Current Date

Search
Close this search box.
Search
Close this search box.

‘സെല്‍ഫി’യിലേക്ക് ചുരുങ്ങുന്ന മനുഷ്യന്‍

mobile-phone44.jpg

രണ്ട് ദിവസം മുമ്പ് കര്‍ണ്ണാടകയില്‍ നിന്നാണ് ആ ഹൃദയഭേദകമായ വാര്‍ത്ത വന്നത്. ബാംഗ്ലൂരിലെ നാഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചെറുപ്പം ആഘോഷിക്കാനായി ഒരു നീന്തല്‍ക്കുളം തിരഞ്ഞെടുക്കുന്നു. ആരവങ്ങളുടെ ആ നിമിഷങ്ങളെ പകര്‍ത്താന്‍ കൂട്ടം ചേര്‍ന്ന് ഒരു സെല്‍ഫിയെടുക്കുന്നു. കുളി കഴിഞ്ഞ് കുളക്കടവ് വിട്ട് കുറച്ചകലെ എത്തിയപ്പോള്‍ കൂട്ടത്തിലൊരാളുടെ കുറവ്. എവിടെയും തിരഞ്ഞിട്ടും കണ്ടു കിട്ടിയില്ല. ഒടുവില്‍ അവസാനമെടുത്ത സെല്‍ഫിയില്‍ തിരഞ്ഞു. അപ്പോള്‍ ഒരു ഞെട്ടലോടെ അവര്‍ ആ സത്യം തിരിച്ചറിഞ്ഞു. അവര്‍ എടുത്ത സെല്‍ഫിയാരവങ്ങള്‍ക്ക് കുറച്ച് പിന്നിലായി ആ സുഹൃത്ത് ജീവന്റെ അവസാന ശേഷിപ്പിനായി പൊരുതുകയായിരുന്നു. പക്ഷെ ആഘോഷത്തിന്റെ അലകള്‍ക്കിടെ ആരും അതറിഞ്ഞു പോലുമില്ല.

സെല്‍ഫി ദുരന്തം ഇതാദ്യത്തെതല്ല. പക്ഷെ ആലോചിക്കുന്തോറും ആധി കൂട്ടുന്നുണ്ട് ഈ ദുരന്തം. ലോകം ഒരു മൊബൈല്‍ ഫോണിലേക്ക് പതിയെ ചുരുങ്ങുകയാണ്. പുതിയ തലമുറയില്‍ വലിയൊരു വിഭാഗം കേവല ബയോളജിക്കല്‍ വേസ്റ്റായി മാറുന്നു എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. എവിടെയും ശരീരത്തിന്റെ സാന്നിധ്യം മാത്രമേയുള്ളൂ. ആത്മാവ് എന്നോ ഈ വീട് വിട്ട് ഇറങ്ങിപ്പോയിരിക്കുന്നു. ട്രെയിനിലും വിവാഹ പന്തലിലും വീട്ടിലും സ്ഥാപനത്തിലുമെല്ലാം ആളുകള്‍ ഒത്തു ചേരുന്നുണ്ട്. പക്ഷെ ആത്മാവ് പാറ്റേണ്‍ മറന്നു പോയ ലോക്കു പോലെയാണ്. സെല്‍ഫി എന്ന പദം പോലും ആധുനിക മുതലാളിത്തത്തിന്റെ അനിവാര്യതയായ എപ്പി ക്യൂരിയനിസത്തിന്റെ മൂര്‍ത്ത ഭാവമാണ്. സെല്‍ഫി സമൂഹത്തിലേക്ക് വികസിക്കാനല്ല സ്വാര്‍ത്ഥതകളിലേക്ക് ചുരുങ്ങാനാണ് ആഹ്വാനം ചെയ്യുന്നതെന്ന് കവി കല്‍പ്പറ്റ നാരായണന്‍ നിരീക്ഷിക്കുന്നുണ്ട്. സാമൂഹിക മാനവിക ബോധത്തെ ഫ്രീസ് ചെയ്യുന്ന ഒരു തരം ഊഷരതക്കു മേലാണ് ടെക്‌നോളജിയുടെ ഈ സംവിധാനങ്ങളെല്ലാം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. കൂടുമ്പോഴുള്ള ഇമ്പത്തെയാണ് ആഘോഷ സെല്‍ഫികള്‍ പ്രതിനിധാനം ചെയ്യുന്നത്. അപ്പോഴും കൂട്ടത്തില്‍ നിന്നടര്‍ന്നു പോയവനെപ്പറ്റി ആര്‍ക്കും ആധിയില്ല. സൈക്കോളജിയില്‍ നാര്‍സിസമെന്നാണ് ഇപ്പോള്‍ ഇതിന്റെ ഓമനപ്പേര്. സ്വന്തം രൂപത്തിലും സൗന്ദര്യത്തിലും ഭ്രമിച്ച് ചുറ്റുമുള്ളതിനെ തിരസ്‌കരിച്ച ഗ്രീക്ക് മിത്തോളജിയിലെ പുരാണേതിഹാസം നാര്‍സിസിനോടാണ് ഈ അവസ്ഥയെ താരതമ്യപ്പെടുത്തുന്നത്. നാര്‍സിസ് വെള്ളത്തില്‍ നോക്കിയപ്പോള്‍ തന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മുഖം അതില്‍ പ്രതിബിംബിക്കുകയും തുടര്‍ന്ന് അയാള്‍ അതില്‍ മാത്രം ചുരുങ്ങാനും അഭിരമിക്കാനും തുടങ്ങിയെന്നാണ് കഥ. ഇങ്ങിനെയുള്ള പേഴ്‌സനലിറ്റി ഡിസോര്‍ഡറുകള്‍ വര്‍ധിച്ചു വരുന്നതില്‍ ടെക്‌നോളജിയുടെ വികാസം കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ വന്നതാണ്. ജൈവികമായ നോട്ടമില്ലാത്ത കണ്ണും ശ്രവിക്കാത്ത കാതും തുടിക്കാത്ത ഹൃദയവുമുള്ളവര്‍ നാല്‍കാലികളെ പോലെ എന്നല്ല അതിനെക്കാള്‍ വഴി തെറ്റിയ അവസ്ഥയിലാണെന്ന ഖുര്‍ആന്‍ വചനം മനുഷ്യന്‍ എത്തിപ്പെടുന്ന ഈ ദുരന്താവസ്ഥയെ കൃത്യമായി വരച്ചിടുന്നുണ്ട്.

Related Articles