Current Date

Search
Close this search box.
Search
Close this search box.

വോട്ടു രേഖപ്പെടുത്തും മുമ്പ്

ഭരണാധികാരി ഭൂമിയില്‍ അല്ലാഹുവിന്റെ തണലാണ്. അക്രമിക്കപ്പെട്ടവന്‍ അവിടേക്കാണ് അഭയംതേടുകയെന്ന് നബിവചനത്തിലുണ്ട്. ഖലീഫമാര്‍ മാത്രമല്ല ജനങ്ങളുടെ അധികാരം കൈയ്യാളുന്ന എല്ലാവരും സമൂഹത്തിന്റെ അത്താണിയായി വര്‍ത്തിക്കേണ്ടവരാണെന്ന് സാരം. അത്തരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പ്രദാനം ചെയ്യുന്നവരായിരിക്കണം ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടേണ്ടത്. ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ അധികാരിയെ നിശ്ചയിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങളില്‍ അര്‍പ്പിതമാണ്. നിങ്ങളെല്ലാരും ഭരണാധികാരിയാണ്. നിങ്ങളെല്ലാരും നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് ചോദിക്കപ്പെടുന്നതാണ് എന്ന ഹദീസ് ഇത്തരുണത്തില്‍ കൂടുതല്‍ ചിന്തനീയമാകുന്നു.

കൃത്യമായ നിര്‍വഹണം വ്യവസ്ഥയാക്കപ്പെട്ട അനാമത്തുകളാണ് തെരഞ്ഞെടുപ്പുകള്‍. ‘വിശ്വസിച്ചേല്‍പിക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു. (അന്നിസാഅ്: 58) ആര് ഭരിക്കണമെന്ന് തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം ജനത്തില്‍ അര്‍പ്പിമായത് കൊണ്ട് അത് ഇസ്‌ലാമിക നിര്‍ദേശാനുസരണം ആയിരിക്കേണ്ടതുണ്ട്. നബി(സ) അരുളി: ഏതെങ്കിലും സംഘത്തിന്റെ പ്രവര്‍ത്തനമേല്‍നോട്ടം വഹിക്കുന്നതിനായി ഏറെ ശ്രേഷ്ഠനായ വ്യക്തിയെ കിട്ടുമായിരുന്നിട്ടും ആരെയെങ്കിലും ഏല്‍പിച്ചാല്‍ അവന്‍ അല്ലാഹുവിനെയും റസൂലിനെയും വിശ്വാസികളെയും വഞ്ചിച്ചവനാണ്. (ഹാകിം)

തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴും പരിഗണിക്കപ്പെടുക വ്യക്തിതാല്‍പര്യങ്ങളും കുടുംബബന്ധവുമൊക്കെയാണല്ലോ. പക്ഷെ അധികാരത്തില്‍ അവ പരിഗണിക്കപ്പെടുന്നത് വഞ്ചനയാണെന്ന് അബ്ദുല്ലാഹ് ബിന്‍ ഉമറിന് ഉമര്‍ ബിന്‍ ഖത്ത്വാബ് നല്‍കുന്ന വസിയ്യത്തില്‍ സൂചിപ്പിക്കുന്നു.

തെരഞ്ഞടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് എല്ലാകാലത്തെയും പാര്‍ട്ടികളുടെ പ്രധാന തലവേദനയാണ്. മല്‍സരാര്‍ത്ഥികളില്‍ ഇടംപിടിക്കുന്നതിന് വേണ്ടിയുള്ള കിടമല്‍സരങ്ങളാണ് തെരഞ്ഞടുപ്പുകാലത്തെ പ്രധാനവാര്‍ത്തകള്‍. ഇങ്ങിനെയുള്ള അധികാരമോഹികളെ ഒരുകാരണവശാലും തെരഞ്ഞെടുക്കരുത്. ‘ഒരുകൂട്ടം ആളുകള്‍ നബിതിരുമേനിയുടെ അടുക്കല്‍ കടന്നുവന്ന് അധികാരം ചോദിച്ചു. റസൂല്‍(സ) പറഞ്ഞു: ചോദിച്ചുവരുന്നവര്‍ക്ക് നാം ഈ അധികാരം നല്‍കുന്നതല്ല.’ (ബുഖാരി, മുസ്‌ലിം). അതിനാല്‍ ഈ ഉത്തരവാദിത്വം യഥാവിധി നിറവേറ്റുക. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞുകൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്.’ (അന്‍ഫാല്‍: 27) തെരഞ്ഞെടുപ്പുകളില്‍ ഉത്തരവാദിത്ത രഹിതമായി ഇടപെടുന്നത് നാശഹേതുവാണ്. റസൂല്‍(സ) പറയുന്നു: അനാമത്ത് പാഴാക്കപ്പെട്ടാല്‍ ലോകാവസാനം പ്രതീക്ഷിക്കുക. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, എങ്ങിനെയാണ് അത് പാഴാക്കപ്പെടുക? പ്രവചകന്‍ പറഞ്ഞു: ഭരണം അനര്‍ഹരിലേയ്ക്ക് ഏല്‍പിക്കപ്പെട്ടാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക. (ബുഖാരി)

