Current Date

Search
Close this search box.
Search
Close this search box.

സാന്നിധ്യമറിയിക്കാന്‍ ചീഞ്ഞു നാറുന്നവര്‍

കുന്നോളം അലക്ഷ്യമായി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കുന്നിക്കുരുവോളം ലക്ഷ്യബോധത്തോടെ അനുഷ്ഠിക്കുന്നതിലാണ് ഐശ്വര്യവും അനുഗ്രഹവും. ഇതാണ് സമ്പന്നമായ സംസ്‌കാരം ആരോഗ്യകരമായ പ്രവര്‍ത്തനവും. ഇതുതന്നെയാണ് ദൈവീകമായ പാഠവും.

അനുഷ്ഠാന കര്‍മ്മങ്ങളിലെ വിശിഷ്ടമായതത്രെ നിഷ്‌കര്‍ഷിക്കപ്പെട്ട നമസ്‌കാരം. നമ്മുടെ ജീവിത വ്യവഹാരങ്ങള്‍ക്കുള്ള കൃത്യമായ ഊര്‍ജ്ജം ഈ സമയാസമയങ്ങളിലെ ആരാധനയിലൂടെ ലഭിക്കേണ്ടതുണ്ട്. അതു പഠിപ്പിക്കപ്പെട്ട പ്രകാരം പ്രസരിക്കുന്നില്ലെങ്കില്‍ അനുഷ്ഠാന കര്‍മ്മ നിര്‍വഹണത്തെ സ്വയം വിചാരണ ചെയ്യണം. പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുക തന്നെ വേണം. ഒന്നു കൂടെ വ്യക്തമാക്കി പറഞ്ഞാല്‍ നമ്മുടെ അടക്കവും അനക്കവും മറ്റു വ്യവഹാരങ്ങളും ചുറ്റുമുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്നുവെങ്കില്‍ അരോചകമുണ്ടാക്കുന്നുവെങ്കില്‍ പരിസരത്തുള്ളവരുടെ ദോഷൈകദൃക്ക് എന്നതിനേക്കാള്‍ നമ്മുടെ ശീലും ശൈലിയും എന്നതിന്റെ കൂടെ പ്രതികരണമായി മനസ്സിലാക്കപ്പെടണം.

സമയനിഷ്ഠ, ശുചിത്വബോധം, സാമൂഹികാവബോധം, അച്ചടക്കം, അനുസരണ ശീലം എന്നീ പാഠങ്ങള്‍ നമസ്‌കാരം നിത്യമാക്കിയവനില്‍ ഉണ്ടാകാതിരിക്കാന്‍ നിര്‍വാഹമില്ല. ഇത്തരം പരിശീലനത്തോടൊപ്പമാണ് പൂര്‍ണ്ണമായ സമര്‍പ്പണം പടച്ച തമ്പുരാന്‍ ആവശ്യപ്പെടുന്നത്. ആചാരത്തിനുവേണ്ടി ഒരാചരമായിട്ടല്ല കല്‍പിക്കപ്പെട്ട കര്‍മ്മങ്ങള്‍. ഓരോന്നിനും കൃത്യമായ ലക്ഷ്യമുണ്ട്. നീചവും നികൃഷ്ടവുമായതില്‍ നിന്നുള്ള മോചനം നമസ്‌കാരത്തിലൂടെ സാധ്യമാകേണ്ടതുണ്ട്. വ്രതവിശുദ്ധിയിലൂടെ സൂക്ഷ്മാലുവായ വിശ്വാസിയായി പരിണമിക്കേണ്ടതുണ്ട്. ധാനധര്‍മ്മത്തിലൂടെ കാപട്യമില്ലാത്ത സ്വാര്‍ഥതയില്ലാത്ത സാക്ഷാല്‍ പരക്ഷേമ താല്‍പരനായ ഒപ്പം അനുവദനീയമായത് മാത്രം ഉടമപ്പെടുത്തുന്ന സംസ്‌കൃതനായിത്തീരേണ്ടതുണ്ട്. ഹജ്ജിലൂടെ പുതുജന്മം കൊണ്ട ശിശുവിനെപ്പോലെ നിഷ്‌കളങ്കനായ ഹാജിയായി രൂപാന്തരപ്പെടേണ്ടതുണ്ട്. ഇവ്വിധം പഞ്ചകര്‍മ്മങ്ങളിലെ നാലും ധര്‍മ്മനിഷ്ഠയോടെ അനുഷ്ഠിക്കുന്നവനു മാത്രമേ പ്രഥമമായി വിധിക്കപ്പെട്ട സത്യസാക്ഷ്യം സാധ്യമാകുകയുള്ളൂ. പ്രവാചകപ്രഭു ജനങ്ങള്‍ക്ക് സാക്ഷിയായതുപോലെ സാക്ഷിയാകാന്‍ കഴിയുകയുള്ളൂ.

ഒരു മുല്ലപ്പൂവിന്റെ തൂവെള്ള വര്‍ണ്ണം മാത്രമല്ല, ചുറ്റുപാടിലേക്ക് അത് പരത്തുന്ന സുഗന്ധം കൂടെ പരിഗണിച്ചാണ് ആ പൂ തിരിച്ചറിയപ്പെടുന്നത്. മധുവും മണവുമില്ലാത്ത പൂക്കള്‍ എത്ര അട്ടഹസിച്ചു വിളിച്ചാലും ഒരു മധുപനും ഓടിയെത്തുകയില്ല.

