Current Date

Search
Close this search box.
Search
Close this search box.

സുതാര്യമാവണം പോലിസ് അന്വേഷണം

പ്രമുഖ ഇംഗ്ലീഷ് പത്രപ്രവര്‍ത്തക സഗരിക ഗോഷ് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ (മാര്‍ച്ച് 13) എഴുതിയ ലേഖനത്തെക്കുറിച്ച് കഴിഞ്ഞ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നല്ലോ. അതിലെ ഒരു പ്രധാന വിമര്‍ശം പോലിസിന്റെ നിരുത്തരവാദപരമായ സമീപനങ്ങളെക്കുറിച്ചാണ്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടാകുമ്പോള്‍ പോലിസ് നടപടികളില്‍ സുതാര്യത ഉണ്ടാകുന്നില്ല എന്നാണ് സഗരിക ഗോഷ് പറയുന്നത്: ‘മുസ്‌ലിം യുവാക്കളെ എന്തിനാണ് പിടികൂടിയതെന്ന് പോലിസ് വ്യക്തമാക്കിയേ പറ്റൂ. ഏതൊക്കെ സ്‌ഫോടനങ്ങളിലാണ് അവരെ പ്രതിചേര്‍ത്തതെന്നും വ്യക്തമാക്കണം. വഴിതെറ്റിയ അന്വേഷണത്തിന്റെ രഹസ്യമറ നീങ്ങുമ്പോഴേ മറ്റു നിരപരാധികള്‍ ഈ കേസില്‍ പെടുകയില്ല എന്ന് നമുക്ക് ഉറപ്പാക്കാനാവൂ. പിടിക്കപ്പെടില്ല എന്ന ഉറപ്പില്‍ ഭീകരവൃത്തികള്‍ ചെയ്തു കൂട്ടുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും അങ്ങനെയേ കഴിയൂ. ഇസ്‌ലാമിക റാഡിക്കലിസത്തെക്കുറിച്ചും അതിനുണ്ടായേക്കാവുന്ന ഭീകരബന്ധങ്ങളെക്കുറിച്ചും ആശങ്കകള്‍ ഉണ്ടാകാമെന്നതോടൊപ്പം തന്നെ, അന്വേഷണം എപ്പോഴും സുതാര്യം തന്നെ ആവേണ്ടതുണ്ട്. ഒരാളുടെ വിശ്വാസവും രാഷ്ട്രീയ അഭിപ്രായങ്ങളുമൊന്നും തന്നെ ഒരു ക്രിമിനല്‍ കേസില്‍ കുറ്റകൃത്യത്തെ നിശ്ചയിക്കുന്ന ഘടകം ആകാന്‍ പാടില്ലാത്തതാണ്.’

