Current Date

Search
Close this search box.
Search
Close this search box.

വിളക്കില്‍ എണ്ണ തീര്‍ന്നാല്‍?

hope.jpg

എണ്ണയില്ലാതെ വിളക്ക് കത്തുകയില്ല. കത്തിക്കൊണ്ടിരിക്കുന്ന വിളക്കിലെ എണ്ണ തീര്‍ന്നു വരുമ്പോള്‍ കരിന്തിരി കത്തും. അധികം താമസിയാതെ അത് അണഞ്ഞു പോകും.

നമ്മുടെ മനസ്സിനെ ഒരു വിളക്കിനോട് ഉപമിക്കാം. മനസ്സെന്ന വിളക്കില്‍ പ്രതീക്ഷ എന്ന എണ്ണവേണം. പ്രതീക്ഷയില്ലെങ്കില്‍ മനസ്സെന്ന വിളക്ക് അണഞ്ഞുപോകും. തനിക്കും കുടുംബത്തിനും താനടങ്ങുന്ന സമൂഹത്തിനും നേട്ടമുണ്ടാക്കാനായി ശ്രമിക്കുകയും ശ്രമം വിജയിക്കും, അതിന്ന് ദൈവസഹായമുണ്ടാകും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുക. പ്രവാചകന്മാരെല്ലാം അത്തരക്കാരായിരുന്നു. അതിന്ന് വിരുദ്ധമായ ഒരു ചെറിയ നീക്കമുണ്ടായവരെ അല്ലാഹു പേടിപ്പിച്ചിട്ടുണ്ട്. പ്രവാചകന്മാരുടെ ഗുണങ്ങളിലൊന്നായി അല്ലാഹു എണ്ണുന്നത് ഇതാണ്. ‘ അവര്‍ ഉത്തമ കാര്യങ്ങള്‍ക്ക് ധൃതി കൂട്ടുന്നവരും ആശയോടും പേടിയോടും കൂടി നമ്മോടു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുമായിരുന്നു’ (വി. ഖു.21:29) ഉത്തമ കാര്യങ്ങള്‍ നീട്ടിവെക്കാതിരിക്കുകയും അല്ലാഹുവെ പേടിക്കുന്നതിനു പുറമെ തനിക്കവന്‍ നന്മ വരുത്തുമെന്ന ആശ വെച്ചുപുലര്‍ത്തുകയുമാണ് നാം ആര്‍ജിക്കേണ്ട ശീലം. ഗുണകാംക്ഷയോടെ ദൈവമാര്‍ഗത്തിലേക്കു ക്ഷണിച്ചിട്ടും ജനങ്ങള്‍ ചെവികൊള്ളാത്തതിന്റെ പേരില്‍ നാടുവിട്ടു പോയ യൂനുസ് നബി(അ)യെ അല്ലാഹു പേടിപ്പിച്ചു. ‘ ദന്നൂനിനെ -യൂസുഫിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് വിളിച്ചു പറഞ്ഞു. നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍. തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു’ (21:87). കടലിന്റെ ആഴത്തില്‍ , മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ കോപത്തിന്ന് അല്ലാഹു നല്‍കിയ ശിക്ഷ. പശ്ചാത്താപത്തോടെ പ്രാര്‍ഥിച്ചപ്പോള്‍ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഇതില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്. അദ്ദേഹം നിരാശപ്പെട്ട് കുപിതനാകാന്‍ പാടില്ലായിരുന്നു എന്ന്. രണ്ടാമത്തെത് പരീക്ഷിക്കപ്പെടുമ്പോഴുള്ള പശ്ചാത്താപം. നീയല്ലാതെ ആരാധ്യനില്ല എന്ന ഏറ്റവും മഹത്തായ വചനം ഉച്ചരിച്ചുകൊണ്ടും പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടും പ്രാര്‍ഥിച്ചാല്‍ രക്ഷ കിട്ടുമെന്ന പാഠം.

രോഗം, പരീക്ഷക്കും മത്സര പരീക്ഷക്കുമുള്ള വായന, ധനനഷ്ടം, താങ്ങും തണലുമായ പ്രിയപ്പെട്ടവരുടെ മരണം തുടങ്ങിയ അവസരങ്ങളിലെല്ലാം നമ്മുടെ മനസ്സ് അസ്വസ്ഥമായെന്ന് വരും. ഇനിയൊരു രക്ഷയുമില്ല എന്ന് ആ അവസരങ്ങളില്‍ തോന്നരുത്. മാറുകയില്ലെന്ന് എല്ലാവരും വിചാരിച്ച രോഗം പൂര്‍ണമായി മാറി ആരോഗ്യത്തോടെ ജീവിക്കുന്നവര്‍ ലോകത്തുണ്ടെന്നും ആ ഭാഗ്യം എനിക്ക് തരാന്‍ കഴിവുള്ളവനാണ് അല്ലാഹു എന്നും വിചാരിക്കുക. ഈ വിചാരം ജീവിതം എന്ന വിളക്കിലെ എണ്ണയാണ്.
 

Related Articles