Current Date

Search
Close this search box.
Search
Close this search box.

ഹസന്‍ റൂഹാനിയെന്ന ഡിപ്ലോമാറ്റ് ശൈഖ്

ഇറാനിലെ ജൂതര്‍ നടത്തുന്ന ഒരേ ഒരു ആസ്പത്രിയായ ഡോ: സാഫിര്‍ ഹോസ്പിററല്‍ ആന്റ് ചാരിറ്റബിള്‍ സെന്റര്‍ 2014 ജനുവരി 30-ന് വ്യാഴാഴ്ച പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഔദാര്യം കണ്ട് അത്ഭുതപ്പെട്ടു. ന്യുയോര്‍ക്ക് ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് നാലു ലക്ഷം ഡോളറാണ് അദ്ദേഹം സ്വന്തം സഹോദരന്‍ വഴി ഈ ആസ്പത്രിക്ക് സംഭാവനയായി നല്‍കിയത്. ”ഇറാനിലെ മത ന്യൂനപക്ഷമായ പാരമ്പര്യ ജൂത-ക്രൈസ്തവ സമുദായങ്ങളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് ” എന്നാണ് റൂഹാനി പ്രസ്താവിച്ചത്. ”ഞങ്ങളുടെ ആരോഗ്യവകുപ്പ് ഈ സ്ഥാപനത്തിന് അര്‍ഹിക്കുന്ന എല്ലാ പരിഗണനയും നല്‍കിവരുന്നുണ്ട്.” അദ്ദേഹം തുടര്‍ന്നു. രണ്ട് ഗഡുക്കളായാണ് ഈ സംഭാവന നല്‍കുക എന്ന് ഇറാനിലെ മെഹര്‍ന്യുസ് ഏജന്‍സി വെളിപ്പെടുത്തി. മുന്‍ പ്രസിഡന്റ് അഹ്മദീ നജാദിന്റെ കര്‍ശന നയങ്ങളില്‍നിന്ന് തികച്ചും ഭിന്നമായ നടപടിയാണിതെന്നും ഇത് രണ്ടാം തവണയാണ് റൂഹാനി ഈ സ്ഥാപനത്തിന് പ്രത്യേക ധനസഹായം നല്‍കുന്നതെന്നും ടൈംസ് ഓഫ് ഇസ്രായീല്‍ ഉദ്ദരിക്കുന്നു.

ഇസ്രായീലിന് വെളിയില്‍ ഏറ്റവും വലിയ ജൂതസമൂഹം ജീവിക്കുന്ന നാടാണ് ഇറാന്‍ എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഈ വര്‍ഷം ആദ്യത്തില്‍ ഇറാനിലെ ജൂത സമൂഹത്തിനായി പ്രസിഡന്റ് റൂഹാനി തന്റെ ട്വിറ്ററിലൂടെ പ്രത്യേക പുതുവല്‍സര ആശംസകള്‍ അയക്കുകയും ചെയ്തിരുന്നു.

സൊര്‍ഖെ എന്ന ഇറാനിയന്‍ പട്ടണത്തില്‍ 1948 നവമ്പര്‍ 12 ന് ജനിച്ച ഹസ്സന്‍ ബാല്യത്തില്‍ തന്നെ ശിയാ പണ്ഡിതന്മാരുടെ പാഠശാലകളില്‍ നിന്ന് മതപഠന പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി റൂഹാനി പട്ടം കരസ്ഥമാക്കി. തുടര്‍ന്ന് 1969 ല്‍ തെഹ്‌റാന്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് നിയമ ബിരുദം നേടുകയും ഗ്ലാസ്‌ഗോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി. ബിരുദം കരസ്ഥമാക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിനുശേഷം ഷാ വിരുദ്ധ പ്രഭാഷണങ്ങള്‍ നത്തിക്കൊണ്ടായിരുന്നു ഹസന്‍ റൂഹാനി പൊതു രംഗത്തിറങ്ങിയത്. ആത്മരക്ഷാര്‍ഥം നാടുവിടേണ്ടിവന്ന അദ്ദേഹം പാരീസിലെത്തി ആയത്തുല്ല ഖുമൈനിയുമായി ചേര്‍ന്ന് മുഴുസമയ വിപ്ലവ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. 1979 ല്‍ വിപ്ലവാനന്തരം ഖുമൈനിയോടൊപ്പം ഇറാനില്‍ തിരിച്ചെത്തി ഖുമൈനിയുടെ ഭരണത്തില്‍ അഭ്യന്തര സുരക്ഷാസെക്രട്ടറി, പ്രസിഡന്റിന്റെ രാജ്യരക്ഷാ ഉപദേശകന്‍ എന്നീ ഉന്നത പദവികള്‍ വഹിക്കുകയുണ്ടായി. സുപ്രീം നേഷനല്‍ സെക്യൂരിറ്റികൗണ്‍സില്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ പാശ്ചാത്യ രാഷ്ട്രങ്ങളുമായുള്ള അണുആയുധ ചര്‍ച്ചകള്‍ നയിച്ചത് റൂഹാനിയായിരുന്നു. നയതന്ത്രരംഗത്ത് അദ്ദേഹം പ്രകടിപ്പിച്ച പക്വതയും വന്‍ശക്തികള്‍ നടപ്പാക്കിയ ഉപരോധങ്ങളെ വിവേകപൂര്‍വ്വം നേരിട്ടതും കാരണം പാശ്ചാത്യര്‍ക്കിടയില്‍  ”ഡിപ്ലോമാറ്റ് ശൈഖ്” എന്ന അപരനാമത്തിലും അദ്ദേഹം അറിയപ്പെട്ടു. നയപരമായ വിഷയങ്ങളില്‍ അദ്ദേഹം എപ്പോഴും വിമര്‍ശിച്ചിരുന്ന മഹ്മൂദ് അഹ്മദീ നജാദ് പ്രസിഡന്റായപ്പോള്‍ തന്റെ പതിനാറ് വര്‍ഷത്തെ സെക്രട്ടറി പദവിയില്‍നിന്ന് അദ്ദേഹം രാജിവെച്ചു.

ഭീഷണികള്‍ക്കിടയിലും അണു ആയുധ വിഷയത്തില്‍ പാശ്ചാത്യ ശക്തികളുമായി സംഭാഷണം തുടരാനും ഇറാന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്താനും പ്രയത്‌നിക്കുന്ന പ്രസിഡന്റ് റൂഹാനിയുടെ നയനിലപാടുകള്‍ ഇന്ന് ലോകരാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തു കൊണ്ടിരിക്കുകയാണ്.

Related Articles