ഈ വനിതാ പത്രപ്രവര്‍ത്തക പറഞ്ഞ കാര്യം എത്രയോ കാലമായി മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം നേതാക്കളും ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. ഈ കോളത്തില്‍ തന്നെ ഇതു സംബന്ധമായി ധാരാളം വന്നു കഴിഞ്ഞിട്ടുണ്ട്. പക്ഷെ പോലിസും അവരെ പിന്തുണക്കുന്നവരും ഇതൊന്നും നടക്കില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഒരു വീട് റെയ്ഡ് ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ഒരു ആരോപിതനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പ്രദേശവാസികളായ പ്രമുഖരെ വിശ്വാസത്തിലെടുക്കണം എന്നതാണ് ഒരു ആവശ്യം. പോലിസ് ഈ ആവശ്യം തള്ളിക്കളയുന്നു. ഇതൊക്കെ മുന്‍കൂട്ടി അറിയിക്കാന്‍ നിന്നാല്‍ അപ്പോഴേക്കും കുറ്റാരോപിതന്‍ രക്ഷപ്പെടുമെന്നാണ് പോലിസ് പറയുന്നത്. പോലിസ് പറയുന്നതിലും കാര്യമുണ്ട്. കുറ്റാരോപിതന് വാര്‍ത്ത ചോര്‍ന്ന് കിട്ടാനും അയാള്‍ രക്ഷപ്പെടാനും സാധ്യതയുണ്ട്. ആരോപിതര്‍ കുറ്റവാളികള്‍ ആയിക്കൊള്ളണമെന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്‌നം. നിരപരാധിയാണെങ്കിലും പോലിസിന്റെ അതിക്രമം ഭയന്ന് അയാള്‍ രക്ഷപ്പെട്ടുകൂടായ്കയില്ല. എന്നാല്‍ കുറ്റാരോപിതനെ പിടികൂടിയ ശേഷവും നാട്ടിലെ പ്രമുഖരോട് ഈ വ്യക്തിയെക്കുറിച്ച് പോലിസിന് ഒരു അന്വേഷണം നടത്താമല്ലോ. പിടികൂടിയ ഉടന്‍ ബന്ധുക്കളെയും പ്രദേശത്തെ പ്രമുഖരെയും സ്റ്റേഷനില്‍ വിളിച്ച് വരുത്തി തെളിവുകള്‍ സമര്‍പ്പിച്ച് യഥാര്‍ഥ പ്രതിയെത്തന്നെയാണ് തങ്ങള്‍ പിടികൂടിയതെന്ന് പോലിസിന് അവരെ ബോധ്യപ്പെടുത്താമല്ലോ.
ഇക്കാര്യം സഗരിക്ക അവരുടെ ലേഖനത്തില്‍ ഊന്നിപ്പറയുന്നുണ്ട്. അതിന് കാരണമുണ്ട്. പോലിസ് ഒരു വീട് റെയ്ഡ് ചെയ്യുന്നു, അല്ലെങ്കില്‍ അവര്‍ക്ക് തോന്നിയ കുറച്ച് പേരെ പിടിച്ചുകൊണ്ട് പോകുന്നു. പിടിയിലായവര്‍ എവിടെയാണെന്നോ അവരുടെ അവസ്ഥയെന്താണെന്നോ ഒന്നും പോലിസ് പറയുകയില്ല. എന്നിട്ടു വേണ്ടേ പിടിച്ചുകൊണ്ട് പോയതിന്റെ കാരണം പറയാന്‍. ചിലപ്പോള്‍ അര്‍ധരാത്രി വന്ന് പോലിസ് ഒരാളെ പൊക്കുന്നു. ദിവസങ്ങളോളം അയാളെക്കുറിച്ച് യാതൊരു വിവരവുമുണ്ടാവില്ല. അത് കഴിഞ്ഞ് പോലിസിനുണ്ട് ഒരു പ്രസ്താവന, അയാളെ റെയില്‍വെ സ്റ്റേഷനില്‍ നിന്നോ ബസ് സ്റ്റാന്‍ഡില്‍ നിന്നോ പൊക്കിയതാണെന്ന്. അപ്പോഴേക്കും പോലിസ് അയാളില്‍ നിന്ന് ‘അനിഷേധ്യമായ തെളിവുകള്‍’ കണ്ടെടുത്തിരിക്കും. അയാളെ പിടികൂടിയത് മുതല്‍ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുന്നത് വരെയുള്ള ദിവസങ്ങളില്‍ ഈ ‘തെളിവുകള്‍’ തയാറാക്കുന്ന തിരക്കിലായിരിക്കും പോലിസ്. ഏതായാലും സുതാര്യത വേണമെന്ന ആവശ്യം സ്വീകരിക്കപ്പെടാന്‍ സാധ്യതയില്ല. കാരണമിത് പോലിസിന്റെയോ മറ്റു ഏജന്‍സികളുടെയോ മാത്രം നയം ആവണമെന്നില്ല. സ്‌റ്റേറ്റിന്റെ നയം തന്നെ അതാണെങ്കിലോ? പോലിസിന് സദുദ്ദേശ്യമാണുള്ളതെങ്കില്‍ അറസ്റ്റ് നടന്ന ഉടനെത്തന്നെ അവര്‍ അക്കാര്യം വെളിപ്പെടുത്തുകയാണ് വേണ്ടത്. അത് പോലിസിന്റെ ആവശ്യം കുടിയാണല്ലോ. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സഗരിക ഗോഷിനെപ്പോലുള്ള മീഡിയ പ്രവര്‍ത്തകര്‍, മുസ്‌ലിം സംഘടനാ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു പ്രതിനിധിസംഘം കേന്ദ്ര ആഭ്യന്തരമന്ത്രിയെക്കണ്ട് ഇക്കാര്യം ഉണര്‍ത്തുമെന്നാണ് നാം കരുതുന്നത്.
(ദഅ്‌വത്ത് ത്രൈദിനം 22-03-2013)

വിവ : അശ്‌റഫ് കീഴുപറമ്പ്‌

Related Articles