണ്ട് തന്നെയാണ് ചുമതല ഏറ്റെടുത്ത അന്ന് തന്നെ പുതിയ പ്രസിഡന്റിന് പതിനഞ്ചു “ executive orders” ഇറക്കേണ്ടി വന്നതും. ഇവയൊന്നും പുതിയ ഉത്തരവുകളല്ല എന്നതാണ് അതിന്റെ പ്രത്യേകത. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ട്രംപ് തന്റെ കാലത്ത് നടപ്പിലാക്കിയ ജനാധിപത്യ വിരുദ്ധ നിയമങ്ങളാണ് പുതിയ പ്രസിഡന്റ് ബൈഡൻ ഒരു ദിവസം കൊണ്ട് തിരുത്തിയത്. അമേരിക്ക എത്രമാത്രം ലോകത്തിൽ നിന്നും ഒറ്റപ്പെട്ടുപോയി എന്നത് കൂടി ഇത് കൊണ്ട് മനസ്സിലാക്കാം.

താൻ അധികാരത്തിൽ വന്നാൽ പെട്ടെന്ന് തന്നെ പല ട്രംപ്‌ തീരുമാനങ്ങളും തിരുത്തുമെന്ന് ബൈഡൻ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഉറപ്പ് നൽകിയിരുന്നു. ഒരു ജനാധിപത്യ സമൂഹത്തിനു സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു പ്രസ്തുത നിയമങ്ങൽ എന്നത് കൊണ്ട് തന്നെ തന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ബൈഡൻ നൽകിയ വാഗ്ദാനം പാലിച്ചു. അമേരിക്ക കുടിയേറ്റക്കാരുടെ നാടാണ് എന്നത് ചരിത്രം. ഇന്ത്യൻ സംഘ പരിവാർ രാഷ്ട്രീയം പോലെ വംശീയത കൈമുതലാക്കിയാണ് ട്രമ്പ്‌ ഭരണത്തിൽ കയറിയത്. ഏഴു മുസ്ലിം നാടുകളിളിൽ നിന്നും ആളുകൾ വരുന്നത് തടഞ്ഞ ബിൽ ഇന്നലെ മുതൽ ദുർബലമായി. “a policy rooted in religious animus and xenophobia” ( മതപരമായ വിദ്വേഷത്തിലും വെറുപ്പിലും ഉറച്ചുപോയ നിലപാട് )“ എന്നാണു അതിനെ കുറിച്ച് ലോകം വിലയിരുത്തിയത്.

മെക്സിക്കോയിൽ നിന്നും കുടിയേറ്റക്കാരെ ചെറുക്കാൻ അതിർത്തിയിൽ വലിയ മതിൽ കെട്ടുന്ന പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു. 2021 “ കട്ട് ഓഫ് ഡേറ്റ്” കണക്കാക്കി കുടിയേറ്റക്കാർക്ക് പൌരത്വം നൽകുന്നതിനെ കുറിച്ച് തീരുമാനമെടുക്കും എന്ന വിവരവും പുറത്ത് വരുന്നുണ്ട്. അഭയാർഥി കുടിയേറ്റ വിഷയം ഒരു അന്താരാഷ്ട്ര മാനമുള്ളതാണ്. ചില അനിവാര്യമായ സാഹചര്യങ്ങളിൽ തങ്ങളുടെ നാടുകളിലേക്ക് വന്നവരെ ജനാധിപത്യ രീതിയിലും മാനുഷിക മൂല്യങ്ങളുടെ കാര്യത്തിലും പരിഗണിക്കുക എന്നതാണ് മനുഷ്യത്വമുള്ള ഭരണകൂടങ്ങൾ ചെയ്യാറ്. അതെ സമയം പതിറ്റാണ്ടായി നാടിന്റെ മണ്ണിൽ ജീവിക്കുന്നവരെ ഇപ്പോഴും പുറത്താക്കാൻ വഴി തേടുന്ന സംഘ പരിവാർ ഭരണകൂടങ്ങൾക്ക് ഇതിൽ വലിയ മാതൃകയുണ്ട്‌.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കാരാറിൽ നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. അന്തരീക്ഷത്തിലെക്ക് കാർബൺ വിസർജനം കുറയ്ക്കുക എന്നതായിരുന്നു ഇതിന്റെ മുഖ്യ ഉദ്ദേശം. വ്യവസായങ്ങളിൽ നിന്നും പുറത്തു വരുന്ന കാർബൺ കുറക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നതാണ് 192 അംഗങ്ങൾ ഒപ്പ് വെച്ച ഈ കരാറിന്റെ അടിസ്ഥാനം. കരാറിൽ ഒപ്പുവെച്ച അമേരിക്ക അതിൽ നിന്നും സ്വയം ഒഴിഞ്ഞു പോയി. അതിലേക്കു അമേരിക്കയെ തിരിച്ചു കൊണ്ട് വന്നാണ് പുതിയ ഭരണകൂടം പ്രവർത്തനം ആരംഭിച്ചത്.

