Current Date

Search
Close this search box.
Search
Close this search box.

സ്വര്‍ഗം

green-scene.jpg

ഇഹലോക ജീവിതത്തില്‍ സത്യവും ധര്‍മവും നീതിയും മുറുകെപ്പിടിച്ച് സൂക്ഷ്മമായി ജീവിച്ചവര്‍ക്ക് മരണാനന്തരം ദൈവത്തില്‍ നിന്നുള്ള സമ്മാനമാണ് സ്വര്‍ഗം. ഖുര്‍ആന്‍ അത് സംബന്ധമായി പറയുന്നു:
”നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളുടെ വിശാലതതയുള്ള സ്വര്‍ഗത്തിലേക്കും കുതിക്കുക. അത് സൂക്ഷ്മാലുക്കള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ളതാകുന്നു” (3:13)

സ്വര്‍ഗം ലക്ഷ്യംവെച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ ബൈബിള്‍ ആഹ്വാനം ചെയ്യുന്നതിങ്ങനെയാണ്:
”പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയില്‍ നിങ്ങള്‍ നിക്ഷേപം സ്വരൂപിക്കരുത്. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വര്‍ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചു കൊള്‍വിന്‍.” (മത്തായി:19, 20)

കഠോപനിഷത്ത് 1:12-ല്‍ സ്വര്‍ഗത്തെപ്പറ്റി പറയുന്നതിങ്ങനെ കാണാം: ‘സ്വര്‍ഗലോകത്തില്‍ ഭയമെന്നത് ഒട്ടുമേ ഇല്ല. അവിടെ നീ(മൃത്യു) ഇല്ല. വാര്‍ദ്ധക്യത്തെ ആരും പേടിക്കുന്നില്ല. വിശപ്പും ദാഹവും രണ്ടും മറികടന്ന് ദുഃഖരഹിതമായി സ്വര്‍ലോകത്തില്‍ മോദിച്ചുല്ലസിക്കുന്നു’ (ആചാര്യ നരേന്ദ്രഭൂഷണ്‍, ദശോപനിഷത്ത്, ഒന്നാം വാള്യം, പേജ് 358, ഡി.സി.ബി)

ശാസ്ത്രലോകത്ത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തെ പുരസ്‌കരിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജോണ്‍ വീലര്‍ പ്രപഞ്ചത്തിലെ യാതൊരു നിയമവും ബാധകമാവാത്ത ഒരു ‘സൂപ്പര്‍ സ്‌പേസി’നെ വിഭാവന ചെയ്യുന്നുണ്ട്. സ്ഥല-കാല ബന്ധിതമല്ലാത്ത പരിമിതികളില്ലാത്ത ലോകമത്രെ അത്.

സ്വര്‍ഗാവസ്ഥയുടെ ചില വിവരണങ്ങള്‍ ഖുര്‍ആനില്‍ ഇങ്ങനെ കാണാം:
‘അവരതില്‍ അത്യുഷ്ണമോ അതിശൈത്യമോ അനുഭവിക്കുകയില്ല.’ (76:13)
‘അവരവിടെ അപശബ്ദങ്ങളോ പാപവാക്കുകളോ കേള്‍ക്കുകയില്ല. സമാധാനം! സമാധാനം! എന്ന അഭിവാദ്യമല്ലാതെ.’ (56:25,26)
‘അവയുടെ താഴ്ഭാഗത്തുകൂടി ഒഴുകുന്ന അരുവികളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. നിത്യമായ സ്വര്‍ഗത്തില്‍ ഉല്‍കൃഷ്ടമായ ഭവനങ്ങള്‍ അവര്‍ക്കുണ്ട്’.’ (9:72)
‘നിശ്ചയം ഭയഭക്തിയുള്ളവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും.’ (51:15)
‘സജ്ജനങ്ങള്‍ കര്‍പ്പൂരം ചേര്‍ത്ത ചഷകങ്ങളില്‍ നിന്ന് പാനം ചെയ്യുന്നതാണ്’.’ (76:5)
‘അവിടെ ഇഞ്ചി ചേര്‍ത്ത പാനീയവും അവര്‍ക്കു കുടിക്കാന്‍ കൊടുക്കും.’ (76:17)
‘അതില്‍ കലര്‍പ്പില്ലാത്ത തെളിനീരൊഴുകുന്ന അരുവികളുണ്ട്. രുചിഭേദമൊട്ടുമില്ലാത്ത പാലൊഴും പുഴകളുണ്ട്. കുടിക്കുന്നവര്‍ക്ക് ആസ്വാദ്യകരമായ മദ്യനിര്‍ത്ധരികളുണ്ട്. ശുദ്ധമായ തേനരുവികളും.’ (47:15)
‘അവര്‍ക്കവിടെ പഴങ്ങളുണ്ട്. എന്താവശ്യപ്പെടുന്നുവോ, അതെല്ലാം.’ (36:57)
‘അതില്‍ ഉയര്‍ന്ന ചാരുമഞ്ചങ്ങളുണ്ട്. ഒരുക്കിവെച്ച കോപ്പകളും നിരത്തിവെച്ച തലയിണകളും. നിവര്‍ത്തിയിട്ട തലയിണകളും. നിവര്‍ത്തിയിട്ട മുന്തിയ പരവതാനികളും.’ (88: 13-16)
‘അവരെയവിടെ സ്വര്‍ണവളകളും രത്‌നങ്ങളും അണിയിക്കും. അവരുടെ വസ്ത്രങ്ങള്‍ മിനുത്ത പട്ടുകൊണ്ടുള്ളവയായിരിക്കും.’ (22:23)
‘അവരും അവരുടെ ഇണകളും സ്വര്‍ഗത്തണലുകളില്‍ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.’ (36:56)

