Current Date

Search
Close this search box.
Search
Close this search box.

സുഖം തന്നെയല്ലേ?

convo.jpg

നീണ്ട ഇടവേളക്കുശേഷം കണ്ടുമുട്ടിയ സുഹൃത്തന്റെ ചോദ്യം- സുഖം തന്നെയല്ലേ?
‘ ഗുളിക അഞ്ചേയുള്ളൂ. രോഗം മൂന്നേയുള്ളൂ. ചുരുക്കത്തില്‍ സുഖം’ – എന്റെ മറുപടിക്ക് സുഹൃത്തിന് വാക്കുകള്‍ മുട്ടി. മുഖത്ത് ഒരു നിധികിട്ടിയ കാലത്തെ സന്തോഷം. അദ്ദേഹത്തിന്റെ സ്ഥിതി അന്വേഷിച്ചപ്പോള്‍ മനസ്സിലായി അദ്ദേഹവും രോഗിയാണെന്നും നാലുഗുളിക നിത്യവും കഴിക്കുന്നുണ്ടെന്നും. അദ്ദേഹത്തിന്റെ അടുത്ത ചോദ്യം- എത്രകൊല്ലമായി മരുന്ന് കഴിക്കാന്‍ തുടങ്ങിയിട്ട്?
എന്റെ മറുപടി. ‘ ഇരുപത്തൊമ്പൊതു വര്‍ഷമായിട്ടേയുള്ളൂ.’

സുഹൃത്തിന്റെ മുഖം വീണ്ടും പ്രസന്നമായി; താന്‍ മാത്രമല്ല രോഗിയായവന്‍ എന്നും തന്നെക്കാള്‍ കൂടുതല്‍ വര്‍ഷം കൂടുതല്‍ ഗുളിക കഴിച്ച് ഭാരിച്ചതും ഉത്തരവാദിത്വമേറിയതുമായ ജോലികള്‍ ചെയ്തുവരുന്നവര്‍ തന്റെ പരിചിത വൃത്തത്തില്‍ ഉണ്ടെന്നും അവരുമായി തുലനം ചെയ്യുമ്പോള്‍ തന്റേത് നിസ്സാരമാണമെന്നുമുള്ള തോന്നലാണ് അദ്ദേഹത്തിന് ആശ്വാസം പകര്‍ന്നത്.
രോഗത്തെക്കാള്‍ വലുത് രോഗഭീതിയാണ്. ഞാന്‍ രോഗിയാണല്ലോ. വിടാതെ ഗുളിക കഴിക്കേണ്ടവനാണല്ലോ എന്നു ചിന്തിച്ചു ബേജാറാകുന്നു. അതിന്റെ ആവശ്യമില്ല. ആ ബേജാറുതീര്‍ക്കാന്‍ രണ്ടുമാര്‍ഗങ്ങളുണ്ട്. പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവമൂലം ഗുളികകള്‍ കഴിക്കുന്ന ഒരു രോഗി ഗുളികകളെ , അനിവാര്യമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്തി ഇങ്ങനെ ചിന്തിക്കുക. ഞാന്‍ നിത്യേന എന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കേണ്ടത് പത്തിരി, കടലക്കറി, ഗ്ലൂഫോമിന്‍, ചോറ്, ചെറുപഴം, എക്കോസ്പിനരിന്‍, ചപ്പാത്തി, പച്ചക്കറി എന്നിവ. ഇതിലെ ഗ്ലൂഫോമിനും മറ്റുഗുളികകളും നാം കഴിക്കുന്ന ഭക്ഷണം പോലെ ഭൂമിയിലെ വസ്തുക്കള്‍ തന്നെയാണ് എന്ന് വിചാരിക്കണം. ഭക്ഷണത്തിന്ന് അളവ് നിശ്ചിതമാണെന്നപോലെ മരുന്നിന്റെ അളവും നിശ്ചിതമാണ്, മരുന്ന് കൂടിയാലും ഹാനികരം. ശരീരത്തിന് വേണ്ട അളവില്‍ ഭക്ഷണം ലഭിക്കാതിരുക്കുന്നത് ദോഷം ചെയ്യുമെന്ന പോലെ മരുന്നിന്റെ അളവ്കുറഞ്ഞാലും ദോഷമാണ്. ഭക്ഷണം തീരെ ഇല്ലെങ്കില്‍ അപകടത്തിലാവുന്നതുപോലെ രോഗിക്ക് മരുന്നില്ലെങ്കിലും അപകടമാണ്.

ഇനിവേണ്ടത് ഏതാനും ചോദ്യങ്ങള്‍ തന്നോടുതന്നെ ചോദിച്ച് ‘ അതെ’ എന്ന ഉത്തരം വാങ്ങുക. ഞാന്‍ അല്ലാഹു വിലക്കിയത് ഒഴിവാക്കിയോ? ഒഴിവാക്കി. ഉദാഹരണം മദ്യം പോലെ നിഷിദ്ധമായത് ഒഴിവാക്കി. ഡോക്ടര്‍ വിലക്കിയത് ഒഴിവാക്കിയോ? അതെ. പഞ്ചസാര, അമിതമായ കൊഴുപ്പ്, പുകവലി എന്നിവ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കി. അല്ലാഹു കല്‍പിച്ചത് ചെയ്തുവോ, പ്രാര്‍ഥിച്ചുവോ? . അതെ.
ഈ അനുകൂല മറുപടി നമുക്കുണ്ടെങ്കില്‍ എന്റെ ബാധ്യത കഴിഞ്ഞു, ഇനിയുള്ളത് എന്റെ ദൈവം തീരുമാനിച്ചുകൊള്ളും എന്ന് ചിന്തിക്കുക. അതോടെ മനസ്സിന്റെ ഭാരം കുറയും. ശാന്തി കൈവരും. ഞാന്‍ മദ്യപിച്ചിട്ടല്ലേ, പുകവലിച്ചിട്ടല്ലേ, ഡോക്ടറുടെ വിലക്കുലംഘിച്ച് മധുരപലഹാരങ്ങള്‍ കഴിച്ചിട്ടല്ലേ രോഗം എന്നെ തളര്‍ത്തിയത് എന്ന മന:സാക്ഷിക്കുത്തിന് ഇടവരുത്താതിരിക്കുക. നേരത്തെ പറഞ്ഞ ‘ അതെ’ എന്ന മറുപടിക്കാര്‍ക്ക് മനശ്ശാന്തിയുണ്ടാകും. അവര്‍ നബിതിരുമേനി പഠിപ്പിച്ച ഈ പ്രകീര്‍ത്തനം ഓര്‍ക്കും: ‘ അല്ലാഹുവെ നീ തന്നത് തടയാനാരുമില്ല. നീ തടഞ്ഞത് തരാനും ആരുമില്ല’.
നമസ്‌കാരാനന്തരം നബി(സ്വ) ഈ പ്രകീര്‍ത്തനം ചൊല്ലാന്‍ ഉപദേശിച്ചിട്ടുണ്ട്. അത് തവക്കുല്‍ (ഭരമേല്‍പ്പനം) പൂര്‍ണ്ണമായി അടങ്ങിയ വചനങ്ങളാണ്. ഇങ്ങനെ ദൈവവിശ്വാസം കൊണ്ട് മനസ്സിനെ പാകപ്പെടുത്തി പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോകാന്‍ കഴിയും.
 

Related Articles