Current Date

Search
Close this search box.
Search
Close this search box.

ശുനക ജീവിതങ്ങള്‍

dog.jpg

ജീവിതയാത്രക്കിടയില്‍, രണ്ട് ലാബ്രഡോര്‍ പട്ടികളെ ഓമനിച്ച് വളര്‍ത്തിയിരുന്ന ഒരു ബന്ധുവിന്റെ വീട്ടില്‍ ഞാനെത്തിപ്പെട്ടു. ബീഫും ചോറും പാലുമൊക്കെയായിരുന്നു അവയുടെ ഭക്ഷണം. ആറുമാസം പ്രായമാകും മുമ്പ്, പോലീസ് നായ്ക്കളെ പരിശീലിപ്പിക്കുന്ന ആരോ വന്ന് ഇവക്കും ചില മര്യാദകളൊക്കെ പഠിപ്പിച്ചിരുന്നു. അവിടെ വെച്ച് പട്ടികളെ അടുത്തുനിന്ന് നിരീക്ഷിക്കാനുള്ള അവസരം ലഭിച്ചു. അറപ്പുളവാക്കുന്ന പലതും അവ ചെയ്യുന്നത് നേരിട്ട് കണ്ടു. എന്തൊക്കെയാണത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയുക എളുപ്പമല്ല. അത് എഴുതുന്നതിരിക്കട്ടെ, ഒരാളോടെങ്കിലും പറയാന്‍ പോലും ഇന്നേവരെ സാധിച്ചിട്ടില്ല. ഇത്രയും വൃത്തികെട്ട ഒരു ജീവി പിന്നെയുള്ളത് പന്നി മാത്രമാണെന്ന് തോന്നുന്നു. എത്ര നല്ല ഭക്ഷണം നല്‍കിയാലും, എത്ര നല്ല വീട്ടില്‍ വളര്‍ത്തിയാലും, എന്തൊക്കെ മര്യാദകള്‍ ഏത് പോലീസുകാരന്‍ പരിശീലിപ്പിച്ചാലും, പട്ടി പട്ടിതന്നെ എന്ന് പറഞ്ഞ് നിര്‍ത്താം.

എന്താണീ പട്ടികളിങ്ങനെ എന്നാലോചിക്കുമ്പോള്‍, യേശു പറഞ്ഞ ഒരു കഥയാണ് ഓര്‍മ്മവരുന്നത്. ഭൂമിയിലെ പലയിടങ്ങളില്‍ നിന്നായി മണ്ണ് ശേഖരിച്ച്, ഒരു മനുഷ്യരൂപത്തില്‍ പരുവപ്പെടുത്തിയത്, സ്വര്‍ഗത്തോപ്പില്‍ ഒരിടത്ത് കിടപ്പുണ്ടായിരുന്നു. സര്‍വ്വതന്ത്ര സ്വതന്ത്രനായി വിലസിയിരുന്ന സാത്താന്‍ അത് കാണാനിടയായി. ഈ രൂപത്തിന് ലഭിക്കാനിരിക്കുന്ന സ്ഥാനവും മഹത്വവും സാത്താന്‍ മനസ്സിലാക്കി. അസഹനീയമായ അസൂയയും വെറുപ്പും അടക്കാനാവാതെ അതിലേക്ക് അവന്‍ കാര്‍ക്കിച്ച് തുപ്പി. പൊക്കിള്‍ സ്ഥാനത്താണ് തുപ്പല്‍ വീണത്. അത് വഴി കടന്നുപോകാനിടയായ ഗ്രബ്രിയേല്‍ മാലാഖ അത് കണ്ടു. അദ്ദേഹം തന്റെ വിരല്‍ കൊണ്ട് അത് തോണ്ടിയെടുത്ത് കളഞ്ഞു. തോണ്ടിക്കളഞ്ഞ തുപ്പലിന്റെ കൂടെ ആദമിന്റെ ശരീരത്തിലെ അല്പം മണ്ണും ചേര്‍ന്നിരുന്നു.

സാത്താന്‍ പിന്നെയും ആ വഴി പോകാനിടവന്നു. അസൂയയും വെറുപ്പും പിന്നെയും നുരഞ്ഞു പൊങ്ങി. അല്‍പമകലെയായി കുറേ കുതിരകള്‍ മേയുന്നുണ്ടായിരുന്നു. ജീവന്‍ ലഭിച്ചാല്‍, അതികഠിനമായി നിങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കാന്‍ പോകുന്ന ഒരു ശത്രുവാണ് ഈ കിടക്കുന്നതെന്നും, അതിനാല്‍ ഇപ്പോള്‍ തന്നെ അത് ചവിട്ടിക്കുഴച്ച് താറുമാറാക്കി വിട്ടേക്കുക എന്നും സാത്താന്‍ അവയെ ഉപദേശിച്ചു. കുതിരകള്‍ ക്രുദ്ധരായി അതിനടുത്തേക്ക് പാഞ്ഞടുത്തു. ഗബ്രിയേല്‍ തോണ്ടിക്കളഞ്ഞ, സാത്താന്റെ തുപ്പലും, ആദമിന്റെ പൊക്കിള്‍ ഭാഗത്തെ അല്പം മണ്ണും ചേര്‍ന്ന് അടുത്ത് കിടപ്പുണ്ടായിരുന്നു. ദൈവം അതില്‍ നിന്ന് നായ്ക്കളെ സൃഷ്ടിച്ചു. അതിയായ ശൗര്യത്തോടെ കുരച്ചുകൊണ്ട്, അവ കുതിരകളുടെ അടുത്തേക്ക് ഓടിച്ചെന്നു. കുതിരകള്‍ ഓടി മറയുകയും ചെയ്തു. ഇതാണ് കഥ.

