Current Date

Search
Close this search box.
Search
Close this search box.

സൗഹാര്‍ദവും വിയോജിപ്പും

ഫുദൈലുബ്‌നു ഇയാളും അബ്ദുല്ലാഹിബ്‌നു മുബാറക്കും വിട്ടുപിരിയാത്ത  സുഹൃത്തുക്കളും ഭൗതികവിരക്തിയില്‍  കഴിയുന്ന പണ്ഡിതന്മാരുമായിരുന്നു. ഒരിക്കല്‍ മുബാറക്ക് അതിര്‍ത്തിയില്‍ സൈനിക സേവനത്തിന് പുറപ്പെട്ടു. ആരാധനയില്‍ കഴിഞ്ഞുകൂടാനായി ഫുദൈല്‍ ഹറമിലേക്കും തിരിച്ചു. ഒരു ദിവസം ഹറമില്‍ പ്രാര്‍ഥനാനിരതനായിരുന്ന  ഫുദൈലിന് തന്റെ സുഹൃത്ത് മുബാറക്കിനെ കാണാന്‍ കൊതിയായി. ദിക്‌റിന്റെ മജ്‌ലിസുകളില്‍ തങ്ങള്‍ ഒന്നിച്ചിരുന്നത് അദ്ദേഹം ഓര്‍ത്തുപോയി. ഉടനെ ഹറമില്‍  വന്ന് തന്റെ കൂടെ ആരാധനകളില്‍ മുഴുകാന്‍ അഭ്യര്‍ഥിച്ചു കെണ്ട് അദ്ദേഹത്തിന് ഒരെഴുത്തയച്ചു. ഫുദൈലിന്റെ കത്ത് കിട്ടിയപ്പോള്‍ മുബാറക് എഴുതിയ മറുകുറിപ്പ് ഇങ്ങനെയായിരുന്നു:

”ഹറമില്‍ ആരാധനകളില്‍ മുഴുകിക്കഴിയുന്ന സുഹൃത്തേ, നിങ്ങള്‍ ഞങ്ങളെ കണ്ടിരുന്നുവെങ്കില്‍ നിങ്ങള്‍ ആരാധനകൊണ്ട് അഭ്യാസം നടത്തുകയാണെന്ന് മനസ്സിലാകുമായിരുന്നു. നിങ്ങള്‍ കണ്ണീരുകൊണ്ട് കവിളുകള്‍ നനക്കുമ്പോള്‍ ഞങ്ങളുടെ ശരീരം ശത്രുവിന്റെ ആയുധങ്ങളേറ്റ് രക്തമൊഴുക്കുകയാണെന്നറിയുക. അലക്ഷ്യമായി കുതിരയെ തെളിക്കുന്നവര്‍ക്ക് ഞങ്ങളുടെ കുതിരകള്‍ പൊരുതി തളര്‍ന്നിരിക്കുകയാണെന്നറിയാമോ? നിങ്ങളുടെ ശരീരത്തില്‍ അത്തറിന്റെ പരിമളമാണുള്ളതെങ്കില്‍ വാളുകളും കുന്തങ്ങളും പരിചകളും ഉതിര്‍ക്കുന്ന തീപ്പൊരികളും പാറിപ്പറക്കുന്ന പൊടിപടലങ്ങളുമാണ് ഈ ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നത്.

‘അല്ലാഹുവിന്റെ വഴിയില്‍ സമരത്തിന് പുറപ്പെട്ടവരുടെ രോമകൂപങ്ങള്‍ നരകാഗ്നി സ്പര്‍ശിക്കില്ല.’ ‘അല്‍ അമീന്‍’ എന്നറിയപ്പെട്ട തിരുദൂതരുടെ വാക്കുകളാണിത്. രക്തസാക്ഷിക്ക്  മരണമില്ലെന്ന് പറഞ്ഞത് സത്യവേദഗ്രന്ഥമാണ്. ദൈവദാസന്മാരില്‍ ചിലര്‍ക്ക് വ്രതാനുഷ്ഠാനത്തിലും മറ്റു ചിലര്‍ക്ക് ഖുര്‍ആന്‍ പാരായണത്തിലുമായിരിക്കും താല്‍പര്യം. വേറെ ചിലര്‍ വിജ്ഞാനശേഖരണത്തില്‍ ബദ്ധശ്രദ്ധരായിരിക്കും. രാത്രിനമസ്‌കാരങ്ങളിലും ജിഹാദിലും താല്‍പര്യമുള്ളവരുമുണ്ടാകും. അപ്പോള്‍ നിങ്ങള്‍ എന്നെക്കാള്‍ മികച്ചവനാണെന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം!?  അതേ, നാം രണ്ടുപേരും നന്മയുടെ വഴിയില്‍ തന്നെയാണ്. അങ്ങനെ, നമുക്കിടയിലെ തര്‍ക്കം ലളിതമായി പരിഹരിക്കപ്പെട്ടു. സംശയമില്ല. രണ്ടാളും നന്മയുടെ വഴിയിലാണ്.”

