Current Date

Search
Close this search box.
Search
Close this search box.

സ്വര്‍ഗം വാങ്ങാന്‍ വേണ്ട പണം

ഇന്ന് വീട് പൂവണിയാത്ത സ്വപ്‌നമാണ്. വീടുണ്ടാക്കുന്നതിനേക്കാള്‍ പണം വീടിന്റെ ഭൂമിക്ക് വേണം. എന്നാല്‍ സ്വര്‍ഗത്തില്‍ ഇത്തിരി സ്ഥലം കിട്ടാന്‍ എത്ര തുക വേണ്ടിവരും?

ഇഹലോകത്ത് ഭൂമിയുടെ വില എല്ലാവര്‍ക്കും ഒരുപോലെയാണ്. പരലോകത്തെ സ്ഥിതി അങ്ങനെയല്ല. വ്യക്തിക്കനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും. ഒരു ലക്ഷം രൂപക്ക് ചിലര്‍ക്ക് കിട്ടാത്തത് മറ്റുചിലര്‍ക്ക് നൂറു രൂപക്ക് കിട്ടിയെന്ന് വരും. സ്വര്‍ഗത്തില്‍ സ്ഥലം പതിച്ചു കിട്ടുന്നവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അനന്തരാവകാശം കിട്ടുന്നവര്‍ എന്നാണ് ഖുര്‍ആന്റെ പ്രയോഗം. ‘അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.’ (ഖുര്‍ആന്‍: 23: 10-34) അത് വിജയികള്‍ക്കുള്ളതാണ്. നമസ്‌കാരത്തില്‍ ഭക്തി പുലര്‍ത്തുക, അനാവശ്യ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക, സകാത്ത് നല്‍കുക, ലൈംഗികാവയവങ്ങളെ സൂക്ഷിക്കുക, അമാനത്തുകളും കരാറുകളും പാലിക്കുക, നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുക എന്നിവയാണ് വിജയിക്കുന്നവരുടെ സ്വഭാവം.

എങ്ങനെയാണ് വില വ്യക്തികള്‍ക്കനുസരിച്ച് മാറുക എന്നു നോക്കാം. അമ്പതിനായിരം രൂപ മാസം തോറും വാടക കിട്ടുന്നവന്‍ ഒരു ദരിദ്രന് അഞ്ഞൂറ് രൂപ ദാനം നല്‍കുന്നു. കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കുന്ന ഒരാള്‍ തന്റെ നിത്യകൂലിയായ മുന്നൂറ് രൂപയില്‍ നിന്ന് നൂറ് രൂപ ദാനം ചെയ്യുന്നു. രണ്ടു പേര്‍ നല്‍കിയ നൂറ് രൂപക്കും മാര്‍ക്കറ്റില്‍ ഒരേ വിലയാണ്. രണ്ടു നൂറു രൂപകൊണ്ടും ഓരോ കിലോ മത്തി ലഭിക്കും. അല്ലാഹുവിന്റെയടുക്കല്‍ ഇപ്പറഞ്ഞ അഞ്ഞൂറിനേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും പലചരക്കു കടയിലെ തൊഴിലാളിയുടെ നൂറിന് ലഭിക്കുക. നന്മയുടെ തുലാസില്‍ നൂറ് രൂപ വീഴുമ്പോള്‍ അത് അത്ഭുതകരമായി താഴുന്നത് മനസ്സില്‍ കണ്ടുകൊണ്ടായിരിക്കണം നാം ദാനം ചെയ്യേണ്ടത്. ഇത്തരം ദാനക്കാരും നമ്മുടെ സമൂഹത്തിലുണ്ട്. തനിക്ക് സകാത്തും സദഖയുമായി ലഭിക്കുന്ന പണം കൊണ്ട് ദാനം ചെയ്യുന്നവരെയും കാണാന്‍ കഴിയും. തനിക്കും തന്റെ അയല്‍ക്കാരനും ഒരേ തുക സകാത്ത് ലഭിച്ചപ്പോള്‍ തന്നെക്കാള്‍ ദരിദ്രനാണ് അയല്‍വാസി എന്നു മനസ്സിലാക്കി അതില്‍ നിന്ന് അയാള്‍ക്ക് കൊടുക്കുന്നവര്‍ ! ആ ഹൃദയവിശാലത പരലോക സൗഖ്യം ലക്ഷ്യം വെക്കുന്നവര്‍ക്കേ ഉണ്ടാവുകയുള്ളൂ. അല്ലാഹു പറയുന്നു: ‘ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായി കൊണ്ട് അതിന്നുവേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.’ (ഖുര്‍ആന്‍: 17: 19)