സാത്താന്റെ തുപ്പലും കളിമണ്ണും ചേര്‍ന്ന്, ധര്‍മ്മാധര്‍ങ്ങള്‍ തിരിച്ചറിയാനുള്ള സര്‍ഗഷേി ഇല്ലാത്ത ഒരു ജീവി ഉണ്ടാവുകയാണെങ്കില്‍, അതിന്റെ സ്വഭാവം പട്ടിയുടേത് പോലെയാവും എന്ന ഗുണപാഠം മാത്രം, തത്കാലം നമുക്കീ കഥയില്‍ നിന്നെടുക്കാം.

ഉമിനീര്‍ ഇറ്റിവീഴുന്ന നാവ് പുറത്തേക്ക് നീട്ടിയാണ് മിക്കപ്പോഴും നായ്ക്കളെ കാണുക. സാത്താന്റെ തുപ്പലായിരിക്കുമോ ഉമിനീരായി ഇങ്ങനെ ഒഴുകുന്നത്? പരിപാലിക്കുന്നവരോട് അവ സ്‌നേഹവും നന്ദിയുമൊക്കെ പ്രകടിപ്പിക്കുന്നു. നമ്മുടെ ശരീരത്തിലെ ഒരംശം ലഭിച്ചത് കൊണ്ടായിരിക്കണം മനുഷ്യനോട് അവ ഇത്രയും ഇണക്കം കാണിക്കുന്നത്. സ്‌നേഹിക്കുന്നവരെ നക്കുമ്പോഴും തേച്ച് പിടിപ്പിക്കുന്നത് അതിന്റെ ഉമിനീര് തന്നെ. പേയിളകിയാല്‍ ഉമിനീര്‍ അസാധാരണമാം വിധം വര്‍ദ്ധിക്കുകയും ചെയ്യും. അവസരം കിട്ടുമ്പൊഴെല്ലാം പൈശാചികമായ എല്ലാ വൃത്തികേടുകളും അവ പ്രകടമാക്കുകയും ചെയ്യുന്നു. പരസ്പരം ഇത്രയേറെ കലഹിക്കുന്ന മറ്റൊരു ജീവിയുണ്ടോ ആവോ? ഭക്ഷണത്തിന്റെ കാര്യത്തില്‍ കണിശതകളൊന്നുമില്ല. എന്തും തിന്നും. കിട്ടിയാല്‍ മനുഷ്യനെയും, ഉടമസ്ഥരെ തന്നെയും, തിന്നെന്നും വരും. ചാണകം തിന്നുന്ന ഒരു പശുവിനെ നാം ഒരിക്കലും കാണുകയില്ല. പക്ഷേ, നായ്ക്കള്‍ അതിനപ്പുറമുള്ള വൃത്തികേടുകളും ചെയ്യും. ബീഫും ചോറും പാലുമൊക്കെ ഇഷ്ടംപോലെ കിട്ടുന്ന നായ്ക്കളും അങ്ങനെയൊക്കെ ചെയ്യും.

നായ്ക്കളുടെ കടിയേറ്റ് തക്ക സമയത്ത് കുത്തിവെപ്പ് നടത്താതിരുന്നാല്‍, മനുഷ്യന് പേയിളകി നായയുടെ സ്വഭാവങ്ങളൊക്കെ കാണിച്ചെന്നിരിക്കും. കുത്തിവെപ്പ് നടത്തി രക്ഷപ്പെടുത്താനാവാത്ത, മനുഷ്യന്‍ നായ്ക്കളുടെ സ്വഭാവങ്ങളുമായി താദാത്മ്യം പ്രാപിക്കുന്ന, മറ്റൊരവസ്ഥയുമുണ്ട്.

