Current Date

Search
Close this search box.
Search
Close this search box.

സ്വവര്‍ഗ വിവാഹം ഫ്രാന്‍സിലും

അവസാനം ഫ്രാന്‍സും സ്വവര്‍ഗവിവാഹം അംഗീകരിക്കുന്നു. ഫ്രഞ്ച് പാര്‍ലിമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയില്‍ 229-നെതിരെ 329 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. രാജ്യത്തെ വലതുപക്ഷ പാര്‍ട്ടികളും വിവിധ മതനേതാക്കളും ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. ഏപ്രില്‍ 2-ന് സെനറ്റില്‍ ബില്‍ അവതരിപ്പിക്കും.  സെനറ്റില്‍ പാസ്സാകുന്നതോടെ ബില്‍ നിയമമാവുകയും ചെയ്യും.
രണ്ടു പുരുഷന്മാരോ, സ്ത്രീകളോ പരസ്പരം ഇണകളായി നടത്തുന്ന വിവാഹമാണല്ലോ സ്വവര്‍ഗവിവാഹം. കേട്ടാല്‍ അറപ്പും വെറുപ്പും തോന്നുന്ന ഈ ‘വിവാഹ’ത്തെ പരിഷ്‌കൃത രാഷ്ട്രങ്ങളായി കരുതപ്പെടൂന്ന പലയിടത്തും ആവേശത്തോടെയാണ് സ്വാഗതം ചെയ്യപ്പെടുന്നത്. സ്വവര്‍ഗ രതി ലോകമെമ്പാടൂം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് സംഭവങ്ങള്‍ വിളിച്ചോതുന്നത്. കേവലം കിരാതര്‍ക്കിടയിലല്ല, പ്രത്യുത ഉന്നതരിലും പരിഷ്‌കൃതരിലുമാണിത് വ്യാപിച്ചു കൊണ്ടിരിക്കുന്നതെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയത്രെ. ഫ്രഞ്ച് പാര്‍ലിമെന്റ് അധോസഭയില്‍, ബില്ലിനെതിരെ എതിര്‍ത്ത് വോട്ടു ചെയ്തവര്‍ 229 ആയിരുന്നുവെങ്കില്‍, അനുകൂലിച്ചവര്‍ 329 ആയിരുന്നുവെന്നത് ഈ വസ്തുതയാണല്ലോ വിളിച്ചോതുന്നത്. നാം പരിഷ്‌കൃതമെന്ന് വിശേഷിപ്പിക്കാറുള്ള പല രാജ്യങ്ങളിലും ഇതിനകം തന്നെ ഈ ‘വൃത്തികേടി’ന്ന് അംഗീകാരം നല്‍കി കഴിഞ്ഞിട്ടുണ്ട്. അവിടങ്ങളില്‍ പലേടത്തും സ്വവര്‍ഗരതിക്കാരുടെ പ്രതിനിധികള്‍ വരെയുണ്ട്. സ്വന്തമായി സംഘടനകളും പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വെബ്‌സൈറ്റുകളും ഇവര്‍ക്കുണ്ട്.

ഇത്തരം വിവാഹങ്ങളെകുറിച്ച് നടത്തപ്പെട്ട പഠനങ്ങള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് നമുക്ക് നല്‍കുന്നത്. ഇത്തരം വിവാഹിതരായ പുരുഷന്മാരോരോര്‍ത്തര്‍ക്കും നൂറുക്കണക്കില്‍ ലൈംഗിക പങ്കാളികളുണ്ടെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. വെളുത്തവരില്‍ 43 ശതമാനം പേര്‍ അഞ്ഞൂറോ അതിലധികമോ പങ്കാളികളുള്ളവരാണെങ്കില്‍, 28 ശതമാനം ആയിരമോ അതിലധികമോ പങ്കാളികളുള്ളവരത്രെ. ‘ബന്ധേതര’ വേഴ്ചയെ മാതൃകയായും, ഏകപത്‌നിത്വ വ്യവസ്ഥകളെ പീഡനമായും കാണുന്നവരാണ് ഈ പുരുഷന്മാരില്‍ ബഹുഭൂരിഭാഗവും. എന്നാല്‍ ഭിന്നവര്‍ഗ (സ്ത്രീ-പുരുഷ) വിവാഹിതരില്‍ നടത്തപ്പെട്ട പഠനമനുസരിച്ച്, 77 ശതമാനം പുരുഷന്മാരും 88 ശതമാനം സ്ത്രീകളും വിവാഹകരാറുമായി വിശ്വസ്തത പാലിക്കുന്നവരാണെന്നത് ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
സ്വവര്‍ഗവിവാഹിതരായ 7862 പുരുഷന്മാരില്‍ നടത്തപ്പെട്ട ഒരു സര്‍വെയനുസരിച്ച്, നിലവിലുള്ള ബന്ധം ഇരുപതോ അതിലധികമോ വര്‍ഷം തുടര്‍ന്നു പോന്നത് 15 ശതമാനം മാത്രമാണ്. ഇരുപതിലധികം നീണ്ടു പോയത് കേവലം 5 ശതമാനം മാത്രം. ഭിന്നവര്‍ഗ വിവാഹിതരിലാകട്ടെ 66 ശതമാനം പത്തോ അതിലധികമോ വര്‍ഷവും 50 ശതമാനം ഇരുപതോ അതിലധികമോ വര്‍ഷവും, തങ്ങളുടെ ആദ്യവിവാഹം തുടര്‍ന്നു പോരുന്നവരാണ്. ‘മാതൃകാ സ്വവര്‍ഗനഗര’ നിവാസികളില്‍, ഭൂരിഭാഗവും, പ്രായപൂര്‍ത്തിയായ ശേഷം തങ്ങളുടെ ‘ബന്ധത്തി’ല്‍ ചെലവൊഴിച്ചത് കേവലം ആറു മാസത്തില്‍ താഴെയാണ്. ഈ ‘ബന്ധം’ നിയമവിധേയമായ രാജ്യങ്ങളില്‍ തന്നെ, അംഗീകൃത ബന്ധത്തില്‍ പ്രവേശിക്കാനിഷ്ടപ്പെടുന്നവര്‍ വളരെ വിരളമാണെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ഉദാഹരണമായി 2004 ലാണ് വെര്‍മോണ്ടില്‍ സ്വവര്‍ഗവിവാഹം നിയമമാക്കപ്പെട്ടത്. നാലു വര്‍ഷം കഴിഞ്ഞ ശേഷം നടത്തപ്പെട്ട സര്‍വെ പ്രകാരം ഏകദേശം 21 ശതമാനം മാത്രമാണ് സിവില്‍ യൂനിയനില്‍ പ്രവേശിച്ചത്.