പഴയ പ്രസിഡന്റ് മാസ്ക് ധരിക്കുന്നത് വെറുപ്പോടെ കണ്ടിരുന്നു. സ്വയം തന്നെ അതിൽ നിന്നും അദ്ദേഹം മാറി നിന്നു. കൊറോണ നിയന്ത്രണത്തിന് ലോകാരോഗ്യ സംഘടന തന്നെ മുന്നോട്ടുവെച്ച നിർദ്ദേശമാണ് മാസ്ക് ധരിക്കുക എന്നത്. വികസ്വര അവികസിത രാജ്യങ്ങൾ പോലുംമാസ്ക് ധരിക്കാൻ തങ്ങളുടെ പ്രജകളെ നിർബന്ധിച്ചുരുന്നു. രോഗം കാരണം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ട രാജ്യം എന്ന ഖ്യാതി കൂടി അമേരിക്കക്കുണ്ട്. “ നൂറു ദിവസത്തെ മാസ്ക് ധരിക്കൽ പദ്ധതി രാജ്യസ്നേഹത്തിന്റെ ഭാഗം” എന്നാണ് പുതിയ ഭരണകൂടം നൽകുന്ന സന്ദേശം. ലോകാരോഗ്യ സംഘടനയുടെ അടുത്ത യോഗത്തിൽ രാജ്യത്തെ പ്രഗൽഭരായ ഡോകടർമാരെ അയക്കും എന്ന ഉറപ്പും ഭരണകൂടം നൽകിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പിന്മാറിയിരുന്നു. ചൈനയെ സഹായിക്കുന്ന നടപടിയാണ് WHO സ്വീകരിക്കുന്നത് എന്നായിരുന്നു ഉന്നയിക്കപ്പെട്ട ആരോപണം. COVAX programme എന്ന പേരിൽ ലോകാരോഗ്യ സംഘടന നടത്തുന്ന കൊറോണ നിർമ്മാർജ്ജന പ്രവർത്തനങ്ങളിലും അമേരിക്ക സജീവമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അടുത്ത് നടക്കുന്ന സംഘടനയുടെ യോഗത്തിൽ പുതിയ ഭരണകൂട പ്രതിനിധികൾ പങ്കെടുക്കും എന്ന ഉറപ്പും നൽകിയിട്ടുണ്ട്.

കാനഡ – അമേരിക്ക Keystone Pipeline പദ്ധതിയുടെ അനുമതിയും ഇന്നലെ റദ്ദാക്കപ്പെട്ടു. ആറു ലക്ഷം എണ്ണ ഒരു ദിവസം കൊണ്ട് പോകാൻ കഴിയുന്ന പദ്ധതി 2010 ൽ കരാർ ഒപ്പിട്ടു. അന്ന് മുതലേ പദ്ധതിയെ കുറിച്ച് പാരസ്തിക ആശങ്കകൾ ഉന്നയിക്കപ്പെട്ടിരുന്നു. പദ്ധതി നിർത്തി വെച്ചതിൽ കാനഡ അതൃപ്തി അറിയിച്ചെങ്കിലും അത് കാര്യമാക്കേണ്ട എന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ നിലപാട്. 2015 ൽ ഈ പദ്ധതി വേണ്ടെന്നു ഒബാമ ഭരണകൂടം തീരുമാനിച്ചിരുന്നു. ശേഷം ട്രംപ് അതിനു അനുമതി നൽകി .

ഒരു വികസിത രാജ്യമായിട്ടും അമേരിക്ക നേരിടുന്ന സാമൂഹിക പ്രശ്നങ്ങൾ നിരവധിയാണ്. വർണവും വർഗ്ഗവും അവിടെ വലിയ സാമൂഹിക വിഷയങ്ങളാണ്. ഇന്നലെ ഒപ്പിട്ട കാര്യങ്ങളിൽ അതുമായി ബന്ധപ്പെട്ട ബില്ലുകളും കാണാം. ട്രംപ് കാലത്ത് തകർന്നു പോയ അമേരിക്കയുടെ മാനം തിരിച്ചെടുക്കുക എന്നത് തന്നെയാണ് പുതിയ പ്രസിഡന്റ് നേരിടുന്ന മുഖ്യ വിഷയം. തലസ്ഥാന നഗരിയിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ അക്രമികൾ അഴിഞ്ഞാടിയപ്പോൾ അഞ്ചു പേർ കൊല്ലപ്പെട്ടു എന്നതിനേക്കാൾ അമേരിക്കൻ യശസ്സ് തകർന്നു പോയി എന്നാണു മാധ്യമ വിലയിരുത്തൽ.

അമേരിക്ക ഫസ്റ്റ് എന്നാണ് ട്രംപ് ഉയർത്തിയ മുദ്രാവാക്യം. അതിൽ ഒരു ദേശീയതയുണ്ട്. അതൊരു ദേശ സ്നേഹത്തിന്റെ പ്രയോഗമല്ല. തികച്ചും എതിരായ ഫാസിസവും വംശീയതയും മാത്രം. ഒരു ഭരണാധികാരി മാറിയത് കൊണ്ട് അമേരിക്ക മൊത്തം മാറുമെന്നു ആരും കരുതുന്നില്ല. പക്ഷെ കൂരിരുട്ടിൽ മിന്നാമിനുങ്ങു വെട്ടം പോലും ഒരു അനുഗ്രഹമാണ് എന്നിടത്താണ് ലോകം നിലകൊള്ളുന്നത്.

Related Articles