വിശ്വാസികള്‍ ഒരാള്‍കൂട്ടമല്ല. ചിട്ടയും ചുറുചുറുക്കുമുള്ള പരിസരബോധമുള്ള പ്രബുദ്ധരായ സംഘമാണ്. സമൂഹമാണ്. കഴുതകളെപ്പോലെ തെളിക്കുമ്പോള്‍ പായേണ്ടവരല്ല. കുതിരകളെപ്പോലെ ലക്ഷ്യത്തിലേയ്ക്ക് കുതിക്കേണ്ടവരാണ്.

ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ സ്വയം സ്മാര്‍ട്ടാകാനറിയാതെ ബഹുഭൂരിപക്ഷവും തങ്ങളുടെ സെല്‍ഫോണ്‍ സ്മാര്‍ട്ടാക്കുകയാണ്. ബുദ്ധിപരമായ സംഭരണ ശേഷിയില്ലാത്തവരും ഹാര്‍ഡ് ഡിസ്‌ക്കിന്റെ സംഭരണ ശേഷി കൂട്ടുന്ന തിരക്കിലാണ്. വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്നു പറഞ്ഞതു പോലെ സെല്‍ഫോണുള്ളവരൊക്കെ റിപ്പോര്‍ട്ടര്‍മാരാകുന്നതിന്റെ ഗതിവിഗതികളുടെ അപകടങ്ങള്‍ ഊഹിക്കാവുന്നതിനുമപ്പുറമാണ്. തനിക്കു കിട്ടിയ സന്ദേശം അയക്കുക എന്ന ധൃതിയേക്കാള്‍ അയക്കാതിരിക്കാനുള്ള ക്ഷമയാണ് ആദ്യമായി സ്വായത്തമാക്കേണ്ടത്. തുമ്മലും ചീറ്റലും ദീര്‍ഘ നിശ്വാസങ്ങളും ഒരു പക്ഷെ അതിനപ്പുറവും ചിത്രീകരിക്കുകയും ശബ്ദലേഖനം ചെയ്യുകയും വിരല്‍ തുമ്പിലൂടെ ഉന്നക്കായ പോലെ പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയും ഉപേക്ഷിക്കാനായിരിക്കുന്നു.

വ്യക്തിഗതമെന്നതുപോലെ സംഘങ്ങളെന്ന അടിസ്ഥാനത്തിലും ഇത്തരം ഉന്നക്കായ പൊട്ടുന്നുണ്ട്. ചെയ്തു കഴിഞ്ഞിട്ട് ചര്‍വിത ചര്‍വണം ചെയ്യുന്നതിനേക്കാള്‍ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കാനുള്ള വിവേകവും മാന്യതയും കാത്തു സൂക്ഷിക്കുക എന്നത് വിശ്വാസിയുടെ ചര്യയായി മാറണം. മുഴുത്ത് പാകം വന്ന മാമ്പഴം അതിന്റെ സാന്നിധ്യം പ്രസരിപ്പിക്കും. അത് ചീഞ്ഞളിഞ്ഞാലും അതിന്റെ സാന്നിധ്യം അറിയിക്കും. എന്നാല്‍ രണ്ട് അവസ്ഥയും രണ്ടു തരത്തിലാണ് പരിസരത്തുള്ളവര്‍ സ്വീകരിക്കുന്നത്.

ഒരാള്‍ കൊല്ലപ്പെട്ടു. ഘാതകര്‍ ശവശരീരം ആരും കാണാതിരിക്കാന്‍ ആള്‍പെരുമാറ്റമില്ലാത്ത ഒരിടത്താണ് ഉപേക്ഷിച്ചത്. തന്നെ അന്വേഷിച്ച് ബന്ധുമിത്രാധികള്‍ എത്രമാത്രം സങ്കടപ്പെടുന്നുണ്ടാകും എന്നായിരുന്നു പരേതന്റെ വേവലാധി. അധികം താമസിയാതെ ബന്ധുക്കള്‍ തന്നെ കണ്ടെത്തിയിരുന്നെങ്കില്‍ എന്ന് ശവം വല്ലാതെ ആശിച്ചു. ആരേയും കാണാത്ത അവസ്ഥയില്‍ എത്രയും പെട്ടെന്ന് ചീഞ്ഞു നാറിയെങ്കില്‍ ദുര്‍ഗന്ധം വഴി കുടുംബക്കാര്‍ക്ക് തന്നെ കണ്ടെത്താന്‍ കഴിയുമല്ലോ എന്നായി ശവം. തുര്‍ക്കി എഴുത്തുകാരന്റെ ഭാവനയില്‍ വിരിഞ്ഞ വരികളാണിത്. ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ടവന്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത് ദുര്‍ഗന്ധം വമിപ്പിച്ചു കൊണ്ടാണ്, അല്ലങ്കില്‍ അയാളുടെ ഏറ്റവും വലിയ പ്രതീക്ഷ അളിഞ്ഞു നാറുക എന്നതിലാണ്.

ജീവല്‍ സ്പര്‍ക്കായ സംസ്‌കാരം സുഗന്ധ പൂരിതമത്രെ. ചൈതന്യം നഷ്ടപ്പെട്ടാല്‍ അതിന്റെ സാന്നിധ്യമറിയിക്കാന്‍ ചീഞ്ഞു നാറുകയല്ലാതെ മറ്റൊരു മാര്‍ഗവും അവശേഷിക്കുന്നില്ല.

Related Articles