കൃത്യമായ ഉപാധികളോടെയാണ് ഒരാളെ തെരഞ്ഞെടുക്കേണ്ടത്. വിശുദ്ധ ഗ്രന്ഥം ഉത്തരവാദിത്വം ഏല്‍പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് നിര്‍ദേശങ്ങളാണ് സമര്‍പ്പിക്കുന്നത്. ശക്തിയും വിശ്വസ്തതയും. ‘തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ.’ (അല്‍ഖസസ്: 26) യൂസുഫ്(അ)നെ അധികാരത്തിലേക്ക് പരിഗണിക്കുമ്പോള്‍ ഈജിപ്തിലെ രാജാവ് പരിഗണിച്ചതും ഇതായിരുന്നു. ‘തീര്‍ച്ചയായും താങ്കള്‍ ഇന്ന് നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു.’ (യൂസുഫ്: 54) ജിബ്‌രീലിനെ വഹ്‌യുമായി നിയോഗിച്ചപ്പോള്‍ അല്ലാഹു പരിഗണിച്ചത് എന്തെല്ലാമായിരുന്നുവെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ‘തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്റെ, ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്റെ) അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്റെ) വാക്കാകുന്നു.

തെരഞ്ഞെടുപ്പിലെ ശക്തി, ഭരണനിര്‍വഹണ ശേഷിയും രാഷ്ട്രീയ പരിജ്ഞാനവുമാണ്. വിശ്വസ്തത രാഷ്ട്രീയ സത്യസന്ധതയുമാണ്. നീതിമാനായായ അല്ലാഹു നീതിപാലിക്കാന്‍ കല്‍പിക്കുന്നു. ഭരണാധികാരിയെ നിശ്ചയിക്കാനുള്ള അവകാശം ജനങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന നാട്ടില്‍ പൗരധര്‍മം നിര്‍വഹിക്കുന്ന വേളയില്‍ അല്ലാഹുവിന്റെ നിര്‍ദേശം അവഗണിക്കരുത്. സമൂഹം എന്ത് കരുതുമെന്ന് കരുതി അനീതിയ്ക്ക് കൂട്ടുനില്‍ക്കരുത്. ‘അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റു കളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച് തന്നതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍.’ (അല്‍മാഇദ: 44). വോട്ട് എന്ന മനസ്സിന്റെ വിധി രേഖപ്പെടുത്തും മുമ്പ് ഓരോ സ്ഥാനാര്‍ത്ഥികളെയും പറ്റി നന്നായി പഠിക്കുക. നബി തിരുമേനി(സ) അരുളി: ‘മൂന്നുതരം വിധികര്‍ത്താക്കളുണ്ട്. രണ്ടു കൂട്ടര്‍ നരകത്തിലാണ്. ഒരാള്‍ സ്വര്‍ഗത്തിലാണ്. സത്യമറിഞ്ഞിട്ടും അതിനെതിര് വിധിച്ചവന്‍ നരകത്തിലാണ്. സത്യമറിയാതെ വിധിച്ചവനും നരകത്തിലാണ്. സത്യമറിയുകയും അതിനനുസൃതമായി വിധിക്കുകയും ചെയ്തവന്‍ സ്വര്‍ഗത്തിലാണ്.’

