Current Date

Search
Close this search box.
Search
Close this search box.

സമ്പത്ത് പണക്കാരിലേക്ക് ഒഴുകുമ്പോള്‍

ലോകത്ത് ആകെയുള്ള സമ്പത്തിന്റെ പാതിയും ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈവശമാണ്. ബാക്കി 99 ശതമാനത്തിന് ആകെയുള്ളത് പാതിസ്വത്ത് മാത്രം. 2009-ല്‍ ഒരു ശതമാനത്തിന്റെ വശമുണ്ടായിരുന്നത് ലോകസമ്പത്തിന്റെ 44 ശതമാനമായിരുന്നു. അതിസമ്പന്നരുടെ ആസ്തി കൂടിക്കൊണ്ടേയിരിക്കുന്നു. ദരിദ്രരുടേത് കുറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്യുന്നു.

ലോകത്തിലെ അതിസമ്പന്നരായ എണ്‍പത് പേരുടെ വശമുള്ളത് 1,90,000 കോടി ഡോളറാണ്. ഇത് ലോക ജനസംഖ്യയുടെ പാതിയായ 350 കോടി മനുഷ്യരുടെ വശമുള്ള അത്രയും സസംഖ്യയാണ്. അതായത് 350 കോടി മനുഷ്യര്‍ക്കുള്ള അത്രയും സംഖ്യ 80 പേരുടെ കൈകളില്‍. കഴിഞ്ഞ നാലു വര്‍ഷത്തിനകം ഈ 80 പേരുടെ സ്വത്തില്‍ അറുപതിനായിരം കോടി വര്‍ധനവുണ്ടായപ്പോള്‍ 350 കോടി മനുഷ്യരുടെ സ്വത്തില്‍ 75000 കോടി കുറവ് വരികയാണുണ്ടായത്. അതിസമ്പന്നര്‍ കുതിച്ചു പായുന്നു, ദരിദ്രര്‍ കിതച്ചു വീഴുന്നു.

മുതലാളിത്ത സമ്പദ്ഘടനക്കെതിരെ രംഗത്ത് വന്ന കമ്മ്യൂണിസം ചരിത്രത്തിന്റെ ഭാഗമായി. കമ്മ്യൂണിസത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ പോലും മുതലാളിത്ത ക്രമം സ്വീകരിച്ചു. ഇതു തന്നെയാണ് മുതലാളിത്തത്തിനെതിരെ ബദല്‍ സാമ്പത്തിക വ്യവസ്ഥ സമര്‍പ്പിക്കുകയും പ്രയോഗവല്‍കരിക്കുകയും ചെയ്ത ഇസ്‌ലാമിന്റെ പേരില്‍ അറിയപ്പെടുന്ന മുസ്‌ലിംകള്‍ ഭരിക്കുന്ന രാജ്യങ്ങളിലും സംഭവിച്ചത്. അവരും മുതലാളിത്ത വ്യവസ്ഥയുടെ നടത്തിപ്പുകാരാണ്.

നമ്മുടെ രാജ്യവും സംസ്ഥാനവും മുതലാളിത്ത വ്യവസ്ഥയുടെ പിടിയിലമര്‍ന്നിരിക്കുന്നു. സര്‍ക്കാറുകള്‍ നല്‍കുന്ന സമസ്താനുകൂല്യങ്ങളും സമ്പന്നര്‍ക്കും അതിസമ്പന്നര്‍ക്കുമാണ്. പാവപ്പെട്ടവരുടെ ഭൂമിപിടിച്ചെടുക്കുന്നതും അവര്‍ ശ്വസിക്കുന്ന വായുവും വെള്ളവും മണ്ണും വിണ്ണും മലിനമാക്കുന്നതും പണക്കാര്‍ക്ക് വേണ്ടിയാണ്. ഇതിനെതിരെ എന്തെങ്കിലും പറയുന്നത് ദേശദ്രോഹമായും വികസന വിരോധമായും വിലയിരുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുതലാളിത്തത്തിനെതിരെ അതിശക്തമായ നിലപാടെടുക്കാന്‍ കടപ്പെട്ട മുസ്‌ലിംകള്‍ പോലും ഈ പ്രചാരണത്തില്‍ പങ്കാളികളാകുന്നു.

ഇസ്‌ലാമിക സമ്പദ്ഘടനയില്‍ സമ്പത്ത് പണക്കാരില്‍ നിന്ന് പാവങ്ങളിലേക്കാണ് ഒഴുകുക. മുതലാളിത്തത്തില്‍ മറിച്ചും. പാവപ്പെട്ടവരുടെ ഭൂമിയും കിടപ്പാടവും തുഛവിലക്ക് കവര്‍ന്നെടുത്ത് മുതലാളിമാരുടേതാക്കി മാറ്റുന്ന പൈശാചികവും ഹീനവുമായ കുടില തന്ത്രങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്നതും പൈശാചികം തന്നെ.

Related Articles