Current Date

Search
Close this search box.
Search
Close this search box.

വിവാഹ ധൂര്‍ത്തിലെ അതിര്‍ത്തികള്‍

olo;p['.jpg

സന്തോഷ് ഏച്ചിക്കാനം ‘ബിരിയാണി’ എന്നൊരു കഥയെഴുതി. അതൊരു കഥ മാത്രമായിരുന്നു. പക്ഷെ അതിനെ പല മാനങ്ങളില്‍ നിന്നും നാം ചര്‍ച്ച നടത്തി. ദൂരത്തിന്റെയും വിശപ്പിന്റെയും രണ്ടറ്റങ്ങള്‍ ചേര്‍ത്തു വെച്ച കഥ എന്നതില്‍ നിന്നും മറ്റു പലതിലേക്കും ആ ചര്‍ച്ച നീണ്ടു പോയി. വിവാഹങ്ങള്‍ നേരിട്ട് കാണുമ്പോള്‍ പലപ്പോഴും ബിരിയാണി മനസ്സിലേക്ക് കടന്നു വരും. ധൂര്‍ത്തിനെകുറിച്ച് നടത്തി വന്ന എല്ലാ ബോധവല്‍ക്കരണവും വെള്ളത്തില്‍ വരച്ച വര പോലെയായിത്തീരുന്നു എന്നതാണ് അനുഭവം.

അടുത്തിടെ നടന്ന ഒരു കല്യാണം ഈ ധൂര്‍ത്തിന്റെ പരിധിയില്‍ വരുമോ എന്നതായിരുന്നു ചര്‍ച്ച. വിവാഹ ധൂര്‍ത്തിനെതിരെ കാമ്പയിന്‍ നടത്തിയ സംഘടനയുടെ ആളുകള്‍ തന്നെ അത്തരം വിവാഹങ്ങള്‍ നടത്തുന്നു എന്നതായിരുന്നു ഉയര്‍ന്നു വന്ന ആരോപണം. നമസ്‌കാരത്തിന് അംഗസ്‌നാനം നടത്തുന്ന അനുചരനെ നോക്കിയാണ് പ്രവാചകന്‍ ധൂര്‍ത്തിനെ കുറിച്ച് സംസാരിച്ചത്. പക്ഷെ ധൂര്‍ത്തിന്റെ ലക്ഷ്മണ രേഖ ഇന്നും ഒരു ചോദ്യമാണ്. ആളുകളുടെ സാമ്പത്തിക അവസ്ഥ നോക്കിയാണ് ധൂര്‍ത്തിനെ വ്യാഖ്യാനിക്കേണ്ടത് എന്നൊരു അഭിപ്രായവും നാം കേട്ട് വരുന്നു. അതിനാണ് കൂടുതല്‍ ജനപ്രിയത ഉള്ളതും.

എന്തൊക്കെ പറഞ്ഞാലും മുസ്ലിം സമുദായത്തിലെ വിവാഹങ്ങള്‍ ധൂര്‍ത്തുകളുടെ എല്ലാ സീമകളും ലംഘിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഗള്‍ഫില്‍ ആയിരുന്നതിനാല്‍ നാട്ടിലെ മാറ്റങ്ങളെ കുറിച്ച് കേട്ടറിവ് മാത്രമായിരുന്നു. അടുത്തിടെ ചില കല്യാണങ്ങളില്‍ നേരിട്ട് പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഒരു പത്തു കൊല്ലം മുമ്പ് നടക്കാതിരുന്ന പലതും ഇന്ന് വിവാഹത്തിന്റെ ഭാഗമാണ്. നികാഹ് പള്ളിയില്‍ വെച്ച് നടത്തുക എന്നത് ഇപ്പോള്‍ വ്യാപകമായി കാണുന്ന കാര്യമാണ്. അത് കഴിഞ്ഞു മറ്റെല്ലാം പരിധിക്കു പുറത്താകും. വസ്ത്രം,അലങ്കാരം,ഭക്ഷണം എന്നിവയില്‍ മുഴുവന്‍ ഈ ധൂര്‍ത്ത് കാണാവുന്നതാണ്. ഒരു ദിവസം അതും ഒരു നേരത്തിനു മാത്രമായി എടുക്കുന്ന വസ്ത്രങ്ങളുടെ വില ആയിരങ്ങള്‍. പണ്ടൊക്കെ പുതുനാരിയെ വീട്ടുകാര്‍ തന്നെ ഒരുക്കിയിരുന്നു. ഇന്ന് അതിനും വലിയ പൈസയാണ്. ഒരു മണിക്കൂര്‍ നേരത്തെ മുഖ അലങ്കാരത്തിന് നല്‍കുന്നത് മറ്റു ആയിരങ്ങള്‍.  ഭക്ഷണം പറയാതിരിക്കലാണ് ഭേദം. പലയിടത്തും സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി ഒന്നുമല്ല എന്ന അവസ്ഥയാണ്.