പരലോക സൗഖ്യത്തിന് വേണ്ടിയുള്ള പരിശ്രമത്തിന് നിയതമായ രീതികളുണ്ട്. കോടികള്‍ ദാനം ചെയ്താലും ഒരു പ്രതിഫലവും ലഭിക്കാത്തവരുണ്ടാകാം. ഒരു കാരക്കയുടെ കീറുകൊണ്ട് നരകത്തില്‍ നിന്നു രക്ഷപ്പെടുന്നവരുമുണ്ടാകാം. അല്ലാഹുവിലും പരലോക ജീവിതത്തിലും അചഞ്ചലമായി വിശ്വാസം പുലര്‍ത്തികൊണ്ട് സല്‍ക്കര്‍മങ്ങള്‍ ചെയ്യുക എന്നതാണ് സ്വീകാര്യതക്കുള്ള പ്രഥമ നിബന്ധന. പ്രകടനപരതയില്ലാതെ പൂര്‍ണമായ ആത്മാര്‍ഥതയോട് കൂടിയും പ്രവാചക മാതൃകക്കനുസൃതമായിരിക്കുകയും ചെയ്യുക എന്നതാണ് അടുത്ത നിബന്ധന. അതിന്റേതായ പരിശ്രമം എന്ന പ്രയോഗത്തിന്റെ ഉദ്ദേശ്യം അതാണ്. ഇതുവരെ ചെയ്ത കച്ചവടം നഷ്ടത്തിലാണെന്ന് ബോധ്യമായാല്‍ നഷ്ടകാരണങ്ങള്‍ ഒഴിവാക്കി ലാഭസാധ്യത കൂട്ടുന്ന മാര്‍ഗങ്ങള്‍ തെരെഞ്ഞെടുത്ത് കച്ചവടം തുടരുകയാണല്ലോ വേണ്ടത്. അപ്പോള്‍ കുറഞ്ഞകാലം കൊണ്ട് എല്ലാ നഷ്ടവും നികന്ന് ലാഭത്തിലേക്ക് നീങ്ങും. റമദാന്‍ അതിനു പറ്റിയ സമയമാണ്.

വ്രതത്തിന്റെ മഹത്വം മനസ്സിലാക്കിയ മുന്‍ഗാമികള്‍ ഐശ്ചികമായ വ്രതങ്ങള്‍ ധാരാളം അനുഷ്ഠിക്കുമായിരുന്നു. അതിന്ന് നബി(സ) മാതൃകയായി പരിചയപ്പെടുത്തിയത് ദാവൂദ് നബി(അ)നെയാണ്. അബ്ദുല്ലാഹ് ബിന്‍ അംറില്‍ നിന്ന്: നബി(സ) പറഞ്ഞു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്‌കാരം ദാവൂദ് നബി(അ)ന്റെ നമസ്‌കാരമാണ്. അല്ലാഹുവാണ് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് ദാവൂദ് നബിയുടെ നോമ്പും. രാവിന്റെ പകുതി ഭാഗം അദ്ദേഹം ഉറങ്ങും. മൂന്നില്‍ ഒരു ഭാഗം നമസ്‌കരിക്കും. വീണ്ടും ആറിലൊരു ഭാഗം ഉറങ്ങും. ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. (ബുഖാരി, മുസ്‌ലിം)

ഇതാണ് സ്വര്‍ഗത്തിന്റെ വില. ആരാധനാ കര്‍മങ്ങള്‍ ആത്മപീഢനമാകരുത് എന്ന് ഇസ്‌ലാമിന്ന് നിര്‍ബന്ധമുണ്ട്. അതു തെളിയിക്കാനാണ് യാത്രയില്‍ ക്ഷീണം തോന്നിയപ്പോള്‍ ജനങ്ങള്‍ കാണെ നബി(സ) നോമ്പ് മുറിച്ചത്. ദാവൂദ് നബിയുടെ ആരാധനാ കര്‍മത്തെ അവിടുന്ന് വാഴ്ത്തിയതും ആ തത്വം പഠിപ്പിക്കാനാണ്. ഈ അറിവ് അവിടുന്നിന്ന് മറ്റൊരു വേദഗ്രന്ഥത്തില്‍ നിന്നോ ചരിത്രത്തില്‍ നിന്നോ ലഭിച്ചതല്ല. അല്ലാഹു അറിയിച്ചു കൊടുത്തതാണ്. ജനങ്ങള്‍ മധ്യമ നിലപാടുകാരാകാന്‍ വേണ്ടി. രാത്രി നമസ്‌കാരം റമദാനിന്നു ശേഷവും തുടരണം എന്ന ചിന്ത നമുക്കുണ്ടാവണം. ഐശ്ചിക നോമ്പിനെയും പരിഗണിക്കണം.

Related Articles