സ്വവര്‍ഗവിവാഹം അംഗീകരിക്കപ്പെടുന്നതോടെ, ഈ ‘കുടുംബ’ത്തിന്ന് കുട്ടികളെ ദത്തെടുക്കാമെന്നാണ് നിയമം. എന്നാല്‍, ഇവരില്‍ കുട്ടികളുള്ള കുടുംബം വളരെ വിരളമാണെന്നു മാത്രമല്ല, അത്തരമൊരു ‘സൊല്ല’ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നുമില്ലെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.
ഭിന്നവര്‍ഗ വിവാഹിതരെയപേക്ഷിച്ച്, ഭീഷണമായ പല രോഗങ്ങളുടെയും പ്രവേശന കവാടമാണ് സ്വവര്‍ഗവിവാഹമെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. മാനസിക സംഘര്‍ഷവും ഇവരില്‍ കൂടുതലാണ്. അതിനാല്‍ തന്നെ മറ്റെ വിഭാഗത്തെ അപേക്ഷിച്ച് ആത്മഹത്യാ ശ്രമം ഇവരില്‍ 6.5 ആണ്.
കുടുംബാന്തരീക്ഷവും ഒട്ടും തൃപ്തികരമല്ലായെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്വവര്‍ഗ വിവാഹിതരായ സ്ത്രീകളില്‍ 90 ശതമാനവും പങ്കാളിയില്‍ നിന്ന് ഒന്നോ അതിലധികമോ വാചികാക്രമണം അനുഭവിച്ചവരത്രെ. ഒന്നോ അതിലധികമോ ശാരീരിക ദുരുപയോഗം ചെയ്യപ്പെട്ടവരാണ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടവരില്‍ 31 ശതമാനം. ഭിന്നവര്‍ഗ വിവാഹിതരെയപേക്ഷിച്ച് ഏകദേശം ഇരട്ടി ഗാര്‍ഹികാക്രമണങ്ങളാണ് സ്വവര്‍ഗവിവാഹിതരില്‍ കാണപ്പെടുന്നതെന്നാണ്, ‘Men Who Beat Men Who Love Them : Battered Gay Men And Domestic Violence’  എന്ന കൃതിയില്‍ Island Dw Letellier ഉം രേഖപ്പെടുത്തുന്നത്’.
ചുരുക്കത്തില്‍, ഹെന്റി മാക്കോവ് പറയുന്നത് പോലെ ആരോഗ്യകരമായൊരു സമൂഹത്തിന്റെ അടിസ്ഥാനശിലയായ പാരമ്പര്യ കുടുംബത്തെ നശിപ്പിക്കുകയാണ് സ്വവര്‍ഗ വിവാഹത്തെ ഉയര്‍ത്തി പിടിക്കുന്നതിന്റെ ലക്ഷ്യം.
അത് കൊണ്ട് തന്നെയായിരിക്കാം സ്വവര്‍ഗരതി എന്ന ഈ വൃത്തികേട് ലോകത്ത് ആദ്യമായി കൊണ്ടു വന്ന ഒരു ജനതയെ സംസ്‌കരിക്കാനായി ജഗന്നിയന്താവായ അല്ലാഹു ഒരു പ്രവാചകനെ നിയൊഗിച്ചതും അദ്ദേഹത്തെ ധിക്കരിച്ച ആ ജനതയെയും ആ നാടിനെയും കീഴ്‌മേല്‍ മറിച്ച് നശിപ്പിച്ചതും. ആ പ്രവാചകനെ ഖുര്‍ആന്‍ ഉദ്ദരിക്കുന്നു:
‘നിങ്ങള്‍ ലോകരില്‍ ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക്് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ.[26: 165, 166]
അദ്ദേഹത്തിന്റെ ഉപദേശം ആ ധിക്കാരികളെ പിന്തിരിപ്പിച്ചില്ല. അവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയുമാണുണ്ടായത്. അവസാനം, പ്രവാചകനെയും കുടുംബത്തെയും രക്ഷപ്പെടുത്തിയ അല്ലാഹു അവരെ കഠിന ശിക്ഷക്ക് വിധേയമാക്കുകയായിരുന്നു. അതെങ്ങനെയായിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെ പറയട്ടെ:
‘അങ്ങനെയിരിക്കെ പ്രഭാതവേളയില്‍ ഒരു ഘോരശബ്ദം അവരെ പിടികൂടി [15:83] അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്‌മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളം വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍) അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല. [11: 82, 83]
‘അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല’ എന്ന അവസാന വാക്യത്തിന്റെ സൂചനയെന്തെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിട്ടില്ലേ?

Related Articles