ധൂര്‍ത്തന്മാര്‍ പിശാചിന്റെ കൂട്ടുകാരാണ്, പിശാച് ദൈവത്തോട് നന്ദികേട് കാണിച്ചവരാണ് എന്നൊക്കെയാണ് ധൂര്‍ത്തിനെ കുറിച്ച ഖുര്‍ആന്‍ പറഞ്ഞ കാര്യങ്ങള്‍. ഈ വചനവും പ്രവാചകന്റെ മുകളിലെ ഉപദേശവും ചേര്‍ത്ത് വായിച്ചാല്‍ ദൂര്‍ത്തിനെ സ്വയം വിശദീകരിക്കാന്‍ കഴിയും. പണക്കാരന്‍ കുറെ ആളുകളെ വിളിച്ചു ഭക്ഷണം നല്‍കുന്നു എന്നത് ധൂര്‍ത്താകുമോ എന്നാണു പലരും ചോദിക്കുക. ആളുകള്‍ക്ക് ഒരു സന്തോഷ സമയത്തു ഭക്ഷണം നല്‍കുന്നത് തെറ്റാണ് എന്നാരും പറയില്ല. അതെ സമയം അതൊരു ഭക്ഷണ മാമാങ്കം എന്ന് വന്നാല്‍ അത് തെറ്റായി തന്നെ കാണണം. അതാണിപ്പോള്‍ നടക്കുന്നതും. മനുഷ്യന്റെ സമ്പത്തും സമയവും ചോദ്യം ചെയ്യപ്പെടുന്നതാണ് എന്ന ബോധം നഷ്ട്ടപ്പെടുമ്പോഴാണ് വ്യാഖ്യാനങ്ങള്‍ കടന്നു വരിക. തന്റെ സമ്പത്തില്‍ തന്റെ ഇഷ്ടപ്രകാരം ഇടപെടാന്‍ തനിക്കു അവകാശമില്ല എന്ന ബോധം പലര്‍ക്കും നഷ്ടമായിട്ടുണ്ട്. സമ്പത്തിനെ കുറിച്ച് എങ്ങിനെ സമ്പാദിച്ചു എങ്ങിനെ ചിലവഴിച്ചു എന്ന രണ്ടു ചോദ്യത്തിന് ഉത്തരം നല്‍കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ആ ഉത്തരം ഉണ്ടാകുക എന്നതാണ് എന്റെ ധൂര്‍ത്തിന്റെയും പിശുക്കിന്റെയും അതിര്‍ത്തി.

സ്വയം ബോധ്യമാകാത്ത ഒന്നും ഗുണം ചെയ്യില്ല എന്നുറപ്പാണ്. വിശ്വാസം പോലും. ധൂര്‍ത്തിന്റെ കാരണം അല്ലാഹുവിനെക്കുറിച്ചും പരലോകത്തെ കുറിച്ചും ശരിയായ ബോധ്യത്തിന്റെ കുറവാണ് എന്നെ നമുക്കിപ്പോള്‍ പറയാന്‍ കഴിയൂ. ബിരിയാണി ഒരു ചെറുകഥ മാത്രമല്ല അത് പലരുടെയും ജീവിത ശൈലി കൂടിയാണ് എന്ന് പറയാതിരിക്കാന്‍ അനുഭവം നമ്മെ അനുവദിക്കുന്നില്ല.

 

Related Articles