Current Date

Search
Close this search box.
Search
Close this search box.

ശരീഅത്ത് കോടതിയായി മാറിയ നീതി ഭവനം

ഇന്ത്യയില്‍ ഒരു മതാധിഷ്ഠിത നീതിന്യായവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമമുണ്ടെന്നും ഇത് മത സൗഹാര്‍ദത്തിന് അപകടകരവും ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ വളര്‍ച്ചക്ക് കാരണമാകുമെന്നും ഒരു വിവാദമുണ്ടാക്കി രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനായി വടക്കേ ഇന്ത്യയില്‍ ആരംഭിച്ച വിപുലമായ പ്രചാരവേല ഇനിയും അവസാനിച്ചിട്ടില്ല. ‘ശരീഅത്ത് കോടതി’, ‘ഇസ്‌ലാമിക കോടതി’ എന്നീ പദാവലികള്‍ ഇംഗ്ലീഷ് പത്രങ്ങളുടെ കണ്ടുപിടുത്തമാണ്. ‘ദാറുല്‍ ഖദാ’ (നീതി ഭവനം) എന്ന സംവിധാനമാണ് യഥാര്‍ത്ഥത്തിലുള്ള വിവക്ഷ. നീതിവേദി, ഇസ്‌ലാമിക നീതിക്കുള്ള കമ്മിറ്റി എന്നെല്ലാം ഇതിനെ വ്യഖ്യാനിക്കാം. ഇസ്‌ലാമിക കോടതികള്‍ എന്ന് വിളിക്കുന്നത് തെറ്റിദ്ധാരണാ ജനകവും ആപല്‍ക്കരവുമാണ്.

മുസ്‌ലിംകള്‍ക്കിടയിലെ കുടുംബ പ്രശ്‌നങ്ങളില്‍ മധ്യസ്ഥശ്രമങ്ങള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കുമുള്ള അനൗപചാരികവും ലളിതവുമായ കമ്മിറ്റികള്‍ എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിന്ന് കോടതികളുടെ സ്വഭാവമോ ഘടനയോ ഇല്ല. പ്രാദേശിക നീതിമേളകളോടും മധ്യസ്ഥസമിതികളോടുമാണ് ഇതിന് സാമ്യത. ഇത്തരം കമ്മിറ്റികള്‍ കഴിഞ്ഞ ആറു നൂറ്റാണ്ടുകളായി വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 1921 ല്‍ പാറ്റ്‌നയില്‍ സ്ഥാപിച്ച കമ്മിറ്റിയാണ് ഇവയില്‍ പ്രമുഖമായത്. വിവാഹം, കുടുംബം, സംരക്ഷണബാധ്യത എന്നിവയിലാണ് കമ്മിറ്റി ഇടപെട്ട് രമ്യമായ പരിഹാരസാധ്യതകള്‍ തേടുന്നത്. അല്ലാതെ ക്രിമിനല്‍ നിയമനിര്‍വ്വഹണവുമായി ഇവ തീരെ ഇടപെടുന്നില്ല. ബീഹാറില്‍ ഇതുവരെ പതിനായിരത്തോളം തര്‍ക്കങ്ങളില്‍ കമ്മിറ്റികള്‍ ഇടപെട്ടിട്ടുണ്ട്. ഒറീസയിലും സമാന സംവിധാനങ്ങള്‍ കഴിഞ്ഞ കുറെ ദശകങ്ങളായി നിലവിലുണ്ട്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം 24 ശരീഅത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനകം 18,000 ല്‍പരം തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇന്ത്യാ ടുഡെ വെളിപ്പെടുത്തുന്നു. ഈ സംസ്ഥാനങ്ങളിലെ നീതിന്യായ  വ്യവസ്ഥക്കോ നിയമപാലന സംവിധാനത്തിനോ ഇത്തരം കമ്മിറ്റികള്‍ ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല. ലക്ഷക്കണക്കിന് കേസുകള്‍ സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമായി കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ കുടുംബപരവും വൈവാഹികവുമായ പ്രശ്‌നങ്ങള്‍ കോടതിക്ക് പുറത്ത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയല്ല, മറിച്ച് അതിനുള്ള പരോക്ഷമായ സഹായമാണ്.

മധ്യസ്ഥ തീരുമാനം നടപ്പിലാക്കാന്‍ തങ്ങള്‍ക്ക് ധാര്‍മികമായ അധികാരം മാത്രമേയുള്ളുവെന്നും നിയമത്തിലിടപെട്ടുകൊണ്ടോ, ബലാല്‍ക്കാരമായോ തങ്ങള്‍ക്ക് യാതൊന്നും ചെയ്യാനാവില്ലെന്നും 1972-ല്‍ സ്ഥാപിതമായ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വ്യക്തമാക്കുന്നുണ്ട.് 1940 ലെ ആര്‍ബിട്രേഷന്‍ ആക്റ്റ് കോടതികള്‍ക്ക് പുറത്തുവെച്ചുള്ള മധ്യസ്ഥത്തെ സാധൂകരിക്കുന്നുണ്ട്. വ്യവസായ തര്‍ക്കനിയമത്തിലും മറ്റ് തൊഴില്‍നിയമങ്ങളിലും ഇത്തരം വ്യവസ്ഥകളുണ്ട്. ഈ സാഹചര്യം ചരിത്രപരമായി ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. മുസ്‌ലിംകള്‍ മാത്രമല്ല മറ്റുമതക്കാരും സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രാദേശികമായി ഇത്തരം തര്‍ക്കങ്ങളില്‍ ഇടപെട്ട് വരുന്നുണ്ട്. ഹിന്ദുമതാചാര്യന്മാരും മഠാധിപതികളും മധ്യസ്ഥം വഹിക്കുന്ന സമ്പ്രദായം വടക്കേ ഇന്ത്യയില്‍ ഇന്നും തുടരുന്നുണ്ട്.

Related Articles