ഇങ്ങനെ മനുഷ്യനു മനസ്സിലാവുന്ന ഭാഷയില്‍ സ്വര്‍ഗത്തെ ഖുര്‍ആന്‍ പല വിധത്തില്‍ വിവരിച്ചിട്ടുണ്ട്. പ്രവാചകന്‍ സ്വര്‍ഗാവസ്ഥയെ ചുരുക്കിപ്പറഞ്ഞതിങ്ങനെയാണ്:
‘വിളിച്ചുപറയുന്നവന്‍ വിളംബരപ്പെടുത്തും: നിങ്ങള്‍ക്കവിടെ സ്ഥിരമായ ആരോഗ്യമുണ്ട്, രോഗമില്ല; സ്ഥിരമായ ജീവിതമുണ്ട്, മരണമില്ല; നിത്യയൗവനമുണ്ട്, വാര്‍ധക്യമില്ല; നിത്യാനന്ദമുണ്ട്, ഒന്നിന്റെയും പോരായ്മയില്ല.’
പ്രവാചകനോടൊരാള്‍ ചോദിച്ചു: ‘സ്വര്‍ഗാവകാശികള്‍ ഉറങ്ങുമോ?” പ്രവാചകന്റെ മറുപടി: ‘ഉറക്കം മരണത്തിന്റെ സഹോദരനാണ്. സ്വര്‍ഗവാസികള്‍ക്കു മരണമില്ല.’

സ്ഥലകാല പരിമിതികളുള്ള ഭൗതിക ലോകത്തിരുന്ന് വിഭാവന ചെയ്യാവുന്ന ലോകമല്ല സ്വര്‍ഗം. അതുകൊണ്ടാണ് ”ഒരു കണ്ണും കാണാത്ത, ഒരു കാതും കേള്‍ക്കാത്ത, ഒരു മനുഷ്യഹൃദയത്തിലും ഉദിക്കാത്ത” എന്ന് സ്വര്‍ഗത്തെ പറ്റി പ്രവാചകന്‍ പറഞ്ഞത്. കണ്ട ഒന്നിനെ ഉദാഹരിച്ചുകൊണ്ടല്ലാതെ കാണാത്ത ഒന്നിനെ പരിചയപ്പെടുത്താനാവില്ല എന്നതിനാലാണ് മനുഷ്യനു പരിചയമുള്ള ഭൂമിയിലെ സുഖസൗകര്യങ്ങളും മറ്റും പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ സ്വര്‍ഗത്തെ വിവരിക്കുന്നത്. എന്നാല്‍ ഭൂമിയിലുള്ള ഒന്നും സ്വര്‍ഗത്തില്‍ ലഭിക്കുകയില്ല, പേരിലല്ലാതെ’ എന്ന പ്രവാചകവചനം ഉദാഹരണങ്ങളുടെ പരിമിതിയെ ആണ് ബോധ്യപ്പെടുത്തുന്നത്. സര്‍ഗ്വാസ്വാദനം അതിന്റെ പാരമ്യത്തിലെത്തുന്നത് ദൈവദര്‍ശനത്തോടെയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധമായി ഖുര്‍ആന്‍ പറയുന്നു: ”അന്ന് ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും. തങ്ങളുടെ നാഥനെ നോക്കിക്കൊണ്ടിരിക്കുന്നവയും’ (75:22).  അതോടെയാണ് മനുഷ്യന്റെ ജന്മസാഫല്യം പൂര്‍ണ്ണതയിലെത്തുന്നത്.

പിന്‍കുറി: ‘ദാഹിച്ചു വലഞ്ഞ ഒരു നായക്ക്, കിണറ്റിലിറങ്ങി തന്റെ ഷൂവില്‍ വെള്ളം നിറച്ച് കടിച്ച് പിടിച്ച് കരയിലെത്തിച്ച്, വെള്ളം കൊടുത്തയാളെ ദൈവം ഇഷ്ടപ്പെടുകയും അയാള്‍ സ്വര്‍ഗാവകാശിയാവുകയും ചെയ്തുവെന്ന് പഠിപ്പിച്ച പ്രവാചകനോട് അനുയായികള്‍: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഈ മൃഗങ്ങളുടെ കാര്യത്തില്‍ നമുക്ക് പ്രതിഫലമുണ്ടോ?’
പ്രവാചകന്‍: ‘എല്ലാ പച്ചക്കരളിലും പ്രതിഫലമുണ്ട്.’

മരണാനന്തര ജീവിതം: നാലാം ഘട്ടം
നരകം

Related Articles