മദീനയിലെ മുസ്‌ലിംകളെ ആക്രമിക്കാനായി സായുധരായ ശത്രുക്കള്‍ സംഘടിച്ചു.  സൈനികവ്യൂഹവുമായി  പുറപ്പെട്ട അവര്‍ക്ക് മദീനയിലെ ബനൂഖറൈദ ഗോത്രക്കാരുടെ പിന്തുണയുമുണ്ടായിരുന്നു. ഇവരെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ മദീനയ്ക്ക് ചുറ്റും കിടങ്ങുകള്‍ കീറി. ഏറ്റുമുട്ടലില്‍ പരാജയം നേരിട്ട ശത്രുക്കള്‍ നിരാശരായി പിന്തിരിഞ്ഞു. പിറ്റേദിവസം മധ്യാഹ്നവേളയില്‍ ജിബ്‌രീല്‍ അല്ലാഹവിന്റെ കല്‍പനയുമായി അവതരിച്ചു. ”അല്ലാഹു താങ്കളോട് ബനുഖുറൈദയില്‍ എത്താന്‍ കല്‍പിച്ചിരിക്കുന്നു. ഞാന്‍ അവരെ തരിപ്പണമാക്കുവാന്‍ പോവുകയാണ്.” ബനൂഖുറൈദയില്‍ എത്തിയതിനു ശേഷമേ അസര്‍ നമസ്‌കാരം നിര്‍വഹിക്കാവൂ എന്ന് പ്രവാചകന്‍(സ) കല്‍പിച്ചു. സൈന്യം വീണ്ടും സായുധരായി ബനൂഖുറൈദ ലക്ഷ്യം വെച്ചു നീങ്ങി. വഴിമധ്യേ അസ്ര്‍ നമസ്‌കാരത്തിന് സമയമായി.  തങ്ങള്‍ ബനൂഖുറൈദയില്‍ എത്തിയ ശേഷമേ നമസ്‌കരിക്കൂവെന്ന് ചിലര്‍ പറഞ്ഞു. ധൃതിയില്‍ പുറപ്പെടാന്‍വേണ്ടിയാണ് പ്രവാചകന്‍ അങ്ങനെ പറഞ്ഞത്, ഞങ്ങള്‍ നമസ്‌കരിക്കുകയാണ ്എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. അവര്‍ വഴിയില്‍ വച്ച് നമസ്‌കാരം നിര്‍വഹിച്ചു യാത്ര പൂര്‍ത്തിയാക്കി. ആദ്യവിഭാഗം നമസ്‌കാരം പിന്തിപ്പിച്ചു. ബനൂഖുറൈദയില്‍ എത്തിയ ശേഷം നിര്‍വഹിച്ചു. ഇക്കാര്യം അറിയിച്ചപ്പോള്‍  രണ്ടു വിഭാഗത്തെയും പ്രവാചകന്‍ കുറ്റപ്പെടുത്തിയില്ല. പിന്നീട് ബനൂഖുറൈളയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അവരെ കീഴടക്കി. തങ്ങളുടെ അഭിപ്രായ ഭിന്നത വഴക്കിലേക്കും വക്കാണത്തിലേക്കും നീങ്ങാതെ സൗഹൃദം പാലിച്ചുകൊണ്ട് പരസ്പരം വിയോജിക്കാന്‍ സഹാബികള്‍ക്ക് സാധിച്ചു. സൗമ്യമായും വിശാലമനസ്‌കതയോടെയും ആളുകളോട് പെരുമാറിയാല്‍ അവര്‍ നിങ്ങളെ ഇഷ്ടപ്പെടും. അവരുടെ മനസ്സ് സ്വാധീനിക്കാന്‍ സാധിക്കും നിങ്ങള്‍ ഏതഭിപ്രായക്കാരനാണ് എന്നതല്ല കാര്യം, ഭിന്നിക്കാതിരിക്കുകയാണ് പ്രധാനം. സര്‍വോപരി അല്ലാഹുവിനും നിങ്ങള്‍ പ്രിയങ്കരനാകും. ഭിന്നിപ്പ് തിന്മയാണ്.

Related Articles