ജനങ്ങളോട് സമ്പൂര്‍ണമായി നീതിചെയ്യുന്നവര്‍ ദുര്‍ലഭമാകുകയും അംഗീകരിക്കാന്‍ കൊള്ളാവുന്ന ആരെയും കിട്ടാതാവുകയും ചെയ്യുമ്പോള്‍ തമ്മില്‍ ഭേദപ്പെട്ടവനെ തെരഞ്ഞെടുക്കേണ്ടി വരാറുണ്ട്. നായകത്വം വഹിക്കുന്നതിനായി തെമ്മാടിയായ ശക്തനെയും ബലഹീനനായ സച്ചരിതനെയും മാത്രം ലഭ്യമായ വേളയില്‍ ആരെ ആശ്രയിക്കണം എന്ന് ഇമാം മാലികിനോട് ചോദിയ്ക്കുകയുണ്ടായി. ഇമാം പറഞ്ഞു: തെമ്മാടിയായ ശക്തന്റെ പ്രാപ്തി വിശ്വാസികള്‍ക്ക് ഫലപ്പെടും അയാളുടെ തെമ്മാടിത്തരം അയാള്‍ക്ക് സ്വയം വിനയാകും. ബലഹീനനായ സച്ചരിതന്റെ സല്‍പ്രവര്‍ത്തി സ്വയം നേട്ടമാകും അയാളുടെ ബലഹീനത വിശ്വാസികള്‍ക്ക് ദുരന്തമാകും. നബി(സ) പറഞ്ഞിരിക്കുന്നു: ‘അല്ലാഹു ഈ ദീനിനെ തെമ്മാടിയെ കൊണ്ട് സഹായിക്കും’.

നബി തിരുമേനിക്ക് അഹിതകരമായത് ചിലപ്പോളൊക്കെ സംഭവിച്ചിട്ട് പോലും, മുസ്‌ലിമായത് മുതല്‍ ഖാലിദ് ബിന്‍ വലീദിനെ നബി തിരുമേനി(സ) യുദ്ധരംഗത്തേക്ക് നിയോഗിച്ചിരുന്നു. നബി പറഞ്ഞു: ‘അല്ലാഹു അവിശ്വാസികള്‍ക്കെതിരില്‍ ഊരിയ ഖഡ്ഗമാണ് ഖാലിദ്’. വിശ്വസ്തതയിലും സത്യസന്ധതയിലും അദ്ദേഹത്തേക്കാള്‍ ഏറെ മുമ്പിലായിരുന്നു അബൂദര്‍റുല്‍ ഗിഫാരി. നബി തിരുമേനിക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നിട്ടു കൂടി, ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും നബി(സ) അദ്ദേഹത്തെ വിലക്കിയതായി ഹദീസുകളില്‍ കാണുന്നുണ്ട്. അതിന് നബി(സ) പറഞ്ഞ കാരണം അദ്ദേഹത്തിന്റെ ബലഹീനതയായിരുന്നു. ഏല്‍പിക്കപ്പെടുന്ന വിഷയത്തിലെ പ്രാപ്തിയെ പരിഗണിച്ചത് കൊണ്ടാണ് പ്രമുഖരായ പലരുമുണ്ടായിട്ടും ദാതുസ്സലാസില്‍ യുദ്ധത്തില്‍ അംറുബ്‌നുല്‍ ആസ്വ്(റ)വിനെയും മറ്റൊരിക്കല്‍ ഉസാമത് ബിന്‍ സൈദ്(റ)വിനെയും നബി(സ) നേതാവായി നിശ്ചയിച്ചത്.

എല്ലാ കാര്യത്തിലുമെന്ന പോലെ പൗരധര്‍മ നിര്‍വഹണത്തിലും സമ്പൂര്‍ണമായ സൂക്ഷ്മത അപ്രായോഗികമാണ്. കഴിയുന്നത് പോലെ പ്രവര്‍ത്തിക്കുകയെന്നാണ് ഖുര്‍ആന്‍ ഇതിനെ സംബന്ധിച്ച് നിര്‍ദേശിക്കുന്നത്. ‘അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.’ (അല്‍ബഖറ: 286). സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. (അല്‍മാഇദ: 105). കൊട്ടും കുരവയും അടങ്ങുമ്പോള്‍ തലതിരിഞ്ഞ ആരെങ്കിലുമായിരിയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടായിരിക്കുക. അപ്പോഴും പ്രവാചക വചനം മറക്കാതിരിക്കുക. നബി(സ) പറഞ്ഞു: ‘നിങ്ങള്‍ എനിക്ക് ശേഷം കാണുക നിങ്ങള്‍ക്കിഷ്ടമില്ലാത്ത ചില തെരഞ്ഞെടുപ്പുകളും കാര്യങ്ങളുമായിരിക്കും. അവര്‍ ചോദിച്ചു: അപ്പോള്‍ എന്താണ് താങ്കള്‍ ഞങ്ങളോട് കല്‍പിക്കുക. നബി(സ) പരഞ്ഞു: അവരോടുള്ള കടമകള്‍ നിങ്ങള്‍ നിര്‍വഹിക്കുക. നിങ്ങളുടെ അവകാശങ്ങള്‍ അല്ലാഹുവിനോട് ചോദിയ്ക്കുക.’

Related Articles