അങ്ങനെയുള്ള ആളുകളെ കുറിച്ച് അല്ലാഹു പറയുന്നു: നമ്മുടെ വചനങ്ങള്‍ നാം എത്തിച്ച് കൊടുത്തിരുന്ന ഒരു മനുഷ്യന്റെ വാര്‍ത്ത പ്രവാചകന്‍ അവര്‍ക്കു വിശദീകരിച്ചുകൊടുക്കുക. എന്റെ വചനങ്ങളില്‍ നിന്ന് അയാള്‍ ഒഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ കൂടി. അങ്ങനെ അയാള്‍ വഴിപിഴച്ചവരില്‍ പെട്ടവനായിത്തീര്‍ന്നു. നാം ഇച്ഛിച്ചെങ്കില്‍ അവനെ നാം ഉന്നതങ്ങളിലെത്തിക്കുമായിരുന്നു. പക്ഷേ, അയാളോ മണ്ണിലേക്കൊട്ടിക്കളയുകയും, സ്വേച്ഛകളെത്തന്നെ പിന്തുടരുകയും ചെയ്തു. അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേതുപോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാലും അതു കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. വെറുതെ വിട്ടാലും കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. ഇതുതന്നെയാകുന്നു നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ. നീ ഈ കഥകള്‍ അവരെ കേള്‍പ്പിച്ചുകൊണ്ടിരിക്കുക. അവര്‍ കുറച്ച് ആലോചിച്ചെങ്കിലോ. നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുന്ന ജനത്തിനുള്ള ഉദാഹരണം വളരെ ദുഷിച്ചതുതന്നെ. അവര്‍ അവരോടുതന്നെയാണ് അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ആയത്തിലെ يَلْهَثْ എന്ന വാക്കിന്, അതിയായ ദാഹ-പരവേശത്തോടെ നാക്ക് പുറത്ത് നീട്ടി കിതക്കുക എന്നാണര്‍ത്ഥം. അയാളെ ഉപദേശിച്ചാലും, ചെറിയ ശിക്ഷകള്‍ നല്‍കി നേര്‍വ്വഴി നടത്താന്‍ നോക്കിയാലും, വെറുതെ വിട്ടാലും, എല്ലാം ഒരുപോലെ. അയാളുടെ ദാഹത്തിന് ഒരിക്കലും ശമനമില്ല. ആര്‍ത്തിയോടെ, ദാഹപരവശനായി, മരണം വരെയുള്ള നെട്ടോട്ടമാണ് അയാളുടെ ജീവിതം.

ഏറ്റവും നല്ല അച്ചില്‍ വാര്‍ത്തെടുത്ത മനുഷ്യന്‍ അങ്ങനെ ഏറ്റവും ദുഷിച്ചവനായി മാറി. പിശാച് അവനോടൊട്ടിനിന്നു. പിശാചിന്റെ ദുര്‍ബോധനങ്ങള്‍ അവനെ വഴിനടത്തി. ദൈവവചനങ്ങളനുസരിച്ച് ജീവിച്ചിരുന്നുവെങ്കില്‍ അല്ലാഹു അവന് ഇഹത്തിലും പരത്തിലും ഉന്നതസ്ഥാനങ്ങള്‍ നല്‍കുമായിരുന്നു. ദൈവത്തില്‍ നിന്നുള്ള സന്മാര്‍ഗം ലഭിച്ചിട്ടും, അത് ഗൗനിക്കാതെ, ഒരിക്കലും തല ഉയര്‍ത്തി ഉപരിലോകത്തേക്ക് കണ്ണയക്കാതെ, ഈ ഭൂമിയെ, ഈ മണ്ണിനെ, സ്‌നേഹിച്ചതാണ് അവന്‍ ഇങ്ങനെയാവാന്‍ കാരണം.

ഇങ്ങനെയുള്ള ശുനകജന്മങ്ങള്‍, പൈശാചികമായ ആര്‍ത്തിയുടെ ഉമിനീരൊലിക്കുന്ന നാവ് വെളിയില്‍ കാട്ടി, കുരച്ച് ശബ്ദകോലാഹലങ്ങളുണ്ടാക്കി, എന്തും തിന്നും, എന്തും ചെയ്തും, രാജപാതകളില്‍ കാമകേളികളിലേര്‍പ്പെട്ടും, പരസ്പരം കടിച്ചുകീറിയും, എല്ലാവരെയും അക്രമിച്ചും, മൂത്രമൊഴിച്ച് അതിരുകള്‍ അടയാളപ്പെടുത്തിക്കൊണ്ട് അലഞ്ഞ് തിരിയുന്ന കാഴ്ച്ചകള്‍ക്ക് പുതുമ നഷ്ടപ്പെട്ടിരിക്കുന്നു.

സ്വര്‍ഗത്തോപ്പില്‍ ജന്മംകൊണ്ട ആദമിന്റെ സന്തതികളാണിവരെന്ന് പറഞ്ഞിട്ടെന്ത് കാര്യം! പട്ടികള്‍ ജന്മമെടുത്തത്ത്, നമ്മുടെ തന്നെ ഒരംശത്തില്‍ നിന്ന്, നമ്മുടെ തൊട്ടരികിലാണെന്ന (കഥ?) എത്ര അത്ഭുതകരമായിരിക്കുന്നു!

Related Articles